ഇമോഷണൽ ഇന്റലിജൻസ്: പ്രവാചകജീവിതത്തിലെ പാഠങ്ങൾ

നാം ജീവിക്കുന്നത് വൈരുദ്ധ്യങ്ങളുടെ ഒരു കാലഘട്ടത്തിലാണ്. വിരൽത്തുമ്പിൽ ലോകത്തെ മുഴുവൻ ബന്ധിപ്പിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യകൾ ഒരു വശത്ത് കുതിക്കുമ്പോൾ, മറുവശത്ത് മനുഷ്യൻ എന്നത്തേക്കാളുമേറെ ഒറ്റപ്പെട്ടും മാനസികമായി തളർന്നും പോകുന്നു. ഗ്ലോബൽ വില്ലേജ് [ആഗോളഗ്രാമം] എന്ന് നാം വിശേഷിപ്പിക്കുന്ന ഈ ലോകത്ത്, വ്യക്തികൾ തങ്ങളുടെ ഉള്ളിലേക്ക് മാത്രം ചുരുങ്ങുകയും അർത്ഥമില്ലായ്മയുടെയും ലക്ഷ്യബോധമില്ലായ്മയുടെയും നീണ്ട ഇടനാഴികളിൽ അലയുകയും ചെയ്യുന്നു. ഉത്കണ്ഠ (Anxiety), വിഷാദം (Depression), മാനസികമായ തളർച്ച (Burnout), അസ്തിത്വപരമായ ശൂന്യത (Existential Vacuum) തുടങ്ങിയ പദങ്ങൾ മനഃശാസ്ത്രജ്ഞരുടെ നിഘണ്ടുവിൽ നിന്ന് സാധാരണ സംഭാഷണങ്ങളിലേക്കും ദൈനംദിന ജീവിതത്തിലേക്കും ചേക്കേറിയിരിക്കുന്നു.

ഈ പ്രതിസന്ധികളെ മറികടക്കാൻ ആധുനിക ലോകം പല പരിഹാരങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. മൈൻഡ്ഫുൾനസ്, മെഡിറ്റേഷൻ, കൗൺസിലിംഗ്, മോട്ടിവേഷണൽ സെമിനാറുകൾ എന്നിവയെല്ലാം ഒരു പരിധി വരെ ആശ്വാസം നൽകുന്നുമുണ്ട്. എന്നാൽ പലപ്പോഴും ഇവ രോഗലക്ഷണങ്ങളെയാണ് ചികിത്സിക്കുന്നത്, രോഗത്തിന്റെ മൂലകാരണത്തെയല്ല. പുറമെയുള്ള മുറിവുകൾക്ക് മരുന്ന് വെക്കുമ്പോൾ, ആഴത്തിലുള്ള ആത്മാവിന്റെ മുറിവുകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഇവിടെയാണ് നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ച, എന്നാൽ എക്കാലത്തേക്കുമുള്ള വെളിച്ചമായി മാറിയ പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ ജീവിതം പ്രസക്തമാകുന്നത്. അവരുടെ ജീവിതം കേവലം ഒരു ചരിത്ര പാരായണമോ അനുഷ്ഠാനങ്ങളുടെ വിവരണമോ അല്ല, മറിച്ച് മനുഷ്യന്റെ മാനസികവും വൈകാരികവും ആത്മീയവുമായ തലങ്ങളെ സമഗ്രമായി സമീപിക്കുന്ന ഒരു സമ്പൂർണ്ണ മനഃശാസ്ത്ര പദ്ധതിയാണ്.

മാനസിക കരുത്തിന്റെ അടിത്തറ: തൗഹീദും തവക്കുലും

പ്രവാചകന്റെ മാനസികാരോഗ്യ മാതൃകയുടെ അടിത്തറയും അതിന്റെ കേന്ദ്രബിന്ദുവും തൗഹീദ് (ഏകദൈവവിശ്വാസം) ആണ്. ആധുനിക മനുഷ്യന്റെ മാനസിക സംഘർഷങ്ങളുടെ ഒരു പ്രധാന കാരണം അവന്റെ ജീവിതത്തിന് ഒരു കേന്ദ്രീകൃതമായ അച്ചുതണ്ട് (Anchor) ഇല്ലാത്തതാണ്. അവന്റെ സന്തോഷവും സമാധാനവും പല ഘടകങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു - ജോലി, സമ്പത്ത്, സാമൂഹിക മാധ്യമങ്ങളിലെ അംഗീകാരം, വ്യക്തിബന്ധങ്ങൾ എന്നിങ്ങനെ പലതിലും. ഇവയിൽ ഏതെങ്കിലും ഒന്ന് നഷ്ടപ്പെടുമ്പോൾ അവന്റെ ലോകം തകരുന്നു. കാരണം, അവന്റെ ജീവിതം പണിതുയർത്തിയത് ഉറപ്പില്ലാത്ത പല തൂണുകളിലാണ്.

ഇവിടെയാണ് തൗഹീദ് ഒരു വിപ്ലവകരമായ ആശയം മുന്നോട്ട് വെക്കുന്നത്. ആരാധനയ്ക്കും അനുസരണത്തിനും പ്രാർത്ഥനയ്ക്കും അർഹൻ ഒരുവൻ മാത്രം എന്ന ആശയം, ചിതറിപ്പോയ മനസ്സിനെ ഒരു കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നു. ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും ആ ഏകനായ സ്രഷ്ടാവുമായി ബന്ധിപ്പിക്കുമ്പോൾ, ലൗകികമായ നഷ്ടങ്ങൾക്കോ നേട്ടങ്ങൾക്കോ ഒരുവന്റെ ആന്തരിക സമാധാനത്തെ പൂർണ്ണമായി തകർക്കാൻ കഴിയില്ല. കാരണം, അവന്റെ അന്തിമമായ ആശ്രയം മറ്റെന്തിനേക്കാളും വലുതും സ്ഥിരവുമാണ്. ഇതവന് അസ്തിത്വപരമായ സുരക്ഷിതത്വം (Existential Security)നൽകുകയും ചെയ്യുന്നു.

തൗഹീദുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് തവക്കുൽ (ദൈവത്തിലുള്ള പരിപൂർണ്ണമായ ഭരമേൽപ്പിക്കൽ). പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ആശയമാണിത്. തവക്കുൽ എന്നാൽ അലസമായിരുന്ന് എല്ലാം ദൈവത്തിൽ ഏൽപ്പിക്കലല്ല, മറിച്ച് തന്നാൽ കഴിയുന്ന എല്ലാ ശ്രമങ്ങളും ആത്മാർത്ഥമായി ചെയ്ത ശേഷം അതിന്റെ ഫലത്തെക്കുറിച്ച് ആകുലപ്പെടാതെ ദൈവത്തിൽ സമർപ്പിക്കലാണ്. ഒരു കർഷകന്റെ ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. നിലം ഉഴുതുമറിച്ച്, വിത്ത് വിതച്ച്, വെള്ളവും വളവും നൽകേണ്ടത് കർഷകന്റെ ഉത്തരവാദിത്തമാണ് (ശ്രമം). എന്നാൽ മഴ പെയ്യിക്കുന്നതും വിളവ് നൽകുന്നതും അവന്റെ നിയന്ത്രണത്തിലല്ല (ഫലം). പ്രവാചകന്റെ ജീവിതം ഈ തത്വത്തിന്റെ ഏറ്റവും മികച്ച പ്രായോഗിക രൂപമായിരുന്നു. ഹിജ്റ പോകുമ്പോൾ ശത്രുക്കൾ കാണാതിരിക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും അവിടുന്ന് എടുത്തു. എന്നിട്ടും സൗർ ഗുഹയിൽ ശത്രുക്കൾ തൊട്ടടുത്തെത്തിയപ്പോൾ, കൂടെയുണ്ടായിരുന്ന അബൂബക്കർ(റ) വിനോട് പ്രവാചകൻ പറഞ്ഞത്, "ഭയപ്പെടേണ്ട, അല്ലാഹു നമ്മോടൊപ്പമുണ്ട്" എന്നാണ്. ഇതാണ് തവക്കുലിന്റെ മനോഹാരിത.

ഇന്നത്തെ ലോകത്ത് വർദ്ധിച്ചുവരുന്ന ഉത്കണ്ഠയുടെ ഒരു പ്രധാന കാരണം എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം നമ്മുടെ കയ്യിലായിരിക്കണം എന്ന മിഥ്യാധാരണയാണ്. ഭാവിയെക്കുറിച്ചുള്ള അമിതമായ ആശങ്ക, ഫലങ്ങളെക്കുറിച്ചുള്ള വേവലാതി എന്നിവയെല്ലാം ഈ ചിന്തയിൽ നിന്ന് ഉടലെടുക്കുന്നതാണ്. എന്നാൽ പ്രവാചക മാതൃക നമ്മെ പഠിപ്പിക്കുന്നത്, നമ്മുടെ ഉത്തരവാദിത്തം ആത്മാർത്ഥമായി പരിശ്രമിക്കുക എന്നത് മാത്രമാണെന്നും, ഫലം നൽകുന്നവൻ മറ്റൊരാളാണെന്നുമുള്ള തിരിച്ചറിവ് ഒരുവന്റെ മനസ്സിന് നൽകുന്ന ഭാരക്കുറവ് വളരെ വലുതാണെന്നുമാണ്.

കഠിനമായ പരീക്ഷണങ്ങളിലെ അതിജീവനകല: ത്വാഇഫിന്റെ പാഠം

പ്രവാചകന്റെ ജീവിതത്തിൽ അവർ നേരിട്ട പരീക്ഷണങ്ങളുടെ തീവ്രത മനസ്സിലാക്കുമ്പോഴാണ് പ്രവാചകന്റെ മാനസികമായ കരുത്ത് നമുക്ക് ബോധ്യപ്പെടുക. അതിൽ ഏറ്റവും വേദനാജനകമായ ഒരധ്യായമായിരുന്നു ത്വാഇഫിലെ അനുഭവം. മക്കയിൽ നിന്നുള്ള എതിർപ്പുകൾ ശക്തമായപ്പോൾ, ഒരു സഹായവും പ്രതീക്ഷയും തേടിയാണ് പ്രവാചകൻ ഏകദേശം നൂറ് കിലോമീറ്റർ ദൂരെയുള്ള ത്വാഇഫിലേക്ക് കാൽനടയായി പോകുന്നത്. എന്നാൽ അവിടെ നബിയെ കാത്തിരുന്നത് അതിക്രൂരമായ തിരസ്കാരമായിരുന്നു. ത്വാഇഫിലെ നേതാക്കന്മാർ പ്രവാചകരെ പരിഹസിക്കുക മാത്രമല്ല, തെരുവിലെ കുട്ടികളെയും അടിമകളെയും ഉപയോഗിച്ച് നബിയെ കല്ലെറിഞ്ഞ് ഓടിക്കുകയും ചെയ്തു. ആ കല്ലേറിൽ പ്രവാചകന്റെ പാദങ്ങളിൽ നിന്ന് രക്തം വാർന്നൊഴുകി.
ശാരീരികവും മാനസികവുമായി പൂർണ്ണമായി തകർന്ന ആ നിമിഷത്തിൽ, ഒരു മലഞ്ചെരുവിൽ അഭയം തേടിയിരിക്കുമ്പോൾ ജിബ്‌രീൽ(അ) പ്രത്യക്ഷപ്പെട്ടു. പർവ്വതങ്ങളുടെ ചുമതലയുള്ള മലക്കിനെ കൂടെ കൊണ്ടുവന്നിട്ടുണ്ടെന്നും, പ്രവാചകൻ അനുവദിക്കുകയാണെങ്കിൽ ആ ജനതയെ രണ്ട് പർവ്വതങ്ങൾക്കിടയിൽ വെച്ച് നശിപ്പിച്ചുകളയാമെന്നും അറിയിച്ചു. മാനുഷികമായി ചിന്തിക്കുമ്പോൾ, തനിക്ക് നേരിടേണ്ടി വന്ന അപമാനത്തിനും വേദനയ്ക്കും പകരം ചെയ്യാൻ ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു അത്. എന്നാൽ പ്രവാചകന്റെ പ്രതികരണം ലോകത്തിന് എക്കാലത്തേക്കുമുള്ള ഒരു പാഠമായി മാറി.

മുത്ത് നബി തന്റെ രക്തം തുടച്ചുകൊണ്ട് പറഞ്ഞു: "വേണ്ട, അവർ അറിവില്ലാത്തവരാണ്. അവരുടെ തലമുറയിൽ നിന്ന് എന്നെങ്കിലും അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരു സമൂഹം ഉണ്ടായേക്കാം." തുടർന്ന് പ്രവാചകൻ നടത്തിയ പ്രാർത്ഥന ശ്രദ്ധേയമാണ്. "അല്ലാഹുവേ, എന്റെ ബലഹീനതയും നിസ്സഹായതയും ഞാൻ നിന്നോട് മാത്രം ബോധിപ്പിക്കുന്നു..." എന്ന് തുടങ്ങുന്ന ആ പ്രാർത്ഥന, ഒരു മനുഷ്യൻ തന്റെ ഏറ്റവും വലിയ പ്രതിസന്ധിയിൽ എങ്ങനെയാണ് തന്റെ സ്രഷ്ടാവിലേക്ക് തിരിയേണ്ടത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.

ഇവിടെ പ്രവാചകൻ പഠിപ്പിക്കുന്നത് വൈകാരികമായ അതിജീവന കലയാണ് (Art of Emotional Resilience). അതിജീവനം എന്നത് വേദന അനുഭവിക്കാതിരിക്കലല്ല, മറിച്ച് വേദനയെ എങ്ങനെ ക്രിയാത്മകമായി രൂപാന്തരപ്പെടുത്താം എന്നതാണ്. ത്വാഇഫിലെ അനുഭവം ഒരു പരാജയമായിരുന്നില്ല, മറിച്ച് പ്രവാചകന്റെ കാരുണ്യത്തിന്റെയും ക്ഷമയുടെയും ആഴം ലോകത്തിന് മുൻപിൽ വെളിപ്പെട്ട നിമിഷമായിരുന്നു. ആധുനിക ലോകത്ത് ചെറിയ വിമർശനങ്ങളെപ്പോലും താങ്ങാനാവാതെ തകർന്നുപോകുന്നവർക്ക്, ശാരീരികവും മാനസികവുമായ പീഡനങ്ങളുടെ പാരമ്യത്തിലും സംയമനം പാലിച്ച് പ്രാർത്ഥനയായി മാറിയ പ്രവാചക മാതൃക നൽകുന്ന കരുത്ത് വളരെ വലുതാണ്.

പ്രവാചക ജീവിതത്തിലെ വൈകാരിക സത്യസന്ധത [Emotional Honesty]

ആത്മീയത എന്നാൽ എല്ലാ വികാരങ്ങളെയും അടക്കിവെച്ച് ഒരുതരം നിർവികാരത പ്രകടിപ്പിക്കലാണെന്നു പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ പ്രവാചകന്റെ ജീവിതം ഈ ധാരണയെ തിരുത്തിയെഴുതുന്നു. അവിടുന്ന് മനുഷ്യസഹജമായ എല്ലാ വികാരങ്ങളെയും യാഥാർത്ഥ്യബോധത്തോടെ അംഗീകരിക്കുകയും അതിനെ ആരോഗ്യകരമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ആമുൽ ഹുസ്ൻ' (ദുഃഖ വർഷം) ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. പ്രവാചകത്വത്തിന്റെ ആദ്യ നാളുകളിൽ താങ്ങും തണലുമായിരുന്ന, നബിയിൽ ആദ്യമായി വിശ്വസിച്ച പ്രിയ പത്നി ഖദീജ(റ) യുടെ വിയോഗം അവരെ ആഴത്തിൽ ദുഃഖിപ്പിച്ചു. അവർ കേവലം ഒരു ഭാര്യയായിരുന്നില്ല, നബി തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തും ഉപദേശകയും ആശ്വാസവുമായിരുന്നു. അതേ വർഷം തന്നെ, മക്കയിലെ ഖുറൈശികളിൽ നിന്ന് നബിക്ക് സംരക്ഷണം നൽകിയിരുന്ന പിതൃവ്യൻ അബൂത്വാലിബും മരണപ്പെട്ടു. ഈ രണ്ട് മരണങ്ങളും പ്രവാചകന്റെ ജീവിതത്തിൽ സൃഷ്ടിച്ച വൈകാരികവും സാമൂഹികവുമായ ആഘാതം വളരെ വലുതായിരുന്നു. ഈ വർഷത്തെ ദുഃഖ വർഷം എന്ന് ചരിത്രം രേഖപ്പെടുത്തിയത് തന്നെ, പ്രവാചകൻ തന്റെ ദുഃഖത്തെ മറച്ചുവെച്ചില്ല എന്നതിന് തെളിവാണ്.

തന്റെ പിഞ്ചുമകൻ ഇബ്രാഹീം മരണപ്പെട്ട സന്ദർഭവും ശ്രദ്ധേയമാണ്. മകന്റെ ചേതനയറ്റ ശരീരം കയ്യിലെടുത്ത് പ്രവാചകന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇത് കണ്ട് അനുചരന്മാരിൽ ഒരാൾ അത്ഭുതത്തോടെ ചോദിച്ചപ്പോൾ നബി തങ്ങൾ പറഞ്ഞ മറുപടി, മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഏതൊരാൾക്കും ഒരു പാഠപുസ്തകമാണ്: "ഇത് കാരുണ്യമാണ്. കണ്ണ് കരയുന്നു, ഹൃദയം വേദനിക്കുന്നു, പക്ഷേ അല്ലാഹുവിനു തൃപ്തിപ്പെടാത്തതൊന്നും നാം പറയില്ല."

ഇവിടെ പ്രവാചകൻ പഠിപ്പിക്കുന്നത് വൈകാരികമായ സത്യസന്ധതയാണ് (Emotional Honesty). ദുഃഖം വരുമ്പോൾ കരയുന്നത് വിശ്വാസത്തിന്റെ ബലഹീനതയല്ല, മറിച്ച് മനുഷ്യത്വത്തിന്റെ ഭാഗമാണ്. വികാരങ്ങളെ അടിച്ചമർത്തുന്നത് മാനസികമായ പല രോഗങ്ങൾക്കും കാരണമാകുമെന്ന് ആധുനിക മനഃശാസ്ത്രം അടിവരയിടുന്നു. പ്രവാചകൻ(സ്വ) കാണിച്ചുതന്ന മാതൃക, വികാരങ്ങളെ അംഗീകരിക്കുക, അതിനെ ആരോഗ്യകരമായി പ്രകടിപ്പിക്കുക, എന്നാൽ അതേസമയം ദൈവഹിതത്തിൽ തൃപ്തിയടഞ്ഞ് ക്ഷമയോടെ മുന്നോട്ട് പോകുക എന്നതാണ്.

പ്രാർത്ഥന എന്ന മനശാസ്ത്രപരമായ അഭയകേന്ദ്രം (Psychological Sanctuary)

പ്രവാചകന്റെ ജീവിതത്തിൽ പ്രാർത്ഥന (നിസ്കാരം, ദുആ) കേവലം ഒരു മതപരമായ അനുഷ്ഠാനം മാത്രമായിരുന്നില്ല, അതൊരു മാനസികമായ അഭയകേന്ദ്രമായിരുന്നു (Psychological Sanctuary). പ്രവാചകന് എന്ത് പ്രയാസങ്ങൾ നേരിടുമ്പോഴും നിസ്കാരത്തിലേക്ക് അഭയം തേടുമായിരുന്നു. "നിസ്കാരം എന്റെ കണ്ണിന്റെ കുളിർമയാണ്" എന്ന് അവിടുന്ന് പറയുമായിരുന്നു.

ദിവസവും അഞ്ചുനേരം നിർബന്ധമാക്കപ്പെട്ട നിസ്കാരം, ആധുനിക ലോകത്തിന്റെ തിരക്കേറിയ ജീവിതത്തിനിടയിൽ ഒരു വ്യക്തിക്ക് ലഭിക്കുന്ന നിർബന്ധിത ഇടവേളകളാണ്. ഇത് ഒരുതരം 'സ്ട്രക്ചേർഡ് മൈൻഡ്ഫുൾനസ്' (Structured Mindfulness) ആണ്. ജോലി, കുടുംബം, സാമൂഹിക പ്രശ്നങ്ങൾ തുടങ്ങി എല്ലാ ചിന്തകളിൽ നിന്നും മനസ്സിനെ വേർപെടുത്തി ഏതാനും നിമിഷങ്ങൾ പ്രപഞ്ചനാഥനുമായി സംവദിക്കുന്നത് ഒരു വ്യക്തിയുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ അത്ഭുതകരമായി സഹായിക്കും. ഇത് ദിവസവും പലതവണ മനസ്സിനെ റീചാർജ് ചെയ്യുന്നതിന് തുല്യമാണ്.

രാത്രിയുടെ നിശ്ശബ്ദതയിൽ പ്രവാചകൻ നിർവഹിച്ചിരുന്ന തഹജ്ജുദ് നിസ്കാരം, ആഴത്തിലുള്ള ആത്മപരിശോധനയുടെയും ധ്യാനത്തിന്റെയും നിമിഷങ്ങളായിരുന്നു. പകലിലെ ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞതിന് ശേഷം മറ്റുള്ളവരുടെ മുന്നിൽ അഭിനയിക്കേണ്ട ആവശ്യമില്ലാതെ, ഒരുവൻ തന്റെ എല്ലാ ബലഹീനതകളും പ്രയാസങ്ങളും സ്രഷ്ടാവിന് മുന്നിൽ ഇറക്കിവെക്കുന്ന നിമിഷങ്ങളാണത്. ആധുനിക കൗൺസിലിംഗിൽ പറയുന്ന 'കാതാർസിസ്' (Catharsis) അഥവാ മനസ്സിലുള്ള ഭാരങ്ങൾ പുറത്തുകളഞ്ഞ് ശുദ്ധീകരണം നേടുന്ന പ്രക്രിയയുടെ ഏറ്റവും മികച്ച രൂപമാണ് പ്രാർത്ഥനയിലൂടെ സാധ്യമാകുന്നത്.

ഉപസംഹാരം

പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ ജീവിതം ഒരു ചരിത്രപുരുഷന്റെ കഥയല്ല, മറിച്ച് മാനുഷികമായ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ആന്തരികമായ സമാധാനവും കരുത്തും എങ്ങനെ നേടാം എന്നതിനുള്ള പ്രായോഗികവും സമഗ്രവുമായ ഒരു മാർഗ്ഗരേഖയാണ്. തൗഹീദിൽ അധിഷ്ഠിതമായ ഒരു ജീവിതവീക്ഷണം, തവക്കുലിലൂടെ ലഭിക്കുന്ന മാനസികമായ ഭാരക്കുറവ്, ത്വാഇഫിലെ പരീക്ഷണത്തിൽ കാണിച്ച അതിജീവനത്തിന്റെ പാഠം, ദുഃഖത്തെ അംഗീകരിച്ച വൈകാരിക സത്യസന്ധത, പ്രാർത്ഥനയിലൂടെ നേടിയെടുത്ത മാനസികമായ അഭയം എന്നിവയെല്ലാം ഇന്നത്തെ തലമുറ നേരിടുന്ന മാനസിക സംഘർഷങ്ങൾക്കുള്ള ഏറ്റവും മികച്ച പരിഹാരങ്ങളാണ്. ആധുനിക മനഃശാസ്ത്രം ഇന്ന് കണ്ടെത്തുന്ന പല തത്വങ്ങളും നൂറ്റാണ്ടുകൾക്ക് മുൻപ് സ്വന്തം ജീവിതത്തിലൂടെ അവിടുന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. അതിനാൽ, മനസ്സ് പതറുന്ന ഏതൊരവസ്ഥയിലും ആ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്നത് നമുക്ക് അതിജീവനത്തിനുള്ള കരുത്തും ശാശ്വതമായ സമാധാനവും നൽകുക തന്നെ ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter