വീട്ടിലെ കളിയും ചിരിയും
മുസ്‌ലിമിന്റെ വീട് സന്തോഷവും കളി തമാശകളും ഉള്ളതായിരിക്കും. അതോടൊപ്പം അത് പ്രവര്‍ത്തനങ്ങളുടെയും കഠിന പരിശ്രമങ്ങളുടെയും വീടായിരിക്കും. നബി (സ) ഇതിനൊരു ഉത്തമ മാതൃകയാണ്. നബി (സ) നന്നായി ചിരിക്കുന്നവരും സദാ പുഞ്ചിരിക്കുന്നവരുമായിരുന്നു. അബൂ ഉമാമയില്‍  നിന്നു നിവേദനം: നബി(സ) ജനങ്ങളില്‍ വെച്ച് ഏറ്റവും ചിരിക്കുന്നവരും നല്ല വ്യക്തിത്വത്തിന് ഉടമയും ആയിരുന്നു. (ത്വബ്‌റാനി) മുസ്‌ലിമിന്റെ വീട്ടിലെ കളി തമാശകള്‍ ലജ്ജയെ പിച്ചിചീന്തുന്നതും അയല്‍വാസിയെ അസ്വസ്ഥമാക്കുനതും ഹൃദയങ്ങളെ മരവിപ്പിക്കുന്നതുമാവരുത്. പരദൂഷണമരുത്‌. ഒരാളുടെയും കുറ്റം  പറയരുത്. മറിച്ചു തമാശകള്‍ ഉന്മേഷമുണ്ടാക്കുന്നതും, വിരസതയെയും മടുപ്പിനെയും മാറ്റുന്നതാവണം. നബി (സ) പറഞ്ഞിട്ടുണ്ട്: നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് ഓരോ സമയവും വിശ്രമം നല്‍കുക. (അബൂദാവൂദ്‌) നബി (സ) യുടെ വീട് സന്തോഷവും പ്രസന്നതയും കൊണ്ട് നിറഞ്ഞു നിന്നു. ആയിശ (റ) യെ തൊട്ട് നിവേദനം :അവര്‍ നബി (സ) യോടൊപ്പം ഒരു യാത്രയിലായിരുന്നു. ആയിശ (റ) പറയുന്നു. ഞാന്‍ നബി (സ)യോട് (ഓട്ടത്തില്‍) മത്സരിച്ചു. ഞാന്‍ മുന്നിലെത്തി. ശേഷം എന്റെ വണ്ണം കൂടിയതിനു ശേഷം (മറ്റൊരിക്കല്‍) മത്സരിച്ചു അപ്പോള്‍ നബി (സ) വിജയിച്ചു. നബി (സ) പറഞ്ഞു. ഇത് ആദ്യ ജയത്തിന് പകരമാണ്. (അബൂദാവൂദ്‌). നബി (സ) തന്റെ കുടംബത്തില്‍ പെട്ട  കുട്ടികളെ സന്തോഷിപ്പിക്കുകയും അവരോടു തമാശ പറയുകയും അവരോടൊപ്പം ചിരിക്കുകയും ചെയ്യുമായിരുന്നു. അബ്ദുല്ലാഹിബ്നു ഹാരിസില്‍ നിന്നു നിവേദനം: അവര്‍ പറഞ്ഞു: നബി (സ) അബ്ദുല്ലയെയും ഉബൈദുല്ലയെയും അബ്ബാസ്‌ (റ) ന്‍റെ മക്കളില്‍ കുറെ പേരേയും വരിയായി നിര്‍ത്തുമായിരുന്നു. എന്നിട്ട് പറയും ആദ്യം എന്റെ അടുത്ത് എത്തുന്നവര്‍ക്ക് ഇന്നാലിന്നത് തരും, അങ്ങനെ അവര്‍ നബി (സ) യുടെ അടുത്തെത്താന്‍ മത്സരിക്കും. അവര്‍ നബി (സ) യുടെ പുറത്തും നെഞ്ചത്തും വന്നു വീഴും അപ്പോള്‍ നബി അവരെ ചുംബിക്കുകയും അവരോടൊപ്പം നില്‍ക്കുകയും ചെയും. (അഹ്മദ്‌) ജാബിര്‍ (റ) വില്‍ നിന്നു നിവേദനം: ഞങ്ങള്‍ നബി (സ)യോടൊപ്പമായിരുന്നു. അന്നേരം ഞങ്ങളെ ഭക്ഷണം കഴിക്കാന്‍ വിളിച്ചു. അപ്പോള്‍ ഹുസൈന്‍ (റ) മറ്റു കുട്ടികളോടൊപ്പം വഴിയില്‍ കളിക്കുകയായിരുന്നു. അപ്പോള്‍ നബി (സ) സംഘത്തിന് മുന്നിലേക്ക്‌ പെട്ടെന്ന് നടന്നു എന്നിട്ട് കൈ നീട്ടി. അപ്പോള്‍ ഹുസൈന്‍ (റ) അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കാന്‍ തുടങ്ങി, നബി (സ) അവരെ ചിരിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ നബി (സ) ഹുസൈന്‍ (റ) യെ പിടിച്ചു. എന്നിട്ട് ഒരു കൈ താടിയിലും മറ്റേ കൈ തലക്കും ചെവിക്കുമിടയിലും വെച്ചു. പിന്നെ അവരെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. (ത്വബ്‌റാനി).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter