അഹ്‌മദ് കോയ ശാലിയാത്തി

അഹ്‌മദ് കോയ ശാലിയാത്തി

കേരളീയ ചരിത്രം കണ്ട മഹാത്ഭുതങ്ങളില്‍ ഒന്നാണ് അഹ്‌മദ് കോയ ശാലിയാത്തി. സൂര്യനെ നോക്കാന്‍ കണ്ണുകള്‍ പ്രകടിപ്പിക്കുന്ന അശക്തതയെ പോലെ ആ മഹാത്മാവിന്റെ ജീവിതത്തിന്റെ സൗന്ദര്യം ഉള്‍ക്കൊള്ളാന്‍ പലപ്പോഴും കേരളീയ സമൂഹത്തിന് കഴിയാതെ പോയി എന്നത് വസ്തുതയാണ്. കേരളീയ സാമൂഹ്യ പശ്ചാത്തലത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ സത്യാശയങ്ങള്‍ സ്ഥിരപ്പെടുത്താന്‍ ജീവിതം കൊണ്ട് ഇത്രമേല്‍ പണിയെടുത്ത മറ്റനേകം വ്യക്തിത്വങ്ങളെ നമുക്ക് കാണാനാവില്ല. ബൗദ്ധിക ഇടപെടലുകള്‍ വഴി വാക്കുകള്‍ കൊണ്ടും കര്‍മ്മങ്ങള്‍ കൊണ്ടും രചനകള്‍ കൊണ്ടും മൗലികതയുടെ എല്ലാ അടയാളങ്ങളെയും ആവാഹിച്ച് കൊണ്ട് ദീനിനെ സ്ഥിരപ്പെടുത്താന്‍ കൈ മെയ് മറന്ന് അദ്ധ്വാനിച്ച പ്രവാചകീയ പാരമ്പര്യ വഴിയിലെ തിളങ്ങുന്ന കണ്ണിയായിരുന്നു ഇത്ര വലിയ കനമുള്ള സാന്നിധ്യത്തെ വേണ്ടവിധം കേരളീയ മുഖ്യധാര ചരിത്രം പരിഗണിച്ചോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. കേരളീയ പരിഷ്‌കരണ ചിന്തകള്‍ വളരാതെ പോയതില്‍ ശാലിയാതിയും അദ്ദേഹത്തിന്റെ രചനകളും വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. 

പഠനം ജീവിതം
ഹിജ്‌റ 1302 ജമാദുല്‍ ആഖര്‍ 22 ലാണ് (എ.ഡി 1884) ഇമാമുദ്ദീന്‍ കുഞ്ഞാലിക്കുട്ടി മുസ്‌ലിയാര്‍ ചാലിയം തേപ്പാളത്ത് കുട്ടി ഹസ്സന്‍ എന്നവരുടെ മകള്‍ ഫരീദയുടെയും മകനായി ചാലിയം പൂതാമ്പറത്താണ് മഹാന്റെ ജനനം. പിതാവില്‍ നിന്ന് തന്നെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ശേഷം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ആലി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. അവിടെ നിന്നും മത വിദ്യാഭ്യാസ രംഗത്ത് ദൈഷണിക ഇടപെടലിന്റെ പുതിയ രീതി ശാസ്ത്രം മെനഞ്ഞെടുത്ത് വൈജ്ഞാനികോദയത്തിന്റെ നേതൃത്വമേറ്റെടുത്ത ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയുടെ ദര്‍സിലെത്തി. ഒരു കാലത്ത് കേരളത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ചൂടുപിടിച്ച വാദപ്രതി വാദങ്ങള്‍ക്ക് വഴിയൊരുക്കിയ ഖിബ്‌ലി തര്‍ക്കത്തില്‍ ഐനുല്‍ ഖിബ്‌ല വാദത്തിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നത് ചാലിലകത്ത് ആയിരുന്നല്ലോ. ഖിബ്‌ലയുടെ ഐനിലേക്കല്ല മലബാറിലെ പല പള്ളികളുടെയും ദിശ എന്നത് കൊണ്ടുതന്നെ അവ പൊളിച്ചു മാറ്റണമെന്ന് ചാലിലകത്തിന്റെ പക്ഷം വാദിച്ചു. അതിരാ പട്ടണത്തില്‍ ദര്‍സ് നടത്തിയിരുന്ന ശൈഖ് അഹ്‌മദില്‍ നിന്ന് രിസാലത്തുല്‍ മാറദീനിയില്‍ നൈപുണ്യം നേടിയതോടെയാണ് ചാലിലകത്ത് ഈ വാദം ഉയര്‍ത്തിത്തുടങ്ങിയത്. ഇരു പക്ഷത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും ഗ്രന്ഥ രചനകളും വാദപ്രതിവാദങ്ങളും ഏറെ കോലാഹലങ്ങളും ഇവിടെ ഉയരുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ശാലിയാത്തി രംഗത്ത് വരുന്നത്.

തന്റെ ഗുരുവിന്റെ വാദങ്ങളെയും രിസാലത്തുല്‍ മാറദീനിയെയും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുകയും തന്റെ ഭാഗം കൃത്യമായി നിറവേറ്റുകയും ചെയ്തു മഹാന്‍. അങ്ങനെ ഇവ്വിഷയവുമായി ബന്ധപ്പെട്ട് ഒട്ടനവധി ഗ്രന്ഥങ്ങള്‍ മഹാന്‍ രചിക്കുകയും വിഷയത്തിന്റെ യാഥാര്‍ത്ഥ്യം സമൂഹ മദ്ധ്യേ ബോധ്യപ്പെടുത്തുകയും ചെയ്തു. രിസാലത്തുല്‍ മാറദീനിയുടെ വ്യാഖ്യാനമായ അന്നബാഅത്തുല്‍ യഖീനിയ്യ ഫീ ശറഹി രിസാലത്തുല്‍ മാറദീനിയ്യ, സീറത്തുല്‍ അദില്ല ഫീ ഹദ്‌യി ഇസ്തിഖ്ബാലില്‍ ഖിബ്‌ല, തഹ്ഖീഖുല്‍ മകാന്‍ ഫീ മബ്ഹസില്‍ ഇസ്തിഖ്‌ലാല്‍, ചാലിലകത്തിന്റെ രിസാലത്തു ദ്ദആവ ഫില്‍ ഖിബ്‌ല എന്നതിലെ വാദങ്ങളെ ഖണ്ഡിച്ചു കൊണ്ടുള്ള അല്‍ മഖാലുല്‍ ഹാവി ഫീ റദ്ദില്‍ ഫതാവാ വദ്ദആവാ എന്നീ ഗ്രന്ഥങ്ങള്‍ ഇവ്വിഷയകമായി മാത്രം മഹാന്‍ രചിച്ചതാണ്. ഒരു വിഷയത്തെ എത്ര ഗൗരവമായാണ് മഹാന്‍ സമീപിക്കുന്നതെന്നറിയാന്‍ ഖിബ്‌ല തര്‍ക്കത്തിലെ മഹാന്റെ ഇടപെടല്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാവും.

ചാലിലകത്തിനടുത്ത് നിന്നും ഉപരിപഠനാര്‍ത്ഥം മഡ്രാസിലെത്തുകയും മൗലാന മുഫ്തി മഹ്‌മൂദ് സാഹിബിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. അവിടെ നിന്ന് വിവിധ ഫന്നുകളില്‍ അഗാധമായ പാണ്ഡിത്യം കരസ്ഥമാക്കി. തുടര്‍ന്ന് വെല്ലൂര്‍ ലത്വീഫിയ്യയിലെത്തുകയും അല്ലാമാ ഹുസൈന്‍ അഹ്‌മദുല്‍ ഖാദിരി, സയ്യിദ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ലത്വീഫില്‍ ഖാദിരി തുടങ്ങിയ ജ്ഞാന പടുക്കളുടെ ശിഷ്യത്വം സ്വീകരിക്കുയും ചെയ്തു. പഠന കാലത്ത് തന്നെ വിദ്യാര്‍ത്ഥിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ ഉസ്താദുമാര്‍ ശാലിയാത്തിയെ അവിടത്തെ അധ്യാപകനായും ഫത്‌വാ ബോര്‍ഡിലെ അംഗമായും തെരെഞ്ഞെടുത്തു. ശാലിയാത്തിയില്‍ വലിയ സ്വാധീനം ചെലുത്തിയവരായിരുന്നു ലത്വീഫിയ്യയിലെ ഗുരുനാഥന്മാര്‍. വെല്ലൂരിലെ പഠന കാലത്ത് നാല് മദ്ഹബുകളെയും അടുത്തറിയാനും ഫത്‌വകള്‍ നല്‍കാനുമുള്ള കഴിവ് മഹാന്‍ നേടിയെടുത്തു. ദീനിനോടുള്ള ഉല്‍ക്കടമായ സ്‌നേഹത്തിന്റെ നിലക്കാത്തപ്രവാഹം കണക്കെ അറിവിന്റെ നിഖില മേഖലകളിലും ശാലിയാത്തി നിറഞ്ഞൊഴുകി.

അധ്യാപനം
വെല്ലൂരില്‍ നിന്നും പുറത്തിറങ്ങിയ ശേഷം തിരുന്നല്‍വേലിപേട്ടയിലെ രിയാളുല്‍ ജിനാന്‍ മദ്രസയില്‍ സദര്‍ മുദരിസായി ജോലിയേറ്റെടുത്തു. തദ്‌രീസിന്റെ മേഖലയില്‍ അവിടെ അഞ്ച് വര്‍ഷം സേവനം ചെയ്തു.
വിവിധ മദ്ഹബുകളിലുള്ള ശാലിയാത്തിയുടെ അഗാധ പാണ്ഡിത്യത്തില്‍ അത്ഭുതം കൂറിയ ഹൈദരാബാദ് നൈസാം സുല്‍ത്താന്‍ ഉസ്മാന്‍ അലീഖാന്‍ അദ്ദേഹത്തെ തന്റെ കൊട്ടാര മുഫ്തിയായി നിയോഗിച്ചു. നൂറു രൂപയാണ് അന്ന് അദ്ദേഹത്തിന് ശമ്പളമായി നല്‍കിയത്. ഹിദായത്തു സ്സിബ്‌യാന്‍ സംഘം സ്മരണിക തിരൂരങ്ങാടിയില്‍ (പേജ് 59) ഇത് വിവരിക്കുന്നുണ്ട്. മരണം വരെയും മഹാന്റെ സാന്നിധ്യം ഒരനിവാര്യതയായി നൈസാം കണ്ടു. മരണം വരെ ശാലിയാത്തിക്ക് നൈസാമില്‍ നിന്നുള്ള പെന്‍ഷന്‍ കിട്ടിയിരുന്നു. ശാലിയാത്തി ഫിഖ്ഹീ വിഷയങ്ങളില്‍ നല്‍കിയ ഫത്‌വകള്‍ അല്‍ ഫതാവല്‍ അസ്ഹരിയ്യ ഫില്‍ അഹ്കാമി ശ്ശറഹിയ്യ വല്‍ ഫുനൂനില്‍ ഇല്‍മിയ്യ എന്ന പേരിലും അഖീദ രംഗത്ത് നല്‍കിയ ഫത്‌വകള്‍ അല്‍ ഫതാവ ദ്ദീനിയ്യ ലി തനക്കുബില്‍ ഹഫ്‌ലതില്‍ അയ്ക്കിയ്യ എന്ന പേരിലും ക്രോഡീകൃതമായിട്ടുണ്ട്.

ശാലിയാത്തി വീണ്ടും ലത്വീഫിയയിലേക്ക് തന്നെ ക്ഷണിക്കപ്പെടുകയും അവിടെ പ്രിന്‍സിപ്പളായി നിയോഗിക്കുകയും ചെയ്തു. ശാലിയാത്തിയുടെ അടുത്ത് നിന്ന് വിജ്ഞനം നുകരാന്‍ വേലൂരിലെ സമൂഹം വലിയ ആവേശമാണ് പ്രകടിപ്പിച്ചത്. വെല്ലൂരില്‍ നിന്നും തന്റെ ആദ്യ ഗുരുനാഥനായിരുന്ന നെല്ലിക്കുത്ത് ആലി മുസ്‌ലിയാരുടെ ക്ഷണപ്രകാരം തിരൂരങ്ങാടിയിലെത്തുകയും ഹജ്ജിന് പോവുകയായിരുന്ന ആലി മുസ്‌ലിയാര്‍ക്ക് പകരം ദര്‍സ് ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് കൊടിയത്തൂര്‍, മദ്രാസ്, നാഗൂര്‍ എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി.

സമസ്തയും ശാലിയാത്തിയും
സമസ്ത രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 10-ാം നമ്പര്‍ മുശാവറ മെമ്പറായിരുന്ന ശാലിയാത്തിയാണ് 1933 മാര്‍ച്ച് 5 ന് ഫറോക്കില്‍ വെച്ച് നടന്ന സമസ്തയുടെ ആറാം വാര്‍ഷിക സമ്മേളനത്തിന്റെ വിജയ ശില്‍പി. 1926 ജൂണ്‍ 26 ന് രൂപീകൃതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുന്നത് 1934 ലാണ്. ഇത് മനസ്സിലാക്കിയ വഹാബികള്‍ സമ്മേളനം നടന്ന് കഴിഞ്ഞാല്‍ തങ്ങളുടെ കാലിനടിയില്‍ നിന്നും ബാക്കിയുള്ള മണ്ണ് കൂടി ഒലിച്ചുപോവുമെന്ന് ഭയന്ന് ഫറോഖ് സമ്മേളനം മുടക്കാന്‍ ഒരു കുതന്ത്രം പ്രയോഗിച്ചു. ഇതിന്ന് വേണ്ടി കോഴിക്കോട്ടെ കെ.കെ പോക്കര്‍ വക്കീല്‍ മുഖേന സമ്മേളനാദ്ധ്യക്ഷനായിരുന്ന ശാലിയാത്തിക്കെതിരെ വക്കീല്‍ നോട്ടീസയച്ചു. അതിപ്രകാരമായിരുന്നു. കേരള ജംഇയ്യുത്തുല്‍ ഉലമയുടെ പ്രസിഡണ്ട് എന്‍. മമ്മു മൗലവി താഴെ പറയുന്ന നോട്ടീസ് താങ്കള്‍ക്കയക്കാന്‍ എന്നോട് നിര്‍ദ്ദേശിച്ചിരിക്കുന്നു. മേല്‍പറഞ്ഞ കേരള ജംഇയ്യത്തുല്‍ ഉലമ 1860 ലെ 21-ാം നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടതും പ്രസ്തുത സംഘത്തിന്റെ ആഭിമുഖ്യത്തില്‍ യോഗമോ സമ്മേളനമോ കൂടാന്‍ പാടില്ലാത്തതുമാണ്. ഒരു രജിസ്റ്റര്‍ ചെയ്ത സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമായുടെ അനുവാദമോ സമ്മതമോ കൂടാതെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പേരില്‍ മാര്‍ച്ച് അഞ്ചാം തീയ്യതി ഫറോക്കില്‍ വെച്ച് ഒരു യോഗം നടത്താന്‍ ഉദ്ദേശിക്കുന്നതായി എന്നോട് പറയപ്പെട്ടിട്ടു ണ്ട്. കേരള ജംഇയ്യത്തുല്‍ ഉലമയുടെ പേരില്‍ ഒരു സമ്മേളനം നടത്തുക മൂലം സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമത്തിന്റെ ചട്ടങ്ങള്‍ നിങ്ങള്‍ വ്യക്തമായി നിരാകരിക്കുകയും ലംഘിക്കുകയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ രജിസ്റ്റര്‍ ചെയ്ത സംഘടനയുടേതായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പ്രസ്തുത സംഘത്തെ തര്‍ക്കത്തിലേക്ക് കൊണ്ട് വരികയും ഭൗതികവും ധാര്‍മ്മികവുമായ നഷ്ടം വരുത്തുകയുമാണ്. ആയത് കൊണ്ട് കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ നിങ്ങള്‍ സമ്മേളനം നടത്തരുതെന്നും ഈ നോട്ടീസുണ്ടായിരിക്കെ നിങ്ങള്‍ സമ്മേളനം നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്കെതിരെ സിവിലും ക്രിമിനലുമായ നടപടികള്‍ എടുക്കുന്നതാണെന്നും നിങ്ങളെ അറിയിച്ചു കൊള്ളുന്നു. 

എന്നാല്‍ തങ്ങള്‍ നടത്തുന്നത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമ്മേളനമാണെന്നും അതിന് കേരള ജംഇയ്യത്തുല്‍ ഉലമയുമായി യാതൊരു വിധ ബന്ധവുമില്ലെന്നുള്ള മറുപടി നോട്ടീസ് കിട്ടയതോടെ വഹാബികള്‍ ഇളിഭ്യരാവുകയായിരുന്നു.

ലൈബ്രറി
ബട്കലില്‍ നിന്നും രോഗബാധിതനായി ദര്‍സ് നിറുത്തി ചാലിയത്ത് തിരിച്ചുവന്ന ശാലിയാത്തി വീടിനടുത്ത് ഒരു പള്ളിയും ദാറുല്‍ ഇഫ്താഇല്‍ അസ്ഹരിയ്യ എന്ന ലൈബ്രറിയും സ്ഥാപിച്ചു. 1946 ലാണിത്. അത്യപൂര്‍വ്വം ഗ്രന്ഥങ്ങളടങ്ങിയ വിജ്ഞാത്തിന്റെ എല്ലാ ഫന്നുകളും ഉള്‍ക്കൊള്ളുന്ന ആ ലൈബ്രറിയായിരുന്നു ജ്ഞാനാന്വേഷകരുടെ ദാഹം തീര്‍ത്തിരുന്നത്. ഹീബ്രുബൈബിള്‍, പതിനൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിയ മുസ്‌ലിം സഞ്ചാരി അല്‍ ബറൂണി രചിച്ച കിതാബുല്‍ ഹിന്ദ്. ഹൈന്ദവ, ക്രൈസ്തവ വിവിധ ഭൗതിക ശാസ്ത്രങ്ങളിലെ അത്യപൂര്‍വ്വ കൃതികള്‍  ഖുര്‍ആന്‍, ഹദീസ് വ്യാഖ്യാനങ്ങള്‍ ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ തുടങ്ങിയവ ശാലിയാത്തിയുടെ ശേഖരത്തിലെ ചിലതാണ്.

വിവിധ ഫന്നുകളില്‍ ഒട്ടനവധി ഗ്രന്ഥങ്ങള്‍ മഹാന്‍ രചിച്ചിട്ടുണ്ട്. അല്‍ഫിയ്യ, ഫത്ഹുല്‍ മുഈന്‍, തഫ്‌സീര്‍ ജലാലൈന്‍, മഹല്ലി, തശ്‌രീഹുല്‍ മന്‍ത്വിഖ്, രിസാലത്തുല്‍ മാറദീനി തുടങ്ങിയവക്കെല്ലാം വ്യാഖ്യാനങ്ങളെഴുതി. തന്റെ ഗുരുനാഥന്മാരെ അനുസ്മരിച്ചെഴുതിയ ഖസീദത്തുല്‍ റാഇയ്യത്തുന്‍ ഫീ മര്‍സിയ്യത്തി മൗലാനാ അല്‍ ഹാജി സയ്യിദ് ശാഹ് മുഹ്‌യുദ്ദീന്‍ അബ്ദുല്ലത്വീഫ് ഹഫീളീ ഖുതുബി വേലൂര്‍, ഖസീദത്തുല്‍ ബാഇയ്യത്തുന്‍ ഫീ മര്‍സിയ്യത്തി മൗലാനാ അശ്ശൈഖ് മഹ്‌മൂദ് മുഫ്തിന്‍ മദ്‌റാസ് എന്നീ മര്‍സിയ്യത്തുകളും മാതൃഭാഷയില്‍ ത്വലാഖ് ചൊല്ലിയാല്‍ പോകുമോ എന്നതുമായി ബന്ധപ്പെട്ടെഴുതിയ അല്‍ ഖസ്വീദത്തുല്‍ അസ്ഹരിയ്യ ഫീ ഹുക്മി ത്തലാഖി ബില്‍ കലിമാത്തില്‍ മലൈബാരിയ്യ യും മഹാന്റെ പ്രഥാന രചനകളാണ്. ആദ്ധ്യാത്മിക കൃതികളായ അല്ലഫല്‍ അലിഫിന്റെയും ബദ്‌രിയ്യത്തുല്‍ ഹംസിയ്യയുടെയും ഇര്‍ഷാദുല്‍ യാഫിയുടെയും വ്യാഖ്യാനങ്ങള്‍ തുടങ്ങിയവയും ഏറെ പ്രസിദ്ധങ്ങളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter