ഉദ്ഹിയ്യത്തിന്റെ കര്‍മ്മശാസ്ത്രം

ദുല്‍ഹിജ്ജ മാസം 10,11,12,13 ദിവസങ്ങളില്‍ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി പ്രത്യേക നിബന്ധനകളോടെ മൃഗത്തെ അറുക്കപ്പെടുന്ന കര്‍മത്തിനാണ് ഉള്ഹിയ്യത്തെന്ന് പറയുന്നത്. ഖുര്‍ആനും സുന്നത്തും ഇതിനെ പ്രേരിപ്പിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: ''നബിയേ താങ്കളുടെ നാഥനുവേണ്ടി നിസ്‌കരിക്കുകയും അറവ് നടത്തുകയും ചെയ്യുക.'' (കൗസര്‍) ഈ സൂക്തത്തിലെ അറവ് ഉള്ഹിയ്യത്താണെന്ന് നിരവധി മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

നബി(സ) പറയുന്നു: 'ബലിപെരുന്നാളില്‍ അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ടുള്ള ബലിയേക്കാള്‍ അവന് ഇഷ്ടമുള്ള ഒരു കാര്യവുമില്ല. ഇമാം ശാഫിഈ(റ) പറയുന്നു: ഉള്ഹിയ്യത്തറുക്കാന്‍ കഴിവുള്ളവന് ഒരു വിട്ട്‌വീഴ്ചയും ചെയ്യാന്‍ ഞാന്‍ തയ്യാറല്ല. നൂറ് ഒട്ടകത്തെ നബി(സ) ബലി ദാനം ചെയ്തിട്ടുണ്ട്. അതില്‍ അറുപത്തിമൂന്നെണ്ണം നബി(സ) സ്വന്തം കൈകൊണ്ട് തന്നെയാണ് അറുത്തത്. ബാക്കി മുപ്പത്തി ഏഴ് ഒട്ടകങ്ങളെ അറുക്കാന്‍ അലി(റ) യെ ഏല്‍പിച്ചു.

ബലിപെരുന്നാള്‍ ദിനത്തില്‍ തന്റെയും ആശ്രിതരുടേയും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, കടം എന്നിവക്കാവശ്യമായ ധനം കഴിച്ച് മിച്ചമുള്ള ബുദ്ധിയുള്ളവനും സ്വതന്ത്രനുമായ എല്ലാ മുസ്‌ലിമിന്നും ഉള്ഹിയ്യത്ത് കര്‍മം നിര്‍വഹിക്കല്‍ ശക്തമായ സുന്നത്താണ്. മറ്റൊരാള്‍ക്ക് അയാളുടെ സമ്മതം കൂടാതെ അറുത്താല്‍ പരിഗണിക്കില്ല. വസിയ്യത്ത് കൂടാതെ മരണപ്പെട്ടവര്‍ക്കുവേണ്ടി ബലിയറുക്കലും പരിഗണനീയമല്ല. പിതാവ്, പിതാമഹന്‍ എന്നിവര്‍ അവരുടെ ധനത്തില്‍നിന്ന് ചെറിയ കുട്ടികള്‍ക്കുവേണ്ടി അറുക്കല്‍ സാധുവാകും. കുട്ടിയുടെ സ്വത്തില്‍നിന്ന് ബലിദാനം പാടില്ല. മറ്റു രക്ഷിതാക്കള്‍ കുട്ടിക്കുവേണ്ടി ബലി നടത്തിയാല്‍ പരിഗണിക്കപ്പെടില്ല.

ബലിദാനത്തിന് നിയ്യത്ത് അനിവാര്യമാണ്. സുന്നത്തായ ഉള്ഹിയ്യത്ത് അറുക്കുന്നു എന്ന് കരുതുക. ഉള്ഹിയ്യത്തറുക്കുന്നു എന്നു മാത്രം കരുതിയാല്‍ അത് നിര്‍ബന്ധമാകും. (ഇആനത്ത് 2/331) മൃഗത്തെ നിര്‍ണയിക്കുന്ന സമയത്തോ അറുക്കുന്ന സമയത്തോ നിയ്യത്ത് ചെയ്യുക.

പെരുന്നാള്‍ ദിവസം ഉദയത്തിനുശേഷം രണ്ട് റക്അത്ത് നിസ്‌കാരവും ചുരുങ്ങിയ നിലയില്‍ രണ്ട് ഖുതുബയും നിര്‍വഹിക്കാനുള്ള സമയം കഴിഞ്ഞാല്‍ ഉള്ഹിയ്യത്തിന്റെ സമയമായി. അയ്യാമുത്തശ്‌രീഖിന്റെ അവസാനദിവസം വരെ (ദുല്‍ഹിജ്ജ 13) അറുക്കാം.

അഞ്ചു വയസ്സ് പൂര്‍ത്തിയായ ഒട്ടകം, രണ്ട് വയസ് പൂര്‍ണമായ മാട് (കാള, പശു, പോത്ത്, എരുമ), കോലാട്, ഒരു വയസ്സ് പൂര്‍ത്തിയാവുകയോ, ആറുമാസത്തിനുശേഷം പല്ല് പറിയുകയോ ചെയ്ത നെയ്യാട് എന്നിവയാണ് ഉള്ഹിയ്യത്തിന്റെ മൃഗങ്ങള്‍ (നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ആട് കോലാടാണ്. രണ്ട് വയസ്സ് പൂര്‍ത്തിയായിരിക്കണം.)

ഒട്ടകത്തിലും മാട് വര്‍ഗത്തിലും ഏഴ് ആളുകള്‍ക്ക് വരെ പങ്കാളിയാവാം. ആടില്‍ കൂറ് പാടില്ല. ഏഴുപേര്‍ ഒരു മാടിനെ അറുക്കുന്നതിനേക്കാള്‍ ഉത്തമം ഏഴ് ആടിനെ ബലി കഴിക്കലാണ്. ഗര്‍ഭം, മുടന്ത്, വ്യക്തമായ രോഗം, അവയവം മുറിഞ്ഞുപോവല്‍, ചെവി, വാല് നഷ്ടപ്പെടുക തുടങ്ങിയ ന്യൂനത മൃഗത്തിലില്ലാതിരിക്കല്‍ നിബന്ധനയാണ്. ചെവിയില്‍ ദ്വാരമോ, കീറലോ ഉണ്ടാകുന്നതിന് വിരോധമില്ല. കൊമ്പുള്ളത് അറുക്കലാണ് ഉത്തമം.

നേര്‍ച്ചയാക്കല്‍കൊണ്ട് നിര്‍ബന്ധമായ ഉള്ഹിയ്യത്ത് മുഴുവനും സകാത്തിന് അര്‍ഹരായ ഫഖീര്‍, മിസ്‌കീന്‍ മുതലായവര്‍ക്കു മാത്രം കൊടുക്കല്‍ നിര്‍ബന്ധമാണ്. നേര്‍ച്ചയാക്കിയവനോ അവന്റെ ചെലവിലുള്ളവര്‍ക്കോ ഭക്ഷിക്കാന്‍ പാടില്ല. നേര്‍ച്ചയാക്കപ്പെട്ട ഉള്ഹിയ്യത്ത് പൂര്‍ണമായും സുന്നത്തായ ഉള്ഹിയ്യത്തില്‍ നിന്ന് സ്വദഖ ചെയ്യാന്‍വേണ്ടി മാറ്റിവെക്കപ്പെട്ടതും നാട്ടില്‍നിന്ന് നീക്കം ചെയ്യാന്‍ പാടില്ല. സ്വന്തം ആവശ്യത്തിനുവേണ്ടി എടുത്തത് നീക്കം ചെയ്യാം.

സുന്നത്തായ ബലിദാനത്തിന്റെ തോല്‍ സ്വന്താവശ്യത്തിനുവേണ്ടി എടുക്കല്‍കൊണ്ടോ, മറ്റുള്ളവര്‍ക്ക് കൊടുക്കല്‍കൊണ്ടോ വിരോധമില്ല. തോലോ, മറ്റോ വില്‍പ്പന നടത്താനോ കശാപ്പുകാരന് കൂലിയായി കൊടുക്കാനോ പാടില്ല. അറുത്ത് വിതരണം ചെയ്യാനുള്ള ചെലവുകള്‍ അറുക്കുന്നവന്‍ നിര്‍വഹിക്കണം. ''ഉള്ഹിയ്യത്തിന്റെ തോല്‍ വില്‍പന നടത്തല്‍ ഹറാമാണ്.'' (തുഹ്ഫ 9/365) ദാനമായി കിട്ടിയത് വില്‍ക്കാവുന്നതാണ്.

സുന്നത്തായ ഉള്ഹിയ്യത്തില്‍നിന്ന് അല്‍പം ബറകത്തിനുവേണ്ടി എടുക്കല്‍ സുന്നത്താണ്. അത് കരളില്‍ നിന്നാവലാണ് നല്ലത്. ഉള്ഹിയ്യത്തിന്റെ മാംസം അമുസ്‌ലിംകള്‍ക്ക് നല്‍കാന്‍ പാടില്ല. പാരിതോഷികമായി മുസ്‌ലിം ധനികര്‍ക്കു നല്‍കുന്നതില്‍ വിരോധമില്ല.

പുരുഷന്‍ സ്വന്തം കരങ്ങളെക്കൊണ്ട് അറുക്കലാണുത്തമം. അറുക്കാന്‍ മറ്റുള്ളവരെ പ്രതിനിധിയാക്കുകയാണെങ്കില്‍, അറുക്കുന്ന സ്ഥലത്ത് ഇവര്‍ ഹാജരാവല്‍ സുന്നത്തുണ്ട്. സ്ത്രീയാണ് ബലിദാനം ചെയ്യുന്നതെങ്കില്‍ അറുക്കാന്‍ മറ്റൊരാളെ ഏല്‍പിക്കുന്നതാണ് ഉത്തമം.

ബലിമൃഗം തടിയുള്ളതാവലും പെരുന്നാള്‍ നിസ്‌കാരശേഷം അറുക്കലും അറവ് പകല്‍ സമയത്താവലും അറവ് മൃഗവും അറുക്കുന്നവനും ഖിബ്‌ലയുടെ നേരെയാവലും അറുക്കുന്നവന്‍ ബിസ്മിയും നബി(സ)യുടെ പേരില്‍ സ്വലാത്തും സലാമും ചൊല്ലലും ബിസ്മിയുടെ മുമ്പും ശേഷവും മൂന്നുപ്രാവശ്യം തക്ബീര്‍ ചൊല്ലലും അറവ് നാഥന്‍ സ്വീകരിക്കാന്‍വേണ്ടി പ്രാര്‍ത്ഥിക്കലും സുന്നത്താണ് (തര്‍ശീഹ് 205).

ബലിദാനത്തിന് ഉദ്ദേശിക്കുന്നവര്‍ ദുല്‍ഹിജ്ജ ഒന്നു മുതല്‍ ബലിദാനം വരെ നഖം, മുടി, ശരീരത്തിലെ മറ്റു ഭാഗങ്ങള്‍ എന്നിവ നീക്കം ചെയ്യല്‍ കറാഹത്താണ്. ഉള്ഹിയ്യത്തറുക്കുന്നതോടെ കറാഹത്തിന്റെ സമയം അവസാനിക്കുന്നു. ദുല്‍ഹിജ്ജ മാസപ്പിറവി സമയത്ത് ശരീരത്തിലുള്ള എല്ലാ ഭാഗങ്ങളെയും ഈ പുണ്യകര്‍മത്തില്‍ ഭാഗഭാക്കാക്കണം. അതുമൂലം ലഭിക്കുന്ന പാപമോചനവും പവിത്രതയും ശരീരത്തിലെ ഒരംശത്തിലും നഷ്ടപ്പെടാതിരിക്കുക എന്നീ ഉദ്ദേശങ്ങളും അതിന്റെ പിന്നിലുണ്ട്.

എന്നാല്‍, നീക്കല്‍ നിര്‍ബന്ധമാകുന്നതും നിലനിര്‍ത്തല്‍ ബുദ്ധിമുട്ടുള്ളതും നീക്കുന്നതില്‍ പ്രശ്‌നമില്ല (പല്ല്‌വേദന സുഖപ്പെടാന്‍ പല്ല് പറിക്കാം.)

സുന്നി അറുത്ത ഉള്ഹിയ്യത്തിന്റെ മാംസം മുസ്‌ലിമായ മുബ്തദഇനോ അവന്‍ അറുത്തത് സുന്നിക്കോ നല്‍കുന്നതില്‍ വിരോധമില്ല. ഏഴാളുകള്‍ കൂടി ഉള്ഹിയ്യത്തറുക്കുമ്പോള്‍ ഓരോരുത്തരും അവരുടെ വിഹിതത്തില്‍ നിന്ന് സ്വദഖ ചെയ്യുകയോ ചെയ്യാന്‍ മറ്റുള്ളവരെ പ്രതിനിധിയാക്കുകയോ വേണം. കാരണം, ഇത് തത്ത്വത്തില്‍ ഏഴ് ഉള്ഹിയ്യത്താണ് (ഇബ്‌നു ഖാസിം 9/349 കാണുക.)

ഒട്ടകത്തെയോ മാട് വര്‍ഗത്തില്‍പെട്ടതിനേയോ അറുക്കുന്നവര്‍ ഉള്ഹിയ്യത്തിന്റെ കൂടെ അഖീഖഃയും കരുതിയാല്‍ രണ്ടും ലഭിക്കും. ഏഴിലൊന്നില്‍ രണ്ടും കരുതിയാല്‍ രണ്ടും ലഭിക്കില്ല.

കോഴിയെ അറുത്താല്‍ ഉള്ഹിയ്യത്ത് വീടുമെന്ന് ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ബുജൈരിമി(റ) പറയുന്നു: തന്റെ ഉസ്താദ് നിബന്ധനാധീനമായ ആട്, മാട്, ഒട്ടകം എന്നിവയെ അറുക്കാന്‍ കഴിവില്ലാത്തവനോട് ഉള്ഹിയ്യത്തിലും അഖീഖയിലും ഇബ്‌നു അബ്ബാസി(റ)നെ തഖ്‌ലീദ് ചെയ്തുകൊണ്ട് കോഴി, അരയന്നം പോലെയുള്ളത് അറുക്കാന്‍ കല്‍പിച്ചിരുന്നു. (ഹാശിയത്തുല്‍ ബുജൈരിമി 2/304)

ഇതനുസരിച്ച് ആട്, മാട്, ഒട്ടകം എന്നിവയെ അറുക്കാന്‍ കഴിവില്ലാത്ത വ്യക്തി ഇബ്‌നു അബ്ബാസി(റ)ന്റെ അഭിപ്രായം അനുകരിച്ച് കോഴിയെയെങ്കിലും പ്രസ്തുത സമയത്ത് അറു ത്ത് പുണ്യം കരസ്ഥമാക്കുന്നത് നല്ലതാണ്.

 

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter