ഇന്ത്യന്‍ മുസ്‍ലിംകളോട് രണ്ട് കാര്യം

ഇന്നത്തെ ജുമുഅക്ക് ശേഷം, ദോഹയിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് പള്ളിയിലെ ഇമാം, പ്രവാചക നിന്ദയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മുസ്‍ലിംകള്‍ക്ക് നല്കിയ സന്ദേശം
എന്റെ ഇന്ത്യക്കാരായ സുഹൃത്തുക്കളേ, 
പ്രവാചകരെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നിങ്ങളുടേത് പോലുള്ള ഒരു രാജ്യത്ത് നിന്ന് കേള്‍ക്കേണ്ടിവരുന്നതില്‍ ഞങ്ങള്‍ക്ക് സങ്കടമുണ്ട്. ഈ സാഹചര്യത്തില്‍ രണ്ട് കാര്യങ്ങളാണ് എനിക്ക് നിങ്ങളെ ഉണര്‍ത്താനുള്ളത്.
ഒന്ന്, പ്രവാചകരെ അപകീര്‍ത്തിപ്പെടുത്തുന്നത് നമുക്കെല്ലാം ഏറെ സങ്കടകരമാണ്, ഒരിക്കലും ഒരു വിശ്വാസിക്കും അത് സഹിക്കാനാവില്ല. അതേ സമയം, ഇന്ത്യന്‍ മുസ്‍ലിംകളെ സംബന്ധിച്ചിടത്തോളം, സന്തോഷകരമായ ഭാവിയിലേക്കുള്ള പ്രതീക്ഷകളായി ഇതിനെ കാണാവുന്നതാണ്. കാരണം, നമ്മുടെ ആദ്യനൂറ്റാണ്ടുകളിലെ പോരാളികളായിരുന്ന പലരും പറഞ്ഞുതരുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. അവര്‍ പറയുന്നു, യുദ്ധങ്ങളുടെ ഭാഗമായി ശത്രുപക്ഷത്തെ ഉപരോധിച്ച് ദിവസങ്ങളോളം ചെലവഴിച്ച് ഞങ്ങള്‍ നിരാശയുടെ വക്കത്തെത്തിയ പല സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. ആ സമയത്താകും അകത്തുള്ളവരില്‍നിന്ന് പ്രവാചകരെ ആക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ചില പരാമര്‍ശങ്ങളുണ്ടാവുക. അത്തരം പരാമര്‍ശങ്ങളുണ്ടാവുമ്പോള്‍, വല്ലാത്ത ദേഷ്യവും ആത്മരോഷവും അനുഭവപ്പെട്ടിരുന്നെങ്കിലും, അതിനെ തുടര്‍ന്ന് വൈകാതെ വിജയം കൈവരിക്കാനായിരുന്നത് ഞങ്ങളുടെ പതിവ് അനുഭവമായിരുന്നു. പ്രവാചകരെ അപകീര്‍ത്തിപ്പെടുത്തിയ ഒരു സമുദായവും അധികകാലം അപരാജിതരായി നിലകൊണ്ടിട്ടില്ലെന്നതാണ് ഞങ്ങളുടെ അനുഭവം. അത് കൊണ്ട് തന്നെ, അവരുടെ ഭാഗത്ത് നിന്ന് അത്തരം വല്ല പരാമര്‍ശവുമുണ്ടായാല്‍, വൈകാതെ എത്തുന്ന വിജയത്തിന്റെ സൂചനയായാണ് ഞങ്ങള്‍ അതിനെ കണ്ടിരുന്നത്.
മുസ്‍ലിംകളെ ലക്ഷ്യം വെച്ചുള്ള ഒട്ടേറെ നീക്കങ്ങള്‍ ഇന്ത്യയിലെ ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അവക്കെല്ലാം വൈകാതെ ഒരു പരിഹാരമാവുമെന്നതിന്റെ സൂചനയായി നിങ്ങള്‍ക്കിതിനെ കാണാവുന്നതാണ്. 
രണ്ടാമതായി, രാജ്യത്ത് നിങ്ങള്‍ ന്യൂനപക്ഷമാണെങ്കിലും ലോകത്ത് ഏറ്റവും മുസ്‍ലിംകള്‍ താമസിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. തീവ്രഹിന്ദുക്കളടക്കമുള്ള അവിടെയുള്ള ഇതര മതസ്ഥര്‍ക്ക് ഇസ്‍ലാമിനെയും പ്രവാചകരെയും വേണ്ടവിധം പരിചയപ്പെടുത്തിക്കൊടുക്കേണ്ട ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ട്. 
പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റി വെച്ച്, എല്ലാവരും ഇതേ പ്രവാചകരുടെ അനുയായികളാണെന്ന വലിയ സത്യം ഉള്‍ക്കൊള്ളുക. ആദ്യമായി സ്വജീവിതം കൊണ്ട് നിങ്ങളെല്ലാം പ്രവാചകനെ പിന്തുടരുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയും ജീവിതത്തിലൂടെയും അവര്‍ പ്രവാചകനെ ദര്‍ശിക്കട്ടെ. ശേഷം, പ്രവാചകജീവിതം എത്രമാത്രം മനോഹരമായിരുന്നുവെന്നും ആ മഹദ് ജീവിതം മനുഷ്യകുലത്തിന് തന്നെ അനുഗ്രഹമായിരുന്നുവെന്നും ഈ പ്രവാചകന്‍ മുസ്‍ലിംകളുടേത് മാത്രമല്ല, എല്ലാവര്‍ക്കും വേണ്ടി അല്ലാഹു നിയോഗിച്ച തിരുവെളിച്ചമാണെന്നും അവരെ ബോധ്യപ്പെടുത്തുക. 
നാളെ അല്ലാഹുവിന്റെ മുമ്പിലെത്തുമ്പോള്‍, എന്തേ നീ പ്രവാചകരെ അവഹേളിച്ചത് എന്ന് അല്ലാഹു ചോദിക്കുമ്പോള്‍, എനിക്ക് ആ പ്രാവചകനെ കുറിച്ച് അറിയില്ലായിരുന്നു എന്ന മറുപടിയാണ് അവര്‍ പറയുന്നതെങ്കില്‍, അതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്ക് തന്നെയായിരിക്കും. അത് കൊണ്ട്, സ്വജീവിതം കൊണ്ടും നല്ല സന്ദേശങ്ങളിലൂടെയും പ്രവാചകരെ പരമാവധി പരിചയപ്പെടുത്താന്‍ അവസരങ്ങളുണ്ടാക്കുക. 
അകല്‍ച്ചയും പരസ്പര വൈര്യവും ഒന്നിനും പരിഹാരമല്ല. സ്നേഹത്തോടെയുള്ള അടുത്തറിയലുകളാണ് എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം. അതിന് മുന്‍കൈയ്യെടുക്കേണ്ടത് നിങ്ങളാണ്. അതോടെ, അവര്‍ ഇസ്‍ലാമിനെയും പ്രവാചകരെയും മനസ്സിലാക്കും. അടുത്തറിഞ്ഞാല്‍ ആര്‍ക്കും തന്നെ സ്നേഹിക്കാതിരിക്കാനാവില്ല, എല്ലാം തികഞ്ഞ ആ മഹാപരിഷ്കര്‍ത്താവിനെ, തീര്‍ച്ച. നാഥന്‍ തുണക്കട്ടെ, ആമീന്‍.
വിവര്‍ത്തനം- മജീദ് ഹുദവി പുതുപ്പറമ്പ്

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter