അന്ത്യനാള്‍

ഈ പ്രപഞ്ചത്തിനു ഒരു അന്ത്യമുണ്ട്. അതിനെയാണ് ഖിയാമം അഥവാ യൗമുല്‍ ഖിയാമഃ എന്നു പറയുന്നത്. ഇസ്‌റാഫീല്‍(അ) എന്ന മലക്ക് സൂര്‍ എന്ന കാഹളത്തില്‍ ‘ആദ്യത്തെ വിളി’ വിളിക്കുമ്പോള്‍ പ്രപഞ്ചവും അതിലുള്ള സര്‍വ്വ ചരാചരങ്ങളും പ്രകമ്പനം കൊണ്ട് തകര്‍ന്നു തരിപ്പണമാകുന്നു. അന്നുള്ള എല്ലാവരും മരിച്ചുവീഴുന്നതായിരിക്കും. അല്ലാഹു നിശ്ചയിച്ചവരൊഴികെ. അങ്ങനെ ജിബ്‌രീല്‍(അ), മീക്കായീല്‍(അ), ഇസ്‌റാഫീല്‍(അ), അസ്‌റാഈല്‍(അ) എന്ന നാലു മലക്കുകള്‍ മാത്രം ബാക്കിയാവുന്നു. പിന്നെ മലക്കുല്‍ മൗത് ഒഴികെ മറ്റു മൂന്നു മലക്കുകളെയും മരിപ്പിക്കുന്നു. അവസാനം അല്ലാഹുവിന്റെ പ്രത്യേക കല്‍പന പ്രകാരം മലക്കുല്‍ മൊത്തും മരിക്കുന്നു. അങ്ങനെ അല്ലാഹു (സു)വിന്റെ സൃഷ്ടികളെല്ലാം മരിക്കുന്നു. സ്രഷ്ടാവായ അല്ലാഹു മാത്രം ബാക്കിയാവുന്നു.

പിന്നെ അല്ലാഹു മലക്കുകളെ ജീവിപ്പിക്കുന്നതാണ്. അപ്പോള്‍ ഇസ്‌റാഫീല്‍(അ) സൂറില്‍ ‘രണ്ടാമത്തെ വിളി’ വിളിക്കുന്നു. അതോടെ ആദ്യത്തെ വിളിയില്‍ സകലതും തകര്‍ന്നു തരിപ്പണമായതു പോലെ ഈ ‘രണ്ടാം വിളിയില്‍’ അവയെല്ലാം പുനരുജീവിപ്പിക്കപ്പെടുന്നതാണ്.

ബര്‍സഖിലുള്ള റൂഹുകള്‍ ഖബറുകളിലുള്ള ജീര്‍ണിച്ച അവയുടെ പഴയ ശരീരങ്ങളില്‍ പ്രവേശിച്ചു ഖബറുകളില്‍നിന്നും അവ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. അപ്പോള്‍ പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും അവര്‍ക്ക് ഉണ്ടാവുക. അവരുടെ വിരലുകളിലെ അടയാളങ്ങള്‍ പോലും പണ്ടുണ്ടായിരുന്നതുപോലെ തന്നെയായിരിക്കും. അങ്ങനെ അവരെല്ലാവരും തങ്ങളെ ‘വിളിച്ചുകൊണ്ടുപോകുന്ന ആളെ’ അനുഗമിച്ചു മഹ്ശറയില്‍ വിചാരണയ്ക്കായി എത്തിച്ചേരുന്നു.

അല്ലാഹു പ്രത്യക്ഷപ്പെടുന്നതും പ്രതീക്ഷിച്ചുകൊണ്ട് എല്ലാവരും അക്ഷമരായി കാത്തുനില്‍ക്കുന്നു. അപ്പോള്‍ ഒരുകൂട്ടം മലക്കുകള്‍ ഇറങ്ങി വന്നു ജനങ്ങളെ വലയം ചെയ്യുന്നു. അതോടെ അവിടെ പ്രകാശ പൂരിതമായിത്തീരുന്നതാണ്. പിന്നെ അതിന്റെ ഇരട്ടിയോളം മലക്കുകള്‍ ഇറങ്ങി വന്നു ആദ്യത്തെ വലയത്തെയും പിന്നെയും അതിന്റെ ഇരട്ടി മലക്കുകള്‍ ഇറങ്ങിവന്നു ആ വലയത്തെയും വലയം ചെയ്യുന്നതാണ്. അല്ലാഹു ഇനിയും പ്രത്യക്ഷപ്പെട്ടിട്ടില്ല.

അല്ലാഹുവിന്റെ വരവും വിചാരണയും പ്രതീക്ഷിച്ചു അങ്ങനെ ഭയവിഹ്വലരായിക്കഴിയുന്ന ജനങ്ങള്‍ അവരുടെ വിചാരണ വേഗത്തില്‍ എടുപ്പിക്കുന്നതിനായി അല്ലാഹുവിനോട് അപേക്ഷിക്കുവാന്‍ ആദ്യ പ്രവാചകനായ ആദം നബി(അ)ന്റെ അടുക്കല്‍ ചെല്ലുകയും അവരുടെ ഉപദേശ പ്രകാരം നൂഹ്(അ)ന്റെ അടുക്കല്‍ ചെല്ലുകയും  അവരുടെ നിര്‍ദ്ദേശ പ്രകാരം ഖലീലായ ഇബ്‌റാഹീം (അ)ന്റെ അടുക്കല്‍ ചെല്ലുകയും അവരുടെ ഉപദേശപ്രകാരം, അല്ലാഹു രിസാലത്തു നല്‍കി നേരിട്ടു സംസാരിച്ചു ആദരിച്ച മൂസാനബിയുടെ അടുക്കല്‍ ചെല്ലുകയും അവരുടെ ഉപദേശ പ്രകാരം അല്ലാഹു മര്‍യം ബീവിയിലേക്കു റൂഹ് നല്‍കിയും പൈതലായിരിക്കുമ്പോള്‍ തന്നെ തൊട്ടിലില്‍ വെച്ചു സംസാരിക്കുകയും ചെയ്ത ഈസാനബിയുടെ അടുക്കല്‍ ചെല്ലുകയും  അവരുടെ ഉപദേശ പ്രകാരം അല്ലാഹുവിന്റെ ഹബീബും ഖാതിമുന്നബിയുമായ മുഹമ്മദ് മുസ്ത്വഫാ(സ)യുടെ അടുക്കലേക്കു ചെല്ലുകയും ചെയ്യുന്നു; അഭ്യര്‍ത്ഥിക്കുന്നു. അപ്പോള്‍ നബി(സ) അല്ലാഹുവിനെ സ്തുതിച്ചു സുജൂദ് ചെയ്ത് റബ്ബിനോട് മഹ്ശറയിലുള്ള വിചാരണ വേഗമാക്കാന്‍ അപേക്ഷിക്കുന്നതായിരിക്കും. അങ്ങനെ അല്ലാഹു (സു) പ്രത്യക്ഷപ്പെട്ടു വിചാരണ ആരംഭിക്കുകയായി.
അല്ലാഹു നബിമാരെക്കൊണ്ടായിരിക്കും വിചാരണ ആരംഭിക്കുന്നത്. ജനങ്ങളെ ഓരോരുത്തരെയും ഓറ്റയൊറ്റയായും കൂട്ടായും കക്ഷി തിരിച്ചു കൊണ്ടുമായിരിക്കും ചോദ്യങ്ങള്‍ ചോദിക്കുന്നത്.

ഗ്രന്ഥം നല്‍കല്‍
ഓരോരുത്തര്‍ക്കും അവരവരുടെ ഇഹലോക പ്രവൃത്തികള്‍ റഖീബ്, അതീദ്(അ) എന്നീ മലക്കുകള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥം നല്‍കുന്നതാണ്. സത്യവിശ്വാസികള്‍ക്ക് അവരുടെ വലംൈകയ്യിലായിരിക്കും ഗ്രന്ഥം നല്‍കപ്പെടുക. അവര്‍ സന്തോഷത്തോടെ അതു ഏറ്റുവാങ്ങി കൂടുതല്‍ സന്തോഷഭരിതരായിത്തീരുന്നു. ഈ പരിപാടികളെല്ലാം കൂടി ഒരു ഫര്‍ള് നിസ്‌കാരം നിസ്‌കരിക്കുന്നതിനേക്കാള്‍ ലഘുവായിട്ടേ അവര്‍ക്കു അനുഭവപ്പെടുകയുള്ളൂ.

എന്നാല്‍ കുറ്റവാളികള്‍, അവരുടെ റിക്കാര്‍ഡുകള്‍ കിട്ടാതിരിക്കുന്നതിനായി കൈകള്‍ പിന്നോട്ടു മാറ്റുന്നു. അപ്പോള്‍ പിന്നിലൂടെ അവരുടെ ഇടംകൈയ്യില്‍ ഗ്രന്ഥം കൊടുക്കപ്പെടുന്നു. ചെറുതും വലുതുമായ, രഹസ്യവും പരസ്യവുമായി ചെയ്ത എല്ലാ കാര്യങ്ങളെപ്പറ്റിയും ഒന്നുപോലും വിട്ടുപോകാതെ രേഖപ്പെടുത്തിയിട്ടുള്ള ആ ഗ്രന്ഥം അവരുടെ കൈകളില്‍ കിട്ടുമ്പോള്‍ അവര്‍ അമ്പരക്കുന്നു; ഖേദിക്കുന്നു; സ്വയം ശപിക്കുന്നു.

സ്വയം സാക്ഷിപറയല്‍
സത്യനിഷേധികള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്നും രക്ഷപ്പെടാന്‍ തങ്ങളുടെ തെറ്റു കുറ്റങ്ങള്‍ സമ്മതിക്കാതെ അവര്‍ക്കു നല്‍കപ്പെടുന്ന റിക്കാര്‍ഡുകളും മറ്റുള്ളവരും സാക്ഷി പറയുന്നത് അവര്‍ സ്വീകരിക്കാതെ അവയെ നിഷേധിച്ചുകൊണ്ട് സംസാരിച്ചു ശിക്ഷയില്‍നിന്നും ഓടിരക്ഷപ്പെടാമെന്ന്‌വ്യാമോഹിക്കും. എന്നാല്‍ എങ്ങോട്ടു പോയി രക്ഷപ്പെടാന്‍? അപ്പോള്‍ അവരുടെ സംസാരം നിര്‍ത്താനായി അവരുടെ വായ സീല്‍ വെക്കപ്പെടുന്നു. അതോടെ അവരുടെ അവയവങ്ങളായ കണ്ണും കൈയ്യും കാലും ചെവിയും താനെ സംസാരിക്കും. അവയവങ്ങളും ‘കിറാമുല്‍ കാതിബീന്‍’ എന്ന മലക്കും അവര്‍ ചെയ്ത എല്ലാ പ്രവൃത്തികളെയും പുറത്തുകൊണ്ടു വരുന്നതാണ്.

മീസാന്‍: നന്‍മ തിന്‍മകള്‍ തൂക്കുന്ന നീതിയുടെ തുലാസ്
ഇഹലോക ജീവിതത്തില്‍ ജനങ്ങള്‍ ചെയ്തിട്ടുള്ള എല്ലാ നന്‍മകളും തിന്‍മകളും കൃത്യമായി തൂക്കി കണക്കാക്കുന്നതിനു വേണ്ടി അല്ലാഹു മഹ്ശറയില്‍ സ്ഥാപിക്കുന്ന നീതിയുടേതായ തുലാസിനാണ് ‘മീസാന്‍’ എന്നു പറയുന്നത്. അതിന്റെ ആകൃതിയും പ്രകൃതിയും പ്രവര്‍ത്തന രീതിയും നമ്മുടെ ഭാവനക്കു അതീതമാണ്.

മനുഷ്യന്‍ ചെയ്തിരുന്ന നന്‍മകള്‍ സല്‍കര്‍മ്മമായാലും ദുഷ്‌കര്‍മമായാലും ഒകു കടുക് മണിയുടെ തൂക്കമാണെങ്കില്‍ പോലും മീസാന്‍ അതു കണക്കില്‍ കൊണ്ടു വരുന്നതാണ്. പരലോകത്തില്‍ വിജയിക്കണമെന്ന അഭിലാഷത്തോടെ സല്‍കര്‍മ്മങ്ങള്‍ മാത്രമേ മീസാനില്‍ തൂക്കമുണ്ടാകൂ. അങ്ങനെ ആരുടെ തട്ടുകള്‍ കനം തൂങ്ങുന്നുവോ അവര്‍ സ്വര്‍ഗത്തിന്റെ അവകാശികളായിത്തീരുന്നു. ആരുടെ തട്ടുകള്‍ കനം കുറയുന്നുവോ അവര്‍ നരഗത്തിന്റെ അവകാശികളായിത്തീരുന്നു.

ഹൗളുല്‍ കൗസര്‍: സര്‍വാനുഗ്രഹ ജലസംഭരണി
അല്ലാഹു നമ്മുടെ ബഹുമാനപ്പെട്ട നബി(സ) തങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രത്യേകമായി നല്‍കാമെന്നു വാഗ്ദാനം ചെയ്ത ഒരു ബഹുമാനവും വിശേഷതയുമാണ് ‘ഹൗളുല്‍ കൗസര്‍’ എന്ന സര്‍വാനുഗ്രഹ ജലസംഭരണി. അതിലെ വെള്ളം പാലിനേക്കാള്‍ വെളുത്തതും തേനിനേക്കാള്‍ മധുരമുള്ളതും കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതുമാകുന്നു. അതില്‍നിന്നും ആരെങ്കിലും ഒരിക്കല്‍ കുടിക്കുകയാണെങ്കില്‍ അവനു പിന്നെ ഒരിക്കലും ദാഹിക്കുകയില്ല. എന്നു നബി(സ) പറഞ്ഞിരിക്കുന്നു. ഉമ്മത്തികളിലെ സജ്ജനങ്ങള്‍ ആ ഹൗളില്‍നിന്നും കുടിച്ചു ദാഹം തീര്‍ക്കുമ്പോള്‍ ദുര്‍ജനങ്ങള്‍ അവിടെയെത്താന്‍ കഴിയാതെ വിഷമിക്കുന്നു. മലക്കുകള്‍ അവരെ തടയുന്നതാണ് അതിനു കാരണം. അങ്ങനെ സത്യവിശ്വാസികള്‍ ആ സ്വര്‍ഗീയ പാനീയം കുടിച്ചു അങ്ങേയറ്റം സന്തോഷഭരിതരായി കഴിയുമ്പോള്‍ സത്യനിഷേധികള്‍ കഠിനമായ ദാഹത്താല്‍ നിരന്തരം വലയുന്നതായിരിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter