മുഖസ്തുതി പാടില്ല
ഒരാള്‍ ഉസ്മാന്‍(റ)ന്റെ സന്നിധിയില്‍ വന്ന് അദ്ദേഹത്തെ പുകഴ്ത്തിപ്പറയാന്‍ തുടങ്ങി. അതു കേട്ട മിഖ്ദാദുബ്‌നുല്‍ അസ്‌വദ്(റ)എന്ന സ്വഹാബി മണ്ണ് വാരി അയാളുടെ മുഖത്തേക്ക് എറിഞ്ഞു പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതര്‍(സ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സ്തുതിപാഠകരെ കണ്ടാല്‍ അവരുടെ മുഖത്തേക്ക് നിങ്ങള്‍ മണ്ണ് വാരിയിടുക.''(അബൂദാവൂദ്, മുസ്‌ലിം, തുര്‍മുദി)
ഖലീഫ ഉസ്മാന്‍(റ)നെ അമിത പ്രശംസ നടത്തിയതാണ് സംഭവം. ഭരണാധികാരികളെയും സംഘടനാ നേതാക്കളെയും അവരുടെ സന്നിധിയില്‍ അമിതമായി പ്രശംസിച്ചും മഹത്വങ്ങള്‍ എടുത്ത് പറഞ്ഞും ഇല്ലാത്ത വിശേഷണങ്ങള്‍ വെച്ചുകെട്ടിയും സംസാരിക്കുന്ന ചിലയാളുകളുണ്ട്. ബന്ധപ്പെട്ടവരുടെ പ്രീതിസമ്പാദിക്കാനും സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനും മറ്റു സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടിയുമാണ് അങ്ങനെ ചെയ്യുന്നത്. അത്തരം സ്തുതിപാഠകര്‍ വളരെ തരംതാഴ്ന്ന ഏര്‍പ്പാടാണ് ചെയ്യുന്നതെന്ന് തിരുവാക്യം സൂചിപ്പിക്കുന്നു. അവരുടെ മുഖത്തേക്ക് മണ്ണ് വാരിയിടാന്‍ നബി(സ) പറഞ്ഞതിന്റെ പൊരുളതാണ്. അധികാരസ്ഥരായ ഭരണകര്‍ത്താക്കളെയും ഉന്നതപദവിയിലുള്ള രാഷ്ട്രീയ നേതാക്കളെയും സമ്പന്നന്മാരെയും വേദിയിലിരുത്തി മുഖസ്തുതി പാടി അവരെ 'മൂച്ചിന്മേല്‍' കയറ്റുന്ന പ്രവണത സാര്‍വത്രികമായി കണ്ടുവരുന്നു. അങ്ങനെ'യാക്കി'വെച്ചാല്‍ ഞാനിപ്പോള്‍ ഉയരുന്നുണ്ട് എന്ന തോന്നല്‍  'തന്നെ പൊക്കി'കളായ പല ആളുകള്‍ക്കുമുണ്ട്താനും. സ്വന്തത്തെ കുറിച്ചുള്ള 'വലുതാക്കി പറയല്‍' പലര്‍ക്കും പാല്‍പായസമാണ്. അത് മറ്റൊരാളില്‍നിന്നാകുമ്പോള്‍ പ്രത്യേകിച്ചും അത്തരക്കാര്‍ സായൂജ്യമടയുകയും ചെയ്യും. അറിവും അന്തസ്സുമുണ്ടെന്ന് വിചാരിക്കപ്പെടുന്ന പല ഉന്നതന്മാരും 'തന്‍പോരിമ'യില്‍ ഊറ്റം കൊള്ളുന്നവരാണ്. തിരിച്ചറിവില്ലാത്ത അറിവ് പ്രയോജനപ്രദമല്ല എന്നതിന്റെ ഒരു തെളിവാണിത്.
Also Read:കര്‍മങ്ങള്‍ നിഷ്ഫലമാക്കരുത്

മുഖസ്തുതി പറയപ്പെടുന്ന വ്യക്തി അത്തരക്കാരനാകുമ്പോള്‍ അവന്ന് അകപ്പെരുമ അനുഭവപ്പെടുകയും അഹംഭാവിയായി  മാറുകയും ചെയ്യുന്നു. ഞാന്‍ 'വലിയവന്‍' തന്നെയാണ് എന്ന തോന്നല്‍ വ്യക്തിയെ ദുഷിപ്പിക്കുകയേ ചെയ്യൂ! വിനയവും എളിമയുമാണ് ജീവിതത്തില്‍ മനുഷ്യന്‍ വെച്ചുപുലര്‍ത്തേണ്ടത്. അതിനു പകരം വ്യക്തിയെ അഹംഭാവിയും പൊങ്ങച്ചക്കാരനുമാക്കാന്‍ മുഖസ്തുതി കാരണമാകുന്നു. അതു കൊണ്ടാണ് ഒരാളുടെ മുഖത്ത് നോക്കി അയാളെ പ്രശംസിക്കുന്നതിനെ വിലക്കുന്നത്. നമ്മുടെ സമ്മേളനങ്ങളിലെയും പൊതുപരിപാടികളിലെയും മുഖ്യ ഇനമായ സ്വാഗതപ്രസംഗം പലപ്പോഴും വ്യക്തികളെ സ്റ്റേജിലിരുത്തി മുഖസ്തുതി പറയുന്ന നിലയില്‍ നിലവാരം കുറഞ്ഞുപോകാറുണ്ട്. അതിഥികളെ സദസ്യര്‍ക്ക് പരിചയപ്പെടുത്തുക, അവരെ യോഗത്തിലേക്ക് സ്വാഗതം ചെയ്യുക, സമ്മേളനോദ്ദേശ്യം വ്യക്തമാക്കുക-ഇതൊക്കെയാണ് സ്വാഗതപ്രസംഗത്തിന്റെ ആവശ്യകത. ഈ സീമകളെല്ലാം മറികടന്ന് ജനങ്ങള്‍ക്ക് സുപരിചിതമായ വ്യക്തിത്വങ്ങളെ പോലും അമിതമായി പ്രകീര്‍ത്തിക്കാനും പ്രശംസിക്കാനും വിലപ്പെട്ട സമയം ഉപയോഗപ്പെടുത്തി ശ്രോതാക്കളെ കയറില്ലാതെ കെട്ടിയിടുന്ന സ്വാഗതപ്രസംഗകരുടെ മുഖത്തേക്ക് മണ്ണ് വാരിയിടുക തന്നെയാണ് വേണ്ടത്. മുഖസ്തുതി പറയുന്നതില്‍ അഹങ്കാരമോ ആത്മനിര്‍വൃതിയോ തോന്നാത്ത ധാരാളം നേതാക്കളുണ്ട്. അത്തരക്കാരെക്കുറിച്ച് അമിതമല്ലാത്ത പ്രശംസ നടത്തുന്നത് കുറ്റകരമാകുന്നില്ല. മറ്റുള്ളവര്‍ക്ക് വ്യക്തിയെ മനസ്സിലാക്കാനും നന്മയില്‍ അവരെ പിന്തുടരാനും അത് ഉപകരിക്കും. മാത്രമല്ല, അങ്ങനെയുള്ള വ്യക്തിത്വങ്ങള്‍ക്ക് അവരെ കുറിച്ചുള്ള പ്രശംസകള്‍ വിനയം വര്‍ധിപ്പിക്കുകയേയുള്ളൂ. അതൊരിക്കലും അവരെ അഹംഭാവികളാക്കയില്ല.

ബനൂആമിര്‍ ഗോത്രക്കാരു ടെ ഒരു നിവേദകസംഘം ഒരിക്കല്‍ നബി(സ)യുടെ അടുത്തു വന്നു. സംസാരത്തിനിടയില്‍ നബി(സ)യോട് പറഞ്ഞു: ''താങ്കള്‍ ഞങ്ങളുടെ സയ്യിദാണ്.'' നബി(സ) പ്രതികരിച്ചു: ''സയ്യിദ് അല്ലാഹുവാണ്.'' വീണ്ടും അവര്‍ പറഞ്ഞു: ''താങ്കള്‍ ഞങ്ങളിലെ ശ്രേഷ്ഠനാണ്. ഞങ്ങളിലെ വലിയ ഉദാരനുമാണ്.'' നബി(സ)  പറഞ്ഞു: ''നിങ്ങള്‍ എന്നെ കുറിച്ച് ഇതൊക്കെ പറഞ്ഞു കൊള്ളൂ. പക്ഷേ, പിശാച് നിങ്ങളെ നയിക്കാതിരിക്കട്ടെ.''(അബൂദാവൂദ്, അഹ്മദ്) സയ്യിദ് അല്ലാഹുവാണ് എന്ന് നബിതിരുമേനി(സ) പറഞ്ഞതിന്റെ താല്‍പര്യം അല്ലാഹുവിന്റെയും മീതെ നില്‍ക്കുന്ന സയ്യിദായി എന്നെ നിങ്ങള്‍ കണക്കാക്കരുത് എന്നാണ്. കാരണം നബി(സ) തന്നെ സ്വന്തത്തെ കുറിച്ച് ''ഞാന്‍ ആദം സന്തതികളുടെ സയ്യിദ് (നേതാവ്) ആകുന്നു'' എന്ന് പറഞ്ഞ ഹദീസുകളുണ്ട്.
നബി(സ) അങ്ങനെ പറഞ്ഞിരുന്നില്ലെങ്കില്‍ നമുക്കത് അറിയാന്‍ മാര്‍ഗമില്ലായിരുന്നു. അത് പോലെ അറിയേണ്ട കാര്യങ്ങള്‍ പലതും തന്നെക്കുറിച്ച് നബി(സ) പറഞ്ഞു തന്നിട്ടുണ്ട്. അധികാരസ്ഥാനങ്ങളിലും നേതൃതലങ്ങളിലും സ്തുതികീര്‍ത്തനങ്ങള്‍ മാത്രം ശ്രവിച്ച് മുന്നോട്ടുപോകുന്ന പലരും അവസാനം നാശഗര്‍ത്തത്തില്‍ അകപ്പെട്ടുപോകാറുണ്ട്. സ്തുതിപാഠകര്‍ പറയുന്നതു പോലെ തന്നെയാണ് കാര്യങ്ങള്‍ എന്ന് അവര്‍ ധരിച്ചുവക്കുന്നു. എതിരഭിപ്രായങ്ങളോ പോരായ്മകളോ അത്തരക്കാര്‍ കേള്‍ക്കാറില്ല. കേട്ടാല്‍ തന്നെ അത് മുഖവിലക്കെടുക്കുകയുമില്ല. അവസാനം അവര്‍ മുതുകൊടിഞ്ഞവരായി പിന്‍വലിയേണ്ടി വരുന്നു. ഒരാളെ കുറിച്ച് മറ്റൊരാള്‍ അമിതമായി പ്രശംസിക്കുന്നത് നബി(സ) കേട്ടു. നബി(സ) പറഞ്ഞു: ''നിങ്ങള്‍ ആ മനുഷ്യന്റെ (പ്രശംസിക്കപ്പെട്ടവന്റെ) മുതുക് ഒടിച്ചുകളഞ്ഞിരിക്കുന്നു.'' (ബുഖാരി-മുസ്‌ലിം) സ്തുതിപാഠകര്‍ പുകഴ്ത്തുന്ന വ്യക്തിയെ നശിപ്പിച്ചുകളയുകയാണ് ചെയ്യുന്നതെന്ന് ഈ തിരുവാക്യം വ്യക്തമാക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter