ഇന്‍ര്‍സെക്സിനെ പറ്റി ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ..?. വിശദീകരണം പ്രതീക്ഷിക്കുന്നു. മറ്റു മതസ്ഥരുടെ വേദ ഗ്രന്ഥങ്ങളില്‍ അവരെ പറ്റി പരമാര്‍ശിക്കപ്പെട്ടിട്ടുണ്ടെന്ന് കേട്ടു.

ചോദ്യകർത്താവ്

Veeran Kutty

Mar 16, 2019

CODE :Qur9206

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ട്രാന്‍സ് ജെന്റേഴ്സിനെ നപുംസകമായിട്ടോ മൂന്നാം ലിംഗക്കാരായിട്ടോ ശിഖണ്ഡികൾ ആയിട്ടോ അല്ല ഇസ്ലാം വിലയിരുത്തുന്നത്. പ്രത്യുത സ്ത്രീയോ പുരുഷനോ ആയിട്ടാണ് അവരെ പരിഗണിക്കുന്നതും ആദരിക്കുന്നതും. അത് കൊണ്ട് തന്നെ അങ്ങനെ ഒരു പദപ്രയോഗമോ വേർതിരിവോ വിശുദ്ധ ഖുർആനിൽ കാണുകയില്ല. പകരം പുരുഷൻ, സ്ത്രീ എന്നീ പദപ്രയോഗങ്ങളും പരാമർശങ്ങളുമാണ് വിശുദ്ധ ഖുർആനിലുടനീളമുള്ളത്. എന്നാൽ ശാരീരികമായി സ്ത്രീ പുരുഷ പ്രത്യേകതകൾ കൂടിക്കലർന്നവർ നബി (സ്വ)യുടെ കാലത്തും സ്വഹാബത്തിന്റേയും താബികളകളുടേയും കാലത്തും തുടന്നിങ്ങോട്ടുള്ള എല്ലാ കാലത്തും ഉണ്ടായിരുന്നത് കൊണ്ട് തന്നെ അവരെ ഇസ്ലാം എങ്ങനെയാണ് പരിഗണിക്കുന്നതെന്ന്  നബി (സ്വ) മുതൽ മുൻഗാമികളും പിൻഗാമികളുമായ മഹാ പണ്ഡിതന്മാർ വരേയുള്ളവർ വളരേ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. അതിന്റെ ഹ്രസ്വ രൂപം താഴെ പറയുംപ്രകാരമാണ്:

ട്രാന്‍സ് ജെന്റേഴ്സ് അവരുടെ ശാരീരിക പ്രകൃതിയനുസിരിച്ച് മുന്നു വിഭാഗമാണ്. ഒന്നാമത്തെ ഏതെങ്കിലും ഒരു ലിംഗം മാത്രം ഉള്ളവരാണ്. പക്ഷേ ശരീരത്തിന്റെ പല ഭാഗത്തേയും ഘടന എതിർ വിഭാഗത്തോട് സാമ്യമുള്ളതാണ്. ഇവർ അവരുടെ ലിംഗമേതാണോ അതിനനുസരിച്ചായിരിക്കും ആണെന്നും പെണ്ണെന്നും വിലയിരുത്തപ്പെടുക. അഥവാ ശരീരത്തിന്റെ മറ്റു മാറ്റങ്ങൾ ആൺ-പെൺ ഐഡന്റിഫിക്കേഷനിൽ ബാധകമല്ല എന്നർത്ഥം. രണ്ടാമത്തെ  വിഭാഗം പുരുഷന്റേയും സ്ത്രീയുടേയും ലിംഗം ഉള്ളവരാണ്. മൂന്നാമത്തെ വിഭാഗത്തിന് ഈ രണ്ട് ലിംഗവുമുണ്ടാകില്ല. പകരം മൂത്രം ഒഴിക്കാനുള്ള ദ്വാരം മാത്രമേ ഉണ്ടാകുകയുള്ളൂ. ആ ദ്വാരത്തിന് സ്ത്രീ-പുരുഷ ലിംഗവുമായി സാമ്യമുണ്ടാകില്ല. ഈ രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായ പൂർത്തിയാകും വരേ അവർ ആണോ പെണ്ണോ എന്ന് തിരിച്ചറിയുക പ്രയാസമാണ്. പ്രായ പൂർത്തിയായതിന് ശേഷം ഈ ദ്വാരത്തിലൂടെ ഇന്ദ്രിയം പുറപ്പെടുകയോ ഈ വ്യക്തിക്ക് സ്ത്രീകളോട് പുരുഷ സഹചമായ താൽപര്യം തോന്നുകയോ ചെയ്താൽ ഇയാൾ പുരുഷനായിരിക്കും. എന്നാൽ ഈ ദ്വാരത്തിലൂടെ ആർത്തവം വരികയോ ഈ വ്യക്തിക്ക് പുരുഷന്മാരോട് സ്ത്രീ സഹജമായ താൽപര്യം തോന്നുകയോ ചെയ്താൽ ഇത് സ്ത്രീയുമായിരിക്കും. അതോടോപ്പം അവരിൽ ശാരീരികമായി ഏതിർ ലിംഗക്കാരുടെ വല്ല പ്രത്യേകതയും ഉണ്ടെങ്കിൽ അത് അവരിലെ കേവലം ഒരു അധിക അവയവമായിട്ടായിരിക്കും പരിഗണിക്കപ്പെടുക, അഥവാ അയാളുടെ ശരീരത്തിലെ മറ്റു അവയവങ്ങളെപ്പെോലെ ഒരു അവയവം എന്നേ അതിനേയും കാണേണ്ടതുള്ളൂ.. എതിർ ലിംഗക്കാരിൽ ആ അവയവം ഉണ്ടാകുമ്പോഴുള്ള ഒരു പ്രത്യകതയും ഇയാളിൽ ആ അവയവത്തിന് കൽപ്പിക്കപ്പെടുകയില്ല..  

ഇനി രണ്ടാമത്തെ വിഭാഗത്തെയെടുത്താൽ അവർക്ക് സ്ത്രീയുടേയും പുരുഷന്റേയും ലൈംഗികാവയവങ്ങൾ ഉണ്ടെങ്കിലും അവർ ഒന്നുകിൽ ആണോ അല്ലെങ്കിൽ പെണ്ണോ ആയിരിക്കും. അവർ പുരുഷനാണെങ്കിൽ അവരിലെ സ്ത്രീലിംഗം ലൈംഗികാവയവത്തിന്റെ യാതൊരു പ്രത്യേകതയുമില്ലാത്ത കേവലം ഒരു അധിക അവയവമായിരിക്കും, അവർ സ്ത്രീയാണെങ്കിൽ അവരിലെ പുരുഷ ലീംഗത്തിന്റെ അവസ്ഥയും തഥൈവ. ഇങ്ങനെയല്ലാതെ മൂന്നാം ലിംഗക്കാർ എന്ന ഒരു വിഭാഗം മനുഷ്യർ ഇല്ല.. അവർ പുരുഷനോ സ്ത്രീയോ എന്ന് തിരിച്ചറിയാൻ ധാരാളം മാർഗങ്ങൾ കർമ്മ ശാസ്ത്ര പണ്ഡിതർ വിവരിച്ചിട്ടുണ്ട്. അവയിൽ ചിലത് ഇവിടെ വിവരിക്കാം. ഒന്ന്: ഈ രണ്ട് ലീംഗങ്ങളിൽ ഏതിലൂടെയാണ് മൂത്രം ഒഴിക്കുന്നത് എന്ന് നോക്കിയിട്ട് പുരുഷ ലിംഗത്തിലൂടെയാണെങ്കിൽ പുരുഷനും സ്ത്രീ ലിംഗത്തിലൂടെയാണെങ്കിൽ സ്ത്രീയുമായിരിക്കും. രണ്ട്: ഇരു ലിംഗങ്ങളിലൂടെയും മൂത്രം ഒഴിക്കുന്നുണ്ടെങ്കിൽ ആദ്യം ഒഴിക്കാൻ ആരംഭിക്കുന്ന ലീംഗമേതാണോ അതിനനുസരിച്ച് സ്ത്രീയോ പുരുഷനോ ആയിരിക്കും  മൂന്ന്: മൂത്രം ഒഴിക്കാൻ തുടങ്ങുന്നത് രണ്ടും ഒരേ സമയത്താണെങ്കിൽ ഏറ്റവും അവസാനം ഒഴിച്ചു കഴിയുന്ന ലിംഗമേതാണോ അതിനനുസരിച്ച് സ്ത്രീയോ പുരുഷനോ ആയിരിക്കും.  നാല്: ഇരു ലിംഗങ്ങളും മൂത്രം ഒഴിക്കുന്നതും അവസാനിക്കുന്നതും ഒരേ സമയത്താണെങ്കിൽ ഇന്ദ്രിയവും ആർത്തവവും പുറപ്പെടുന്നത് നോക്കണം. പുരുഷ ലിംഗത്തിലൂടെ ഇന്ദ്രിയം പുറപ്പെടുന്നുണ്ടെങ്കിൽ ആണും സ്ത്രീ ലീംഗത്തിലൂടെ ആർത്തവമോ സ്ത്രീ ശുക്ലമോ വരുന്നുണ്ടെങ്കിൽ പെണ്ണുമായിരിക്കും.  അഞ്ച്: ഇരു ലിംഗങ്ങളിലൂടെയും ശുക്ല സ്രാവുമുണ്ടാകുന്നുണ്ടെങ്കിൽ സ്രവിക്കുന്ന ശുക്ലം പുരുഷ ശുക്ലത്തിന് സാമ്യമുള്ളതാണെങ്കിൽ പുരുഷനും സ്ത്രീ ശുക്ലത്തിന് സാമ്യമുള്ളതാണെങ്കിൽ സ്ത്രീയുമായിരിക്കും. ആറ്: താടി വളരുന്നതും സ്തനം വലുതാകുന്നതും മാത്രം നോക്കി ആണെന്നോ പെണ്ണെന്നോ തീരുമാനിക്കപ്പെടില്ല. മേൽ പറയപ്പെട്ടതടക്കമുള്ള ലൈംഗികാവയവങ്ങളുടെ പ്രത്യേകതകൾ കൂടി ഒത്തു വരണം. (ശറഹുൽ മുഹദ്ദബ്, അൽ ഹാവീ അൽ കബീർ, അൽ ജാമിഉൽ കബീർ) .

ഇതു പോലെ വേറെയും അടയാളങ്ങൾ ശറഅ് സൂചിപ്പിക്കുന്നുണ്ട്. ചോദ്യോത്തര പംക്തിയായത് കൊണ്ട് കൂടുതൽ വിശദീകരിക്കന്നില്ല. ചുരുക്കത്തിൽ ട്രാൻസ് ജെന്റേഴ്സ് എന്നൊരു പ്രത്യേക വിഭാഗമായി മനുഷ്യരിലെ ശാരീരികമായി ചില പ്രത്യേകതകളുള്ളവരെ തരം തിരിക്കുകയോ ആണും പെണ്ണുമല്ലാതായി അവരെ കാണുകയോ അകറ്റി നിർത്തുകയോ ഒറ്റപ്പെടുത്തുകയോ നിന്ദിക്കുകയോ ചെയ്യരുതെന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. പ്രത്യുത എത്ര തിരച്ചറിയാനാകാത്ത രീതിയിൽ സൃഷ്ടിക്കപ്പെട്ടവരാണെങ്കിലും നേരത്തേ സൂചിപ്പിക്കപ്പെട്ടതടക്കമുള്ള കാര്യങ്ങൾ വിലയിരുത്തി അവർ ഒന്നുകിൽ ആണെന്നും അല്ലെങ്കിൽ പെണ്ണെന്നും ഉറപ്പ് വരുത്തി അതിന്റെ അടിസ്ഥാനത്തിൽ  വൈയക്തികവും സാമൂഹികവുമായ വിധിവിലക്കുകളായ കാണുക, തൊടുക, ശുദ്ധിയാക്കുക, നിസ്കാരം, നോമ്പ്, വിവാഹം, പ്രസവം, അനന്തര സ്വത്ത് വിഹിതം തുടങ്ങി എല്ലാ കാര്യങ്ങളിലും ഒന്നുകിൽ പുരുഷനായി അല്ലെങ്കിൽ സ്ത്രീയായിത്തന്നെ പരിഗണിക്കണിച്ച് അവരുടെ വ്യക്തിത്വത്തെ ആദരിക്കുകയും സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter