ഓറിയന്റലിസം ചെയ്തുവെച്ചത്...

1779ല്‍ ഇംഗ്ലണ്ടിലാണ് 'ഓറിയന്റലിസം' എന്ന വാക്ക് ആദ്യമായി പ്രയോഗത്തില്‍ വന്നത്. പൗരസ്ത്യ ദേശങ്ങളെയും അവിടുത്തെ സംസ്‌കാരത്തെയും പഠിക്കുന്നവരാണ് 'ഓറിയന്റലിസ്റ്റുകള്‍' എന്ന ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷനറിയുടെയും ഫ്രഞ്ച് വിജ്ഞാന കോശത്തിന്റെയും നിര്‍വചനത്തെ തിരുത്തിക്കുറിക്കുന്നതായിരുന്നു 'ഓറിയന്റലിസ'ത്തിന്റെ നാട്ടക്കുറി. അഥവാ, പ്രത്യക്ഷമോ പരോക്ഷമോ ആയ മായങ്ങള്‍ ചേര്‍ത്ത് ഇസ്‌ലാമിനെ വക്രീകരിക്കാന്‍ യൂറോപ്പ് സൃഷ്ടിച്ച വിഷബീജങ്ങളാണ് വാസ്തവത്തില്‍ ഓറിയന്റലിസ്റ്റുകള്‍.

ലോകം പിടിച്ചടക്കാന്‍ തങ്ങള്‍ക്ക് ദൈവികമായ അവകാശമുണ്ടെന്ന് വാദിച്ച യൂറോപ്യന്‍ ദേശീയ വാദികള്‍ മിഷനറിയുടെ സഹായത്തോടെ ഇസ്‌ലാമിനെ തെറ്റായി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നൂറ്റാണ്ടുകളായി നടന്ന ഒമ്പതോളം കുരിശ് യുദ്ധങ്ങളുടെ പരിണതി അഥവാ പരാജയം ഓറിയന്റലിസത്തിന്റെ ബീജാവാപത്തിന് വഴിതുറക്കുകയായിരുന്നു. പൂര്‍വികരായ യൂറോപ്യരുടെ സിരകളില്‍ കുരിശശ് യുദ്ധങ്ങളുളവാക്കിയ സ്വാധീനങ്ങള്‍ അവയുടെ എല്ലാ ഭാവവിശേഷണങ്ങളോടും കൂടി  ഓറിയന്റലിസ്റ്റുകളിലേക്കും പകര്‍ന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
ഇസ്‌ലാമിനെയും ഇസ്‌ലാമിക സംസ്‌കാരത്തെയും പഠിക്കാനും അതിന്റെ രചനയ്ക്കും ക്രോഡീകരിണത്തിനും ഓറിയന്റല്‍ 'ബുദ്ധിജീവികള്‍' ചെലവഴിച്ച മഹായത്‌നങ്ങളെക്കാളുപരി അതിന്റെ പിന്നിലെ ലക്ഷ്യമാണ് പലപ്പോഴും മനസ്സിലാക്കപ്പെടാതെ പോകുന്നത്. പണ്ഡിതന്റെ സത്യാന്വേഷണ വികാരമല്ല, മറിച്ച് പൗരസ്ത്യ വിശാരദന്റെ ളോഹയണിഞ്ഞ മിഷനറിയും സിയോണിസ്റ്റ് തുണയുമായിരുന്നു അവര്‍ക്ക് പ്രചോദനമേകിയിരുന്നത്. ഇസ്‌ലാമിനെ തകര്‍ക്കാന്‍ ഇരു ശത്രുക്കളും ഒരേ പാളയത്തിലാണ് നിലയുറപ്പിച്ചിരുന്നത്. മിഷനറിയുടെ ലക്ഷ്യം നാട്ടിന്‍പുറങ്ങളും പാഠശാലകളുമായിരുന്നെങ്കില്‍ ഓറിയന്റലിസ്റ്റ് ശ്രമങ്ങള്‍ മുഖ്യമായും അവര്‍ തൊടുത്തുവിടുന്ന ചിന്താപരവും താത്വികവും നിയമപരവും സാമൂഹികപരവും സാമ്പത്തികവുമായ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കോര്‍പ്പറേറ്റുകളായിരുന്നു. 
കുരിശ്  യുദ്ധങ്ങള്‍ പരാചയപ്പെട്ടതിനെ തുടര്‍ന്ന് നിര്‍ഭയരായ മുസ്‌ലിം പട്ടാളത്തിനു വീര്യമേകുന്നത് തങ്ങളുടെ മതസ്പിരിറ്റും വിശ്വാസ ദാര്‍ഢ്യവുമാണെന്ന് മനസ്സിലാക്കിയ യൂറോപ്യര്‍ പാശ്ചാത്യ ജീവിതരീതിയിലേക്ക് മുസ്‌ലിങ്ങളെ ലയിപ്പിക്കാനും, ഇസ്‌ലാമിനെ സൗമ്യമായി വീക്ഷിക്കാന്‍ തുടങ്ങിയ പൗരസ്ത്യ പണ്ഡിതരെ അതില്‍ നിന്ന് അകറ്റിനിര്‍ത്താനുമുള്ള ശ്രമം ആരംഭിച്ചു. അതിനവര്‍ കണ്ട കുറുക്കുവഴി ഇസ്‌ലാമിനെ ആഴത്തില്‍ പഠിക്കുകയും പിന്നീടവയെ വിമര്‍ശിച്ചും വക്രീകരിച്ചും പുസ്തകങ്ങള്‍ എഴുതുകയും തല്‍ഫലമായി ഇസ്‌ലാമിന്റെ സൈദ്ധാന്തിക തലത്തില്‍ വൈരുധ്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതായിരുന്നു. 
13 നൂറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ജനമനസ്സുകളുടെ ദാഹം തീര്‍ത്ത ഒരു മതത്തെ ഇനിയും വഞ്ചനയുടെ കളിത്തൊട്ടിലിടുന്നത് പരമാബദ്ധമാണെന്ന് അവര്‍ക്ക് വെളിപാട് വന്നിരിക്കണം. കല്ലേറും കൂക്കിവിളിയും കൊണ്ട് ഇസ്‌ലാമിനെ തകര്‍ക്കാമെന്നുണ്ടെങ്കില്‍ മുഹമ്മദിന്റെ ജീവിത കാലത്തുതന്നെ അത് സംഭവിക്കുമായിരുന്നു എന്ന എഡ്വേര്‍ഡ് ക്ലോഡി (ഋറംമൃറ ഇഹീറശ) ന്റെ വാക്കുകള്‍ മറ്റൊന്നല്ല അറിയിക്കുന്നത്. 
തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യസാക്ഷാല്‍ക്കാരത്തിനു വേണ്ടി നേരത്തേ ചെയ്തുവന്നിരുന്ന അക്രമത്തിനും അന്ധമായ വിമര്‍ശനത്തിനും പകരം ബുദ്ധിപരമായി കരുക്കള്‍ നീക്കിക്കൊണ്ടാണ് ഓറിയന്റലിസ്റ്റുകള്‍ രംഗപ്രവേശം ചെയ്തത്. ഇസ്‌ലാമില്‍ തെറ്റ് കണ്ടുപിടിക്കുക എന്നതായിരുന്നു അവരുടെ ആദ്യത്തെ ശ്രമം.
പ്രാഥമിക ഉദ്യമത്തില്‍ തന്നെ തങ്ങളുടെ സര്‍വവിധ സാഹസങ്ങളും പരിഹാസ്യമായതിനെ തുടര്‍ന്ന് അവിഹിതമായ മറ്റു വഴിതേടിപുറപ്പെടുകയാണുണ്ടായത്. തേനും വിഷവും കൂട്ടിക്കലര്‍ത്തി ഇസ്‌ലാമിന്റെ പ്രമാണങ്ങളിലും ചരിത്രസംഭവങ്ങളിലും വക്രീകരണം നടത്തിയും ചരിത്ര പുരുഷന്മാരുടെ ഉദ്ദേശ്യ ശുദ്ധിയെ കളങ്കപ്പെടുത്തിയും അവര്‍ മുന്നേറി. മതത്തിലെ അവാന്തര വിഭാഗങ്ങളെയും അത്താതുര്‍ക്കിനെയും അതിനവര്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു. ക്രൈസ്തവ സഭയുടെ അന്തകരായിരുന്ന കോപ്പര്‍ നിക്കസിനെയും  ഗലീലിയോവിനെയും ചുട്ടുകൊന്ന യോറോപ്യര്‍ക്ക് മുസ്‌ലിങ്ങളുടെ വിജ്ഞാന തൃഷ്ണയും ശാസ്ത്രങ്ങളില്‍ അവര്‍ കൈകൊണ്ട സ്വതന്ത്ര ചിന്തയും ദുര്‍ബലപ്പെടുത്തേണ്ടത് ആവശ്യമായിരുന്നു. 
ഇസ്‌ലാം കടന്നുവന്ന ആദ്യ യൂറോപ്യന്‍ രാഷ്ട്രമായ സ്‌പെയിനില്‍ തന്നെ അതിനു  വേണ്ടി പൗരസ്ത്യ പഠനത്തിനെന്ന പേരില്‍ ആദ്യ കേന്ദ്രം സ്ഥാപിക്കപ്പെട്ടു. അറബി ഗ്രന്ഥങ്ങള്‍ യൂറോപ്യന്‍ ഭാഷകളിലേക്ക് തര്‍ജമ ചെയ്യാന്‍ ക്രൈസ്തവ പണ്ഡിതരെ പരിശീലിപ്പിക്കുകയായിരുന്നു കേന്ദ്രത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. ഹെര്‍മന്‍, റോബര്‍ട്ട് എന്നീ പുരോഹിതന്മാര്‍ ചേര്‍ന്ന് ഇവിടെ നിന്നാണ് ഖുര്‍ആന്റെ ലാറ്റിന്‍ ഭാഷയിലുള്ള ആദ്യ തര്‍ജമ തയ്യാറാക്കിയത്. ഇസ്‌ലാമിനെ വികലമാക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു ഇത്. 
ഇസ്‌ലാം വിരുദ്ധ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പ്രത്യേകമായ ഒരു ബ്യൂറോയും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഇമാം ഗസ്സാലി, ഇബ്‌നു സീന, ഇബ്‌നു റുശ്ദ്  തുടങ്ങിയ മുസ്‌ലിം തത്വചിന്തകരുടെ ഗ്രന്ഥങ്ങള്‍ ലത്തീന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് ഇസ്‌ലാമിക തത്വചിന്തയെ പരമാവധി ചൂഷണം ചെയ്യുകയായിരുന്നു. ഇസ്‌ലാമിനെ വികലമാക്കാന്‍ രണ്ടക്ഷരം എഴുതുന്നത് പോലും യൂറോപ്യന്‍ പാതിരിമാര്‍ പുണ്യകര്‍മമായി കരുതിവന്നു. 
19ാം നൂറ്റാണ്ടിന്റെ അന്ത്യം വരെ മുഖ്യമായും വിവര്‍ത്തനങ്ങളിലാണ് യൂറോപ്യര്‍ ശ്രദ്ധ പതിപ്പിച്ചിരുന്നത്. ഇക്കാലത്ത്  ഇസ്‌ലാമിലെ യുദ്ധ വിവരണ ഗ്രന്ഥങ്ങളും ചരിത്രങ്ങളുമാണ് പ്രധാനമായും വിവര്‍ത്തനം ചെയ്യപ്പെട്ടത്. മാര്‍ഗോളിയ്യത്തിനെ പോലെയുള്ളവര്‍ പടച്ചുവിട്ട നുണകള്‍ അത്ര എളുപ്പത്തില്‍ കണ്ടുപിടിക്കുക സാധ്യമല്ലാത്തവിധം വളരെ തന്ത്രപരമായിരുന്നു വിവര്‍ത്തന ഗ്രന്ഥങ്ങളത്രയും!
സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ സൈനിക പാടവം അംഗീകരിച്ചവര്‍ അദ്ദേഹം ക്രിസ്ത്യന്‍ വനിതയുടെ പുത്രനാണെന്ന് തട്ടിവിട്ടു. ഈ വനിത സഞ്ചരിച്ച കപ്പല്‍ കൊടുങ്കാറ്റില്‍ തകര്‍ന്നപ്പോള്‍ മധ്യധരണ്യാഴിയുടെ തീരത്ത് അണഞ്ഞുവത്രെ. അവിടെ  വച്ച് സ്ത്രീയെയും കുട്ടിയെയും മതം മാറ്റപ്പെട്ടു. ആ കുട്ടിയാണ് സ്വലാഹുദ്ദീന്‍ അയ്യൂബി.... ഇങ്ങനെ ഇസ്‌ലാമിലെ ഒട്ടുമിക്ക ചരിത്രപുരുഷന്മാരെയും അവര്‍ കളങ്കപ്പെടുത്തുകയുണ്ടായി. 
നബി(സ്വ)ക്ക് അല്‍അമീന്‍ എന്ന ഓമനപ്പേര് ലഭിക്കാന്‍ കാരണം വിശ്വസ്തനായതു കൊണ്ടല്ല, മാതാവിന്റെ പേര് ആമിന എന്നതിനാലാണ് എന്ന് ഇല്ലാക്കഥ ചമയ്ക്കാന്‍ ഓറിയന്റലിസ്റ്റുകള്‍ തയ്യാറാക്കിയ എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക ഒട്ടുവളരെ പണിപ്പെടുന്നുണ്ട്.
അറബി ഭാഷയില്‍ അവഗാഹം നേടിയ പലരും വിശുദ്ധ ഖുര്‍ആന്‍, തഫ്‌സീര്‍ ബൈളാവി, സ്വഹീഹുല്‍ ബുഖാരി, താരീഖു ത്വബ്‌രി തുടങ്ങി ധാരാളം പ്രാമാണിക ഗ്രന്ഥങ്ങള്‍ വികലമായി വിവര്‍ത്തനം ചെയ്ത് പ്രസിദ്ധപ്പെടുത്തി. ഇത്തരത്തില്‍ ചരിത്രരചന നടത്തിയ 30ല്‍ പരം ഓറിയന്റലിസ്റ്റുകളെയും അവരുടെ കൃതികളെയും സംബന്ധിച്ച് അല്ലാമ ശിബ്‌ലി രേഖപ്പെടുത്തിയത് കാണാം. 
കുരിശ് യുദ്ധങ്ങള്‍ പരജയപ്പെട്ടതിനെ തുടര്‍ന്ന് സാഹിത്യ രചനയിലൂടെയുള്ള മറ്റൊരു കുരിശ് യുദ്ധത്തിന് യൂറോപ്പ് തുടക്കംകുറിക്കുകയായിരുന്നു എന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.  യൂറോപ്പിന്റെ സാംസ്‌കാരിക ചരിത്രം മിനുക്കിപ്പറയുകയും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന 'സോങ് ഓഫ് റെണാള്‍ഡും 'ഡിവൈന്‍ കോമഡി'യും 'ദ ഡെഡ് ഹാന്റ് ഓഫ് ഇസ്‌ലാമും കുരിശ് യുദ്ധാനന്തരം ഉടലെടുത്ത ക്രൂഡേസ് മെന്റാലിറ്റിയില്‍ നിന്നുത്ഭവിച്ച ഇസ്‌ലാം വിരോധത്തിന്റെ പുതിയ ചിത്രങ്ങളാണെന്നു കൂടി ചേര്‍ത്തിവായിക്കാം. 
മേലുദ്ധരിച്ച വിധം അവിഹിത വഴികള്‍ തുറക്കപ്പെട്ടത് യൂറോപ്പില്‍ ഇസ്‌ലാം തെറ്റിദ്ധരിക്കപ്പെടാന്‍ നിമിത്തമായി എന്നു വേണം മനസ്സിലാക്കാന്‍. എന്നാല്‍, പുരോഹിത വൃന്ദത്തെ വെല്ലുവിളിച്ച് ഇസ്‌ലാമിനെ വസ്തുനിഷ്ഠമായി വിലയിരുത്താന്‍ ശ്രമിച്ച ജോര്‍ജ് ഓഫ് ഡമാസ്‌കസ്, എച്ച്.ജി. വെല്‍സ്, ലാമാര്‍ട്ടിന്‍, ആര്‍നോള്‍ഡ്, ഗിബ്ബണ്‍ തുടങ്ങിയ ഓറിയന്റലിസ്റ്റുകളുടെ രചനകള്‍ യൂറോപ്പിന് തിരുത്തല്‍ പാഠം നല്‍കുന്നവയാണ്. യൂറോപ്പില്‍ നവോത്ഥാനം സംജാതമായതോടെ ഇസ്‌ലാമിനെ വസ്തുതകളുടെ വെളിച്ചത്തില്‍ വിലയിരുത്താന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ, അവിടത്തെ യൂണിവേഴ്‌സിറ്റികളിലും ലൈബ്രറികളിലും ഓറിയന്റലിസ്റ്റുകളുടെ വക്രീകൃത, ഇസ്‌ലാം വിരുദ്ധ ഗ്രന്ഥങ്ങളാണ് ഇന്നും പഠിതാക്കള്‍ ആശ്രയിക്കുന്നതെന്ന ദുഃഖസത്യം നിലനില്‍ക്കുന്നു. ഏഴു മുതല്‍ 12 വരെയുള്ള നൂറ്റാണ്ടുകളില്‍ വിജ്ഞാനത്തിന്റെ ഗുരുസ്ഥാനം അലങ്കരിച്ച മുസ്‌ലിങ്ങള്‍ക്ക് ഇത്തരം ഗ്രന്ഥങ്ങള്‍ അവലംബമാക്കേണ്ടിവരുന്നെങ്കില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. 
ദമാസ്‌കസ്, ബഗ്ദാദ്, സമര്‍ഖന്ദ്, കൊര്‍ദോവ, അന്തലുസ് തുടങ്ങിയ മുസ്‌ലിം കേന്ദ്രങ്ങളില്‍ നിന്ന് മോഷ്ടിച്ചെടുത്ത അറിവുകള്‍ കൊണ്ട് തന്നെ ഇസ്‌ലാമിനെ തകര്‍ക്കുക എന്ന യൂറോപ്യരുടെ കൊടുംചതി ചരിത്രത്തില്‍ എന്നും ചൊറിക്കുത്തായി അവശേഷിക്കും. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter