ഇടത് രാഷ്ട്രീയവ്യവഹാരങ്ങളും മുസ്‌ലിം സമുദായവും

"നിങ്ങൾക്ക് ഖലീഫ ഉസ്മാനിന്റെ രക്തം പുരണ്ട ഖുർആൻ വേണ്ടേ?".

'വേണം'.

"എങ്കിൽ നിങ്ങളുടെ പൈതൃകങ്ങളും സ്മാരകങ്ങളും കയ്യടക്കിവെച്ചിരിക്കുന്ന സാർ ചക്രവർത്തിമാർക്കെതിരെ നിങ്ങൾ കലാപത്തിനണിനിരക്കണം. മുസ്ഹഫ് ഞാനെടുത്തുതരാം."

ലെനിന്റെ വിലപേശലിൽ അതിവൈകാരികതയോടെ ആവേശഭരിതരാകാനേ മുസ്‍ലിം സമുദായത്തിന് കഴിഞ്ഞുള്ളൂ. ചില പണ്ഡിതര്‍ അതൊരു ചതിയാണെന്ന് ധരിച്ച് മുന്നറിയിപ്പ് നല്കി നോക്കി: "സാർ ചക്രവർത്തിമാർ നമ്മുടെ പ്രഖ്യാപിത ശത്രുക്കളാണെന്നത് ശരി. പക്ഷെ, പൂർണ്ണമായും മതനിഷേധത്തെ പിൻപറ്റുന്ന ലെനിനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയേയും വിശ്വസിക്കരുത്".\

മറുഭാഗത്ത് മാർഗത്തേക്കാൾ  ലക്ഷ്യത്തിന് പ്രാധാന്യം കല്പിച്ച ഒരുകൂട്ടം പണ്ഡിതർക്കൊപ്പം സമുദായം ലെനിന് വഴിപ്പെട്ടു. അവരുടെ കൂടെ പിന്തുണയോടെ ലെനിൻ തോളേന്തിയ തോക്കിൻകുഴലിൽ കൈവെച്ചു. സാർ പരമ്പരയിലെ അവസാന കണ്ണിയായ ചോരപ്പൈതലിനെയും വെടിവെച്ചിട്ട് അവർ റഷ്യ കീഴടക്കി. അധികാരക്കസേരയിൽ അമർന്നിരുന്ന സഖാവ് ലെനിന്റെ മുമ്പിലേക്ക് മുസ്‍ലിം സമൂഹം തങ്ങൾക്കവകാശപ്പെട്ട ഖുർആനിനായി ചെന്നു. 'ആർക്കൊക്കെയാണ് ഖുർആൻ വേണ്ടത്? അവരങ്ങോട്ട് മാറിനിൽക്കൂ...' എന്നട്ടഹസിച്ച് അവരെയും വെടി വെച്ച് ലെനിൻ തന്റെ തനിനിറം കാണിച്ചുകൊടുത്തു.

മതവും കമ്മ്യൂണിസവും പരസ്പര വിരുദ്ധാശയങ്ങളാണ്. ഒരു വിശ്വാസി കമ്മ്യൂണിസത്തോട് അടുക്കുംതോറും മതത്തിൽ നിന്നകലുന്നു. ലോകത്ത് കമ്മ്യൂണിസം കടന്നുചെന്ന മണ്ണിലൊക്കെ മുസ്‍ലിം സമുദായം അസംഖ്യം വേദനകൾക്കും യാതനകൾക്കും പാത്രമായിട്ടുണ്ട്. ഇസ്‍ലാമിക സംസ്കാരത്തിന്റെ മകുടോദാഹരണമായിരുന്ന ബുഖാറയും സമർഖന്ദും തലയുയർത്തി നിന്നിരുന്ന റഷ്യയുടെ മണ്ണിൽ സഖാവ് ലെനിന്റെ കൈയ്യാൽ ചെങ്കൊടി സ്ഥാപിക്കപ്പെട്ടതിനെ തുടർന്ന് വിശ്വാസികളുടെ ജീവിതത്തിന്റെ ഇരുണ്ട ദിനങ്ങളായിരുന്നു. പള്ളികളും ചർച്ചുകളുമെല്ലാം കാലിത്തൊഴുത്തുകളായി മാറി. വിശുദ്ധ ഗ്രന്ഥങ്ങൾ ചവിട്ടിയരക്കപെട്ടു. ചോദ്യം ചെയ്യുന്നവരെയും വിരൽ ചൂണ്ടുന്നവരെയുമെല്ലാം തോക്കും വാളും കൊണ്ട് നേരിട്ടു. മുസ്‍ലിം സമുദായത്തിന് നേരെ വംശഹത്യാശ്രമങ്ങൾ വരെയുണ്ടായി. അന്ന് റഷ്യയിലെ മിനാരങ്ങളിൽ നിലച്ച ബാങ്ക്‌ വിളികൾ കേൾക്കാൻ പിന്നീട് ഏഴ് പതിറ്റാണ്ടോളം കാത്തിരിക്കേണ്ടിവന്നു. ഇതേ വഴിയിലൂടെയാണ് റഷ്യയിലും ചൈനയിലും കമ്പോഡിയയിലുമെല്ലാം പിന്നീട് സ്റ്റാലിന്റേയും ക്രൂശ്ചേവിന്റേയും ആധിപത്യത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം സഞ്ചരിച്ചത്. 

ഈ ചരിത്രത്തെയെല്ലാം രോമാഞ്ചത്തോടെയോർക്കുന്നവർ തന്നെയാണ് ഇന്ത്യയിലെ, വിശിഷ്യാ കേരത്തിലെയും കമ്മ്യൂണിസ്റ്റുകൾ. ഇതേ "മതനിഷേധം" തന്നെയാണ് അവരുടെയും സൈദ്ധാന്തികാടിത്തറയും. ഇന്ന് മുസ്‌ലിം സമുദായത്തിന് മുന്നിൽ സുഹൃത്തിന്റേയും സംരക്ഷകന്റേയും കപടവേഷം കെട്ടിയാടുന്ന ഇവരെ രാഷ്ട്രീയമായും സൈദ്ധാന്തികമായും ചെറുക്കുകയും തോൽപ്പിക്കുകയും ചെയ്യേണ്ടത് മുഖ്യധാരാ മത രാഷ്ട്രീയ സംഘങ്ങളുടെ ചുമതലയാണ്. തീവ്ര-വലത് ഫാഷിസത്തെ പ്രതിരോധിക്കും പോലെ തന്നെ ക്രൂര ചെങ്കൊടിപ്രസ്ഥാനങ്ങളെയും നിലക്ക് നിർത്തേണ്ടതുണ്ട്.

ശരീഅത്ത് വിവാദവും ചെങ്കൊടിയും

കേരള രാഷ്ട്രീയ ചരിത്രത്തിലെ ചൂടേറിയ  സമയമായിരുന്നു  ശരീഅത് വിവാദക്കാലം. 1965 മെയ് മാസത്തിൽ എറണാംകുളത്ത് ചേർന്ന കേരള ഇസ്‍ലാമിക് സെമിനാറിന്റെ മൂന്നാം സമ്മേളനത്തിൽ ശരീഅത്ത് ദീനിന്റെ ഭാഗമല്ലെന്നും പൊതുമണ്ഡലത്തിൽ നിന്ന് അതിനെ അടർത്തിമാറ്റണമെന്നും സെക്കുലർ ഇസ്‍ലാമിക അടിത്തറയിൽ നിന്ന് എൻ.പി മുഹമ്മദ് പ്രബന്ധമവതരിപ്പിച്ചു. ഇതേ തുടർന്ന് എം.ഇ.എസ് നേതാവ് ടി.അബ്ദുൽ അസീസ് തദ്‌വിഷയകമായി ശരീഅത്തിനെ വിമർശിച്ചെഴുതിയ ലേഖനം ബാഫഖി തങ്ങൾ നേതൃത്വം നൽകിയിരുന്ന മുസ്‌ലിം ലീഗും എം.ഇ.എസും തമ്മിൽ അകലാൻ കാരണമായി. 1970 ൽ കോഴിക്കോട് രുപീകൃതമായ ഇസ്‌ലാം ആൻഡ് മോഡേൺ ഏജ് സൊസൈറ്റിയായിരുന്നു അടുത്ത പൊല്ലാപ്പ്. യുക്തിവാദികളും തീവ്രമതവാദികളുമടങ്ങിയ ഈ സംഘടനയിൽ എൻ.പി മുഹമ്മദും ചേകനൂർ മൗലവിയുമൊക്കെ നേതൃനിരയിലുണ്ടായിരുന്നു. ബഹുഭാര്യത്വം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇവർ ഹരജി സമർപ്പിച്ചു.

എന്നാൽ 1984 ൽ സഖാവ് ഇ.എം.എസും കമ്മ്യൂണിസ്റ്റ് അനുയായികളും ശരീഅത്തിനെ കടന്നാക്രമിച്ചതോടെ രംഗം മാറി. മുസ്‍ലിം വ്യക്തിനിയമത്തിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബഹുഭാര്യത്വം, വിവാഹമോചനം, ജീവനാംശം എന്നവക്കെതിരെയായിരുന്നു ഇ.എം.എസിന്റെ നീക്കം. 1984 ൽ അന്ന് ഇടത് പക്ഷത്തിനൊപ്പമായിരുന്ന ലീഗിലെ വിമത നേതാക്കളിരിക്കുന്ന വേദിയിൽ വെച്ച് "പാർട്ടി ശരീഅത്ത് വിഷയത്തിൽ മുസ്‌ലിം അനുകൂല നിലപാടെടുക്കുമെന്ന് ലീഗിനോടാരും പറഞ്ഞിട്ടില്ലെ"ന്ന് പ്രഖ്യാപിച്ചതോടെ വിമത ലീഗ് നേതാക്കൾക്ക് വേദിയിൽ നിന്നിറങ്ങിവന്ന് ഔദ്യോഗിക ലീഗിൽ ലയിക്കേണ്ടിവന്നു. കളിയാക്കലും ആക്ഷേപങ്ങളും ശരീഅത്ത് പക്ഷത്ത് നിൽക്കുന്നവർക്കെതിരെ ഇ.എം.എസ് ദിനചര്യപോലെ തുടർന്നുകൊണ്ടിരുന്നു. മുത്വലാഖിനെ പരാമർശിക്കുന്ന ഖുർആനിക ഭാഗത്തെ "വലിൽമുട്ടല്ലകാട്ടി മട്ടാഉൻ" എന്ന് കളിയാക്കി ഇ.എം.എസ് വേദികൾതോറും കയറിയിറങ്ങി. "തോന്നിയപോലെ നാല് കെട്ടാനുള്ള ഏർപ്പാടാണ്" ശരീഅത്തെന്ന് ഇ.എം.എസ് പ്രസംഗിച്ചു. ശരീഅത്തിനെയും ഖുർആനിനെയും നഖശിഖാന്തം എതിർത്ത് ഇ.എം.എസിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കാമ്പയിൻ നടത്തിയതും ചരിത്രം.

കമ്മ്യൂണിസ്റ് പാർട്ടിയും ഏകസിവിൽ കോഡും

വ്യക്തിനിയമങ്ങളിലെ ചർച്ചകൾ കോടതി കയറിയ കാലം. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏക സിവിൽ കോഡ് പ്രധാന ചർച്ചാവിഷയമായി. 1985 ൽ ഷാബാനു ബീഗം കേസിലെ വിധി കൂടി വന്നതോടെ ഈ രാഷ്ട്രീയ കാലാവസ്ഥ മാറിമറിഞ്ഞു. നാല്പത് വർഷത്തെ വൈവാഹിക ജീവിതത്തിന് ശേഷം ഏകപക്ഷീയമായി തന്നെ മൊഴിചൊല്ലിയ ഭർത്താവ് മുഹമ്മദ് അഹമ്മദ് ഖാനെതിരെ ഷാബാനു ബീഗം കോടതിയെ സമീപിച്ചു. വ്യക്തിനിയമമനുസരിച്ച്, മൊഴിചൊല്ലിയ ഭാര്യക്ക് താൻ ജീവനാംശം നൽകേണ്ടതില്ലെന്ന് അഭിഭാഷകൻ കൂടിയായ അഹമ്മദ് ഖാൻ വാദിച്ചു. എന്നാൽ സി.ആർ.പി.സി 125 പ്രകാരം ഷാബാനുവിന് പ്രതിമാസ ജീവനാംശത്തിനർഹതയുണ്ടെന്ന സുപ്രീംകോടതി വിധി പ്രക്ഷോഭങ്ങൾക്ക് തിരികൊളുത്തി. ഈ സംഭവവികാസങ്ങളുടെ അലയൊലികൾ കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിലുമെത്തി. സുപ്രീംകോടതി വിധിക്ക് പിന്നാലെ രാജ്യത്ത് ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കണമെന്ന് ഇടത് വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി സുശീല ഗോപാലൻ അഭിപ്രായപ്പെട്ടു. "ശരീഅത്തിന്റെ മറവിൽ നടക്കുന്ന ക്രൂരമായ സ്ത്രീപീഢനങ്ങൾക്കെതിരെ വലിയ വിഭാഗങ്ങൾ, വിശേഷിച്ച് സ്ത്രീകൾ രംഗത്തിറങ്ങിയിട്ടുണ്ട്. അവരുടെ കൂടെ നിൽക്കുകയും അവരുടെ നീക്കങ്ങൾക്ക് ശക്തി പകരുകയുമാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ മുന്നോട്ടുവച്ച ആഹ്വാനത്തിന്റെ അർത്ഥം. അതിന്റെ  ഉള്ളടക്കത്തോട് പാർട്ടിക്ക് പൂർണ്ണ യോജിപ്പാണ്" എന്ന് ഇ.എം.എസ് എഴുതി. "വകുപ്പ് 44 ഉപയോഗിച്ച് മുസ്‌ലിം സമുദായമടക്കം പ്രാകൃതമായ ആചാരവ്യവസ്ഥകൾക്ക് വിധേയമായ എല്ലാ വിഭാഗങ്ങളുടെയും സാമൂഹ്യനിയമങ്ങൾ ഏകീകരിക്കുന്നതിനോട് പൂർണ യോജിപ്പാണ്" എന്നും ഇ.എം.എസ് അഭിപ്രായപ്പെട്ടു. "ഭരണഘടനയിലെ ഏകീകൃത സിവിൽ നിയമ വകുപ്പും ഇന്ത്യൻ ക്രിമിനൽ നിയമത്തിലെ വിവാഹമോചിതക്ക് ജീവനാംശം കൊടുക്കുന്നത് സംബന്ധിച്ച വകുപ്പും റദ്ദാക്കരുത് എന്നാവശ്യപ്പെടുക മാത്രമല്ല പാർട്ടി ചെയ്യുന്നത്, മറിച്ച് ഏക സിവിൽ കോഡിലേക്കുള്ള നീക്കം ത്വരിതപ്പെടുത്താൻ ജനാധിപത്യ മഹിളാ അസോസിയേഷൻ ഉൾപ്പെടെയുള്ള ബഹുജന സംഘടനകൾ നടത്തുന്ന സമരങ്ങൾ പ്രോത്സാഹനീയമാണ്" എന്നും കമ്മ്യൂണിസ്റ്റ് പാർട്ടി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടനയിലെ വകുപ്പ് 44 നീക്കം ചെയ്യണമെന്ന ശരീഅത്ത് സംരക്ഷണ സമിതിയുടെ ആവശ്യങ്ങളോട് "44-ാം വകുപ്പിനെതിരെയുള്ള എല്ലാ നീക്കങ്ങളെയും പാർട്ടി ചെറുക്കും" എന്ന ഇ.എം.എസിന്റെ പ്രസ്താവന 1985 ജൂൺ 29 ലെ ദേശാഭിമാനിയിൽ പ്രധാനവാർത്തയായി അച്ചടിച്ചുവന്നു.

ഇടത് പത്രങ്ങളും സകല മുസ്‌ലിം വിരുദ്ധ മാധ്യമങ്ങളും ശരീഅത് വിരുദ്ധതകൊണ്ട് ചുവന്നുതുടുത്ത കാലമായിരുന്നു അത്. ശരീഅത് -ഏക സിവിൽ കോഡ് വിവാദ പശ്ചാത്തലങ്ങൾ മുഴുവൻ തന്ത്രപരമായി ചൂഷണം ചെയ്‌ത് ഇസ്‍ലാമിനെയും മുസ്‍ലിംകളെയും കുറിച്ചു തെറ്റിദ്ധാരണ സൃഷ്‌ടിച്ച് 'എല്ലാ വർഗീയശക്തികളിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടി മുക്തമാണ്' എന്ന് കവലകൾ തോറും പ്രസംഗിച്ചുനടന്ന ഇടതുമുന്നണിക്ക് ഈ മതവിരുദ്ധത നേട്ടമുണ്ടാക്കി. 1987 ൽ നായനാർ മന്ത്രിസഭയിലൂടെ ഇടതുമുന്നണി അധികാരത്തിലേറി. മുസ്‌ലിം വിരുദ്ധതയെ ഊതിക്കത്തിച്ചു വോട്ട്ബാങ്ക് സൃഷ്ടിച്ചെടുക്കാൻ സഖാവ് ഇ.എം.എസിൻറെയും നായനാരുടെയും മാസ്റ്റർ ബ്രെയിനുകൾക്ക് കഴിഞ്ഞു. ഒരിക്കൽ കൂടെ മുസ്‍ലിം സമുദായം ചതിക്കപ്പെട്ടു എന്നുവേണം പറയാൻ.

കമ്മ്യൂണിസ്റ്റ് പാർട്ടിയും മുസ്‍ലിം സമുദായവും

എക്കാലത്തും മതങ്ങൾക്കെതിരെ പത്തിവിടർത്തി വിഷം ചീറ്റിയ നാളുകളാണ് കമ്മ്യൂണിസ്റ്റ് ചരിത്രങ്ങൾക്ക് പറയാനുള്ളത്. ലോകം സ്വയംഭൂവാണെന്നും, അതിന്റെ സൃഷ്ടിപ്പിൽ ദൈവത്തിനൊരു പങ്കുമില്ലെന്നും, പ്രപഞ്ചം പദാർത്ഥ സംഘട്ടനത്തിന്റെ പരിണിതഫലമാണെന്നും വാദിക്കുന്ന ഹെഗലിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദമാണ് ലോകത്തെ മുഴുവൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനവിശ്വാസവും സിദ്ധാന്തവും. പൂർണ്ണമായും നിരീശ്വരവാദത്തിലധിഷ്ഠിതമായ ഈ ആശയത്തിന്റെ സംസ്ഥാപനമാണ് കമ്മ്യൂണിസ്റ്റുകളുടെ പ്രഖ്യാപിത ലക്ഷ്യം. രക്ത രൂക്ഷിത വിപ്ലവങ്ങള്‍ അസാധ്യമാവുന്നിടത്ത്, പ്രീണനത്തിന്റേതും വ്യാജസ്നേഹത്തിന്റെയും കാര്‍ഡുകളിറക്കി കളിക്കുന്നതും അതിന്റെ ഭാഗമാണ്. 

സഖാവ് ഇ.എം.എസിന് ശേഷം ചിന്താവാരികയിലെ ചോദ്യോത്തരപംക്തി കൈകാര്യം ചെയ്തിരുന്ന സഖാവ് വി.എസ് അച്യുതാനന്ദനോട്, ചില തിരഞ്ഞെടുപ്പുകളിൽ മുസ്‌ലിം വോട്ടുകളുടെ സഹായത്തോടെ സി.പിഎം വിജയിച്ചതിനെക്കുറിചൊരു ചോദ്യം വന്നു. മതവിശ്വാസികളോട് ഒരുനിലക്കും യോജിക്കാത്ത കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം മൗലാനമാരുടെ കൂടെ വേദി പങ്കിടുന്നതും അവരുടെ മജ്‌ലിസുകളിൽ ചെന്ന് വോട്ട് തേടുന്നതും എന്തിനാണ് എന്നതായിരുന്നു ചോദ്യത്തിന്റെ ഉള്ളടക്കം. അതിന് വി.എസ് അച്യുതാനന്ദൻ മറുപടിയെഴുതിയതിങ്ങനെ: "കമ്മ്യൂണിസത്തിന്റെ അടിസ്ഥാനം വൈരുദ്ധ്യാത്മക ഭൗതികവാദം തന്നെയാണ്. പക്ഷെ, അത് പ്രായോഗികവത്കരിക്കണമെങ്കിൽ പ്രദേശങ്ങളോട് യോജിച്ച ചില നാടകങ്ങൾ ആവശ്യമായിവരും, അവരുടെ വേദികളിൽ പോയും സ്വീകരണം ഏറ്റുവാങ്ങിയും അവരെ നമ്മുടേതാക്കുകയാണ് വേണ്ടത്. അവരോട് ഏറ്റുമുട്ടി കമ്മ്യൂണിസം സ്ഥാപിക്കുകയെന്നത് അസാധ്യമായതിനാൽ അവരെ സ്നേഹിച്ചും അവരുടെ സ്നേഹം വാങ്ങിയും ക്രമേണ അവരെ മതനിഷേധിയാക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യം. അത് കൊണ്ട് അവസാനത്തെ മതവിശ്വാസിയും കമ്മ്യൂണിസ്റ്റാകുന്നത് വരെ നമുക്ക് വിശ്രമമില്ല".

ഈ നാടകത്തെ മനോഹരമായി അവതരിപ്പിക്കുന്നതിൽ  നാളിതുവരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അമാന്തം കാണിച്ചിട്ടുമില്ല. കമ്മ്യൂണിസം ഹറാമാണ് എന്ന് ഫത്‌വ നൽകിയിരുന്ന കാലഘട്ടത്തിൽ നിന്ന് വിഭിന്നമായി കമ്മ്യൂണിസ്റ്റുകളുമായി യോജിച്ചുപോകുന്നതിൽ തെറ്റില്ല എന്നും, പരസ്പരം കൊടുക്കൽ-വാങ്ങലുകളാവാം എന്നുമുള്ള പൊതുബോധം മുസ്‍ലിംകൾക്കിടയിൽ ഇന്ന് നിലനിൽക്കുന്നതിന് പിന്നിൽ കേരളത്തിലെ ചെങ്കൊടിപ്രസ്ഥാനങ്ങളുടെ ഇത്തരം അരങ്ങുതകർത്ത നാടകങ്ങളാണ് എന്നതാണ് സത്യം. മുസ്‌ലിം സമുദായവുമായി അടുക്കാനും ഇടപെടാനുമുള്ള എല്ലാ പഴുതുകളും ഇവർ പരമാവധി ഉപയോഗപ്പെടുത്തുന്നു. 

പവിത്രമായ പ്രവാചക ജീവിതത്തെയും അവിടുത്തെ ഭാര്യമാരെയും അനുചരന്മാരെയും മാന്യതയുടെ സകലസീമകളും ലംഘിച്ചാക്ഷേപിക്കുന്ന സൽമാൻ റുഷ്‌ദിയുടെ "ദി സാത്താനിക് വേഴ്സസ്" എന്ന പുസ്‌തകത്തിന് ഇന്ത്യയിൽ രാജീവ് ഗാന്ധി നിരോധനമേർപ്പെടുത്തിയപ്പോൾ, "മതമൗലിക വാദികൾക്ക് മുമ്പിൽ പ്രധാനമന്ത്രി മുട്ടുമടക്കി. ഈ നിരോധനം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കടക്കൽ കത്തിവെക്കലാണ്" എന്ന ന്യായങ്ങൾ ബാനറിലെഴുതി നാടൊട്ടുക്കും സമരം ചെയ്തത് ചെങ്കൊടി പിടിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നു.

ഒരുവശത്ത് ന്യൂനപക്ഷ പ്രീണനം ലക്ഷ്യമിട്ട്  പൗരത്വനിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുകയും സമരവേദികളില്‍ പ്രസ്താവനകള്‍ നടത്തി സദസ്യരെ ആവേശം കൊള്ളിക്കുകയും ചെയ്തവര്‍ തന്നെ, സമരം ചെയ്തവർക്കെതിരെ കേസുകൾ ഫയൽ ചെയ്യുന്നത്, പുള്ളിമാന് അതിന്റെ പുള്ളികള്‍ മായ്ക്കാനാവില്ലെന്ന് തന്നെയാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. 

മാറ്റമില്ലാത്ത സിദ്ധാന്തവും ലക്ഷ്യവും

നാളിതുവരെ മുസ്‍ലിംകൾക്കെതിരെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി കൈകൊണ്ട നിലപാടുകളും തീരുമാനങ്ങളും തിരുത്താനോ തള്ളിപറയാനോ അവരാരും തയ്യാറായിട്ടില്ല. അവ ഇന്നും പാർട്ടിയുടെ നയങ്ങളാണെന്നത് വ്യക്തമാണ്. ന്യൂനപക്ഷ പ്രീണനം നടത്തി മതവിശ്വാസികൾക്കിടയിലും പരോക്ഷമായ ഹോൾഡ് ഉണ്ടാക്കിയെടുക്കാൻ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. മത നേതൃത്വം ഹറാമെന്ന് വിധികല്പിച്ച കമ്മ്യൂണിസത്തോട് സാമുദായിക സംഘടനകൾക്ക് സോഫ്റ്റ് അപ്പ്രോച്ച് ആണ് ഇന്നുള്ളതെങ്കിൽ അത് കമ്മ്യൂണിസ്റ്റ് അജണ്ടയുടെ വിജയമാണെന്നേ പറയാനൊക്കൂ.

ഏക സിവിൽ കോഡിനെതിരെയുള്ള നീക്കങ്ങളിൽ മുസ്‌ലിം സമുദായത്തിന്റെ രക്ഷകനായവതരിച്ച് പ്രക്ഷോഭങ്ങളുടെ നേതൃനിരയിൽ കൊടിപിടിക്കാൻ വെമ്പൽ കൊള്ളുമ്പോഴും, ഏകസിവില്‍ കോഡ് വേണം എന്നത് തന്നെയാണ് ഇപ്പോഴും അവരുടെ വാദം എന്നത് എത്രമാത്രം വിരാധാഭാസമാണ്. കമ്മ്യൂണിസം സ്ഥാപിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തിലേക്കും ഭരണം നിലനിര്‍ത്തുക എന്ന നിലവിലെ ലക്ഷ്യത്തിലേക്കുമുള്ള ഇടതുപ്രസ്ഥാനങ്ങളുടെ അപകടകരമായ യാത്രയിൽ മതവോട്ടുകൾ കൂടി പെട്ടിയിലാക്കി വേരുറപ്പിക്കാനുള്ള ഗൂഢശ്രമങ്ങളെ നാം തിരിച്ചറിഞ്ഞേ പറ്റൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter