13 August 2020
19 Rajab 1437

ഈദുല്‍അദ്ഹാ നമ്മെ പഠിപ്പിക്കേണ്ടത്...

+ -

ത്യാഗത്തിന്റെ സ്മരണകളാണ് ബലി പെരുന്നാള്‍ നമുക്ക് സമ്മാനിക്കുന്നത്.തന്നെ സൃഷ്ടിച്ച നാഥന്റെ പ്രീതിക്കായി പൊന്നോമന പുത്രനെപോലും ബലി കഴിക്കാന്‍ തയ്യാറായ ഹസ്റത് ഇബ്റാഹീം (അ)..തന്നെ അറുക്കാനായി മൂര്‍ച്ച കൂട്ടിയ കത്തിയുമേന്തി തന്റെ കഴുത്തിന് നേരെ നീളുന്ന പിതാവിന്റെ കരങ്ങളെ നോക്കി പുഞ്ചിരിക്കുന്ന ഹസ്റത് ഇസ്മാഈല്‍ (അ)…ആരോരുമില്ലാത്ത സൈകതഭൂമിയില്‍ തന്നെയും പിഞ്ചുബാലനെയും വിട്ടേച്ച് പോകുന്ന പ്രിയതമനെ നോക്കി, ഇത് പടച്ചവന്‍ കല്‍പിച്ചതാണോ എന്ന് ചോദിക്കുകയും അതേ എന്ന് പറയുമ്പോള്‍, എന്നാല്‍ അവന്‍ തന്നെ ഞങ്ങളെ നോക്കിക്കോളം എന്ന് പറയുകയും ചെയ്യുന്ന ഹസ്റത് ഹാജറ (റ)…ഇവരെല്ലാം ത്യാഗത്തിന്റെ പ്രോജ്ജ്വല പാഠങ്ങളാണ് മനുഷ്യകുലത്തിന് കൈമാറുന്നത്.അര്‍പ്പണബോധവും ത്യാഗമനസ്കതയും ഉള്ളവരുടെ പിതാക്കളും നേതാക്കളുമായി ഇവരെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതും അതുകൊണ്ടുതന്നെ… നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും കടന്നുപോകുമ്പോഴും ആ നാമങ്ങള്‍ സ്മരിക്കപ്പെടുന്നതും എക്കാലത്തും അവ വീണ്ടും വീണ്ടും ഓര്‍ക്കാന്‍ ഏവരും ആഗ്രഹിക്കുന്നതും മറ്റൊന്നുകൊണ്ടല്ല.പ്രവാചകന്മാരെല്ലാം ദൌത്യനിര്‍വ്വഹണം വിജയകരമായി പൂര്‍ത്തിയാക്കിയതും പലതും ത്യജിച്ചും വേണ്ടെന്നുവെച്ചുമാണ്.  ആറാം നൂറ്റാണ്ടിലെ ബദ്ധവൈരികളുടെ എതിര്‍പ്പുകളെല്ലാം വകഞ്ഞുമാറ്റി വിശുദ്ധ ഇസ്‌ലാം സുസ്ഥാപിതമായതിന് പിന്നിലും ത്യാഗത്തിന്റെ നൂറുനൂറു ചരിതങ്ങള്‍ കാണാനാവും. ജന്മനാടിനെയും സ്വന്തമെന്ന് പറയാവുന്ന സര്‍വ്വസ്വത്തെയും വേണ്ടെന്ന് വെച്ച് മദീനയിലേക്ക് നടത്തിയ പലായനത്തിലും തുടിച്ചുനില്‍ക്കുന്നത് പ്രവാചകരുടെയും അനുയായികളുടെയും ത്യാഗമനസ്കതയാണല്ലോ. യാസിര്‍ (റ) വും സ്വുമയ്യ(റ)യും അമ്മാര്‍ (റ)വും വിശ്വാസത്തിന്റെ പാതയിലെ ത്യാഗത്തിന്റെ മകുടോദാഹരണങ്ങള്‍ തന്നെ.ത്യാഗത്തിലൂടെയല്ലാതെ ഒന്നും നേടിയെടുക്കാനാവില്ലെന്നതാണ് ഈ മഹച്ചരിതങ്ങള്‍ നമ്മെ ബോധിപ്പിക്കുന്നത്. രാഷ്ട്രങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയും തളര്‍ച്ചയുമൊക്കെ നമ്മോട് പറയുന്നതും അതു തന്നെ. നാം ഇന്ന് അനുഭവിക്കുന്ന സ്വഛന്ദതക്കും സ്വാതന്ത്ര്യത്തിനും പിന്നിലും ഒട്ടേറെ മനുഷ്യരുടെ ത്യാഗത്തിന്റെയും ബലിയുടെയും ചൂടും ചൂരുമുണ്ട്.അവയെ ഉള്‍ക്കൊള്ളാനും വേണ്ടവിധം മാനിക്കാനും കൂടിയായിരിക്കട്ടെ ഈ ബലിപെരുന്നാള്‍ നമുക്ക് അവസരമൊരുക്കുന്നത്. ഉറ്റവര്‍ക്കും ഉടയവര്‍ക്കും സഹജീവികള്‍ക്കുമായി ത്യജിക്കാനും ബലി കഴിക്കാനുമുള്ള സന്നദ്ധതയാവട്ടെ ഈ ബലിപെരുന്നാള്‍ നമുക്ക് സമ്മാനിക്കുന്നത്. സര്‍വ്വോപരി ഐഹിക പാരത്രികവിജയത്തിനായി ശരീരേഛയെയും വികാരപരതകളെയും വേണ്ടെന്ന് വെക്കാനും അവയെ അതിജയിക്കാനുമുള്ള ഊര്‍ജ്ജം നേടിയെടുക്കാനായിരിക്കട്ടെ ഈ ബലിദിനത്തിലെ നമ്മുടെ പ്രതിജ്ഞ… അതനുസരിച്ച് ശിഷ്ടജീവിതം ക്രമീകരിക്കാന്‍ സാധിക്കുമ്പോഴാണ് ബലി പെരുന്നാള്‍ സാര്‍ത്ഥകമാകുന്നത്. പ്രതാപമാര്‍ന്ന മുസ്‌ലിം സമൂഹത്തിന്റെ പുനസൃഷ്ടിക്ക് ഈ ബലിപെരുന്നാളും അത് പകര്‍ന്നുനല്‍കുന്ന സന്ദേശവും പ്രചോദകമായിത്തീരട്ടെ.


FOLLOW US ON