തായ്‌വാൻ ദ്വീപിലെ റമദാൻ വിശേഷങ്ങൾ

ആദ്യ കാലത്ത് ആസ്ട്രൊനേഷ്യൻ ഗോത്ര ജനതയും പിന്നീട് ചൈനീസ്, ജപ്പാനീസ് വംശജരും കുടിയേറിപ്പാർത്തൊരു രാജ്യമാണ് തായ്‌വാൻ. ഏഷ്യയുടെ കിഴക്ക് ഭാഗത്ത്‌ ശാന്ത മഹാ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നൊരു കൊച്ചു ദ്വീപ്. ഭൂപ്രകൃതിയനുസരിച്ച് പടിഞ്ഞാറു ഭാഗം താരതമ്യേന സമതലവും കിഴക്ക് ഭാഗത്ത് കൂടുതൽ പർവ്വത നിരകളുമാണ്. അതുകൊണ്ട് തന്നെ, 'ഫൊർമോസ' എന്ന പേരിലും ഈ രാജ്യത്തെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഫൊർമോസ എന്ന ലാറ്റിൻ വാക്കിനർത്ഥം "ഭംഗിയുള്ളത്' 'മനോഹരമായത്' എന്നാണ്. പതിനാറാം നൂറ്റാണ്ടിന്റെ പകുതിയിൽ തായ്‌വാൻ സന്ദർശിച്ച ചില പോർച്ചുഗീസ് നാവികരാണ് സുന്ദരിയായ ഈ കൊച്ചു ദ്വീപിനെ ആദ്യമായി 'ഇൽഹ ഫൊർമോസ' (മനോഹരമായ ദ്വീപ്) എന്ന് നാമകരണം ചെയ്തത്. കാലാന്തരത്തിൽ വിവിധ രാജ്യങ്ങളുടെയും ഭരണാധികാരികളുടെയും തേർവാഴ്ച്ചയുടെ ഭാഗമെന്നോണം സ്പാനിഷ് ഫൊർമോസ, ഡച്ച് ഫൊർമോസ, റിപ്പബ്ലിക് ഓഫ് ഫൊർമോസ എന്നുമെല്ലാം പല രാജ്യക്കാരും വിളിപ്പേര് നൽകിയിട്ടുണ്ട്. 

പതിനേഴാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ ഡച്ച് ഭരണത്തിൽ നിന്നും ദ്വീപിനെ തിരിച്ചു പിടിക്കാൻ ചൈനീസ് പ്രവിശ്യൻ ഭരണാധികാരിയായിരുന്ന കോഷിംഗയുടെ സൈന്യത്തിലെ ചില മുസ്ലിം മത വിശ്വാസികളായ പട്ടാളക്കാരെയാണ് ആദ്യ മുസ്ലിം സമൂഹമായി ഇവിടെ ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയിൽ അര ശതമാനം പോലും ഇല്ലാത്തവരാണ് തായ്‌വാനിലെ മുസ്ലിം സമൂഹം. എണ്ണത്തിൽ കൂടുതൽ പേരും ഖൂദൂ (Huízú) വംശത്തിലുള്ളവരാണ്. ചൈന, മ്യാൻമാർ, തായ്‌ലന്റ് പോലുള്ള രാജ്യങ്ങളിൽ നിന്നും കുടിയേറിപ്പാർത്തവർക്ക് പുറമെ, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ചില ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുപോലും പഠനവും, ഉപജീവന മാർഗവുമായി രാജ്യ ജനസംഖ്യയുടെ മൂന്നിരട്ടി മുസ്ലിംങ്ങൾ ഇന്നിവിടെ കഴിഞ്ഞു പോകുന്നു. 1947-ലാണ് ആദ്യ മുസ്ലിം പള്ളി തായ്‌പേയിൽ നിർമിക്കുന്നത്. പിന്നീട്, മത പരമായും സാമൂഹികമായുമുള്ള മുസ്ലിം അസ്തിത്വം നിലനിർത്തുന്നതിന്റെ ഭാഗമായി ഏഴ് മസ്ജിദുകൾ കൂടി രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിർമ്മിക്കപ്പെട്ടു. തത്ഫലമായി, ചിന്നിച്ചിതറികഴിഞ്ഞിരുന്ന വിശ്വാസി സമൂഹം മതാചാരങ്ങളോടും അനുഷ്ഠാനങ്ങളോടും കൂടി പരസ്പരം അടുത്തിടപഴകാൻ കാരണമായി. ഓരോ വര്‍ഷവും നാമമാത്ര വളർച്ചയിലുള്ള ഇവിടുത്തെ ഇസ്‌ലാംമത വിശ്വാസികൾ പരമ്പരാഗത അഹ് ലുസ്സുന്നത്തു വൽ ജമാഅത്തിന്റെ ആശയങ്ങൾ പിന്തുടരുന്നവരാണ്. ഭൂരിപക്ഷവും ഹനഫി ചിന്താധാര ഉൾക്കൊള്ളുന്നവരാണെങ്കിലും ചില പ്രദേശങ്ങളിൽ ഷാഫി ചിന്താധാരയിൽ ജീവിക്കുന്നവരേയും കാണാൻ സാധിക്കും.

തായ്‌വാനിലെ ഇസ്‌ലാം മത നേതൃത്വം ആദ്യകാലത്ത് ചൈനയിൽ നിന്ന് വന്ന ഇമാമുമാരുടേതും ഷെയ്‌ഖുമാരുടേതുമാണ്. പിന്നീടവരുടെ പിൻ തലമുറക്കാർ വിഖ്യാതമായ അൽ അസ്ഹർ യൂണിവേഴ്സിറ്റി പോലോത്ത വിവിധ രാജ്യങ്ങളിലെ പ്രമുഖ ഇസ്‌ലാമിക സ്ഥാപനങ്ങളിൽ പോയി മതവിദ്യാഭ്യാസം നേടിയവരായി, ഈ രാജ്യത്തിന്റെ പല ഭാഗത്തും പള്ളികളിലും മദ്രസ്സകളിലുമായി പ്രബോധനം നടത്തുന്നുണ്ട്. സാധാരണ നമ്മുടെ കേരളത്തിലെ പോലെ മത പ്രഭാഷണങ്ങളോ, ഖുർആൻ ക്‌ളാസ്സുകളോ ഇവിടെ കാണാൻ സാധിക്കില്ല. ഉച്ചഭാഷിണികളിലൂടെയുള്ള ബാങ്കൊലികൾ പോലും പള്ളിയുടെ പുറത്തുള്ളവർക്ക് ശ്രവിക്കാൻ കഴിയുന്നത് വളരെ വിരളമാണ്. രാജ്യ തലസ്ഥാനമായ തായ്‌പേയിൽ വെച്ച് ചൈനീസ് മുസ്ലിം അസോസിയേഷനും തായ്‌വാൻ ടൂറിസം വകുപ്പും ചേർന്നൊരുക്കുന്ന വിരലിലെണ്ണാവുന്ന കുറച്ചു പരിപാടികളിലൂടെ മാത്രമാണ് മറ്റുള്ളവർക്ക് ഇസ്‌ലാമിനെക്കുറിച്ച് അറിയാൻ കഴിയുന്നത്. ആയതിനാൽ, വെള്ളിയാഴ്ചകളിലെ ജുമുഅ ഒത്തുകൂടലും അവധിക്കാലങ്ങളിലെ ചെറിയ കൂട്ടായ്മകളും, വിദ്യാർത്ഥികൾക്കുള്ള പ്രത്യേക ഖുർആൻ പാരായണ കൂട്ടായ്മകളുമെല്ലാം ഇവരുടെ വിശ്വാസ വളർച്ചക്ക് വളരെ മുതൽക്കൂട്ടാണ്.

മുസ്ലിം ജനസംഖ്യാനുപാതം വളരെ കുറവായതിനാൽ ഇതര മതസ്ഥരുമായി കൂടുതൽ സമ്പർ‍ക്കം പുലർത്തുന്നതിലുപരി ബഹുസ്വരമായ ഒരു സാമൂഹിക സാഹചര്യത്തിന്റെ അതിപ്രസരത്തിലാണ് പലപ്പോഴും തായ്‌വാനിലെ മുസ്‌ലിം സമൂഹം ജീവിച്ച് പോരുന്നത്. വളരെ ക്ഷമാശീലരും, മിത ഭാഷികളുമായ ഈ ജനത കൂടുതലും ബുദ്ധ മതവും, ചൈനീസ് പാരമ്പര്യ വിശ്വാസ (Taoism പോലുള്ള) രീതികളുമാണ് പിന്തുടരുന്നത്. അതിനിടയിൽ 20 ശതമാനത്തിനടുത്ത് വരുന്നവർ നിരീശ്വര പ്രത്യയ ശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരുമാണ്. മുസ്ലിങ്ങളിലെ ഭൗതിക വിദ്യാഭ്യാസത്തിന്റെ കുത്തൊഴുക്കും, മത വിദ്യാസ ദൗർലഭ്യവും മൂലം പുതു തലമുറയിൽ മത പരമായ അനുഷ്ടാങ്ങൾ ഏറെ പിറകോട്ടടിക്കുന്നത് വസ്തുതയാണ്. അതിലുപരി, പാശ്ചാത്യ സംസ്കാര-ജീവിത രീതികളുടെ കടന്ന് വരവും, അറിവില്ലായ്മകൊണ്ട് ബുദ്ധിസത്തിന്റെയും കൺഫ്യൂഷനലിസത്തിന്റെയും ചില വിശ്വാസ പ്രമാണങ്ങളുമായുള്ള കൂട്ടിക്കുഴക്കലുകളുമെല്ലാം ഇവിടങ്ങളിൽ മത പരമായ ചൈതന്യം കുറക്കുന്നുണ്ടെന്നത് പല നിരീക്ഷണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. മതാചാരങ്ങള്‍ പിന്തുടരുന്ന മുസ്‌ലിംകളുടെ ജീവിത ശൈലിയെ 'അറേബ്യൻ വത്കരണം' എന്ന് പറയുന്നവർ മുസ്ലിങ്ങളിൽ തന്നെ ഇവിടെയുണ്ട്. ചിലർ തങ്ങളുടെ മക്കൾ വലുതാവുമ്പോൾ താല്പര്യമുണ്ടെങ്കിൽ അവർ മതം തിരഞ്ഞെടുക്കട്ടെയെന്ന് പറയുന്നതും നമുക്ക് കാണാൻ സാധിക്കും.

അതേ സമയം, ഇസ്‌ലാം വിശ്വാസം തായ്‌വാനിലെ ചില കുടുംബങ്ങളിലെങ്കിലും വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുമുണ്ട് എന്നാണ് ജനങ്ങളുമായി ഈയുള്ളവൻ നടത്തിയ സമ്പർക്കത്തിന്റെയും നിരീക്ഷണത്തിന്റെയും ഫലമായി മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. എങ്കിലും, ഈ സമൂഹത്തിന്റെ ഉത്ഭവ ചരിത്രത്തെക്കുറിച്ചും, പല കാലഘട്ടങ്ങളിലും വിവിധ രാജ്യക്കാരോട് സ്വന്തം അസ്തിത്വം മുറുകെ പിടിക്കാൻ പോരാടിയതിനെക്കുറിച്ചുമെല്ലാം വ്യക്തമായ പഠനങ്ങൾ‍ ഇനിയും നടക്കേണ്ടതുണ്ട്. ദ്വീപിലെ മുസ്‌ലിം ജന സംഖ്യയിൽ‍ കൂടുതലും പുതുമുസ്ലിങ്ങളും, മത നിയമങ്ങളെക്കുറിച്ച് അജ്ഞതയുള്ളവരുമായതിനാൽ ഇവിടുത്തെ ഇസ്‌ലാമിക മുന്നേറ്റങ്ങൾ‍‍ക്ക് വേഗതയും വൈജ്ഞാനികമായ പിന്തുണയും വളരെ കുറവാണ്.

ഫൊർമോസയിലെ റമദാൻ ദിനങ്ങൾ 

അന്ന പാനീയങ്ങളെല്ലാം സുബ്ഹി മുതൽ സൂര്യാസ്തമയം വരെ വർജ്ജിച്ച്, മനുഷ്യന്റെ ആസക്തികളെയും സ്വഭാവ ദൂഷ്യങ്ങളെയും ഉന്മൂലനം ചെയ്യലാണല്ലോ ഇസ്‌ലാംമത പ്രത്യയ ശാസ്ത്രത്തിലെ നോമ്പ്. വിശുദ്ധ ഖുര്‍ആൻ പാരായണമാണ് റമളാനിലെ ഫൊർമോസയിലെ മുസ്ലിങ്ങൾ കൂടുതൽ ചെയ്യുന്ന ഒരു പുണ്യകർ‍മം. വീടുകളിലും പള്ളികളിലും ഉയരുന്ന ഖുർ‍ആൻ വചനങ്ങളാണ് ഇതര മാസങ്ങളിൽ‍ നിന്ന് പരിശുദ്ധ റമളാനിനെ ദ്വീപിലെ ജീവിതത്തിൽ കൂടുതൽ അന്വർത്ഥമാക്കുന്നത്. വിദ്യാർത്ഥികളും തൊഴിലാളികളുമെല്ലാം ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് കാണാവുന്നതാണ്. ശാന്ത മഹാ സമുദ്രത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഫൊർമോസയിലെ ഏത് കാലാവസ്ഥയിലും ചെറിയ കുട്ടികളടക്കം നോമ്പനുഷ്ഠിക്കുന്ന കാഴ്ച വിശ്വാസികളല്ലാത്ത പ്രദേശ വാസികൾക്ക് കൗതുകമാണ്. ഓരോ വർഷവും വിശുദ്ധ റമദാൻ ആഗതമാവുന്നതോടെ മുസ്‌ലിംകളുടെ പൊതുജീവിതത്തിൽ തന്നെ മാറ്റങ്ങൾ വരികയായി.

റമദാൻ മാസത്തിൽ, അയൽ ‍ വീടുകളിലും കുടുംബങ്ങളിലും നോമ്പ് തുറക്കാൻ പോവുന്ന പതിവുണ്ടല്ലോ നാം കേരളീയർക്ക്. എന്നാൽ ഇങ്ങനെയൊരു കാഴ്ച ഇവിടെ കാണുന്നത് വിരളമാണ്. നമ്മുടെ നാട്ടിൽ വീടുകളിലേക്ക് വേണ്ടപ്പെട്ടവരെയെല്ലാവരെയും നോമ്പ് തുറക്കാൻ ക്ഷണിക്കുന്നതും സൽക്കരിക്കുന്നതും വലിയ പുണ്ണ്യപ്രവർത്തിയായിട്ടാണ് നാം കണക്കാക്കുന്നത്. പലപ്പോഴും ഇവ മത്സര ബുദ്ധിയോടെ നടത്തുന്നതും, അതുവഴി ഭക്ഷണം പാഴാക്കുന്നതും നാം സാക്ഷികളായിട്ടുണ്ടാവാം. പക്ഷെ, ഇവിടുള്ളവർ മറ്റൊരു രീതിയിലാണ് ഓരോ ഇഫ്താറുകളും നോക്കിക്കാണുന്നത്. മക്കളെയും പേര മക്കളെയും കൂട്ടി കുടുംബസമേതം ഓരോ ദിവസവും കിലോമീറ്ററുകൾ സഞ്ചരിച്ചാണ് നോമ്പ് തുറക്കാൻ പള്ളികളിലെത്തിചേരുന്നു. പിന്നീടവർ സുദീർഘമായ തറാവീഹ് നമസ്കാരാനന്തരമാണ് വീട്ടിലേക്ക് മടങ്ങുന്നത്. ഇവിടെ സ്ത്രീകൾക്ക് നിസ്കരിക്കാനുള്ള സൗകര്യം പ്രത്യേകം എടുത്ത് പറയേണ്ടതുമാണ്.

ഇഫ്താർ സമയത്ത് വളരെ വിപുലമായ രീതിയിൽ ചൈനീസ്-ഇന്തോനേഷ്യൻ-തായ്‌വാൻ ഭക്ഷണങ്ങളെല്ലാം പള്ളിയിൽ തന്നെ പാചകം ചെയ്യുന്നു. പള്ളിയുടെ തൊട്ടടുത്ത് വസിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാധാരണക്കാരും, ഉദ്യോഗാർത്തികളും വിദ്യാര്ഥികളുമെല്ലാം ചേർന്നുകൊണ്ടാണ് ഇഫ്താർ വിഭവങ്ങളുണ്ടാക്കുന്നത്. മഗ്‌രിബ് നമസ്കാരാനന്തരം മുതിർന്നവർ അത് വിളമ്പി നൽകുമ്പോൾ ചെറിയൊരു ഗൃഹാതുരത്വവും അനുഭവപ്പെടുന്നു. ദാന ധർമ്മങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നൊരു മാസം കൂടിയാണല്ലോ റമദാൻ. അതിനാൽ പലരും വീടുകളിൽ നിന്നും എണ്ണക്കടികളും, മറ്റു പലഹാരങ്ങളുമെല്ലാം പാകം ചെയ്ത് പള്ളിയിലേക്ക് കൊണ്ട് വരാറുമുണ്ട്. അതേ സമയം ആവശ്യക്കാർ‍ക്കനുസരിച്ചുള്ള ഹലാൽ മാംസാഹാരം തായ്‌വാൻ നഗരങ്ങളിൽ ലഭ്യമല്ല. ഇത് മാംസാഹാരം കഴിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രയാസമുണ്ടാക്കാറുണ്ട്. എങ്കിലും വിദ്യാർത്ഥികൾക്കും, സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തവർക്കുമെല്ലാം ഈ ഇഫ്താർ വളരെ ഉപകാരപ്രദമാണ്.

മുസ്ലിം സമൂഹത്തിന്റെ ആചാരങ്ങളെയും പ്രാർത്ഥനകളെയും നോമ്പിനെക്കുറിച്ചുമെല്ലാം വ്യത്യസ്ത പ്രത്യയ ശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന അനേകം പേർ റമദാൻ കാലത്താണ് കൂടുതൽ മനസ്സിലാക്കാനായി പള്ളികളിലേക്ക് കടന്നുവരുന്നത്. വിവിധ സംഘടന പ്രവർത്തകരും, വിദ്യാർത്ഥികളും, ബ്ലോഗ് എഴുത്തുകാരും, പത്ര-ദൃശ്യ മാധ്യമ പ്രവർത്തകരുമെല്ലാം ഇക്കൂട്ടത്തിലുണ്ടാവും. പ്രഭാതത്തിലുണർന്ന് സക്രിയമാവാനും ഉണർവ്വുള്ള സമൂഹത്തെ നിർമ്മിച്ചെടുക്കാനും റമദാൻ പരിശീലനം നൽകുന്നതെന്ന് ഇവർക്കും നിരീക്ഷിക്കാൻ കഴിയുന്നു. കൂടുതൽ ഭൗതിക താൽപര്യങ്ങളൊഴിവാക്കിയും സമൂഹ മാധ്യമങ്ങളിലെ അതിപ്രസരണങ്ങളിൽ നിന്ന് വിട്ടു നിന്നും യുവ തലമുറ കൂടുതൽ ആത്മീയത കൈവരിക്കാറുണ്ടെന്നത് ദിനേന പള്ളികൾ സന്ദർശിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയും. ഒരു മാസത്തെ വ്രതം പൂർത്തീകരിക്കുന്നതിലൂടെ ഈദ് ആഘോഷിക്കുന്നതിനു മുൻപായി ഫിത്വർ സകാത്ത് നൽകുന്നു.

ഓരോ നാട്ടിലും ഭക്ഷിക്കുന്ന മുഖ്യ ധാന്യമാണല്ലോ സകാത്തായി നൽകുന്നത്. എന്നാൽ ഇവിടുള്ളവർ സാമ്പത്തികമായി ഇത്തിരി മുന്നാക്കം നിൽക്കുന്നവരാണ്. കൂടുതലും ഇവിടുള്ളവരെല്ലാം പള്ളികളിൽ അവരുടെതായ സകാത്തിന്റെ വിഹിതം ഒരുമിച്ച് കൂട്ടി പാവപ്പെട്ടവരുടെ രാജ്യങ്ങളിലേക്കാണ് നൽകാറുള്ളത്. അങ്ങനെ ദ്വീപിൽ അന്നേ ദിവസം പട്ടിണിയില്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷമാണ് അവർ ഈദ് ആഘോഷിക്കാൻ പോകുന്നത്. സാമൂഹിക ക്ഷേമത്തിന്റെയും ഐക്യത്തിന്റെയും ഹൃദയ സംസ്കരണത്തിന്റെയും സഹജീവികളോടുള്ള കാരുണ്യത്തിന്റെയും മൂല്യത്തെ ഓർമിപ്പിക്കുന്നതാണ് ഇവിടുത്തെ റമസാനിന്റെ സാമൂഹിക സന്ദേശം. ഓരോ റമദാൻ വർഷാരംഭത്തിലും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും കേൾക്കുന്ന ഒട്ടും ശുഭകരമല്ലാത്ത ഇസ്‌ലാമോഫോബിയയുടെ വാർത്തകൾക്കിടയിലും ചൈനീസ് ഭാഷ സംസാരിക്കുന്ന ഈ കൊച്ചു ഫൊർമോസയിലെ ജീവിതാനുഭവം ഹൃദ്യമാണ്.

(ലേഖകൻ തായ്‌വാനിലെ ചാങ് യാൻ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥിയാണ്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter