നാട്ടില്‍ പാര്‍ക്കാത്ത  അനുരാഗങ്ങള്‍

യു.എ.ഇയുടെ മണലാരണ്യം പരിചയപ്പെടാന്‍ അവസരമൊരുക്കിയത് ഒരു റബീഉല്‍ അവ്വല്‍ മാസത്തിലായിരുന്നുവെന്നത് യാദൃച്ഛികമാവാം. തികച്ചും അപരിചിതമായ ചുറ്റുപാടുകള്‍ തിരിച്ചറിഞ്ഞു തുടങ്ങുന്ന ആദ്യ ആഴ്ച. ഫുജൈറ സുന്നി സെന്ററില്‍ അസ്വര്‍ നിസ്‌കാരാനന്തരം ഗംഭീര മൗലിദ് സംഘടിപ്പിക്കുന്നുണ്ടെന്നറിഞ്ഞ് താമസസ്ഥലമായ ഗുല്‍ഫ സ്ട്രീറ്റില്‍ നിന്നും വഴി ചോദിച്ചറിഞ്ഞ് ഏകാന്തപഥികനായി അവിടെയെത്തി. മൗലിദ് സദസിലും മദ്‌റസാ വിദ്യാര്‍ത്ഥികളുടെ കലാവിരുന്നിലും പങ്കുകൊള്ളുമ്പോള്‍ ഒരുവേള നാട്ടിലെത്തിയ പ്രതീതി. അല്ലെങ്കില്‍ നാടിന്റെ ഒരംശം ഗള്‍ഫിലെത്തിയ പ്രതീതി. മലയാളികള്‍ അവരുടെ നാടിന്റെ ചേരുവകള്‍, ചെന്നു ചേരുന്നിടങ്ങളിലെല്ലാം ആവിഷ്‌കരിക്കാന്‍ ശ്രമിക്കാറുണ്ടെന്നു അനുഭവിച്ചറിയുന്നതിന്റെ ആദ്യാധ്യായമായിരുന്നു ഇത്.
നമ്മടുടെ സംഘബോധം വിദേശ പശ്ചാതലങ്ങളില്‍ സാധ്യമാക്കുന്ന മത-സാംസ്‌കാരിക കൂട്ടായ്മകള്‍ക്ക് പ്രാദേശിക തലങ്ങളിലുള്ളതിനേക്കാള്‍ ആവേശവും ആനന്ദവും ആത്മബന്ധവും ഉളവാക്കാനാവുന്നുണ്ട്. നാട്ടിന്‍പുറങ്ങളിലെ പല പ്രധാന സംഗമങ്ങളും കേവല ചടങ്ങുകളിലേക്ക് ചുവടുമാറുമ്പോഴും പ്രവാസികളുടെ കേവലചടങ്ങുകള്‍ പോലും തിരക്കുപിടിച്ച ജോലികളും ഒഴിഞ്ഞുമാറാന്‍ നിരവധി എക്‌സ്‌ക്യൂസുകളുമുണ്ടായിട്ടും സുപ്രധാന കൂട്ടായ്മകളായി വിജയംകാണുന്നതാണ് പുതിയ അനുഭവം. മറ്റു എമിറേറ്റുകളെ അപേക്ഷിച്ച് താരതമ്യേന വിപുലമായ കെട്ടിടസംവിധാനങ്ങളും നൂറുകണക്കിനാളുകളെ ഉള്‍കൊള്ളാനാവുന്ന വിശാല മുറ്റവുമുള്ള സുന്നി സെന്റര്‍ റമളാനില്‍ നടത്തിവരാറുള്ള മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന തസ്‌കിയത്ത് ക്യാമ്പിലും സമൂഹ നോമ്പുതുറയിലുമായി പങ്കെടുക്കുന്നവരുടെ സാന്നിധ്യം വര്‍ഷംപ്രതി ആയിരത്തോളം പേരുടെ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. പ്രവാചകപ്രേമം അലയടിച്ചുവരുന്ന റബീഉല്‍ അവ്വലിലെ ആഘോഷ പ്രോഗ്രാമുകള്‍ക്ക് ഈ ക്യാമ്പസ് അപര്യാപ്തമാകുന്നതിനാല്‍ തൊട്ടടുത്ത് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ ഓഡിറ്റോറിയമാണ് ഉപയോഗപ്പെടുത്താറ്.
പ്രവാചകാനുരാഗത്തിന്റെ ഊര്‍ജ്ജപ്രവാഹം പ്രദാനം ചെയ്യുന്ന ഇശലുകള്‍ പെയ്തിറങ്ങുന്ന പ്രകീര്‍ത്തന സദസ്സുകള്‍ക്ക് അറബ് നാടുകളും ഒട്ടും പുറകിലല്ല. കേരളത്തിലേതുപോലെ പ്രചണ്ഡമായ പ്രചാരണങ്ങളോടെയല്ലെങ്കിലും ഈണത്തിലും താളത്തിലുമുള്ള പ്രാദേശിക സ്വരഭേദങ്ങളോടെ ഇവിടെയുമുണ്ട് മൗലിദ്-സീറാ പാരായണ സദസ്സുകള്‍. യു.എ.ഇയില്‍ ഔഖാഫ് തയ്യാറാക്കി നല്‍കുന്ന വെള്ളിയാഴ്ച ഖുതുബകളില്‍ റബീഉല്‍ അവ്വല്‍ മാസം പ്രവാചക സ്‌നേഹവും പ്രവാചക പ്രകീര്‍ത്തന മഹത്വവും പ്രവാചക ചര്യയുടെ പ്രസക്തിയുമൊക്കെത്തന്നെയാണ് വിഷയീഭവിക്കാറുള്ളത്. മറ്റു നിസ്‌കാരാനന്തരവേളകളിലും പള്ളി ഇമാമുമാരുടെയോ വിശിഷ്ടാതിഥികളുടെയോ നേതൃത്വത്തില്‍ പള്ളികളില്‍ വെച്ചു തന്നെ തദ്‌വിഷയകമായി പ്രഭാഷണങ്ങളും ചരിത്രപാരായണങ്ങളും നടക്കാറുണ്ട്.
റൂമുകളും പള്ളികളും കമ്പനികളും മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് വ്യത്യസ്ത സംഘടനകളുടെയും കൂട്ടായ്മകളുടെയും രാഷ്ട്രീയ വിംഗുകളുടെയും കീഴില്‍ ചെറുതും വലുതുമായ തോതുകളില്‍ വ്യാപകമായി നബിദിന മീറ്റുകള്‍ സംഘടിപ്പിക്കപ്പെടാറുണ്ട്. വ്യത്യസ്ത മതാനുയായികളുടെയും വിഭിന്ന രാജ്യക്കാരുടെയും ഇടയിലുള്ള പ്രവാചക പുംഗവര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ മഹനീയ ഇടം തിട്ടപ്പെടുത്താനും തെറ്റിദ്ധാരണകള്‍ ദൂരീകരിക്കപ്പെടാനും ഈ സൗഹാര്‍ദ്ദസംഗമങ്ങള്‍ വേദിയാകാറുണ്ട്.
ഞങ്ങളുടെ ഫ്‌ളാറ്റിനോട് ചേര്‍ന്നു കിടക്കുന്ന ജുമാമസ്ജിദില്‍ ഫുജൈറ ഫിഷ്മാര്‍ക്കറ്റ് തൊഴിലാളികളുടെ സംഘാടനത്തില്‍ വര്‍ഷങ്ങളായി നടത്തപ്പെടുന്ന നബിദിന പ്രോഗ്രാം വമ്പിച്ച ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമാകാറുണ്ട്. റബീഉള്‍ അവ്വല്‍ പന്ത്രണ്ടിനു സുബ്ഹ് നിസ്‌കാര ശേഷം പള്ളിയില്‍ നടക്കുന്ന മൗലിദ് സദസ്സ് ഏറെ നേരം നീണ്ടുനില്‍ക്കും. ശേഷം വിഭവസമൃദ്ധമായ ചീരണി വിതരണവും ളുഹ്ര്‍ നിസ്‌കാരാനന്തരം അന്നദാനവും നടക്കും. അതിന്റെ നീണ്ട ക്യൂവില്‍ അച്ചടക്കത്തോടെ അണിനിരക്കുന്ന ധനാഢ്യരായ അറബ് സഹോദരങ്ങളും ദരിദ്രരായ ബംഗാളി സഹോദരങ്ങളും അങ്ങനെ വിവിധ തട്ടിലും തുറയിലുമുള്ളവര്‍ ഹുബ്ബുന്നബിയിലൂടെ അനുഗ്രഹം കാംക്ഷിക്കുന്ന വിശ്വാസി മനസ്സിന്റെ ഏകഭാവം വിളിച്ചോതുന്നവരാണ്.
പല അറബ് വീടുകളിലും പ്രത്യേക പള്ളികളിലും അറബി സഹോദരങ്ങളുടെ നേതൃത്വത്തില്‍ തവസ്സുല്‍-ഇസ്തിഗാസകളാല്‍ ധന്യമായ മൗലിദ് സദസ്സുകള്‍ നടക്കാറുണ്ട്. പങ്കെടുക്കാന്‍ സാഹചര്യം ഒത്തിട്ടില്ലെങ്കിലും പങ്കെടുത്തവരുടെ വിവരണങ്ങളും മൊബൈലുകളില്‍ പകര്‍ത്തിയ ദൃശ്യങ്ങളും കാണാനായിട്ടുണ്ട്. ശൈഖ് ഖസ്‌റജിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് ഈമാനികാവേശം കൊണ്ട ഒരു പണ്ഡിതസുഹൃത്ത് രണ്ടു വാക്ക് സംസാരിച്ച് ബര്‍ക്കത്തെടുക്കാന്‍ അവസരം തേടിയതും വെളിയങ്കോടു ഉമര്‍ ഖാളിയുടെ പ്രവാചക പ്രകീര്‍ത്തനകാവ്യവും പശ്ചാത്തലവും വിശദമാക്കി പ്രസംഗിച്ചപ്പോള്‍ ശൈഖ് ഖസ്‌റജി അടക്കമുള്ളവരുടെ പ്രശംസക്കും അനുമോദനങ്ങള്‍ക്കും വിധേയനായതും അദ്ദേഹം ഈ വിനീതനോട് അനുസ്മരിച്ചതു ഓര്‍ത്തുപോകുന്നു. റബീഉല്‍ അവ്വല്‍ മാസം മദീനത്തുന്നബവിയില്‍ അനുഭവപ്പെടുന്ന സന്ദര്‍ശകബാഹുല്യം സ്മരണീയമാണ്. കഴിഞ്ഞ വര്‍ഷം റബീഉല്‍ അവ്വലില്‍ ഒരു വെള്ളിയാഴ്ച രാവില്‍ മസ്ജിദുന്നബവിയിലിരിക്കുമ്പോഴാണ് മദീനയിലെ മറ്റൊരു പള്ളിയില്‍ സ്വദേശികള്‍ നടത്തുന്ന മൗലിദ് പാരായണ സദസ്സ് സന്ദര്‍ശിക്കാന്‍ കൂട്ടുകാര്‍ ക്ഷണിച്ചത്. റൗള വിട്ടുപോകാന്‍ ആ സമയം മനസ്സ് അനുവദിക്കാത്തതിനാല്‍ അവര്‍ പകര്‍ത്തിയ വീഡിയോദൃശ്യങ്ങള്‍ കണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നു മദീനാ നിവാസികളോട് പറയരുത്. അവര്‍ക്ക് ഈ അനിതര സാധാരണ മുല്ലയുടെ പരിമളം അന്നും ഇന്നും എന്നും നവോല്‍ക്കര്‍ഷവും പുതുപുത്തന്‍ ചൈതന്യവും പകരുന്നതായി ആ ക്ലിപ്പുകള്‍ സാക്ഷ്യപ്പെടുത്തി. ഹൃദയതാളം തുടിക്കുന്ന ത്വാലഅല്‍ബദ്‌റുവിന്റെ അനന്തമായ തുടര്‍ ഭാഗങ്ങള്‍ പ്രപിതാക്കള്‍ പകര്‍ന്നു നല്‍കിയ ചടുലതയില്‍ ആനന്ദാശ്രു പൊഴിച്ച് ആലാപനം ചെയ്യുമ്പോള്‍ ആ പൂര്‍ണേന്ദുവിന്റെ പ്രഭ യുഗാന്തരങ്ങളായി നെഞ്ചകങ്ങളില്‍ നിന്നു നെഞ്ചകങ്ങളിലേക്ക് ചൊരിയുന്ന തീക്ഷ്ണത അത്ഭുതകരമാണ്.
ഉറ്റവരെയും ഉടയവരെയും ജന്മനാട്ടിലുപേക്ഷിച്ച് വിദേശങ്ങളിലേക്ക് ചേക്കേറുന്ന മനസ്സുകളിലേക്ക് ജീവിതപ്രതിസന്ധികളുടെ പോംവഴിയായും പൊള്ളുന്ന പ്രയാസങ്ങളില്‍ കുളിര്‍ പകര്‍ന്നും മൗലിദ് സംഗമങ്ങളും സ്വലാത്ത് മജ്‌ലിസുകളും നിറഞ്ഞുനില്‍ക്കുന്നു. റൂമുകളില്‍ നീണ്ട രാവുകള്‍ നിലനില്‍ക്കുന്ന സദസ്സുകളില്‍ സംബന്ധിക്കുന്നവരുടെ ആധിക്യവും മറ്റു മതാനുയായികളില്‍ നിന്നു ലഭിക്കുന്ന സഹകരണവും സ്വീകാര്യതയും ഇവയെ മഹാസംഭവങ്ങളാക്കി മാറ്റുന്നു. ഇസ്‌ലാമിക സംഘടനകളുടെ സൈറ്റുകളും ബ്ലോഗുകളും ഓണ്‍ലൈന്‍ ക്ലാസ് റൂമുകളും മെയ്ല്‍ ഗ്രൂപ്പുകളും മീലാദാഘോഷത്തിനു അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന സ്വാധീനം പ്രകടമാക്കുന്നതോടൊപ്പം ഈ രംഗത്തെ പുതിയ സമീപനങ്ങളുടെ സാക്ഷ്യം കൂടിയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter