മുഹർറം: ആത്മവിചിന്തനത്തിൻറെ പുലരികൾ
ജീവിത മുന്നേറ്റത്തിന് ഊർജം പകരുന്ന ഒരു പുതുവത്സരപ്പുലരി കടന്നുവന്നിരിക്കുകയാണ്. പുതിയ ചിന്തകൾ, പ്രതീക്ഷകൾ, ലക്ഷ്യങ്ങൾ.. എല്ലാത്തിനും ആവശ്യമായ കർമ പദ്ധതികള്‍ക്ക് ഇന്നെങ്കിലും നമുക്ക് തുടക്കം കുറിക്കാം..
മുഹർറം! ഒരു പിടി ചരിത്രങ്ങളുടെ കേദാരമാണ് ആ നാമം. അധര്‍മ്മത്തിനെതിരെ പോരാടിയ വീര ചരിതങ്ങള്‍... അവയില്‍ വിജയിച്ചതും പരാജയപ്പെട്ടതുമുണ്ട്. സന്തോഷത്തിന്റെയും സന്താപത്തിന്റെയും താളുകളുണ്ട്. ആഹ്ലാദത്തിന്റെയും കണ്ണുനീരിന്റെയും രസങ്ങളുണ്ട്..
ചരിത്രത്തില്‍ എന്നും ഇരുട്ടിന്റെ ശക്തികളുണ്ടായിട്ടുണ്ട്. അവയോട് ഏറ്റ് മുട്ടാന്‍ എന്നും വെളിച്ചത്തിന്റെ വക്താക്കളുമുണ്ടായിട്ടുണ്ട്. ഏതിരുട്ടിനോടും തൻറെ കുഞ്ഞു വെളിച്ചം കൊണ്ട് പ്രതികരിക്കുന്ന മിന്നാമിന്നികൾ എത്ര മനോഹരമാണ്. അതേ സമയം, പ്രതികരിക്കേണ്ടിയിരിന്നിട്ടും മിണ്ടാതെ നിന്നവരെയും കാണാം. അവരെ ചരിത്രം എന്നും അവജ്ഞയോടെയാണ് ഓര്‍ക്കുന്നത്. അധര്‍മ്മം കാണുമ്പോള്‍, സാധ്യമായ രീതിയിലെല്ലാം അതിനെ പ്രതിരോധിക്കേണ്ടവനാണ് വിശ്വാസി. ഏറ്റവും ചുരുങ്ങിയത്, മനസ്സ് കൊണ്ടെങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കുക.
ഇനിയെങ്കിലും നമുക്ക് മിന്നാമിന്നിയെ പോലെയാകണം. ഓരോ വിശ്വാസ ഹൃദയങ്ങളിലും അലയടിക്കുന്ന സത്യത്തിൻറെ പ്രതിഫലനമാണിത്. മിന്നാമിന്നിയെപ്പോലെ പ്രകാശം പരത്തുന്ന ഒരാൾ എത്ര നല്ലവനായിരിക്കും. ഖുർആൻ സൂചിപ്പിക്കുന്നതും ഇത്തരം സുകൃതങ്ങൾ ചെയ്യുന്നവർക്കുള്ള ശ്വാശ്വതമായ ജീവിത സൗഭാഗ്യങ്ങളെ കുറിച്ചാണ്. ഛിദ്രതയുടെയും അസിഹ്ഷ്ണുതയുടെയും ലോകത്ത്, നാം നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന് പോലും അതിന്റേതായ വിലയുണ്ട്. അന്ത്യവിജയം അവര്‍ക്ക് തന്നെയാണെന്നാണ്, ഓരോ മുഹറവും നമ്മോട് പറയുന്നത്.
ഈ പുതുവര്‍ഷപ്പുലരിയില്‍ പിന്നോട്ട് തിരിഞ്ഞ് നോക്കുമ്പോള്‍, പല ആഗ്രഹങ്ങളും സ്വപ്നങ്ങളും പരിഹാസച്ചുവയോടെ നമ്മെ നോക്കി ചിരിക്കുന്നുണ്ടാവും, നിറവേറ്റാനാകാത്ത വാഗ്ദാനങ്ങൾ ഹൃദയാന്തരത്ത് നോവു പടർത്തുന്നുണ്ടാവും. അതേസമയം, ചെയ്ത് തീര്‍ക്കാനായ നന്മകളില്‍ ഏറെ സംതൃപ്തിയും തോന്നാതിരിക്കില്ല. ജീവിതത്തിനുമുണ്ട് ഋതുക്കൾ, സുകൃതങ്ങളുടെ ഒരു വസന്തകാലം, പോരായ്മകൾ കടന്നുവരുന്ന ഗ്രീഷ്മം, വർഷക്കാലം പോലുള്ള ആത്മവിചിന്തനങ്ങൾ, അവസാനം ഒരു ശരത്കാലത്തിൽ ഈ ജീവിതം തന്നെ അവസാനിക്കുകയും ചെയ്യും.
കാലം തന്നെയാണ് സത്യം. എല്ലാം ഉണ്ടായിട്ടും ഒന്നും നേടിയില്ലെന്ന് തോന്നുമ്പോൾ കടന്നുപോയ നിമിഷങ്ങളെ നാം ഓർക്കുന്നു. എത്ര സുന്ദരമായി അതിനെ വരവേറ്റുവോ അത്രയും ലളിതമായി ജീവിത വിജയങ്ങൾക്ക് ഉന്മേഷം പകരുന്നു. കത്തുന്ന വെയിലേറ്റ് തളർന്ന കരിമ്പനകൾ അതിരു തീർക്കുന്ന ഓരോ കാലവും സുകൃതങ്ങൾ പെയ്തൊഴിയുന്ന നല്ല നാളുകൾക്ക് വഴിമാറി കൊടുക്കുന്നു. എത്രയോ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ച് അടുത്ത ലക്ഷ്യവുമായി കടന്നുപോകുന്നു. ഒന്നും ലക്ഷ്യത്തിലേക്കെത്താതെ തടയപ്പെടുന്നു. ജീവിതം, അത് നിറങ്ങൾ നിറഞ്ഞ ഒരു പരവതാനിയാണ്. അതിൽ തീർത്ത ചിത്രങ്ങൾ കണക്കെ സുന്ദരവും നേർമയും കുളിരുണർത്തുന്നു.
പ്രവാചകൻറെ ഒരു വാക്കുണ്ട്. നിങ്ങൾ നഷ്ടപ്പെടുത്തുന്ന രണ്ട് സുകൃതങ്ങളുണ്ട്. ഒന്ന്, ഒഴിവു സമയം രണ്ട്, ആരോഗ്യമുള്ള ശരീരം. ഒഴിവു സമയങ്ങൾ ഒരുപാട് ലഭിച്ചിട്ടും ഒന്നും ചെയ്യാനാകാതെ അനന്തമായി കിടക്കുന്ന ആകാശത്തേക്ക് നോക്കി നെടുവീർപ്പിടുന്നു. അന്നേരം തഴുകി പോകുന്ന മന്ദമാരുതൻ പോലും പുതിയ ദൗത്യവുമായി കടന്നുപോകുകയായിരിക്കും. പറായതെ വയ്യ... സമയം അത് ഒരു വാളാണ്. അതിനെ നാം വെട്ടുന്നില്ലെങ്കിൽ അത് നമ്മെതന്നെ വെട്ടുകയാണ് ചെയ്യുന്നത്.
ജ്ഞാന സമ്പത്ത് മറ്റു ആരാധനയേക്കാൾ നന്മ നിറഞ്ഞതാണ്. അന്നം മുട്ടി ജീവിക്കുമ്പോഴും ഒരു ഹദീസെങ്കിലും പഠിക്കാൻ വേണ്ടി അനവധി ദൂരം സഞ്ചരിച്ച മഹത്തുക്കളുടെ പാദമുദ്രകൾ ഇന്നും മായാതെ കിടക്കുന്നുണ്ട്. വിജ്ഞാന പ്രസാരണത്തിനു വേണ്ടി രാപകലുകളില്ലാതെ യാത്ര ചെയ്ത ധീരന്മാരുടെ വിശുദ്ധിയുടെ കെടാത്ത വിളക്കുകൾ ഇന്നും വെളിച്ചം പരത്തുന്നുണ്ട്. പൂർവീകർ നടന്നുതീർത്ത വഴികൾക്ക് സൗരഭ്യം ഏറെയാണ്. അതിനെ പിന്തുടർന്ന് യാത്രയാരംഭിച്ച ഖാഫിലക്കൂട്ടങ്ങൾക്കും അതേ സൗരഭ്യമുണ്ട്.
ജ്ഞാനം വിളമ്പിയ പാനപാത്രവുമായി പ്രവാചകൻ കടന്നുവന്നപ്പോൾ കേൾക്കാൻ തുച്ഛം പേരെ ഉണ്ടായിരുന്നുള്ളൂ. അവർ പഠിച്ചു മിടുക്കരായി. നാനാ ദിക്കുകളിലേക്ക് പ്രബോധകരായി സഞ്ചാരം നടത്തി. നവതലമുറയുടെ പ്രകാശങ്ങൾക്ക് തിരികൊളുത്തി. ആ വെളിച്ചത്തിരുന്ന് വിജ്ഞാനത്തിൻറെ പടുകൂറ്റൻ പാരമ്പര്യം ഉടലെടുത്തു. കറകളഞ്ഞ ഈമാനിന്റെ അടയാളങ്ങൾക്ക് പതിയെ ഭൂമിക ജന്മം നൽകി.
ആ പാരമ്പര്യത്തിന്റെ തണലിലും വെളിച്ചത്തിലും വേണം പുതുവര്‍ഷത്തിലേക്ക് കടക്കാന്‍, ജീവിതയാത്രയിലെ അതിരടയാളങ്ങൾക്ക് കെട്ടുറപ്പ് പകരാന്‍. പോയ വർഷത്തെ ശരി തെറ്റുകളെ തിരിച്ചറിഞ്ഞ്, വരാനിരിക്കുന്ന വർഷത്തിൻറെ ദിനചിര്യകളിലേക്ക് നമുക്ക് കടന്ന് ചെല്ലാം. അത് പരിഹരിക്കാൻ വേണ്ട തീരുമാനങ്ങളെടുക്കാം. ഉദയം കാണാൻ ഉറക്കമൊഴിക്കുന്നവരുടെ ജീവിതവും പോരാട്ടവും ഒന്നും വെറുതെയാവില്ല. അല്ലെങ്കിലും മറയാൻ തുടങ്ങുമ്പോഴാണല്ലോ എന്തിനെയും ആളുകൾക്ക് കാണാൻ കൊതി.
നമ്മുടെ സ്വപ്നങ്ങൾ നമ്മുടെ നിയോഗത്തിൻറെ ഭാഗമാണ്. സ്രഷ്ടാവ് നിശ്ചയിക്കുന്നത് പ്രകാരം അവ വരികയും പോകുകയും ചെയ്യും. ആ വഴി മുള്ളുകൾ നിറഞ്ഞതാണോ, മധുരമാർന്നതാണോ എന്ന് കണ്ടെത്തേണ്ടത് നമ്മുടെ നിശ്ചയങ്ങളാണ്. നമ്മുടെ കര്‍ത്തവ്യങ്ങളെല്ലാം പരമാവധി നിര്‍വ്വഹിക്കാം, അതാണല്ലോ നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബാക്കി നാഥനിലേക്ക് വിടാം, വരുന്നതെന്തും സന്തോഷത്തോടെ സ്വീകരിക്കാം, അങ്ങനെയെങ്കില്‍ അവയെല്ലാം നമുക്ക് പ്രതിഫലാര്‍ഹം തന്നെ.
മുഹർറം ഒരു ജീവിത ശുദ്ധീകരണത്തിനുള്ള മാസവും മാർഗവുമാണ്. ഹൃദയം ശുദ്ധമാകുന്നതോടെ പുതിയ പുലരികൾ സംശുദ്ധമാകുന്നു. ചിന്തകൾക്ക് നവമൂല്യങ്ങളും അർത്ഥങ്ങളും ഉടലെടുക്കുന്നു. ജീവിത വിജയത്തിൻറെ പാതകളിൽ ഒരു പഥികനായി നാം മാറേണ്ടതുണ്ട്. അതിനാവട്ടെ, ഈ പുതുവല്‍സരം.
Leave A Comment