അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം:  ഭൂമി പൂജ ചെയ്യേണ്ട പൂജാരിക്കും 16 സുരക്ഷാ പോലീസുകാര്‍ക്കും കോവിഡ്
അയോധ്യ: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രകാരം അയോദ്ധ്യയില്‍ നിര്‍ദ്ദിഷ്ട രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കുന്ന ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷയിലുണ്ടായിരുന്ന 16 പോലീസുകാര്‍ക്കും കോവിഡ് ബാധിച്ചെന്ന് പരിശോധനയില്‍ വ്യക്തമായി. ആ​ഗസ്ത് 5നാണ് ഭൂമിപൂജ നടത്താൻ ശ്രീ രാമ ജന്മ ഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മുഖ്യപൂജാരിയുടെ സഹായിയായ പ്രദീപ് ദാസിനാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ മുഖ്യപൂജാരി സത്യേന്ദ്ര ദാസ് ഉള്‍പ്പെടെ സമ്പര്‍ക്കം പുലര്‍ത്തിയ മറ്റ് 12 പേരുടെയും പരിശോധനാഫലം നെ​ഗറ്റീവാണ്.

രാംജന്മഭൂമി കോംപ്ലക്സില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 16 പൊലീസുകാര്‍ക്കും കോവിഡ് പോസിറ്റീവായി. ഇവരില്‍ ചിലര്‍ സ്ഥിരമായി ഇവിടെ ഡ്യൂട്ടിയിലുള്ളവരും മറ്റ് ചിലര്‍ മാറിമാറി ഡ്യൂട്ടി എടുക്കുന്നവരുമാണ്. കഴിഞ്ഞ ആഴ്ച യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഇവിടെയെത്തി ഭൂമിപൂജയുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ഈ സമയത്ത് പ്രദീപ് ദാസ് അദ്ദേഹത്തിന് സമീപമുണ്ടായിരുന്നുവെന്ന് ഫോട്ടോകളില്‍ നിന്നും വീഡിയോകളില്‍ നിന്നും വ്യക്തമാണ്.

50 പ്രമുഖര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭൂമിപൂജയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ബാബരി മസ്ജിദ് തകർക്കാൻ മുൻനിരയിലുണ്ടായിരുന്ന അക്കാലത്തെ ബിജെപി നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി തുടങ്ങിയവരെ പങ്കെടുപ്പിക്കും. ബാബരി മസ്ജിദ് തകർത്ത കേസിൽ ഇവർക്കെതിരെ കോടതിയുടെ വിചാരണ നടപടികൾ നടന്നു കൊണ്ടിരിക്കുകയാണ്.

അയോധ്യയുടെ പല ഭാ​ഗങ്ങളിലായി തത്സമയ സംപ്രേഷണത്തിനായി വലിയ സ്ക്രീനുകള്‍ ഒരുക്കിയിട്ടുണ്ട്. പൂജാരിമാര്‍ ഉള്‍പ്പെടെ ആകെ 200 പേരാണ് ഭൂമിപൂജയിൽ പങ്കെടുക്കുക. സുരക്ഷ ഉറപ്പാക്കി ആ​ഗസ്ത് 5ന് തന്നെ ഭൂമിപൂജ നടത്തുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. അയോധ്യയില്‍ നിലവില്‍ 375 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. അതേസമയം കോവിഡ് സ്ഥിരീകരിച്ചതോടെ പങ്കെടുക്കുന്നവരുടെ എണ്ണം വെട്ടിക്കുറക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter