ഖുര്‍ആനും വിശ്വാസകാര്യങ്ങളും

പ്രപഞ്ചനാഥനില്‍ വിശ്വസിക്കുന്നതോടൊപ്പം അവന്റെ മലക്കുകളിലും അവന്റെ എല്ലാ വേദങ്ങളിലും മുഴുവന്‍ പ്രവാചകന്മാരിലും പുനരുത്ഥാനദിനത്തിലും അവന്റെ വിധി(ഖദ്ര്‍)യിലും വിശ്വസിക്കുവാന്‍ ഖുര്‍ആന്‍ കല്‍പിക്കുന്നു. മലക്കുകള്‍ നമ്മുടെ ഭൗതിക ദൃഷ്ടികള്‍ക്ക് ഗോചരമല്ലെന്ന കാരണത്താല്‍ അവരെ നിഷേധിച്ചുകൂടാ. അവര്‍ ഒരു അദൃശ്യ സമൂഹമാണ്. നമ്മുടെ ബാഹ്യദൃഷ്ടിക്ക് ഗോചരമാവാത്ത പല സൃഷ്ടികളുമുണ്ടല്ലോ. നമ്മുടെ ദേഹത്തില്‍ ആക്രമണം നടത്തുന്ന അനേകം രോഗാണുക്കളുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ തെളിയിച്ചിരിക്കുന്നു. സൂക്ഷ്മദര്‍ശിനിയന്ത്രം കണ്ടുപിടിക്കുന്നതിന് മുമ്പ് അത്തരം അണുക്കളെക്കുറിച്ച് നാം അറിഞ്ഞിരുന്നുവോ! എന്തിനധികം, നമ്മുടെ ശരീരത്തില്‍ സ്ഥിതി ചെയ്യുന്ന ആത്മാവിനെക്കുറിച്ച് നമുക്കെന്തറിയാം. അതിനാല്‍ നാം കാണാത്തതൊന്നും ഇല്ലെന്ന് വിശ്വസിക്കല്‍ മൗഢ്യമാണ്. ‘നിങ്ങള്‍ അറിയാത്ത വസ്തുക്കളെയും അവന്‍ സൃഷ്ടിക്കുന്നുണ്ട്’ (16:8) എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.

മലക്കുകളെക്കുറിച്ച് ഒട്ടേറെ ഖുര്‍ആനിക സൂക്തങ്ങളില്‍ പരാമര്‍ശങ്ങളുള്ളതായി കാണാം. മനുഷ്യന്റെ പ്രകൃതിയിലും സാഹചര്യങ്ങളിലും നിന്ന് തീര്‍ത്തും വ്യത്യസ്തരും ഭിന്നരുമാണ് അവരെന്ന് ആ സൂക്തങ്ങള്‍ സ്പഷ്ടീകരിക്കുന്നുണ്ട്. നബിയുടെ പ്രവാചകത്വത്തെ നിഷേധിച്ചുകൊണ്ട് ചിലപ്പോള്‍ മുശ്‌രിക്കുകള്‍ ഇങ്ങനെ ചോദിച്ചിരുന്നു: ‘അല്ലാഹു തന്റെ ദൂതനെ അയക്കുകയാണെങ്കില്‍ മലക്കിനെ എന്തുകൊണ്ട് അയക്കുന്നില്ല?’ ‘ശാന്തരായി നടക്കുന്ന മലക്കുകളാണ് ഭൂമിയിലുണ്ടായിരുന്നതെങ്കില്‍ നാം അവരിലേക്ക് റസൂല്‍ ആയി മലക്കിനെ നിയോഗിക്കുമായിരുന്നു എന്ന് താങ്കള്‍ സത്യനിഷേധികളോട് പ്രസ്താവിക്കുക’ എന്ന് മേല്‍ജല്‍പനത്തിന് മറുപടിയായി ഖുര്‍ആന്‍ (ഇസ്‌റാഅ് 95) വ്യക്തമാക്കുന്നുണ്ട്. അല്‍അമ്പിയാഅ് 26,27, അത്തഹ്‌രീം 6, ഫാഥിര്‍ 1, അല്‍ഇന്‍ഫിഥാര്‍ 10-12, ഫുസ്സ്വിലത്ത് 30 തുടങ്ങി ഒട്ടേറെ സൂക്തങ്ങള്‍, മലക്കുകളുടെ സവിശേഷതകളും ചുമതലകളും മനസ്സിലാക്കിത്തരുന്നു. അത്തരം ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ മലക്കുകളെക്കുറിച്ച് സര്‍വശക്തന്‍ പഠിപ്പിച്ചുതന്നതുതന്നെയാണ് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ആ അദൃശ്യസമൂഹത്തെക്കുറിച്ച രൂഢമൂലമായിരിക്കേണ്ട വിശ്വാസത്തിന്റെ നിദാനം.
മനുഷ്യകുലത്തിന്റെ മാര്‍ഗദര്‍ശനത്തിനായി പ്രവാചകന്മാര്‍ മുഖേന അല്ലാഹു നല്‍കിയ സന്ദേശങ്ങള്‍ ക്രോഡീകരിച്ചിട്ടുള്ള ഗ്രന്ഥങ്ങള്‍ക്കാണ് വേദങ്ങള്‍ എന്ന് പറയുന്നത്. അത്തരം എല്ലാ വേദങ്ങളും സത്യമാണെന്ന് നാം വിശ്വസിക്കണം. എന്നാല്‍ ഖുര്‍ആന്‍ ഒഴിച്ച് അല്ലാഹു അവതരിപ്പിച്ച മറ്റു വേദങ്ങളൊന്നുംതന്നെ അവയുടെ സാക്ഷാല്‍ രൂപത്തില്‍ ഇപ്പോള്‍ നിലവിലില്ല. അതിനാല്‍ വേദക്കാരുടെ പക്കലുള്ളതും അവര്‍ വേദഗ്രന്ഥമായി ഗണിച്ചുവരുന്നതുമായ ഗ്രന്ഥങ്ങള്‍ ദൈവിക ഗ്രന്ഥങ്ങളാണെന്നോ അവ മുഴുവനും സത്യമാണെന്നോ നമുക്ക് വിശ്വസിക്കാന്‍ പാടില്ല. അല്ലാഹു നിയോഗിച്ച പ്രവാചകന്മാരെല്ലാം ബുദ്ധിമാന്മാരും സത്യസന്ധരും വിശ്വസ്തരുമാണ്. അവരോട് ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ കല്‍പിക്കപ്പെട്ടതെല്ലാം അവരെത്തിച്ചുകൊടുത്തിരിക്കുന്നു. അല്ലാഹു അനേകം പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. മനുഷ്യാരംഭം മുതല്‍ക്കുതന്നെ പ്രവാചക നിയോഗവും ഉണ്ടായിരുന്നു. ആദ്യമനുഷ്യന്‍ ആദം(അ) തന്നെയായിരുന്നു ഒന്നാമത്തെ പ്രവാചകന്‍. അതുമുതലുള്ള എല്ലാ പ്രവാചകന്മാരിലും നാം വിശ്വസിക്കണം. പ്രവാചകശൃംഖലയുടെ അവസാന കണ്ണി മുഹമ്മദ് നബിയാകുന്നു.
മുഹമ്മദ് നബിയും മറ്റു പ്രവാചകന്മാരും തമ്മില്‍ മഹത്ത്വത്തിലും ശ്രേഷ്ഠതയിലുമൊക്കെ വളരെ വലിയ വ്യത്യാസങ്ങളുണ്ട്. മുന്‍പ്രവാചകന്മാരുടെ ദൗത്യമെല്ലാം ചില കാലം കൊണ്ടും ദേശം കൊണ്ടും പരിമിതമായിരുന്നു. അന്ത്യപ്രവാചകരുടേതാകട്ടെ എല്ലാ കാലത്തേക്കും ദേശത്തേക്കും ഒരേപോലെ ബാധകമായതത്രേ. പൗരാണിക യുഗത്തില്‍ ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ അധിവസിച്ചിരുന്ന ജനതയില്‍ ബുദ്ധിപരമായ വളര്‍ച്ചയോ പരസ്പര സമ്പര്‍ക്കമോ കൈവന്നിരുന്നില്ല. എന്നാല്‍ ജനങ്ങള്‍ ബുദ്ധിപരമായി വളരുകയും വിവിധ നാടുകള്‍ തമ്മില്‍ ഗതാഗത സൗകര്യം വികസിക്കുകയും ചെയ്തപ്പോള്‍ എല്ലാ ജനതക്കുമായി എല്ലാ കാലത്തേക്കും അനുയോജ്യമായ നിയമസംഹിതയോടു കൂടി മുഹമ്മദ് നബിയെ അല്ലാഹു നിയോഗിച്ചു (34:28). നബി ÷ ക്കു ശേഷം അല്ലാഹു ആര്‍ക്കും പ്രവാചകത്വം നല്‍കുന്നതല്ല. അതിന്റെ ആവശ്യവുമില്ല. ‘(മുഹമ്മദ് നബി) അല്ലാഹുവിന്റെ തിരുദൂതരും അന്ത്യപ്രവാചകരുമാണ്’ (33:40). നബി അവസാനത്തെ നബിയാണ് എന്ന് പറഞ്ഞതിന്റെ അര്‍ഥം നബിക്കു ശേഷം അല്ലാഹു ആര്‍ക്കും പ്രവാചകത്വം നല്‍കുകയില്ല എന്നാണ്. ഇതേ അര്‍ഥത്തില്‍ തന്നെയാണ് ‘എന്റെ ശേഷം നബിയില്ല’ (ബുഖാരി, മുസ്‌ലിം) എന്ന് അവിടന്ന് പ്രസ്താവിച്ചിട്ടുള്ളതും. നബി ÷ അന്ത്യപ്രവാചകനാണെന്ന് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടും നബിവചനങ്ങള്‍ കൊണ്ടും മുസ്‌ലിം പണ്ഡിതന്മാരുടെ ഏകകണ്ഠമായ തീരുമാനം കൊണ്ടും സ്ഥിരപ്പെട്ടിരിക്കയാല്‍ അതിനെതിരായ വിശ്വാസം ഇസ്‌ലാമില്‍ നിന്നുള്ള വ്യതിചലനമാണെന്ന് കര്‍മശാസ്ത്രജ്ഞന്മാര്‍ വിധിച്ചിരിക്കുന്നു.
മേല്‍വിവരിച്ചതില്‍ നിന്ന് മീര്‍സാഗുലാം അഹ്മദോ അതുപോലെയുള്ളവരോ പ്രവാചകന്മാരാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ലെന്ന് വ്യക്തമായല്ലോ. നബി ÷ അന്ത്യപ്രവാചകരാണെന്ന് പറഞ്ഞത് ഈസാനബി അന്ത്യകാലം വരുമെന്നതിന് എതിരാവുകയില്ല. എന്തുകൊണ്ടെന്നാല്‍ അദ്ദേഹത്തിന്റെ പ്രവാചകത്വം നമ്മുടെ നബി ÷ യുടെ പ്രവാചകത്വത്തിന്റെ മുമ്പാണല്ലോ. ഇത് നാം പ്രത്യേകം ഓര്‍ത്തിരിക്കേണ്ട കാര്യമാണ്. കാരണം ഖാദിയാനികള്‍ പൊതുജനങ്ങളെ കബളിപ്പിക്കുന്ന ഒരു വിഷയമാണിത്. ‘മുഹമ്മദ് നബി അന്ത്യപ്രവാചകരാണെങ്കില്‍ ഈസാനബിയുടെ ആഗമനത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നത് എങ്ങനെ? ഈസാ നബി വരുമെന്ന് വിശ്വസിക്കുന്നുവെങ്കില്‍ മുഹമ്മദ് നബി അന്ത്യപ്രവാചകരല്ലെന്ന് സമ്മതിക്കലാണല്ലോ. അങ്ങനെയാകുമ്പോള്‍ മീര്‍സാ നബിയാണെന്ന വാദം എന്തുകൊണ്ട് സമ്മതിച്ചുകൂടാ?’-ഇങ്ങനെയാണ് ഖാദിയാനികളുടെ വാദം.
എല്ലാ നബിമാര്‍ക്കും അല്ലാഹു പ്രത്യേകം പ്രത്യേകം കിതാബ് അഥവാ വേദം നല്‍കിയിട്ടില്ല. ഈ യാഥാര്‍ഥ്യം പണ്ഡിതലോകം അംഗീകരിച്ചുകഴിഞ്ഞതാണ്. ഒട്ടുമിക്ക നബിമാരും തനിക്കു മുമ്പ് വന്ന റസൂലിന്റെ കിതാബും ശരീഅത്തും പിന്തുടരുകയും പ്രബോധനം നടത്തുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ എല്ലാ നബിമാര്‍ക്കും വേദമില്ലെന്ന വസ്തുത സി.എന്‍. അഹ്മദ് മൗലവി തന്റെ ഖുര്‍ആന്‍ പരിഭാഷയുടെ മുഖവുരയില്‍ സമ്മതിക്കുകയും അതിന്റെ തെളിവുകള്‍ പലതുമുണ്ട് എന്ന് പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഇതിനെതിരായാണ് തന്റെ ‘ഇസ്‌ലാം ഒരു സമഗ്രപഠനം’ എന്ന പുസ്തകത്തില്‍ അദ്ദേഹമെഴുതിയിട്ടുള്ളത്. വേദങ്ങള്‍ എല്ലാ നബിമാര്‍ക്കും ലഭിച്ചിട്ടുണ്ട്, ഒരു നബിയും ഒഴിവില്ല എന്നാണതിലുള്ളത്. അത് പുതിയ കണ്ടുപിടിത്തമായിരിക്കാനേ വഴിയുള്ളൂ.

പുനരുത്ഥാനം

പുനരുത്ഥാനമെന്നതു കൊണ്ടുള്ള വിവക്ഷ മരണാനന്തരമുള്ള ഉയിര്‍ത്തെഴുന്നേല്‍പാണ്. ലോകത്തുള്ള എല്ലാ സാധനങ്ങള്‍ക്കും ഉത്ഭവം, വളര്‍ച്ച, നാശം എന്നിങ്ങനെ മൂന്ന് അവസ്ഥകളുണ്ട്. വൃക്ഷലതാദികളും മൃഗങ്ങളും മനുഷ്യരുമെല്ലാം തന്നെ ഈ നിയമത്തിന് വിധേയമാകുന്നു. വ്യക്തികള്‍ക്കെന്ന പോലെ സമുദായങ്ങള്‍ക്കും ഇത് ബാധകമാണ്. അപ്രകാരം തന്നെ കോടാനുകോടി സൃഷ്ടിജാലങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രപഞ്ചവും ഈ നിയമത്തില്‍ നിന്ന് ഒഴിവല്ല. ഒരു സാധനവും ഇവിടെ സ്ഥിരമായി ഉറച്ചുനില്‍ക്കുന്നില്ല. എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. കര കടലായും കടല്‍ കരയായും കൃഷിഭൂമി തരിശുനിലമായും തരിശുനിലം കൃഷിഭൂമിയായും പരിവര്‍ത്തിതമായത് നമ്മില്‍ പലര്‍ക്കും അറിയാം. വനങ്ങള്‍ നഗരങ്ങളായി മാറുന്നത് ഈ ആധുനികയുഗത്തില്‍ സാര്‍വത്രികമാണ്. നഗരങ്ങള്‍ കാടുകളായും മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഭൂകമ്പം, അഗ്നിപര്‍വതങ്ങള്‍ പൊട്ടല്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളാല്‍ പല പ്രദേശങ്ങളും നശിക്കുന്നു. സൂര്യചന്ദ്രാദി ഗോളങ്ങളെല്ലാം ആകര്‍ഷണ ശക്തിയിന്മേലാണ് നിലനിന്നുപോരുന്നതെന്നും ഈ ആകര്‍ഷണ ശക്തിക്ക് ഭാവിയില്‍ മാറ്റം വരുന്നതു കാരണമായി അവ തമ്മില്‍ കൂട്ടിമുട്ടി തകര്‍ന്നുപോകുമെന്നും ശാസ്ത്രജ്ഞന്മാര്‍ പറയുന്നുണ്ട്. ചുരുക്കത്തില്‍ ഈ പ്രപഞ്ചമാസകലം നിശ്ശേഷം നശിച്ചുപോകും. അതിനു ശേഷമാണ് ഉയിര്‍ത്തെഴുന്നേല്‍പ്.
പ്രപഞ്ചത്തിന്റെ ഈ സമൂലനാശത്തെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ ഒട്ടേറെ സ്ഥലത്ത് പരാമര്‍ശങ്ങളുള്ളതായി കാണാം: നിങ്ങള്‍ കാണുന്ന തൂണു കൂടാതെ ആകാശത്തെ ഉയര്‍ത്തിയവനാണ് അല്ലാഹു എന്നും, സൂര്യ-ചന്ദ്രാദികള്‍ ഒരു നിശ്ചിത സമയം വരെയാണ് ചലിക്കുക എന്നും സൂറത്തുര്‍റഅ്ദ് സൂക്തം 2 ല്‍ പറയുന്നു. ലോകാവസാന നാളില്‍ ഭയങ്കര ഭൂകമ്പമുണ്ടാകുമെന്ന് അസ്സില്‍സാല്‍ ആദ്യആയത്തിലുണ്ട്. ആകാശങ്ങള്‍ പൊട്ടിപ്പിളരുമെന്നും നക്ഷത്രങ്ങള്‍ ചിന്നിച്ചിതറുമെന്നും അല്‍ഇന്‍ഫിഥാര്‍ 1,2 ലും സൂര്യന്‍ ചുരുട്ടപ്പെടുമെന്നും നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴുമെന്നും പര്‍വതങ്ങള്‍ ചലിപ്പിക്കപ്പെടുമെന്നും അത്തക്‌വീര്‍ 1-3 ലും കാണാം. ഭൂമിയെ നീട്ടുകയും അതിന്റെ ഉള്ളിലുള്ളതെല്ലാം അത് പുറത്തേക്ക് തള്ളി ഒഴിവാക്കുകയും ചെയ്യുമെന്ന് അല്‍ഇന്‍ശിഖാഖ് 3,4 ലും നക്ഷത്രങ്ങള്‍ പ്രഭയറ്റതും ആകാശം പിളര്‍ക്കപ്പെട്ടതും പര്‍വതങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കപ്പെട്ടതുമാകുമെന്ന് 77:8,9,10 ലും പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. ചന്ദ്രന്‍ ഇരുട്ടടയുകയും സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യുമെന്ന് അല്‍ഖിയാമ 8,9 ലും ജനങ്ങളൊക്കെ ചിതറിപ്പരന്ന ശലഭങ്ങള്‍ പോലെയും പര്‍വതങ്ങളെല്ലാം കടയപ്പെട്ട ഉന്നം പോലെയും ആകുമെന്ന് അല്‍ഖാരിഅ 4,5 ലും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഒരു വലിയ വിപത്തിനെ തുടര്‍ന്നാണ് ലോകാവസാനം സംഭവിക്കുക: നിശ്ചയമായും ഖിയാമത്തിന്റെ കിടുകിടുക്കം (പ്രകമ്പനം) ഗൗരവമേറിയ സംഭവമാകുന്നു (സൂറത്തുല്‍ ഹജ്ജ്:1).

കാഹളത്തില്‍ ഊതല്‍

ഖിയാമത്ത് നാളില്‍ കാഹളത്തില്‍ (സ്വൂര്‍) ഊതുകയും അതിനാല്‍ അല്ലാഹു ഉദ്ദേശിച്ചവര്‍ ഒഴിച്ച് ആകാശഭൂമിയിലുള്ളവരെല്ലാം ഭയവിഹ്വലരായിത്തീരുകയും ചെയ്യുമെന്ന് ഖുര്‍ആന്‍ സൂറത്തുന്നംല് 87 ല്‍ പറയുന്നുണ്ട്. ‘കാഹളത്തില്‍ ഊതപ്പെടുന്നതാണ്. അപ്പോള്‍, അല്ലാഹു ഉദ്ദേശിച്ചവര്‍ ഒഴിച്ച് ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെല്ലാം മരണമടയും-നശിക്കും-പിന്നീട് മറ്റൊരു പ്രാവശ്യം അതില്‍ ഊതപ്പെടും. അപ്പോള്‍ അവര്‍ നോക്കുന്നവരായി എഴുന്നേറ്റു നില്‍ക്കും’ എന്ന് അസ്സുമര്‍ 68 ലും കാണാം. ഭയപ്പെടുത്തുവാനും നശിപ്പിക്കുവാനും പിന്നീട് ജീവിപ്പിച്ചെഴുന്നേല്‍പിക്കുവാനും വേറെ വേറെ മൂന്ന് ഊത്തുകളാണോ, അതല്ല ഭയപ്പെടുത്തുവാനും നശിപ്പിക്കുവാനും കൂടി ഒരു ഊത്തും ജീവിപ്പിക്കുവാന്‍ വേറെ ഒരു ഊത്തും-ഇങ്ങനെ രണ്ടെണ്ണം മാത്രമാണോ എന്നതില്‍ മഹാന്മാരായ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഊത്തിനാല്‍ അതിഭയങ്കരമായ കൊടുങ്കാറ്റുണ്ടാകുമെന്ന് അനേകം ആയത്തുകളില്‍ നിന്ന് സ്പഷ്ടമായി ഗ്രഹിക്കാം: മേഘങ്ങള്‍ ചലിക്കുന്നതുപോലെ പര്‍വതങ്ങള്‍ ചലിക്കുമെന്ന് സൂറത്തുന്നംല് 88 ലും, പര്‍വതങ്ങളെ പൊടിപൊടിയാക്കി പാറ്റപ്പെടുകയും അങ്ങനെ അവ അന്തരീക്ഷത്തില്‍ വിതറപ്പെട്ട പൊടിപടലങ്ങളായിത്തീരുമെന്ന് അല്‍വാഖിഅ 5,6 ലും പറയുന്നുണ്ട്. പര്‍വതങ്ങള്‍ പാറിപ്പോകുന്ന മണ്‍തരികളാകുമെന്നാണ് അല്‍മുസ്സമ്മില്‍ 14 ലുള്ളതെങ്കില്‍ അല്‍ഖാരിഅ 5 ല്‍ വ്യക്തമാക്കുന്നത് പര്‍വതങ്ങള്‍ കടയപ്പെട്ട ഉന്നം പോലെയാകുമെന്നത്രെ. ഒന്നാമത്തെ ഊത്തിനാല്‍ ശക്തിയായ ഭൂകമ്പമുണ്ടാകുമെന്ന് അന്നാസിആത്ത് 6 കൊണ്ട് തെളിയുന്നു.
കാഹളം ഊതുക എന്ന് ഖുര്‍ആനില്‍ പറഞ്ഞത് ഒരു ഉപമാലങ്കാരമാണ് എന്നാണ് സി.എന്‍. അഹ്മദ് മൗലവിയുടെ വാദം. അതായത് യഥാര്‍ഥത്തില്‍ ഊതുവാനുള്ള ഉപകരണമോ അതില്‍ ഊതലോ ഒന്നുമില്ല. മരണമടഞ്ഞ മനുഷ്യരോടെല്ലാം പരലോകത്ത് സമ്മേളിക്കുവാന്‍ അല്ലാഹു കല്‍പന കൊടുക്കുന്നതിന് കാഹളമൂതുക എന്നു പറഞ്ഞെന്നു മാത്രം. എന്നാല്‍ മൗലവിയുടെ ഈ വാദം നബി ÷ യുടെ അധ്യാപനങ്ങള്‍ക്ക് എതിരാണ്. ഊതുവാനുള്ള ഒരു ഉപകരണമാണ് സ്വൂര്‍ എന്നവിടന്ന് പറഞ്ഞു (അബൂദാവൂദ്, തുര്‍മുദി). ‘അത് മലക്ക് ഇസ്രാഫീല്‍ വായില്‍ വെക്കും’ (തുര്‍മുദി). അബൂഹുറൈറ(റ)യില്‍ നിന്ന് സ്വഹീഹാണെന്ന പ്രസ്താവത്തോടെ ഇമാം ഹാകിം ഉദ്ധരിക്കുന്നു: തിരുനബി ÷ പറഞ്ഞു-സ്വൂറിന്റെ ഉടമ-ഇസ്രാഫീല്‍-തനിക്ക് അതേല്‍പിക്കപ്പെട്ട സന്ദര്‍ഭം മുതല്‍ അര്‍ശിന്റെ ഭാഗത്തേക്ക് ദൃഷ്ടിയൂന്നിക്കൊണ്ടേ ഇരിക്കുകയാണ്. കണ്ണുവെട്ടുമ്പോഴേക്ക് അതില്‍ ഊതാന്‍ താന്‍ ആജ്ഞാപിക്കപ്പെട്ടേക്കുമോ എന്ന ഭീതിയാലാണ് ഇത്. അദ്ദേഹത്തിന്റെ നേത്രദ്വയങ്ങള്‍ രണ്ട് ജ്യോതിര്‍ഗോളങ്ങള്‍ പോലെയിരിക്കും (അദ്ദുര്‍റുല്‍മന്‍സൂര്‍ 3:297). ഇതുപോലെ വേറെയും ഒട്ടേറെ ഹദീസുകളുണ്ട്. എന്നാല്‍ മൗലവി എഴുതിവിട്ടത് ഇവക്കെല്ലാം എതിരാണ്. അതൊരു ഉപമാലങ്കാരമാണെന്ന് ഇമാം റാസി 23:101 ന്റെ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തീട്ടുണ്ട് എന്ന് മൗലവി പറയുന്നു. വാസ്തവത്തില്‍ ഇമാം റാസി ആ വാക്യത്തിന്റെ വ്യാഖ്യാനത്തില്‍ മേല്‍പറഞ്ഞ വാദത്തെ നബി ÷ യുടെ ഹദീസിന്റെ വെളിച്ചത്തില്‍ തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത് (റാസി 6:208). തന്റെ വാദമാണ് യഥാര്‍ഥമെന്ന് ഇമാം റാസി സൂചിപ്പിക്കുന്നുണ്ടെന്നും ഖുര്‍ആനിലെ 6:73, 36:51, 78:18 എന്നീ വാക്യങ്ങള്‍ അതിലേക്ക് സൂചന നല്‍കുന്നുണ്ടെന്നും മൗലവി തട്ടിവിട്ടിട്ടുമുണ്ട്. വാസ്തവത്തില്‍ ആ വാക്യങ്ങളിലോ ഖുര്‍ആനിലെ മറ്റേതെങ്കിലും വാക്യങ്ങളിലോ അതിലേക്ക് ഒരു നേരിയ സൂചന പോലും നല്‍കുന്നില്ല. ഖുര്‍ആനില്‍ നിന്ന് അത് അവതരിക്കപ്പെട്ട നബി ഗ്രഹിച്ചതിനെതിരായി ചില സൂചനകള്‍ മൗലവി ഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതാരില്‍ നിന്നാണ് കിട്ടിയതെന്ന് പറയേണ്ടതില്ലല്ലോ.
ഖുര്‍ആന്‍ 74:8 ല്‍ പറഞ്ഞ നാഖൂര്‍ സ്വൂറാണ് എന്ന് ഇബ്‌നുഅബ്ബാസ്(റ) പ്രസ്താവിച്ചിട്ടുണ്ട് (ബുഖാരി). സ്വൂര്‍ എന്ന വാക്കിന് കാഹളം എന്നും കൊമ്പ് എന്നും അര്‍ഥമുണ്ട്. മലക്ക് ഊതുവാന്‍ ഉപയോഗിക്കുന്ന സ്വൂറിന്റെ രൂപം നമുക്കറിഞ്ഞുകൂടാ. സ്വൂറില്‍ ഊതുന്ന കാലം ഭൂമിയില്‍ ഏറ്റവും നികൃഷ്ടരായ ജനങ്ങളായിരിക്കുമെന്നും ‘അല്ലാഹു’ എന്നുച്ചരിക്കുന്ന ഒരാളും അക്കാലത്ത് ഭൂമിയില്‍ ഉണ്ടായിരിക്കയില്ല എന്നും നബി ÷ പ്രസ്താവിച്ചിട്ടുണ്ട് (മുസ്‌ലിം). ലോകത്തെ നശിപ്പിക്കുവാനുള്ള ഊതലിനു ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കുവാനുള്ള ഊത്തിന് മുമ്പായി കുറേ കാലം കഴിയുമെന്ന് നബി ÷ യുടെ ഹദീസുകൊണ്ട് കാണുന്നു (ബുഖാരി, മുസ്‌ലിം). മനുഷ്യശരീരം ദ്രവിച്ചുപോയാലും ഒരു ചെറിയ എല്ലിന്‍കഷ്ണം നശിക്കുകയില്ലെന്നും അതില്‍ നിന്നാണ് അവന്റെ സൃഷ്ടിപ്പ് വീണ്ടും ആരംഭിക്കുക എന്നും നബി ÷ പ്രസ്താവിച്ചിട്ടുണ്ട് (ബുഖാരി, മുസ്‌ലിം).
മരിച്ചവരെ വീണ്ടും അല്ലാഹു ജീവിപ്പിക്കുമെന്ന ഖുര്‍ആന്റെ സിദ്ധാന്തം ബുദ്ധിക്കോ യുക്തിക്കോ ശാസ്ത്രത്തിനോ എതിരല്ല. ശാസ്ത്രജ്ഞന്മാര്‍ പറയുന്നത് അക്കാര്യം ഞങ്ങള്‍ക്കറിവില്ല എന്നാണ്. ഇതൊരു അജ്ഞതാസമ്മതമെന്നല്ലാതെ ഖുര്‍ആനിക സിദ്ധാന്തത്തെ നിഷേധിക്കലല്ല. ശാസ്ത്രത്തിന് ഇന്നലെ അജ്ഞാതമായിരുന്ന എത്ര സത്യങ്ങള്‍ ഇന്നവര്‍ അറിഞ്ഞുകഴിഞ്ഞു. അപ്രകാരം ഇന്നവര്‍ക്ക് അജ്ഞാതമായ ഒരു സത്യം നാളെ അവര്‍ ഗ്രഹിക്കുകയും സമ്മതിക്കുകയും ചെയ്യും. ശാസ്ത്രം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അതേ സമയം തികഞ്ഞ സത്യസന്ധരും പരമവിശ്വസ്തരും കുശാഗ്രബുദ്ധികളുമാണെന്ന് സര്‍വ നിഷ്പക്ഷബുദ്ധികളും സമ്മതിച്ച മഹാന്മാര്‍-പ്രവാചകന്മാര്‍-മനുഷ്യന്‍ പുനര്‍ജീവിപ്പിക്കപ്പെടുമെന്നും അത് തങ്ങള്‍ക്ക് സര്‍വജ്ഞനായ അല്ലാഹുവിങ്കല്‍ നിന്ന് അതിനിഗൂഢമായ മാര്‍ഗത്തില്‍ കൂടി വഹ്‌യ് മൂലം ലഭിച്ചതാണെന്നും പറയുമ്പോള്‍ അതിനെ നിഷേധിക്കുവാന്‍ എന്ത് ന്യായം? ഒരു മനുഷ്യന്‍ ജനിക്കുന്നതിനു മുമ്പ് അവന്‍ ഇവിടെ ഉണ്ടായിരുന്നില്ലല്ലോ. പിന്നീട് അവന്‍ ജനിച്ചു. വളര്‍ന്നുവലുതായി. മനുഷ്യസമൂഹത്തിനു ഇന്നുവരെ കുരുക്കഴിക്കാന്‍ കഴിയാത്ത എത്രയോ നിഗൂഢതകള്‍ തരണം ചെയ്ത ശേഷം അവന്‍ മരിക്കുന്നു. നേരത്തെ ഇല്ലായ്മയില്‍ നിന്ന് അവനെ സൃഷ്ടിച്ച അതേ സര്‍വശക്തനായ അല്ലാഹു തന്നെ വീണ്ടും അവനെ സൃഷ്ടിക്കുമെന്ന് പറയുന്നത് എങ്ങനെ ബുദ്ധിക്ക് വിപരീതമാകുന്നു?
അല്ലാഹു കനിഞ്ഞുനല്‍കിയ ബുദ്ധി യഥായോഗ്യം ഉപയോഗപ്പെടുത്താത്ത ഹതഭാഗ്യന്മാര്‍ ഇങ്ങനെ വക്രമായ വഴികളിലൂടെ പലതും ചിന്തിക്കും. നിഷേധികളുടെ ശ്രദ്ധ തൊട്ടുണര്‍ത്തിക്കൊണ്ട് ഖുര്‍ആന്‍ ചോദിക്കുന്നത് കാണുക: മരണപ്പെട്ടുപോയാല്‍ പിന്നീട് ജീവനുള്ളവനായി ഞാന്‍ പുറത്തേക്ക് കൊണ്ടുവരപ്പെടുമോ എന്ന് സത്യനിഷേധി ചോദിക്കുന്നു. (അത് സംഭവ്യമല്ല എന്നാണവന്റെ വിചാരം.) അവന്‍ അതിനുമുമ്പ് യാതൊന്നും ആയിരുന്നില്ലാത്ത ഘട്ടത്തില്‍ നിശ്ചയമായും നാം അവനെ സൃഷ്ടിച്ചു എന്ന് മനുഷ്യന്‍ ഓര്‍ക്കുന്നില്ലേ? (19:66,67). ‘ദ്രവിച്ചുകഴിഞ്ഞ എല്ലുകളെ ആരാണ് ജീവിപ്പിക്കുക എന്ന് മനുഷ്യന്‍ ചോദിക്കുന്നു. താങ്കള്‍ പറയുക: ഒന്നാമത്തെ പ്രാവശ്യം അതിനെ സൃഷ്ടിച്ചവന്‍ തന്നെ അതിനെ (രണ്ടാമതും) ജീവിപ്പിക്കുന്നതാണ്’ (36:78,79). കേവലമായ ഇന്ദ്രിയത്തെ എല്ലും തൊലിയും നാഡിയും ഞരമ്പും രക്തവും മാംസവും മറ്റുമായി രൂപാന്തരം ചെയ്ത അല്ലാഹുവിന് മരണശേഷം മണ്ണോ വെണ്ണീറോ മറ്റോ ആയി രൂപം പൂണ്ട ശരീരങ്ങളെ വീണ്ടും ഇന്നത്തെ രൂപത്തില്‍ കൊണ്ടുവരുവാന്‍ വല്ല പ്രയാസവുമുണ്ടോ?
ചിന്തിച്ചുനോക്കൂ: ഒരാള്‍ ഈ ലോകത്ത് അക്രമങ്ങളും അനീതികളും പ്രവര്‍ത്തിച്ചുകൊണ്ട് കാലം കഴിച്ചു. മറ്റൊരാള്‍ യാതനകളും മര്‍ദ്ദനങ്ങളും അനുഭവിച്ചുകൊണ്ടേയിരുന്നു. വേറെ ഒരാള്‍ ധാരാളം സുകൃതങ്ങള്‍ ചെയ്തുകൊണ്ട് ജീവിതം നയിച്ചു. അവസാനം അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കാതെ മരണപ്പെടുകയാണുണ്ടായതെന്നുവെക്കുക. എങ്കില്‍ അവര്‍ക്കര്‍ഹമായ പ്രതിഫലം ലഭിക്കേണ്ടതിന് ഒരു പുനരെഴുന്നേല്‍പ്പ് ന്യായവും നീതിയുമല്ലേ? സുകൃതന്മാര്‍ക്ക് അതിനുള്ള പ്രതിഫലവും അക്രമികള്‍ക്ക് അതിനുള്ള ശിക്ഷയും ലഭിക്കുകയല്ലേ ന്യായം? അപ്രകാരം തന്നെ ഈ ലോകത്തുവെച്ച് നന്മ ചെയ്യുന്നതിലും തിന്മ ചെയ്യുന്നതിലും ദേഹവും ആത്മാവും പങ്കാളികളാണ്. അതിനാല്‍ അവയുടെ ഫലാനുഭവത്തിലും ഈ ലോകത്തുവെച്ച് കൂട്ടുകാരായിരുന്ന അതേ ആത്മാവും ശരീരവും ഒന്നായി ഭാഗഭാക്കുകളാവലല്ലേ ന്യായവും യുക്തവും?
പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ചില അമുസ്‌ലിം സമുദായങ്ങളുമുണ്ട്. പക്ഷേ, അവരുടെ വിശ്വാസം യുക്തിസഹമോ ന്യായാധിഷ്ഠിതമോ അല്ല. എന്തുകൊണ്ടെന്നാല്‍ ആ വിശ്വാസപ്രകാരം സുകൃതിയായ ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ ആത്മാവ് മറ്റൊരു ദേഹത്തോടുകൂടി ഈ ലോകത്തുതന്നെ ജന്മമെടുക്കുകയും ഉയര്‍ന്ന ജീവിതം കൈക്കൊള്ളുകയും ചെയ്യും. അപ്രകാരം തന്നെ ദുഷ്‌കര്‍മിയായ ഒരാള്‍ മരിച്ചാല്‍ അയാളുടെ ആത്മാവ് മറ്റൊരു ദേഹത്തിലായി ഇവിടെ ജനിച്ച് മര്‍ദ്ദനങ്ങളും കഷ്ടങ്ങളും സഹിച്ചാണ് ജീവിക്കുക. ഈ വിശ്വാസപ്രകാരം മുജ്ജന്മത്തില്‍ സുകൃതം ചെയ്യുന്നതില്‍ പങ്കുകാരനായ ദേഹത്തെ ഈ ജന്മത്തില്‍ ലഭിച്ച സല്‍ഫലത്തില്‍ നിന്ന് തീരെ ഒഴിവാക്കുകയും യാതൊരു ഗുണത്തിലും സഹായം ചെയ്തിട്ടില്ലാത്ത ഒരു പുതിയ ദേഹത്തെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. അപ്രകാരം തന്നെ മുജ്ജന്മത്തില്‍ എല്ലാ അക്രമങ്ങളിലും സഹകാരിയായിരുന്ന ദേഹത്തെ തീരെ ഒഴിച്ചുനിറുത്തി തികച്ചും നിര്‍ദോഷിയായ ഒരു പുതിയ ദേഹത്തെ കഷ്ടങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും വിധേയമാക്കുന്നു. ഇത് നീതിക്കും ന്യായത്തിനും അനുയോജ്യമാണോ? ഇത്തരത്തിലുള്ള ഒരു പുനര്‍ജന്മ സിദ്ധാന്തം ഇസ്‌ലാം അംഗീകരിക്കുന്നില്ല. ലോകാവസാനശേഷം പരലോക ജീവിതത്തിലുള്ള പുനര്‍ജന്മമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പരലോകജീവിതത്തിലാകട്ടെ, പിന്നെ മരണമില്ലതാനും. അവിടെ എന്നുമെന്നും മനുഷ്യന്‍ ജീവിച്ചുകൊണ്ടേയിരിക്കും.

(കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍, കൂറ്റനാട്, ഫതഹുര്‍റഹ്മാന്‍: വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനം, ആമുഖത്തില്‍നിന്ന്, എസ്.പി.സി, ചെമ്മാട്, മലപ്പുറം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter