സാൻഫോ പാസ് അബൂമുജാഹിദായ കഥ മഅ്റൂഫ് മൂച്ചിക്കല്‍

അമേരിക്കയിലെ ഒരു യാഥാസ്ഥിക ജൂത കുടുംബത്തിൽ ജനിച്ചു വളർന്ന് പിന്നീട് ഇസ്‍ലാം മതം സ്വീകരിച്ച് അബൂമുജാഹിദ് ആയി മാറിയ സാൻഫോ പാസുമായി Towards Eternity ചാനൽ നടത്തിയ അഭിമുഖത്തിൻെറ ആശയ വിവര്‍ത്തനം.

ആദ്യം സ്വയം ഒന്ന് പരിചയപെടുത്താമോ?

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അമേരിക്കയിലെ ഒരു യാഥാസ്ഥിക കുടുംബത്തിലാണ് ഞാൻ ജനിക്കുന്നത്. ജൂത മതവിശ്വാസസംഹിതകളെല്ലാം എനിക്ക് പരിചയപ്പെടുത്തിത്തന്നത് മാതാപിതാക്കളായിരുന്നു. എന്നാൽ ചെറുപ്രായത്തിൽ തന്നെ തന്റെ ചുറ്റുമുള്ള എല്ലാ സംഭവങ്ങളെ കുറിച്ചും അറിയാനും അന്വേഷിക്കാനുമുള്ള ജിജ്ഞാസ എനിക്കൽപ്പം അധികമായിരുന്നു. എന്റെ ചെറുപ്രായത്തത്തിലാണ് ജോണ്‍ എഫ് കെന്നഡി കൊല്ലപ്പെടുന്നതും അതുമായി ബന്ധപ്പെട്ട സംഭവങ്ങളെല്ലാം അരങ്ങേറുന്നതും. അതിനെ കുറിച്ച് കൂടുതൽ മനസ്സിലാകാൻ ഞാൻ ശ്രമിച്ചിരുന്നു. പതിനാല് വയസ്സ് മുതലേ സത്യം തേടിയുള്ള ഈ അന്വേഷണാത്മകതയാണ് അറുപതാം വയസ്സിൽ എന്നെ ഇസ്‍ലാം മതത്തിലെത്തിച്ചത്.

ഇസ്‍ലാമിന് മുമ്പുള്ള നിങ്ങളുടെ ജീവിതം എങ്ങനെയായിരുന്നു?

ജൂത മതത്തിൽ ജനിച്ചത് കൊണ്ട് തന്നെ ചെറുപ്പത്തിലേ ഞാൻ ഏക ദൈവവിശ്വസിയായിരുന്നു. കോളേജ് കാലഘട്ടം മുതലാണ് വിശ്വാസവുമായി ബന്ധപ്പെട്ട് എന്റെയുള്ളിൽ ഒരുപാട് സംശയങ്ങൾ ജനിക്കുന്നതും അതിന്റെ ഉത്തരങ്ങൾ തേടിയുള്ള യാത്ര ആരംഭിക്കുന്നതും.  ചെറുപ്രായത്തിലേ എന്നെ ജൂത മതഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നതിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വൈമനസ്യത്തോടെയാണെങ്കിലും ഒരുപാട് കാര്യങ്ങൾ അർത്ഥം പോലും മനസ്സിലാക്കാതെ ഞാൻ അന്ന് കാണാതെ പഠിച്ചു. എന്റെ പതിമൂന്നാം ജന്മദിനത്തിന്റെയന്ന് മാതാപിതാക്കൾ എനിക്ക് പിറന്നാള്‍ സമ്മാനമെന്നോണം ഒരു ഓഫർ തന്നു. നിനക്ക് വേണമെങ്കിൽ നമ്മുടെ വിശുദ്ധ നഗരമായിട്ടുള്ള ഇസ്രായേലിലേക്കു സന്ദര്ശനാര്ഥം പോവാം, അല്ലെങ്കില്‍ കൂട്ടുകാരുമൊത്തു ഒരു വലിയ പാർട്ടി നടത്താം. വിശ്വാസത്തിന്റെ ഭാഗമായി അനവധി പേർ ഇസ്രായേലിലേക്ക് പോവൽ പതിവുള്ള ഒരു സമയം കൂടിയായിരുന്നു അത്. അൽഹംദുലില്ലാഹ്, അന്ന് ഞാൻ തെരഞ്ഞെടുത്തത് കൂട്ടുകാരുമൊത്തുള്ള പാർട്ടിയായിരിന്നു. ഇന്ന് അവിടെ നടക്കുന്ന സംഭവവികാസങ്ങളെല്ലാം കാണുമ്പോൾ അന്ന് അങ്ങനെയൊരു തീരുമാനമെടുക്കാൻ എന്നെ പ്രേരിപ്പിച്ച അല്ലാഹുവിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

അതിനിടയിലാണ് ഞാൻ കോളേജ് പഠനം ഉപേക്ഷിക്കുന്നതും ദൈവസത്യം മനസ്സിലാക്കുന്നതിനായി മൂന്നു വര്ഷം ക്രിസ്ത്യൻ മഠത്തിൽ പഠിക്കുന്നതും അതിലൂടെ ക്രിസ്തു മതം സ്വീകരിക്കുകയും ചെയുന്നത്. എന്നാൽ   ക്രിസ്ത്യൻ മതത്തിലെ ഒരുപാട് വൈരുദ്ധ്യങ്ങൾ പുനർ വിചിന്തനം നടത്താൻ എന്നെ പ്രേരിപ്പിച്ചു. ആ സമയത്താണ് ഒരു ഇന്ത്യക്കാരൻ എന്നെ യാദൃഛികമായി കണ്ടുമുട്ടുന്നതും ദൈവ സത്യം മനസ്സിലാക്കണമെങ്കിൽ ധ്യാനനിമഗ്നനാവണമെന്ന് എന്നെ പഠിപ്പിക്കുന്നതും. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ അതിന് തയ്യാറാവുകയായിരുന്നു. പക്ഷേ അപ്പോഴെല്ലാം എന്റെ മനസ്സ് എന്തോ ഒന്ന് എന്നിൽ ഇനിയും ശരിയല്ല എന്ന് മന്ത്രിച്ചു കൊണ്ടേയിരുന്നു.

ഇസ്‍ലാമിലേക്ക് ആകര്ഷിക്കപ്പെടാനുണ്ടായ കാരണം?

ദൈവാന്വേഷിയായ എന്നോട് എന്റെ മകൻ ഒരിക്കൽ ബൈബിളിലെയും തോറയിലെയുമെല്ലാം മുഹമ്മദ് നബിയെ കുറിച്ചുള്ള ഭാഗങ്ങൾ ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടു. "മുഹമ്മദ്" എന്ന പദം കണ്ട മാത്രയിൽ അതീന്ദ്രിയമായ എന്തോ ഒന്ന് എനിക്ക് പിടിപെടുന്ന പോലെ അനുഭവപ്പെട്ടു. അങ്ങനെ ഇസ്‍ലാമിനെ കൂടുതൽ പഠിച്ചപ്പോഴാണ്  എത്രമാത്രം സമാധാനപരമായ മതമാണ് ഇസ്‍ലാമെന്ന തിരിച്ചറിവ് എന്നിലുണ്ടാവുന്നത്. ട്രേഡ് സെന്റര് ആക്രമിച്ചത് ഒരിക്കലും മുസ്‍ലിംകൾ ആയിരിക്കില്ല, ഒരു യഥാർത്ഥ മുസ്‍ലിമിന് ഒരിക്കലും അതിന് കഴിയില്ല എന്നൊക്കെ ഞാൻ സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവരെന്നോട് സംശയത്തോടെ ചോദിച്ചു: എന്തിനാണ് നീ ഇസ്‍ലാമിനെ ഇങ്ങനെ പ്രതിരോധിക്കുന്നത്? അതിനെനിക്ക് മറുപടി ഒന്നും തന്നെയില്ലായിരുന്നു. ഇസ്‍ലാമിൽ വിശ്വസിക്കാൻ ഒരുപാട് തെളിവുകളും അറിവുകളും ഒന്നും വേണ്ട, ചുരുങ്ങിയ പക്ഷം ദാഹിച്ചു വലഞ്ഞ ഒരാളുടെ മുന്നിൽ ഒരിറ്റ് വെള്ളം എത്ര മൂല്യമുള്ളതായിരിക്കും, ആ ഒരൊറ്റ യാഥാർഥ്യം തന്നെ എനിക്ക് ധാരാളം.

ശഹാദത് ചൊല്ലുമ്പോൾ ഉണ്ടായ അനുഭവം?

വളരെ ഉന്മേഷദായകവും പുതുമയും നിറഞ്ഞ നിമിഷമായിരുന്നു അത്. ഞാൻ ജീവിതത്തിലുടനീളം നടത്തിയ അന്വേഷണത്തിന്റെ വിരാമമാണിതെന്ന് മനസ്സ് ഉറക്കെ വിളിച്ചു പറഞ്ഞു. എന്റെ മുൻകഴിഞ്ഞ ജീവിതത്തിൽ സംഭവിച്ച തെറ്റുകൾ എല്ലാം അല്ലാഹു പൊറുത്തു തന്നിരിക്കുന്നുവെന്നും വിശാലമായ ഒരു വാതായനം എനിക്ക് മുന്നിൽ തുറക്കപ്പെടുന്നത് പോലെയുമുള്ള ഒരനുഭവമായിരുന്നു അത്.

ഇസ്‍ലാം സ്വീകരിച്ച ശേഷം കുടുംബത്തിലെ പ്രതികരണമെങ്ങനെയായിരുന്നു?

ചിലർ അബൂമുജാഹിദ് ആയ എന്നെ സ്വീകരിക്കാൻ തയ്യാറായിരുന്നു. അതേ സമയം, മറ്റു ചിലർ എന്നോട് സംസാരിക്കാതെയായി, വേറെ ചിലർ എനിക്ക് ഭ്രാന്താണെന്ന് വരെ മനസ്സിലാക്കി. എന്നാൽ സന്തോഷകാരമായ കാര്യമെന്താണെന്നാൽ ഇന്ന് ഒരുപാട് പേര് എന്റെ ഇസ്‍ലാം ആശ്ലേഷണത്തെ കുറിച് അറിയാനും മനസ്സിലാക്കാനും ശ്രമിക്കുന്നു എന്നുള്ളാതാണ്. ഈ അഭിമുഖവും അതിനുള്ള ഒരവസരമാക്കട്ടെ.

ഇസ്‍ലാം സ്വീകരിച്ച ശേഷം വേണ്ടിയിരുന്നില്ല എന്നോ അതിന്റെ പേരിൽ വല്ല ഖേദമോ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? 

ഇല്ല, ഒരിക്കലുമില്ല, മുസ്‍ലിമായി ജീവിക്കാൻ ഒരുപാട് സഹിക്കേണ്ടിയും ത്യജിക്കേണ്ടിയും വന്നിട്ടുണ്ടെങ്കിലും അതിന്റെ പേരിൽ ഒരു സങ്കടവും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. അറുപതാമത്തെ വയസ്സിലാണല്ലോ ഇസ്‍ലാമിലേക്കുള്ള കവാടം അല്ലാഹു എനിക്ക് തുറന്നു തന്നതെന്ന് ഞാൻ, ഇടക്കിടെ ഓർക്കുമായിരുന്നു. 

ജീവിതത്തിലുണ്ടായ മറക്കാൻ പറ്റാത്ത അനുഭവം? 

രണ്ടനുഭവങ്ങളാണ് ഉളളത്. ഒന്ന് ഞാൻ ഫ്ലോറിഡയിലെ ഉയർന്നൊരു കെട്ടിടത്തിന് അറ്റത്തു നിൽക്കുകയായിരുന്നു, ഏകദേശം പന്ത്രണ്ടാമത്തെ നിലയിൽ ആണെന്ന് തോന്നുന്നു. പെട്ടെന്ന് ഒരു വലിയ കടൽ കാക്ക എന്റെ നേരെ പാഞ്ഞടുക്കുന്നു, പൊടുന്നനെയുള്ള വരവിൽ എന്റെ ബാലൻസ് പൂർണ്ണമായും നഷ്ടപ്പെട്ട് കെട്ടിടത്തിൽ നിന്നും വീഴാൻ പോവുന്നു എന്ന് ഉറപ്പിച്ച നിമിഷം എന്തോ ഒരു അദൃശ്യ ശക്തി എന്നെ പിന്നിൽ നിന്നും തള്ളുന്നു. അൽഹംദുലില്ലാഹ്, അല്ലാഹുവിന്റെ സഹായമുണ്ടായ നിമിഷമായിരുന്നു അതെന്ന് ഞാൻ ഇപ്പോഴഉം ഉറച്ചു വിശ്വസിക്കുന്നു.

രണ്ടാമതായി, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്റെ എല്ലാ കുറവുകളും സ്വീകരിക്കുന്ന, ആഡംബരപൂർണ്ണമായ ജീവിതത്തോട് ഒട്ടും താല്പര്യം തോന്നാത്ത ഒരിണയെ എനിക്ക് കിട്ടണമെന്ന്. അതിനായി നിരന്തരം ഞാൻ പ്രാർത്ഥിച്ചിരുന്നു. കല്യാണം കഴിഞ്ഞ ദിവസം എന്റെ വീട്ടിലെ എല്ലാ മുറികളും സാധനങ്ങളും പരിചയപ്പെടുത്തുന്നതിനിടക്ക് ഭാര്യ എന്നോടായി പറഞ്ഞു: അതൊന്നും എനിക്കറിയേണ്ട, ഇതെല്ലം ഭൗതികമായ സുഖസൗകര്യങ്ങൾ മാത്രമല്ലേ... അശ്രുകണങ്ങൾ നിറഞ്ഞ നിമിഷമായിരുന്നു അത്. എന്റെ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നല്കിയതിലുള്ള സന്തോഷം!

നിലവിലെ ഇസ്രായേൽ ഫലസ്തീൻ വിഷയത്തെ എങ്ങനെ നോക്കിക്കാണുന്നു? 

പലരും വിചാരിക്കുന്ന പോലെ, ഇസ്രായേൽ ഭരണകൂടം ഫലസ്തീനിൽ ചെയ്തുകൂട്ടുന്ന നരനായാട്ടിന് ഇസ്രായേലിലെ എല്ലാ ജൂതരുടെയും പിന്തുണയില്ല. അവിടെ ജൂതന്മാർ പ്രധാനമായും രണ്ടു വിഭാഗമാണ്, അതിലെ അൾട്രാ ഓർത്തഡോൿസ് (അതിയാഥാസ്ഥികർ) ജൂതർ ഇത്തരം ഹീനകൃത്യങ്ങളെ പിന്തുണയ്ക്കുന്നേ ഇല്ല. സയണിസം തകരുമെന്നും ഇസ്രായേൽ അധികകാലം നിലനിൽക്കില്ലെന്നും അവർ വിശ്വസിക്കുന്നു. ഇവരാണ് ഫലസ്തീനികൾക്ക് വേണ്ടി ഇസ്റായേൽ തെരുവ് വീഥികളിൽ പ്രതിഷേധിക്കുന്നത്.

അംഗബലം കൊണ്ടും അധികാരം കൊണ്ടും യാഥാസ്ഥിക ജൂതർ ബലഹീന രായാതിനാൽ തന്നെ ഗ്രെയ്റ്റർ ഇസ്രായേൽ പ്രൊജെക്ടുമായി ഭരണകൂടം മുന്നോട്ട് പോവുന്നു. അവരെ തടയാൻ ആർക്കുമാവില്ല, അവർക്കെതിരെ ശബ്‌ദിച്ചാൽ ആന്റി സെമിറ്റിസത്തിന്റെ ചാപ്പയടിച്ച് ജയിലിലടക്കാനുമവർ മടിക്കില്ല.

അവസാനമായി, വായനക്കാര്‍ക്ക് നൽകാനുള്ള ഉപദേശമെന്തായിരിക്കും?

എല്ലാവർക്കും നന്മകകൾ നേരുന്നു, നിങ്ങളുടെയും എന്റെയുമെല്ലാം ഹൃദയമിങ്ങനെ മിടിക്കണമെങ്കിൽ അതിനു കാരണക്കാരനായ അല്ലാഹു മാത്രമാവുന്നു ആരാധനക്കര്ഹന്‍. മുഹമ്മദ് നബി(സ്വ) അവന്റെ അവസാനത്തെ തിരുദൂതരുമാകുന്നു. നിങ്ങൾ എല്ലാവരും ഇസ്‍ലാമിനെ കുറിച്ച് പഠിക്കാൻ ശ്രമിക്കണം, വാർത്താ മാധ്യമങ്ങളിൽ കാണുന്നതല്ല യഥാർത്ഥ ഇസ്‍ലാം. പഠിച്ചു തുടങ്ങുമ്പോൾ നിങ്ങൾക്കാ സത്യം  ബോധ്യപ്പെടും. എല്ലാവര്‍ക്കും ഇസ്‍ലാമിലേക്ക് സ്വാഗതം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter