വീണ്ടും ഒരു വിമോചന സമരത്തിന് സമയമാവുന്നുവോ

സ്വാതന്ത്ര്യത്തിന്റെ 79-ാം വാര്‍ഷികം ആഘോഷിക്കുകയാണ് നമ്മുടെ മാതൃരാജ്യമായ ഭാരതം. രണ്ട് നൂറ്റാണ്ടിലേറെ നീണ്ടുനിന്ന ബ്രിട്ടീഷുകാരുടെ വൈദേശികാധിപത്യത്തില്‍നിന്ന് മുക്തമായി ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമായി ഇന്ത്യമാറിയത്, 1947 ആഗസ്റ്റ് 15നായിരുന്നു.

ആ സ്വാതന്ത്ര്യം വെറുതെ ലഭിച്ച ആരുടെയോ ഔദാര്യമായിരുന്നില്ല, മറിച്ച്, ജീവനും സ്വത്തും സര്‍വ്വസ്വവും ബലി കഴിച്ച് ലക്ഷക്കണക്കിന് പേര്‍ നടത്തിയ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സമരസംഘട്ടനങ്ങളുടെ ഫലമായിരുന്നു അത്. ചരിത്രത്തില്‍ പേര് ഇടം പിടിച്ച ഏതാനും നേതാക്കളുടെ കീഴില്‍ എവിടെയും പേരോ പൊലിമയോ ഇല്ലാത്ത, പറച്ചിലുകളോ പരാമര്‍ശങ്ങളോ ആഗ്രഹിക്കുക പോലും ചെയ്തിട്ടില്ലാത്ത, അനേകം പച്ച മനുഷ്യരുടെ ജീവനും രക്തവും ആയുസ്സും ആരോഗ്യവുമാണ്, നാം ഇന്ന് ആസ്വദിക്കുന്ന സ്വാതന്ത്ര്യം. 

അച്ചനമ്മമാര്‍ കൊണ്ട വെയിലാണ് മക്കള്‍ ആസ്വദിക്കുന്ന തണലെന്ന് പറയുന്നത് പോലെ, നമ്മുടെ പൂര്‍വ്വഗാമികളും പ്രപിതാക്കളും സഹിച്ച ത്യാഗവും അവര്‍ നടത്തിയ സമരങ്ങളും അനുഭവിച്ച പീഢനങ്ങളുമാണ് ഇന്ന് നാം സ്വാതന്ത്ര്യമായി ആസ്വദിക്കുന്നതും ആഘോഷിക്കുന്നതും. 

ബ്രിട്ടീഷുകാരന്റെ കൈകളില്‍നിന്ന് രാഷ്ട്രഭരണം ഇന്ത്യക്കാരന്റെ കൈകളിലെത്തിയത് കൊണ്ട് മാത്രം സ്വാതന്ത്ര്യമാവുമെന്ന് ബുദ്ധിയുള്ള ആരും ധരിച്ചിരുന്നില്ല. സ്വാതന്ത്ര്യസമരശ്രമങ്ങള്‍ക്കിടയിലും ജാതീയതക്കെതിരെ സമരം നടത്തുകയായിരുന്ന അംബേദ്കറോട്, നിങ്ങളുടെ ഈ ചെയ്തികള്‍ നമ്മുടെ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് കാലതാമസം വരുത്തുമെന്ന് പറഞ്ഞ ഗാന്ധിജിയോട് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, ഗാന്ധിജീ, ഞങ്ങള്‍ക്ക് നിങ്ങളീ പറയുന്ന മാതൃരാജ്യമെന്നത് ഇല്ല തന്നെ. പട്ടികളേക്കാളും പൂച്ചകളേക്കാളും ദയനീയമാണ് ഇവിടെ ഞങ്ങളുടെ അവസ്ഥ. സ്വതന്ത്രമായി വഴി നടക്കാനോ, പൊതു കിണറുകളില്‍നിന്ന് വെള്ളം കുടിക്കാനോ മറ്റുള്ളവരെ പോലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനോ, പൊതുസ്ഥലങ്ങളിലൂടെ വഴി നടക്കാന്‍ പോലുമോ അവകാശമില്ലാത്ത ഈ നാട്, എങ്ങനെയാണ് ഞങ്ങളുടെ മാതൃരാജ്യമാവുക.

ഇന്ത്യക്കാരനായി ജനിച്ച ഓരോ വ്യക്തിക്കും തുല്യമായ നീതിയും സ്വാതന്ത്ര്യവും അവകാശവും ഉറപ്പാക്കാനാകുമ്പോഴാണ് ഇന്ത്യ യഥാര്‍ത്ഥ സ്വതന്ത്ര രാജ്യമാവുന്നത്. സ്വാതന്ത്ര്യം നേടി 8 മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും നമുക്ക് ആ ലക്ഷ്യത്തിലെത്താന്‍ ആയില്ലെന്ന് മാത്രമല്ല, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നാം കൂടുതല്‍ പിന്നോട്ട് നടക്കുകയാണ്. 

ഏറ്റവും അവസാനമിതാ, സ്വതന്ത്രജനാധിപത്യരാജ്യത്തിന്റെ അടിസ്ഥാന ശിലയായ വോട്ടവകാശത്തില്‍ പോലും കളവും വഞ്ചനയും നടന്ന വാര്‍ത്തകളാണ് തെളിവുകളുടെ പിന്‍ബലത്തോടെ നമ്മുടെ മുന്നിലെത്തിയിരിക്കുന്നത്. ഭരണകൂടവും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരു പോലെ സമ്മര്‍ദ്ദത്തിലായിരിക്കുന്ന വേളയിലാണ് നാം രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.

ഒന്നോ രണ്ടോ തലമുറകള്‍ പ്രയാസങ്ങളും പീഢനങ്ങളും സഹിക്കുകയും ത്യാഗങ്ങള്‍ ചെയ്യുകയും ചെയ്യുമ്പോഴാണ് വരുന്ന തലമുറകള്‍ക്ക് സ്വസ്ഥമായ ജീവിതം സാധ്യമാവുന്നത്. അത് പലപ്പോഴും ഒന്നോ രണ്ടോ മൂന്നോ തലമുറകള്‍ക്ക് മാത്രമേ ലഭ്യമാവൂ എന്നതാണ് പൊതുവായ ലോകചരിത്രം നമ്മോട് പറയുന്നത്. അത്തരം സാഹചര്യങ്ങളില്‍ തുടര്‍ന്ന് വരുന്ന തലമുറയും ത്യാഗാര്‍പ്പണത്തിന് തയ്യാറായാല്‍ മാത്രം, നഷ്ടപ്പെട്ട സ്വൈര്യജീവിതവും സ്വസ്ഥതയും തിരിച്ച് പിടിക്കാനാവൂ. 

ഇന്ത്യയുടെ കാര്യത്തിലും ഈ പ്രാപഞ്ചിക സത്യം പുലരുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വീണ്ടും ഒരു സ്വാതന്ത്ര്യസമരത്തിനും വിമോചന പോരാട്ടത്തിനും സമയമായിട്ടുണ്ടെങ്കില്‍, നിലവിലെ തലമുറ അത് നടത്തിയേ മതിയാവൂ. എങ്കിലേ, നാം ഇത് വരെ ആസ്വദിച്ചതും അനുഭവിച്ചതും വരും തലമുറകള്‍ക്കും ബാക്കിയാവൂ. അതായിരിക്കട്ടെ ഈ സ്വാതന്ത്ര്യദിനത്തിലെ സന്ദേശം. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter