‘വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം’ ആന്‍ഡ്രോയിഡ് ആപ്പ് സവിശേഷതകള്‍
ഏറെ കാത്തിരിപ്പിന് ശേഷം മലയാളത്തിലെ സുന്നീ ഖുര്‍ആന്‍ വിവര്‍ത്തനത്തിന്റെ പ്രഥമ മൊബൈല്‍ വേര്‍ഷന്‍ വായനക്കാരുടെ കൈകളിലെത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം പാണക്കാട് നടന്ന ദാറുല്‍ ഹുദാ പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയയുടെ സോഷ്യല്‍ എക്സലന്‍സ് സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പ്രസ്തുത ആപ്പിന്റെ ലോഞ്ചിംങ് നടന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സ്വാദിഖലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, ബഷീര്‍ അലി ശിഹാബ് തങ്ങള്‍, റശീദലി ശിഹാബ് തങ്ങള്‍, ചെറുശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയാണ് ആപ്പിന്റെ ലോഞ്ചിംങ് നടത്തിയത്. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി തയ്യാറാക്കിയ വിശുദ്ധ ഖുര്‍ആന്‍ മലയാള വിവര്‍ത്തനം ആണ് മൊബൈല്‍ ആപ്പ് ആയി എത്തിയിട്ടുള്ളത്.മലയാളത്തിലെ രണ്ടാമത്തെ സൂന്നീ ഖുര്‍ആന്‍ പരിഭാഷയായപ്രസ്തുത ഗ്രന്ഥം ഈ വര്‍ഷം ജനുവരി ഒന്നിനായിരുന്നു പ്രകാശിതമായത്. മര്‍ഹൂം കെ.വി മുഹമ്മദ് മുസ്‍ലിയാരുടെ ഫത്‍ഹു റഹ്മാന്‍ ആണ് ആദ്യ സുന്നീ ഖുര്‍ആന്‍ വിവര്‍ത്തനം. പ്രസ്തുത വിവര്‍ത്തനം ഒണ്‍ലൈനായി നിലവില്‍ ലഭ്യമാണ്. അതിനായി Quranonweb.net എന്ന വെബ്സൈറ്റ് Islamonweb.net-ന്റെ സംരഭകരായ മിഷന്‍ സോഫ്റ്റ് അണിയിച്ചൊരുക്കിയിട്ടുണ്ട്. ബഹാഉദ്ദീന്‍ നദ്‍വിയുടെ പരിഭാഷയുടെ ആപ്പ് വായനക്കാരിലെത്തിച്ചിരിക്കുന്നത് ദാറുല്‍ ഹുദാ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഹാദിയയാണ്. ഹാദിയയുടെ പാണക്കാട് ആരംഭിച്ച സോഷ്യല്‍ എക്സലന്‍സ് സെന്ററിന്റെ പ്രസാധന വിഭാഗമായ ബുക്ക് പ്ലസിന്റെ ആദ്യ സംരംഭം കൂടിയാണിത്. QURAN MALAYALAM TRANSLATION BY DARUL HUDAനിലവില്‍ മലയാളത്തില്‍ ലഭ്യമായ ഖുര്‍ആന്‍ ആപ്പുകളില്‍ മികച്ച വിഷ്വല്‍ സൗന്ദര്യമാണ് പുതിയ ആപ്പിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നത്. സൂറത്തുകളുടെ പേര്/ജുസ്അ്/ഹിസ്ബ് അടിസ്ഥാനത്തില്‍ വിശുദ്ധ ഖുര്‍ആനിലെ ആവശ്യമുള്ള ഭാഗങ്ങള്‍ വായനക്കാരന് ഹോം പേജില്‍ നിന്ന് കണ്ടെത്താവുന്ന തരത്തിലാണ് ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. മുകളില്‍ വിശുദ്ധ ഖുര്‍ആന്‍റെ ഒറിജിനല്‍ അറബിക് പേജ്, താഴെ അവയുടെ മലയാളം വിവര്‍ത്തനം എന്ന രൂപത്തിലാണ് പേജുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വിവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വിശദീകരണം ആവശ്യമുള്ള ഇടങ്ങളില്‍ പ്രത്യേകം നമ്പര്‍ നല്‍കിയിരിക്കുകയാണ്. നമ്പറില്‍ ടച്ച് ചെയ്യുന്ന മുറക്ക് വിശദീകരണം സ്ക്രീനില്‍ തെളിയും. ഓരോ അധ്യായം തുടങ്ങുന്നിടത്തും സൂറത്തിന്റെ പേരിനു മുകളില്‍ ടച്ച് ചെയ്താല്‍ അധ്യായത്തില്‍ എത്ര ആയത്തുകള്‍ ഉണ്ട്, എവിടെയാണ് അവതരിച്ചത് തുടങ്ങിയ സൂറത്തിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ലഭിക്കും. വിവര്‍ത്തനമായി മാത്രമല്ല, മൊബൈല്‍ ഖുര്‍ആനായും ആപ്പ് ഉപയോഗപ്പെടുത്താം. ഓതാനാഗ്രഹിക്കുന്ന സൂറത്ത് ഹോം പേജില്‍ നിന്നോ ബുക്ക്മാര്‍ക്ക് ലിസ്റ്റില്‍ നിന്നോ തെരെഞ്ഞെടുത്ത് സാധാരണ പോലെ ഖുര്‍ആന്‍ പാരായണം നടത്താം. പേജുകള്‍ മറിക്കാന്‍ ആവശ്യാനുസരണം ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്യുകയാണ് വേണ്ടത്. ഹോം പേജില്‍ സെര്‍ച്ച് ബട്ടണ്‍, ബൂക്മാര്‍ക്ക് ബട്ടണ്‍, ആപ്പിനെ കുറിച്ചും ഗ്രന്ഥകാരനെ കുറിച്ചും വിവരം നല്‍കുന്ന ഹെല്‍പ്പ് ബട്ടണ്‍ തുടങ്ങിയവ മുകളിലാണ് ക്രമീകരിച്ചിരിക്കുന്നത്. യാസീന്‍, മുല്‍ക്, അല്‍-കഹ്ഫ് പോലോത്ത ഇടക്കിടെ ഉപയോഗിക്കേണ്ടി വരുന്ന സൂറത്തുകളും മറ്റും രേഖപ്പെടുത്തിവെക്കാനുള്ളതാണ് ബുക്ക്മാര്‍ക്ക് ബട്ടണ്‍. പാരായണം ചെയ്തു കൊണ്ടിരിക്കെ പെട്ടെന്ന് ആപ്പ് ക്ലോസ് ചെയ്യേണ്ടി വന്നാലും ബുക്ക് മാര്‍ക്ക് ചെയ്തുവെക്കാം. പിന്നീട് സൗകര്യം കിട്ടുമ്പോള്‍ നേരത്തെ പാരായണം ചെയ്ത സ്ഥലത്തേക്ക് അനായാസം ഇതുവഴി എത്താനാകും. QURAN MALAYALAM TRANSLATION BY DARUL HUDA 2സെര്‍ച്ചിംങ് സൗകര്യത്തിന്റെ പരിമിതി, ഖുര്‍ആന്‍ പാരായണങ്ങളുടെയും വിവര്‍ത്തനങ്ങളുടെയും ഓഡിയോകളുടെ അഭാവം തുടങ്ങിയവ നിലവില്‍ ആപ്പിന്റെ പോരായ്മകളാണ്. ഇവ ആപ്പിന്റെ രണ്ടാം ഘട്ട വിപുലീകരണത്തില്‍ ലഭ്യമാകുമെന്ന് ആപ്പിന്റെ അണിയറ പ്രവര്‍ത്തകരായ ഹാദിയ ബുക് പ്ലസ് അറിയിച്ചിട്ടുണ്ട്. പുതിയ അപ്ഡേഷനുകള്‍ വരുന്നതോടെ ഓഡിയോ ഫീച്ചറുകളടക്കം ഉള്ള മലയാളത്തിലെ മികച്ച ആധികാരിക മൊബൈല്‍ ഖുര്‍ആന്‍ വിവര്‍ത്തനം സജ്ജമാകുമെന്ന് ബുക് പ്ലസ് അവകാശപ്പെടുന്നു. കോഴിക്കോട്ടെ ബ്രാവോകോഡ് സൊലുഷ്യന്‍സ് ആണ് ആപ്പിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. ആന്‍ഡ്രോയിഡിന്റെ 4.0.3 (ഐസ്ക്രീം സാന്റ്‍വിച്ച്) പതിപ്പോ അതിനു മുകളിലെ പതിപ്പുകളോ ഉള്ള ഫോണുകളില്‍ ആപ് പ്രവര്‍ത്തിക്കും. 14 എംബി ആണ് ആപ്പിന്റെ ഫയല്‍ സൈസ്. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്: https://play.google.com/store/apps/details?id=bravocodesolutions.com.app_quran ആപ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാം: csequrantranslationapp@gmail.com

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter