പാലോട്ട് മൂസക്കുട്ടി ഹാജി കണ്ണൂര്‍
പാലോട്ട് മൂസക്കുട്ടി ഹാജി കണ്ണൂര്‍
കണ്ണൂരിലും സമീപ ദേശങ്ങളിലും സുന്നത്ത് ജമാഅത്തിന്റെ ആയശങ്ങളെ സ്ഥാപിക്കാന് വേണ്ടി ഏറെ വിയര്‍പ്പൊഴുക്കിയ വ്യക്തിത്വമാണ് പാലോട്ട് മൂസക്കുട്ടി ഹാജി. 1912-15 കാലയളവില്‍ മദീനയില്‍ താമസിക്കുകയും ലോക പ്രസിദ്ധ പണ്ഡിതനും മദീന മുഫ്തിയുമായിരുന്ന യൂസുഫ് നബ്ഹാനിയുടെ ശിഷ്യത്വം സ്വീകരിക്കാന്‍ അവസരം ലഭിച്ച ഇദ്ദേഹം ഖാദിയാനിസത്തിന്റെയും മറ്റു ബിദഈ ചിന്തകളുടെയും മുന്നിലെ കരടായിരുന്നു. സ്വന്തം പണം മുടക്കി ലഘുലേഖകളും പുസ്തകങ്ങളും ഇദ്ദേഹം വിതരണം ചെയ്തു. കണ്ണൂര്‍ കാംബസാറില്‍ അദ്ദേഹം നടത്തിയിരുന്ന ബുക്സ്റ്റാള്‍ ഒരു സുന്നി പ്രവര്‍ത്തന കേന്ദ്രം കൂടിയായിരുന്നു. ബിസിനസില്‍ നിന്ന് കിട്ടുന്നതെല്ലാം സുന്നത്ത് ജമാഅത്തിന്റെ വഴിയില്‍ ചെലവഴിച്ചു ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ രൂപം കൊണ്ട ഖിലാഫത്ത് പ്രസ്ഥാനത്തില്‍ സജീവമായി പങ്ക് വഹിച്ച അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് മുസ്‌ലിം ലീഗുകാരനായി ജീവിതം കഴിച്ചുകൂട്ടി.
1918 കാലങ്ങളില്‍ മലബാര്‍ മേഖലയില്‍ എച്ച്.എ അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഖാദിയാനിസത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ അതിനെതിരെ ആദ്യമായി ശക്തമായി പ്രതികരിച്ചത് മൂസക്കുട്ടി ഹാജിയായിരുന്നു. ഉറുദു ഭാഷയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം മീര്‍സാ ഗുലാം അഹ്‌മദ് ഖാദിയാനിയുടെ ഗ്രന്ഥങ്ങള്‍ വരുത്തി വായിക്കുകയും അതിലെ പൊള്ളത്തരങ്ങള്‍ സമൂഹ മദ്ധ്യേ സമര്‍പ്പിക്കാന്‍ മുന്നിട്ടറങ്ങുകയും ചെയ്തു.
1945 ല്‍ കോഴിക്കോട് കുറ്റിച്ചിറയില്‍ ഖാദിയാനികളുടെ പ്രവര്‍ത്തനഫലമായി ചിലരെല്ലാം അതിലേക്ക് ആകര്‍ഷിക്കാന്‍ തുടങ്ങി. സന്ദര്‍ഭത്തിന്റെ ഗൗരവം മനസ്സിലാക്കി ഹാജി സാഹിബ് ഈ പ്രദേശത്ത് 8 ദിവസം നീണ്ടുനിന്ന ഖണ്ഡന പ്രസംഗം നടത്തുകയുണ്ടായി. അതോടെ സമൂഹത്തിന് ഖാദിയാനിസത്തിന്റെ തെറ്റുകള്‍ കൃത്യമായി ബോധ്യപ്പെടുകയുണ്ടായി. ഈ പ്രദേശത്ത് ഖാദിയാനിസത്തിന്റെ വളര്‍ച്ചക്ക് തുടക്കത്തില്‍ തന്നെ തടയിടാന്‍ ഹാജിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചു.
ദീനീ സേവനം ഒരു ഇബാദത്തായിരുന്നു മഹാനവര്‍കള്‍ക്ക്. 1947 ല്‍ സമസ്തയുടെ മീഞ്ചന്ത സമ്മേളനത്തില്‍ വെച്ച് ഖുതുബ പരിഭാഷ നല്ലതല്ല എന്നും, അത് നിറുത്തണമെന്നു തീരുമാനിച്ചതോടെ അദ്ദേഹം പിന്നെ പരിഭാഷ നടക്കുന്ന പള്ളകളില്‍ ജുമുഅക്ക് പങ്കെടുക്കാറുണ്ടായിരുന്നില്ല.
1953 ജൂലൈ 14 (1372, ദുല്‍ഖഅദ് 3) നാണ് മഹാന്‍ വഫാത്താവുന്നത്. 1327 ദുല്‍ഖഅദ് മാസത്തില്‍ പുറത്തിറങ്ങിയ അല്‍ ബയാന്‍ അറബി മലയാള മാസികയില്‍ ഇന്നാലില്ലാഹി... എന്ന തലക്കെട്ടോടെ അദ്ദേഹത്തിന്റെ നിര്യാണ വാര്‍ത്ത പ്രസിദ്ധീകരിച്ചത് കാണുക. 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘത്തിലെ ഒരു പ്രമുഖ അംഗവും മലബാര്‍ മുസ്‌ലിംകളുടെ കണ്ണിലുണ്ണിയും പരിസരങ്ങളിലുള്ള മുബ്തദിഈങ്ങളുടെയും, ഖാദിയാനികളുടെയും ഖണ്ഡന കോടാലിയും ലോക വിശ്രുതനായ അല്‍ ആലിമുല്‍ മുത്തഖിയും ആയ മൗലാനാ പാലോട്ട് മൂസക്കുട്ടി ഹാജി പരലോകം പ്രാപിച്ചിരിക്കുന്നു.' തൊട്ടടുത്ത കാലം അല്‍ ബയാനില്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പാകിസ്ഥാന്‍, മലായ തുടങ്ങിയ വിദൂര ദിക്കുകളില്‍ നിന്നും വന്ന അനുശോചനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിയുള്ള മകന്‍ ടി. മുഹമ്മദ് കുഞ്ഞിയുടെ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതെല്ലാം ആ വലിയ മനുഷ്യന്റെ വിശാലമായ ബന്ധവും ജീവിതവഴിയും നമുക്ക് മുന്നില്‍ തുറന്ന് തരുന്നുണ്ട്.
1373 ജമാദുല്‍ ആഖറിലെ അല്‍ ബയാനില്‍ മൗലാന ഖുതുബിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത മുശാവറ യോഗം പാലോട്ട് മൂസക്കുട്ടി ഹാജി, പാറക്കടവ് ഖാസി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവരുടെ പരലോക ഗുണത്തിന് പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും അവരുടെ ഒഴിവിലേക്ക് എന്‍. അബ്ദുല്ല മുസ്‌ലിയാര്‍ പൂന്താവനം, കെ. അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ പയ്യോളി എന്നിവരെ മുശാവറ അംഗങ്ങളായി തെരെഞ്ഞെടുക്കുകയും ചെയ്ത വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Leave A Comment