നീ വായിക്കുക.. നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തില്‍...
ലോക ചരിത്രത്തെ തന്നെ മാറ്റി മറിച്ച വിശുദ്ധ ഖുര്‍ആന്‍, മാനവ ലോകത്തോട് ആദ്യം പറഞ്ഞത് ഇതായിരുന്നു. വായിക്കണമെന്ന ഉപദേശം.. വായിച്ചാല്‍ മാത്രം പോരാ.. അത് സൃഷ്ടിച്ച നാഥന്റെ നാമത്തിലാവണമെന്ന ഓര്‍മ്മപ്പെടുത്തലും..
എങ്ങനെ വായിക്കണമെന്ന ശൈലി നിര്‍ണ്ണയിച്ച ശേഷം, പിന്നീടങ്ങോട്ട് 23 വര്‍ഷം വായിക്കാനുള്ളതായിരുന്നു അവതരിച്ചതെല്ലാം. ആ ഗ്രന്ഥത്തിന്റെ പേര് തന്നെ വായന, വായിക്കപ്പെടുന്നത് എന്നര്‍ത്ഥമുള്ള ഖുര്‍ആന്‍ എന്ന് നിശ്ചയിക്കപ്പെട്ടതും അത് കൊണ്ട് തന്നെ. അതേ സമയം, ഏതൊരു ഗ്രന്ഥത്തെയും പോലെ, അവയിലെല്ലാമുപരി, ആ ഗ്രന്ഥം വായിക്കാന്‍ മാത്രമായിരുന്നില്ല, അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കൂടിയായിരുന്നു.
നാഥന്റെ നാമത്തിലുള്ള ആ വാനയവും അവയുടെ പ്രയോഗവല്‍ക്കരണവുമായിരുന്നു, ലോകം കണ്ട ഉത്തമ സമൂഹത്തെ വാര്‍ത്തെടുത്തത്. അതും, മനുഷ്യത്വവിരുദ്ധമായ സകല ജാഹിലിയ്യതുകളും നില നിന്നിരുന്ന ഒരു സമൂഹത്തിനകത്ത് നിന്ന്. ആ ഗ്രന്ഥവും അതിന്റെ വ്യാഖ്യാനമായ പ്രവാചകാധ്യാപനങ്ങളും മാത്രമടങ്ങുന്ന പാഠ്യപദ്ധതിയായിരുന്നു അതിനായി അവരില്‍ പ്രയോഗിക്കപ്പെട്ടത്.
വായിക്കേണ്ടത്, വായിക്കേണ്ട വിധം വായിച്ചാല്‍, അതിലൂടെ ലഭ്യമാവുന്ന അറിവ് പ്രവൃത്തി പഥത്തിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെട്ടാല്‍, ഏതൊരാളും ഏതൊരു സമൂഹവും മാതൃകാ വ്യക്തിത്വവും ഉത്തമ സമൂഹവുമായി പരിവര്‍ത്തിക്കപ്പെടും എന്ന പ്രാപഞ്ചിക സത്യത്തിന്റെ പ്രയോഗവല്‍ക്കരണം കൂടിയായിരുന്നു അത്.
വായനകള്‍ അവസാനിക്കുന്നിടത്ത്, മനുഷ്യ വളര്‍ച്ചയും അവസാനിക്കുന്നു, എന്ന് മാത്രമല്ല, ശേഷം സംഭവിക്കുന്നത് അധമത്വത്തിലേക്കും ജാഹിലിയ്യതിലേക്കുമുള്ള തിരിച്ച് നടത്തമായിരിക്കും. അവിടെയാണ്, വെറുപ്പും വിദ്വേഷവും ജനിക്കുന്നത്, അവിടെയാണ് അഹങ്കാരവും ജാഢകളും വന്നുചേരുന്നത്. അവിടെയാണ്, സമസൃഷ്ടികളെ കാണാനാവാതെ പോവുന്നത്... ഒറ്റവാക്കില്‍ പറഞ്ഞാല്‍, മനുഷ്യത്വത്തിന്റെ സുകുമാര ഗുണങ്ങളോരോന്നായി അപ്രത്യക്ഷമാവുന്നത്...
അത് സംഭവിക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം.. അതിനായി വായിച്ചുകൊണ്ടേയിരിക്കാം... നാഥന്റെ നാമത്തില്‍....
എല്ലാവര്‍ക്കും ഇസ്‍ലാം ഓണ്‍വെബിന്റെ വായനാദിനാശംസകള്‍...
Leave A Comment