ജീവന്റെ വില
ജുന്‍ദുബുബ്‌നു അബ്ദില്ലാ(റ) യില്‍ നിന്ന്: തിരുനബി(സ) പറഞ്ഞു: ''നിങ്ങള്‍ക്ക് മുമ്പുള്ള  സമൂഹത്തില്‍ ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന്(കൈക്ക്) മുറിവ് പറ്റി. അദ്ദേഹം (വേദന കൊണ്ട്) അസ്വസ്ഥനായി. അയാള്‍ കത്തിയെടുത്ത് കൈ മുറിച്ചു. രക്തം നില്‍ക്കാതെ ഒഴുകി. അതുകാരണം അയാള്‍ മരണമടഞ്ഞു. അപ്പോള്‍ അല്ലാഹു പറഞ്ഞു: എന്റെ അടിമ സ്വന്തം ശരീരം വഴി  എന്നെക്കാള്‍ മുന്‍കടന്നു. അതിനാല്‍ അവന്ന് ഞാന്‍ സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി)
അസഹ്യമായ വേദനയില്‍ പൊറുതികെട്ട് ആത്മഹത്യ ചെയ്ത ഒരാളെ കുറിച്ചാണ് ഹദീസ്.  ആത്മഹത്യ മഹാപാതകമാണ്. സ്വര്‍ഗനിഷേധത്തിന് അതു കാരണമാകുന്നു. മനുഷ്യന്റെ ജീവന്‍, സമ്പത്ത്, അഭിമാനം ഇവയെല്ലാം പവിത്രമാണ്. അവ ഹനിച്ചുകളയല്‍ വന്‍പാപങ്ങളില്‍ ഒന്നാണ്. ഇസ്‌ലാമിക ദൃഷ്ട്യാവധശിക്ഷയ്ക്ക് അര്‍ഹനായ വ്യക്തിയെ മാത്രമേ കൊലപ്പെടുത്താവൂ എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം ആത്മാവിനെ ഹനിച്ചുകളയുന്നതും കൊലപാതകം തന്നെ. ''നിങ്ങള്‍ സ്വന്തം ശരീരത്തെ  കൊന്നുകളയരുത്'' എന്നാണ് ഖുര്‍ആന്‍ പറയുന്നത്.
ജീവന്‍ അല്ലാഹു നല്‍കുന്ന അപാരമായ അനുഗ്രഹമാണ്. യാഥാര്‍ത്ഥ്യം എന്താണെന്ന് അനാവരണംചെയ്യപ്പെട്ടിട്ടില്ലാത്ത അതിസൂക്ഷ്മമായ ഒരു സമസ്യയാണത്. സ്രഷ്ടാവായ അല്ലാഹുവിന്ന് മാത്രമേ അത് നല്‍കാന്‍ കഴിയുള്ളൂ. ജീവനെ സൃഷ്ടിച്ചുനല്‍കുന്നതിലും ഒരു ശരീരത്തില്‍ അതിനെ പിടിച്ചുനിര്‍ത്തുന്നതിലും മനുഷ്യകഴിവ്  ആധുനികയുഗത്തിലും തികഞ്ഞ പരാജയത്തില്‍ തന്നെ. ലോകം മുഴുവനും പ്രതിഫലമായി നല്‍കിയാലും ഒരു ജീവന്റെ വിലയാകുകയില്ല. അത്രമാത്രം അമൂല്യമായ വസ്തുവാണ് ജീവന്‍. അതിനെ അപകടപ്പെടുത്തുന്ന ഒന്നും മനുഷ്യന്‍ ചെയ്തു കൂടാ. സ്വന്തം ജീവനെയാണെങ്കില്‍ പോലും നശിപ്പിക്കാന്‍ മനുഷ്യന്ന് അവകാശമില്ല. അല്ലാഹു നല്‍കിയത് അവന്‍ ഉദ്ദേശിക്കുമ്പോള്‍ തിരിച്ചെടുക്കുന്നു. അതാണ് അല്ലാഹുവിന്റെ നിയോഗം. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നത് കുറ്റകരവും അല്ലാഹുവിന്റെ കോപത്തിന് വിധേയമാക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് തിരുവാക്യത്തില്‍ പരാമര്‍ശിച്ച വ്യക്തിക്ക് അലാഹു സ്വര്‍ഗം നിഷേധിച്ചത്.
Also Read:മുഖസ്തുതി പാടില്ല

സാമ്പത്തിക പ്രതിസന്ധി, മാനഹാനി സംഭവിക്കല്‍, കടക്കെണിയില്‍ അകപ്പെടല്‍, ഉദ്ദേശിച്ച മോഹങ്ങള്‍ സഫലമാകാതിരിക്കല്‍, മാരകമായ രോഗം തുടങ്ങി വിവിധ കാരണങ്ങളാല്‍ ചിലര്‍ ആത്മഹത്യ ചെയ്യാറുണ്ട്. അല്ലാഹുവിലും അവന്റെ നിര്‍ണയത്തിലും വിശ്വാസമില്ലാത്ത അല്‍പജ്ഞന്മാരാണ് അങ്ങനെ ചെയ്യുന്നത്. മനുഷ്യന്റെ ഐഹിക ജീവിതം സുഖദുഃഖങ്ങളുടെ നിമ്‌നോന്നതികള്‍ നിറഞ്ഞ പാതയിലൂടെയാണ് മുന്നോട്ടുനീങ്ങുന്നത് എന്ന തിരിച്ചറിവില്ലാത്തവരാണവര്‍. സുഖത്തിലും സന്തോഷത്തിലും മാത്രമായി അവര്‍ ജീവിതത്തെ  കാണുന്നു.  സഹനവും സംയമനവും അവര്‍ അന്യമായി കരുതുന്നു. അതിനാല്‍, പ്രയാസങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യാന്‍ കഴിയാതെ അവര്‍ ജീവിതത്തില്‍ നിന്ന് ഒളിച്ചോട്ടം നടത്തുന്നു. അവസാനം അമൂല്യമായ സ്വന്തം ജീവനെ അപകടപ്പെടുത്തുന്നതില്‍ അവര്‍ സായൂജ്യം കണ്ടെത്തുന്നു. ഈ നിലപാട് അല്ലാഹു പൊരുത്തപ്പെടുന്നതല്ല എന്നാണ് തിരുവാക്യം ഉണര്‍ത്തുന്നത്.
എന്തെങ്കിലും പ്രതിസന്ധിയില്‍ അകപ്പെട്ട കാരണത്താല്‍ 'മരിച്ചു പോയിരുന്നെങ്കില്‍ നന്നായിരുന്നു' വെന്ന് ആഗ്രഹിക്കുന്നത് പോലും അരുതെന്നാണ് നബി തിരുമേനി(സ) പഠിപ്പിക്കുന്നത്. ''നിങ്ങളിലൊരാളും തനിക്ക് വന്നുപെട്ട വിപത്തിന്റെ പേരില്‍ മരിക്കാന്‍ ആഗ്രഹിക്കരുത്. കൂടാതെകഴിയില്ലെങ്കില്‍ അവന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കട്ടെ: ''അല്ലാഹുവെ! ജീവിതം എനിക്ക് ഗുണമാകുന്നേടത്തോളം കാലം എന്നെ നീ ജീവിപ്പിക്കേണമേ! മരണം ഗുണകരമാകുമ്പോള്‍ എന്നെ നീ മരിപ്പിക്കേണമേ!'' (ബുഖാരി-മുസ്‌ലിം)

നബി(സ)യോടൊപ്പം ഒരിക്കല്‍  യുദ്ധത്തിന് പുറപ്പെട്ട മുസ്‌ലിം സൈനികരില്‍ 'ഖുസ്മാന്‍' എന്ന  വ്യക്തിയുണ്ടായിരുന്നു. അയാള്‍ മുസ്‌ലിംകളിലെ ധനികനും തന്റെ കുടുംബത്തിലെ പ്രധാനിയുമാണ്. അയാളെ സംബന്ധിച്ച് നബിതിരുമേനി(സ) പറഞ്ഞു: ''നരകാവകാശികളില്‍ പെട്ട ഒരാളെ കാണണമെങ്കില്‍ അയാളെ നോക്കുക.'' നബി(സ)യുടെ ഈ പരാമര്‍ശം ശ്രവിച്ച അക്തമുബ്‌നുല്‍ജൗന്‍' എന്ന സ്വഹാബി യുദ്ധസമയത്ത് ഖുസ്മാനിനെ നിരീക്ഷിച്ചുകൊണ്ടിരുന്നു. മുശ്‌രിക്കുകള്‍ക്കെതിരെ അയാള്‍ ശക്തിയായി പോരാടുകയായിരുന്നു. പെട്ടെന്ന് ഒരു ശത്രുവില്‍ നിന്ന് അയാള്‍ക്ക് മുറിവേറ്റു. കഠിനമായ വേദന സഹിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. ക്ഷമകെട്ട അയാള്‍ തന്റെ വാളിന്റെ മുന നെഞ്ചില്‍ കുത്തിയിറക്കി. രണ്ടു ചുമലുകള്‍ക്കിടയില്‍ വാളിന്റെ തല പുറത്തേക്ക് വന്നു. അയാള്‍ മരിച്ചുവീണു. സംഭവം നേരില്‍കണ്ട അക്തം(റ) നബി(സ)യെ സമീപിച്ചു പറഞ്ഞു: ''താങ്കള്‍ അല്ലാഹുവിന്റെ ദൂതരാണെന്ന് ഞാനിതാ സാക്ഷ്യപ്പെടുത്തുന്നു.'' നബി(സ) കാര്യമന്വേഷിച്ചു. അക്തം(റ) ഖുസ്മാന്‍ ചെയ്ത കാര്യം  വിശദമായി നബി(സ)യുടെ മുമ്പില്‍ അവതരിപ്പിച്ചു. ഈ സംഭവം ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആത്മഹത്യ നിഷിദ്ധമാണ്. സ്വബോധത്തോടെ ആ കൃത്യം ചെയ്ത് ജീവനൊടുക്കുന്ന വ്യക്തിക്ക് സ്വര്‍ഗപ്രവേശം ലഭിക്കുകയില്ലെന്ന് ഈ സംഭവവും തെളിയിക്കുന്നു. ഖുസ്മാന്‍ സ്വയം ജീവഹാനി വരുത്തുന്ന ആളാണെന്ന് നബി(സ) മുഅ്ജിസത്ത് മുഖേന മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് നമുക്ക് ഇതില്‍നിന്ന് മനസ്സിലാക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter