മൗലിദ് സാഹിത്യങ്ങൾ : അറബ് ലോകത്തു നിന്ന് മലബാർ തീരങ്ങളിലേക്കുള്ള യാത്രാപഥങ്ങൾ

സംഗ്രഹം 

ഇസ്‍ലാമിക  ആത്മീയ ആചാരങ്ങളുടെ ഭാഗമായാണ് മൗലിദ്  സംസ്കാരങ്ങൾ  രൂപപ്പെടുന്നത്. അതിനപ്പുറം പദ്യങ്ങളും ഗദ്യങ്ങളും സങ്കരമായി ചേർന്ന ഒരു സാഹിത്യ രൂപമാണ് മൗലിദ് സാഹിത്യം. ഇതര സമൂഹങ്ങളിലൂടെ, സംസ്കാരങ്ങളിലൂടെ  യാത്ര ചെയ്ത മൗലിദ് സാഹിത്യങ്ങൾ അതിന്റെ ശൈശവ ദശയിൽ തന്നെ അത്ഭുതകരമായ വളർച്ചയും വ്യാപനവും പ്രാപിച്ചതായി കാണാൻ സാധിക്കും. 

ക്രിസ്ത്വാബ്ദം പതിമൂന്നാം ശതകത്തിലൂടെ മുസ്‍ലിം സ്പെയിനിലും അറബ് ലോകത്തും രൂപപ്പെട്ടു എന്ന് കരുതുന്ന മൗലിദ് സാഹിത്യങ്ങൾ കുറഞ്ഞ കാലങ്ങൾക്കുള്ളിൽ തന്നെ വ്യത്യസ്ത ഭാഷാദേശങ്ങൾക്കപ്പുറം പുതിയൊരു സങ്കര സംസ്കാരമായി കിഴക്കേഷ്യയിലെയും ആഫ്രിക്കയിലെയും തീരങ്ങളിൽ രൂപപ്പെടുന്നതായി  പഠനങ്ങൾ വെളിപ്പെടുത്തുന്നു. പതിനാറാം ശതകത്തിന്റെ പ്രാരംഭത്തിൽ തന്നെ മലബാറിലെ മാപ്പിള സമുദായങ്ങളിൽ അറബ് സാഹിത്യ മാതൃകകളിൽ പ്രദേശികമായി രൂപം കൊണ്ട മൻഖൂസ് മൗലിദ് ഇതിനെ ബലപ്പെടുത്തുന്നു.  പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിൽ, ഇന്ത്യൻ മഹാസമുദ്രത്തിലെ മുസ്‍ലിം വ്യാപാര സമൂഹങ്ങൾക്കിടയിൽ ഇസ്‍ലാമിക ചിന്തയുടെയും പ്രയോഗത്തിന്റെയും ഒരു വ്യതിരിക്ത രൂപം വികസിച്ചതിന്റെ ഭാഗമായി  കൈമാറ്റം ചെയ്യപ്പെട്ട മൗലിദ് സാഹിത്യങ്ങളുടെ  സഞ്ചാര പഥങ്ങളെ വിശകലനം ചെയ്യുകയാണ് ഈ പഠനം. വിഭിന്ന സംസ്കാരങ്ങളിലേക്കും സാമൂഹികതലങ്ങളിലേക്കും ഇഴുകി ചേർന്ന മൗലിദ് ആചാര അനുഷ്ഠാനങ്ങൾ കേരള മുസ്‍ലിം പശ്ചാത്തലത്തിൽ വിലയിരുത്തുകയും,  മാപ്പിള കലാ സാഹിത്യത്തിന്റെ ഭാഗമായി തന്നെ മൗലിദ് സാഹിത്യങ്ങൾ മാപ്പിളയുടെ സാംസ്‌കാരിക സാമൂഹിക ഉന്നമനത്തിന് പങ്കു ചേർന്നതിനെ ചൂണ്ടികാണിക്കുകയുമാണ് ഈ പഠനത്തിന്റെ താല്പര്യം.


ആമുഖം 

പതിമൂന്ന് പതിനാറു നൂറ്റാണ്ടുകൾക്കിടയിൽ ഇന്ത്യൻ മഹാ സമുദ്രത്തിലെ മുസ്‍ലിം വ്യാപാരികൾക്കിടയിൽ വ്യാപിച്ച വിജ്ഞാന പ്രസരണവും സാംസ്‌കാരിക കൈമാറ്റങ്ങളും ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഇത്തരത്തിൽ  തെക്കു കിഴക്കേഷ്യയിലെയും കിഴക്കാഫ്രിക്കയിലെയും തീര പ്രദേശങ്ങളിലേക്ക് കടൽ കടന്നെത്തിയ വ്യാപാരികളാൽ ഇറക്കുമതി ചെയ്ത സങ്കര സംസ്കാരങ്ങൾ, കലാസാഹിത്യങ്ങൾ, ഭാഷകൾ, ലിപികൾ തുടങ്ങിയവയെല്ലാം ഇന്ന് മുഖ്യധാരാ ഗവേഷണ പഠനങ്ങളുടെ പ്രധാന താല്പര്യമാണ്. ഈയൊരു കയറ്റുമതിയുടെ ഭാഗമായി തന്നെയാണ് മൗലിദ് സാഹിത്യങ്ങളുടെ കടന്നുവരവും വ്യാപനവും ഈ നാടുകളിൽ ഉണ്ടാകുന്നത്. നവീന കാലത്ത് ഇന്തോനേഷ്യ, സിറിയ, ടുണീഷ്യ, ജോർദാൻ, ലിബിയ തുടങ്ങി അമ്പതോളം മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ      ദേശീയ ആഘോഷമാണ് മൗലിദ് ആഘോഷങ്ങൾ. പ്രാദേശിക കൂടിച്ചേരലുകൾക്കു പുറമെ മൗലിദ് ആഘോഷങ്ങൾ അതിന്റെ ഘടനയിലും അനുഷ്ഠാന രീതികളിലും പൊതുവായ ചില സവിശേഷ സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. എങ്കിലും ഈ അടുത്ത കാലത്തു മാത്രമാണ് മൗലിദ് പഠനങ്ങൾ വലിയ തോതിൽ ഗവേഷണ വിഷയമാകുന്നതും വ്യത്യസ്ത സമീപനങ്ങളോട് കൂടെ പഠന വിധേയമാക്കപ്പെടുന്നതും.

1997-2022 വരെ യുള്ള മൗലിദ് ഗവേഷണ ഗ്രന്ഥ സൂചിക വിശകലനങ്ങൾ കണക്കാക്കുന്നത്പ്രകാരം  2012-22 കാലങ്ങളിൽ ഇംഗ്ലീഷ്, ഫ്രഞ്ച് തുർക്കി മലായ് അറബിക് തുടങ്ങിയ ഭാഷകളിൽ ആയി മുമ്പത്തെക്കാൾ നാലിരട്ടി യായി വ്യത്യസത സമീപനങ്ങളോട് കൂടെ മൗലിദ് പഠനങ്ങൾ വർധിച്ചുവെന്നാണ്. അറബ് സാഹിത്യങ്ങളുടെ, വൈജ്ഞനിക സംസ്കാരങ്ങളുടെ വൈജ്ഞാനിക തകര്‍ച്ചയുടെ പ്രാരംഭഘട്ടത്തിൽ അഥവാ 13-ാം നൂറ്റാണ്ടിലാണ് മുസ്‍ലിം ലോകത്ത് മൗലിദ് സാഹിത്യങ്ങൾ രംഗ പ്രവേശനം ചെയ്യുന്നത്. ഇക്കരണത്താൽ തന്നെ മുൻകാല അറബ് സാഹിത്യ പഠനങ്ങളിൽ നിന്ന് മൗലിദ് സാഹിത്യങ്ങൾ മാറ്റി നിർത്തപ്പെട്ടതായി പഠനങ്ങൾ വ്യക്തമാക്കുന്നു. മൗലിദ് ആചാരങ്ങളുമായി ബന്ധപ്പെട്ടുള്ള മതകീയമായ ഭിന്നതകൾ മറ്റു ന്യൂനപക്ഷ ധ്രുവീകരണ ശ്രമങ്ങളുടെ ഭാഗമായും മൗലിദ് സാഹിത്യങ്ങൾ മുഖ്യധാര ഗവേഷണ പഠനങ്ങളിൽ  നിന്നും ബോധപൂർവമുള്ള അവഗണനയ്ക്ക് പാത്രമായിട്ടുണ്ട്. 

1978ൽ പ്രസിദ്ധീകരിച്ച മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിന്റെ പ്രസാധകരും രചയിതാക്കളുമായ സി.എന്‍ അഹ്മദ് മൗലവി, കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം തുടങ്ങിയവരെല്ലാം തന്നെ ഇത്തരം അനുഷ്ഠാനങ്ങളുടെ മതപരമായ ആധികാരികതയെ നിരാകരിക്കുന്നവരായിരുന്നതിനാല്‍, മൗലിദ് സാഹിത്യങ്ങൾക്ക് ഗണ്യമായ പരിഗണന നൽകിയില്ലെന്നു മാത്രമല്ല, മൗലിദുകളിൽ നിന്ന് ഉൾതിരിഞ്ഞുണ്ടായ കേരളത്തിലെ ആദ്യ സാഹിത്യ കൃതി എന്ന് കരുതപ്പെടുന്ന മാല സാഹിത്യങ്ങളെ, ഇസ്‍ലാമിന്റെ പുറത്ത് നിർത്തിയാണ് സമീപിച്ചത്.
  
മൗലിദ്, മീലാദ്:  പ്രാരംഭവും ആധികാരികതയും

ജനനം എന്ന് അർത്ഥമാക്കുന്ന വുൽദ് എന്ന അറബി മൂലപദത്തിൽ നിന്നാണ് മൗലിദ്, മീലാദ് എന്നിവ ഉണ്ടായിത്തീരുന്നത്. കലക്രമേണ ഇതിന്റെ അർത്ഥ വ്യാപ്തിയിൽ ഘട്ടംഘട്ടമായുള്ള മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. പ്രവാചകന്റെ ജനനം, പ്രവാചക ജനനത്തിനോടാനുബന്ധിച്ച ആഘോഷങ്ങൾ, പാരായണം ചെയ്യപ്പെടുന്ന ഭക്തി സാഹിത്യങ്ങൾ തുടങ്ങിയ അർത്ഥങ്ങളിൽ മാറി മാറി ഇന്ന് ഇതു ഉപയോഗിച്ച് വരുന്നു.

മീലാദ് പൊതുവെ തിരുപ്പിറവിയെ ആണ് അർത്ഥമാക്കുന്നത്. തിങ്കളാഴ്ച ജനിച്ചു വെന്നല്ലാതെ കൃത്യമായ വർഷമോ, തിയ്യതിയോ ആധികാരികമായ ഹദീസ് പ്രമാണങ്ങളിലൊന്നും കാണാൻ സാധ്യമല്ല. അബൂഖതാദ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം, ഒരു ബദവിയായ അറബി തിങ്കളാഴ്ച നോമ്പിനെ കുറിച്ചാരാഞ്ഞപ്പോൾ പ്രവാചകര്‍(സ്വ) ഇങ്ങനെ പ്രതികരിച്ചു, അന്നാണ് ഞാൻ ജനിച്ചതും എനിക്ക് ദിവ്യ ബോധനം തുടങ്ങിയതും. (മുസ്‌ലിം). മറ്റൊരു നിവേദനത്തിൽ, സുനനുൽബൈഹഖിയിൽ ഇങ്ങനെ കാണാം, പ്രവാചകൻ ആനക്കലഹ വര്‍ഷമാണ് ജനിച്ചത്. പ്രവാചകന്റെ ജനന തിയ്യതിയുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങൾ ആദ്യ നൂറ്റാണ്ടുകളിൽ തന്നെ രേഖപ്പെടുത്തുന്നുണ്ട്. ഈ ഭിന്നതകളുടെ വിശദ വിവരം മദ്ധ്യകാല ചരിത്രകാരന്മാരിൽ പ്രമുഖനായ ഇബ്നുകസീർ (779) തന്റെ ബിദായ വന്നിഹായയിൽ ഇങ്ങനെ ക്രോഡീകരിക്കുന്നുണ്ട്.

  1. റബീഉല്‍ അവ്വല്‍ 2 നായിരുന്നു തിരുപ്പിറവി എന്നാണ്  പ്രഥമ വീക്ഷണം. ആദ്യകാല സീറാ ചരിത്രകാരന്മാരിൽ പ്രമുഖനായ അബൂ മാഷാർ അസ്സിന്ധി (171), പ്രമുഖ മാലികീ കർമ്മശാസ്ത്ര പണ്ഡിതനായ ഇബ്നു അബ്ദുൽബർ (463),  ആദ്യകാല ചരിത്രകാരിൽ പ്രധാനിയായ അൽവാഖിദി (207) എന്നിവർ ഈ പക്ഷക്കാരായിരുന്നു.
  2.  റ. അ. 8 ന് ആയിരുന്നു എന്നാണ് ഇസ്‍ലാമിക്‌ സ്പെയിനിലെ പ്രമുഖ പണ്ഡിതനായ ഇബ്നു ഹസം (456) തുടങ്ങി നിരവധി ചരിത്രകാരന്മാരുടെ അഭിപ്രായം. ഇമാം മാലിക് (179),  അൽസുഹരി, പ്രമുഖ താബിഇയ്യായ മുഹമ്മദ്‌ ബിൻ ജുബൈർ(റ) എന്നിവർ ഈ അഭിപ്രായക്കാരയിരുന്നു എന്ന് കാണാം. നേരെത്തെ പരാമർശിച്ച ഇബ്നു അബ്ദുൽബർ ഈ ഒരു അഭിപ്രായത്തെയാണ് അക്കാലത്തെ പണ്ഡിതരുടെ ഭൂരിപക്ഷ അഭിപ്രായം ആയി രേഖപ്പെടുത്തുന്നത്. ആദ്യകാല മൗലിദ് ഗ്രന്ഥ രചയിതാക്കളിൽ പ്രധാനിയായ ഇബ്നുദിഹ്‍യ (618)യും ഈ പക്ഷക്കാരനായിരുന്നു.
  3.  റ.. അ. 10 എന്നതാണ് ഇബ്നു അസകിർ (571), ശിആക്കളുടെ ഇമാം ആയ അബൂജാഫർ അൽബാഖിർ (114) തുടങ്ങിയവരുടെ വീക്ഷണം. പ്രമുഖ താബിഈ പണ്ഡിതനായ അൽശഅബിയും ഈ അഭിപ്രായക്കാരയിരുന്നു.
  4. പ്രവാചക സീറ ചരിത്രകാരിൽ പ്രധാനിയായ ഇബ്നു ഇസ്ഹാഖ് (150)   റ. അവ്വല്‍ 12 എന്ന അഭിപ്രായമാണ് ശരിവെക്കുന്നത്. ജാബിർ ഇബ്നു അബ്ബാസ് എന്നിവരിലേക്ക് അദ്ദേഹം ഈ വീക്ഷണത്തെ ചേർക്കുന്നുണ്ടെങ്കിലും കൃത്യമായ ഇസ്‌നാദ്  മുൻകാല ഇമാമുമാരിൽ നിന്ന് നിവേദനം ചെയ്യുന്നില്ല എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഈ അഭിപ്രായത്തെ പിന്താങ്ങി ഇബ്നുകസീർ(റ) പറയുന്നു, “ഇതാണ് ഈ വിഷയത്തിലുള്ള പൊതു അഭിപ്രായം.. അല്ലാഹുവാണ് കൂടുതൽ അവഗാഹമുള്ളവൻ, എങ്കിലും മുൻകാല നൂറ്റാണ്ടുകളിൽ ഈ അഭിപ്രായം ശരിവെക്കുന്ന ആധികാരിക പഠനങ്ങൾ എനിക്ക് കണ്ടെത്താനായില്ല.
  5. റ. അ 17, 22 എന്ന് തുടങ്ങി വേറെയും അഭിപ്രായങ്ങള്‍ കാണാവുന്നതാണ്. 
    മേല്പറഞ്ഞ വ്യത്യസ്ത വീക്ഷണങ്ങൾ വായിക്കുമ്പോൾ റ. അ 8, 12 എന്ന രണ്ടു തരത്തിലുള്ള അഭിപ്രായങ്ങൾ ഇബ്നുഅബ്ദിൽബറിന്റെയും ഇബ്നു കസീറിന്റെയും വ്യത്യസ്ത നൂറ്റാണ്ടുകളിൽ ഭൂരിപക്ഷ അഭിപ്രായമായി രൂപപ്പെടുന്നുണ്ട്. ഇബ്നുസഅദ് (230) തിരുപിറവി വിഷയത്തിലുള്ള ഭിന്ന വീക്ഷണങ്ങൾ  പരാമർശിച്ചതിൽ റ. അ 12 കുറിച്ചുള്ള പരാമർശങ്ങളെ  ഇല്ല എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.  അപ്പോൾ ശേഷമുള്ള നൂറ്റാണ്ടുകളിലും, ഇക്കാലത്തും റ. അ 12 എങ്ങനെ പ്രാബലപ്പെട്ടുവെന്നതിൽ    ഖാദി യാസിർ എത്തുന്ന നിഗമനം ഏറെ കുറെ ശരിവെക്കാം. രണ്ടു കാരണങ്ങളാണ് അദ്ദേഹം അതിന് നിരത്തുന്നത്.
  • ഇബ്നു ഇസ്ഹാഖ് എന്നവരുടെ സീറയുടെ ജനകീയത തന്നെയാണ് പ്രഥമ കാരണം. ഇദ്ദേഹത്തിന്റെ സീറകളിൽ നിന്നുമാണ് ശേഷമുള്ള നബിചരിതങ്ങളും ഗവേഷണ പഠനങ്ങളും ഉണ്ടായിട്ടുള്ളത്. ഇവരിൽ അധിക പേരും മറ്റു വീക്ഷണങ്ങളെ മാറ്റി നിർത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ ഈ ഒരു അഭിപ്രായം സ്വീകരിച്ചു പോവുകയാണ് ചെയ്തത്.
  • സവിശേഷമായ മറ്റൊരു കാരണം,  അന്നേ ദിവസമായിരുന്നു മുസ്‌ലിം ലോകത്തെ ആദ്യപ്രവാചകപ്പിറവി ആഘോഷം കൊണ്ടാടപ്പെട്ടത് എന്നതാണ്. 

മൗലിദ് ആഘോഷങ്ങളുടെ ഉത്ഭവം

പ്രവാചകന്റെയോ സ്വാഹാബക്കളുടെ  ആദ്യ  നൂറ്റാണ്ടുകളിൽ മൗലിദ് ആഘോഷങ്ങളെ കുറിച്ചുള്ള ആധികാരികമായ രേഖകൾ ഇല്ല എന്നതിൽ തർക്കമില്ല. മൗലിദ് ആഘോഷങ്ങൾ  ശേഷമുള്ള നൂറ്റാണ്ടിലായിരുന്നു തുടക്കം കുറിച്ചത്. മൗലിദ് ആഘോഷങ്ങളുടെ ആദ്യ പരാമർശങ്ങൾ ജമാലുദ്ധീൻ ബിൻ അൽ മഅ്മൂന്‍ (578) എന്നിവരുടെ രചനകളിലാണ് കാണാനാവുന്നത്. അദ്ദേഹത്തിന്റെ പിതാവ് ഫാത്തിമി രാജാവംശത്തിലെ   ഉദ്യോഗസ്ഥനായിരുന്നു. ദൗർഭാഗ്യവശാൽ ഈ രചനകൾ നഷ്ട്ടപെട്ടുവെങ്കിലും അദ്ദേഹത്തെ ഉദ്ദരിക്കുന്ന മറ്റു രചനകൾ ഇവ സംരക്ഷിച്ചു പോന്നു. അത്തരത്തിൽ ഈജിപ്തിലെ മദ്ധ്യകാല ചരിത്രകാരിൽ പ്രധാനിയായ അൽ മഖ്‍രീസിയുടെ രചനകളിൽ നിന്നാണ് ഫാത്തിമി രാജവംശത്തിലെ വിവരങ്ങളുടെ ആഖ്യാനാങ്ങൾ ശേഖരിക്കുന്നത്. അൽമഖ്‍രീസി അക്കാലത്തു തന്നെ തന്റെ ഉദ്ദരണികളുടെ ആധികാരിക സ്രോതസ്സുകൾ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. മുഖ്യമായും അദ്ദേഹം ഫാത്തിമികളെ കുറിച്ചുള്ള  ആഖ്യാനങ്ങളിൽ ഇബ്നു മഅ്മൂനെയാണ് ആശ്രയിക്കുന്നത്. രാജകുടുംബാംഗം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം മറ്റു സമകാലിക ചരിത്രകാരിൽ നിന്ന് വ്യത്യസ്തനാക്കുന്നു എന്നത് തന്നെ പ്രധാന കാരണം.

അൽ മഖ്‍രീസിയുടെ പ്രസ്താവനകൾ പ്രകടമാക്കുന്നത് ഭരണകൂടത്തിന് കീഴില്‍ ഔദ്യോഗികമായി തന്നെ മൗലിദ് ആഘോഷങ്ങൾ വ്യവസ്ഥാപിത രീതിയിൽ ഫാത്തിമി രാജഭരണത്തിൽ കൊണ്ടാടപ്പെട്ടു എന്നാണ്. സമ്പത്തും ഭക്ഷണ പാനീയങ്ങളും അന്ന് വലിയ തോതിൽ വിതരണം ചെയ്യപ്പെട്ടിരുന്നു. മൗലിദ് സംബന്ധിയായി ഖുർആൻ ഹദീസുകളും മറ്റു  ഉദ്ധരണികളും അന്ന്  വായിക്കപ്പെട്ടിരുന്നുവെങ്കിലും വ്യവസ്ഥാപിതമായ നിലക്ക് ഏതെങ്കിലും സവിശേഷമായ മൗലിദ് ഭക്തിസാഹിത്യങ്ങളുടെ പരാമർശങ്ങളില്‍ കാണുന്നില്ല. അൽമഅ്മൂൻ റബീഉല്‍അവ്വല്‍ 13 നായിരുന്നു ഈ ആഘോഷം കൊണ്ടാടപ്പെട്ടത് എന്ന് കണക്കാക്കുന്നുണ്ട്. 

സമാനമായ മറ്റൊരു ഉദ്ധരണി ഇബ്നുൽതുവയ്ർ (617) എന്നിവരുടേതാണ്. ഇദ്ദേഹം ഈ ആഘോഷങ്ങൾ റബീഉല്‍ അവ്വല്‍ 12 നാണ് കൊണ്ടാടപ്പെട്ടത് എന്ന് രേഖപ്പെടുത്തുന്നുണ്ട്. ഈ വൈരുദ്ധ്യങ്ങളോട് ചരിത്രകാരന്മാർ രണ്ടു രീതിയിൽ ആണ് പ്രതികരിച്ചത്. ഒന്ന്, ഇബ്നുൽമഅ്മൂനിന് തെറ്റിയതാകാം, അല്ലെങ്കിൽ മൗലിദാഘോഷങ്ങൾ ആദ്യമായിട്ട് 13ൽ നടത്തപ്പെടുകയും പിന്നീട് റബീഉല്‍ അവ്വല്‍ 12ന് വ്യവസ്ഥാപിതമായി കൊണ്ടാടപ്പെടുകയും ചെയ്തതായിരിക്കാം എന്നാണ്. 

ആധികാരികമായ തെളിവുകളുടെ അഭാവത്തിൽ മൗലിദ് ആഘോഷങ്ങളുടെ കൃത്യമായ വർഷം കണക്കാക്കാൻ സാധിക്കില്ല. മുൻകാല ചരിത്രങ്ങളിൽ പലതും നഷ്ടപ്പെട്ടു എന്നത് തന്നെ കാരണം. ചിലത് സംരക്ഷിക്കപ്പെട്ടത് അവരുടെ അടുത്ത കാലങ്ങളിലെ ചരിത്രകാരൻമാരുടെ പരാമർശങ്ങളിലൂടെ മാത്രമാണ്. ജമാലുദ്ധീൻ ബിൻ അൽമഅമൂന്‍, ഇബ്നു തുവയ്ർ എന്നിവർ തങ്ങളുടെ ദൃസാക്ഷി വിവരങ്ങളാണ് നൽകുന്നത്. 

ശ്രദ്ധേയമായ മറ്റൊരു വസ്തുത അൽ മഖ്‍രീസിയുടെ ചരിത്രാഖ്യാനങ്ങളുടെ സ്രോതസ്സുകൾ വിശകലനം ചെയ്യുമ്പോൾ, അദ്ദേഹം ഓരോ നൂറ്റാണ്ടുകളിലെയും സംഭവവികാസങ്ങളിൽ നിശ്ചിത മുൻകാല ചരിത്രകാരൻമാരുടെ ആഖ്യാനങ്ങളയാണ് ആശ്രയിച്ചിരുന്നത്. മൗലിദ് ആഘോഷങ്ങളുടെ ഈ പരാമർശങ്ങളിൽ മാത്രമാണ് ഹിജ്‌റ ആറാം ശതകത്തിലെ അൽമഅ്മൂനെ ആശ്രയിക്കുന്നത്. അതായത് മൗലിദ്  ആഘോഷങ്ങളുടെ രംഗപ്രവേശനം അൽ മഅ്മൂന്റെ കാലഘട്ടമായ ഹിജ്‌റ ആറാം നൂറ്റാണ്ടാണ് എന്ന നിഗമനം കൂടുതൽ പ്രബലപ്പെടുന്നു.

മൗലിദ് ആഘോഷം സുന്നി നാടുകളിൽ

ഹിജ്‌റ ആറാം നൂറ്റാണ്ടിൽ സിറിയയിലെ പ്രമുഖ ചരിത്രകാരനായ ഇമാദുദ്ദീ അൽഇസ്ഫഹാനിയുടെ രചനകളിലാണ് ആദ്യമായി മൗലിദ് പരാമർശങ്ങൾ കാണാൻ സാധിക്കുന്നത്. സിറിയയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെ പ്രതിപാദിക്കുന്നതിനിടയിൽ അദ്ദേഹം മൗലിദുകളെ കുറിച്ചും പ്രസ്താവിക്കുന്നുണ്ട്. അതിങ്ങനെ വായിക്കാം.

ഹിജ്‌റ 566-ാം വർഷം നൂറുദ്ധീൻ അൽസങ്കി  ഇറാഖിലെ മൊസൂളില്‍ തന്റെ സഹോദരന്റെ വിയോഗത്തെ തുടർന്ന് ഉടലെടുത്തു സ്ഥാനാരോഹണ കലഹങ്ങളെ തുടർന്ന് അങ്ങോട്ട് യാത്ര തിരിക്കുന്നു. സങ്കി രാജവംശത്തിലെ പ്രമുഖ രാഷ്ട്രീയ സാനിധ്യമായിരുന്ന അദ്ദേഹം യാത്രയിൽ മൊസൂളിലെ സൂഫിയായ ഉമർ അൽമുല്ലയെ കാണാൻ അദ്ദേഹത്തിന്റെ സാവിയ (ആശ്രമം) സന്ദർശിക്കുകയുണ്ടായി. സമൂഹത്തിലെ ഉന്നതരും സൂഫിയാക്കളും ഒത്തു കൂടിയിരുന്ന ഈ സാവിയകൾ അക്കാലത്തെ ജനകീയ കേന്ദ്രങ്ങളായിരുന്നു. പ്രവാചക ജന്മദിനത്തിനോടാനുബന്ധിയായി ഇവിടെ പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെയും കവികളെയുടെയും ആഭിമുഖ്യത്തിൽ ഉമർ അൽമുല്ല പ്രവാചക പ്രകീർത്തന സദസ്സുകൾ സംഘടിപ്പിച്ചിരുന്നു. 

മൊസൂളിലെ ഈ പ്രാദേശിക മൗലിദഘോഷ രൂപങ്ങൾക്ക് അതി ബ്രഹത്തായ വ്യാപനം ഉണ്ടായിരുന്നില്ല. വൈകാതെ തൊട്ടടുത്ത പട്ടണമായ ഇറബിലില്‍ ഇത് വ്യാപിച്ചു. ഇറബിൽ രാജാവായിരുന്ന മുസഫ്ഫറുദ്ദീൻ ഖോഖ്ബൂരിയാണ് രാജഭരണം സ്പോൺസർ ചെയ്യുന്ന രീതിയിൽ വലിയ രീതിയിൽ മൗലിദ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ഇറബിൽ ചരിത്രകാരനായ ഇബ്നു ഖല്ലിക്കാൻ ഈ ആഘോഷങ്ങൾ വളരെ ബ്രഹത്തായ രീതിയിൽ പ്രവാചക പ്രകീർത്തന സദസ്സുകളുടെയും ദാനധർമ്മളുടെയും അകമ്പടിയോടെ നടത്തിയതയുള്ള വിവരണം രേഖപ്പെടുത്തുന്നുണ്ട്.

ഉമർ അൽമുല്ലയിൽ നിന്ന് വിത്യസ്തമായി ഇവ കൂടുതൽ വ്യാപന ശേഷി ഉള്ളതായിരുന്നു. അക്കരണത്താൽ തന്നെ ഹിജ്‌റ ഏഴാം ശതകത്തിന്റെ മധ്യത്തിലാവണം മൗലിദ് ഇതര മുസ്‍ലിം സമൂഹങ്ങളിലേക്ക് വ്യാപിക്കുന്നത്. മൊസൂളിൽ നിന്നും 500 മൈലുകൾക്കപ്പുറം സ്ഥിതി ചെയ്യുന്ന ദമസ്ക്കസിലെ ചരിത്രകാരിൽ പ്രധാനിയായ അബൂ ശഅമാൻ മഖ്ദിസി മൊസൂളിലെ ഈ ആഘോഷങ്ങളെ നിരീക്ഷിച്ച് കൊണ്ട് പറയുന്നു.
നമ്മുടെ കാലത്ത് പുതിയതായി തുടങ്ങിയ പ്രതിഭാസമാണ് ഇറബിലിലെ മൗലിദ് ആഘോഷങ്ങൾ. പാവങ്ങൾക്കു സഹായമായി തീരുന്ന ഉദാരമായ ദാനധർമ്മൾക്കു പുറമെ ഇത്തരം ആഘോഷങ്ങൾ പ്രവാചകനോടുള്ള അടങ്ങാത്ത അനുരാഗത്തിന്റെ പ്രകടനങ്ങൾ കൂടിയാണ്.  മൊസൂളിലെ ഉമർ അൽമുല്ല ആയിരുന്നു ഈ നവീന ആശയങ്ങളുടെ  ഉപജ്ഞാതാവ്. അദ്ദേഹത്തിൽ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് ഇറബിലിലെ ഭരണാധികാരി ഈ ആഘോഷങ്ങളെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചത്.

മഖ്ദിസിയുടെ ഈ വിവരണം ദമസ്ക്കസിൽ തങ്ങളുടെ മൗലിദ് ആഘോഷങ്ങൾ ഇനിയും തുടരാനിരിക്കുന്നതേ ഉള്ളു എന്ന് വ്യക്തമാക്കുന്നു. വടക്കന്‍ ആഫ്രിക്കയിലും മൗലിദുകളുടെ വ്യാപനത്തിലെ പ്രധാന ഘടകം ആയി  ഗവേഷകർ വിലയിരുത്തുന്നത് അബുൽഅബ്ബാസ് അസ്സഫിയുടെ (633) ഇടപെടലുകലാണ്. മൗലിദ് ആഘോഷങ്ങളിൽ പ്രധാന പങ്കു വഹിക്കുന്ന, അദ്ദേഹത്തിന്റേതായി കരുതപ്പെടുന്ന മൗലിദ് രചനകൾ ക്രിസ്തീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇസ്‍ലാമിക ചൈതന്യത്തെ ദുർബലപ്പെടുത്തുന്നതിനെ പ്രതിരോധിക്കാനായുള്ള ശ്രമങ്ങളാണെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തുടർന്നുള്ള നൂറ്റാണ്ടുകളിൽ,  മന്ദഗതിയിലാണെങ്കിലും,  മൗലിദ് ആഘോഷങ്ങൾ മുസ്‍ലിം നാടുകളിലേക്ക് കുടിയേറി. പ്രാദേശിക കൂടിച്ചേരലുകളോടു കൂടെ പുതിയ സങ്കര സംസ്കാരമായി മുസ്‍ലിം ലോക ക്രമത്തിലെ പ്രധാന ഭാഗമായി രൂപം പ്രാപിക്കുകയാണ് ചെയ്യുന്നത്.

മൗലിദ്: ഭക്തിസാഹിത്യങ്ങളുടെ സഞ്ചാരങ്ങൾ 

മൗലിദ് ആഘോഷങ്ങളുടെ ചരിത്ര പശ്ചാത്തലങ്ങളിൽ തന്നെ തിരുപ്പിറവിയുടെ ഓരോ ഘട്ടങ്ങളെയും വർണ്ണിക്കുന്ന വിവിധ ആഖ്യാനങ്ങളിൽ ആയി അറബി ഭാഷയിൽ പുതിയ രചനകളുടെ കടന്നുവരവും സാമാന്തരമായി ഉടലെടുക്കാൻ തുടങ്ങി. ധ്രുതഗതിയിൽ തന്നെ മുസ്‌ലിം പൊതു, സ്വകാര്യ ഇടങ്ങളിൽ മൗലിദ് ആഘോഷങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത അനുഷ്ഠനങ്ങളായി വികസിച്ചു. അതിനപ്പുറം പ്രയാസങ്ങൾക്കെതിരെ പ്രതിരോധം എന്ന നിലയിൽ പ്രതീക്ഷകൾ നൽകുന്ന, അനുഗ്രഹങ്ങൾ തേടിയുള്ള ഭക്തി സാഹിത്യങ്ങളായി മൗലിദ് സാഹിത്യങ്ങൾ മുസ്‍ലിം ആചാരക്രമങ്ങളുടെ ഭാഗമായി തീർന്നു. അറബ് പാശ്ചാത്യ ലോകത്തും, പശ്ചിമേഷ്യൻ പ്രദേശങ്ങളിലും രചിക്കപ്പെട്ട അറബ് സാഹിത്യങ്ങൾ അടുത്ത നൂറ്റാണ്ടുകളിലായി തന്നെ മറ്റു മുസ്‌ലിം സമൂഹങ്ങളിലേക്കും ചേക്കേറി. ചില നിരീക്ഷണങ്ങളെ അടിസ്ഥാനപെടുത്തിയാണ് ഈ വ്യാപനത്തെ ചരിത്രകാരന്മാർ വിലയിരുത്തുന്നത്. അവയിൽ പ്രധാനപ്പെട്ടവ ഇവയാണ്.

  • ശറഫൽഅനാം എന്ന മധ്യകാല മൗലിദ് കൃതി ദക്ഷിണേന്ത്യയിലെ  കേരളത്തിൽ പ്രചരിച്ചത് പോലെ മലേഷ്യ, ഇൻഡോനേഷ്യ, കെനിയ, ടാൻസാനിയ, സോമാലിയ എന്നീ നാടുകളിലും പ്രചുരപ്രചാരം നേടിയതായി കാണാൻ സാധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സഞ്ചരിക്കുന്ന രചന എന്ന വിശേഷണം ചരിത്രകാരന്മാർ ഇവയ്ക്കു ചാർത്തികൊടുത്തിട്ടുണ്ട്.
  • അറബിയിൽ വിരചിതമായ കൃതികളുടെ പ്രാദേശിക ഭാഷകളിലേക്കുള്ള വിവർത്തനങ്ങളാണ് മറ്റൊരു അടിസ്ഥാനം. ഇത്തരത്തിൽ മദീനയിൽ ജീവിച്ച ശാഫിഈ പണ്ഡിതനായ ജാഫർ ബിൻഹസൻ അൽബർസൻജ് (1764) ന്റെ മൗലിദ് രചനകളുടെ വിവർത്തനങ്ങൾ ഇൻഡോനേഷ്യ, മലായ് ഭാഷകളിൽ ലഭ്യമാണ്.
  • അറബ് മൗലിദ് രചനാ മാതൃകകളിൽ അറബിയിൽ തന്നെ തദ്ദേശീയമായി രചിക്കപ്പെട്ട മൗലിദ് സാഹിത്യങ്ങളാണ് മറ്റൊരു ഘടകം. മലബാർ മാപ്പിള മുസ്‍ലിംകൾക്കിടയിൽ പ്രചാരത്തിലുള്ള സൈനുദ്ധീൻ അൽമഅ്ബരി (1522) അൽമലബാരി (മഖ്ദൂം ഒന്നാമന്‍) യുടെ മൻഖൂസ് മൗലിദ് ആണ് പ്രകടമായ ഉദാഹരണം.
  • അറബി അല്ലാത്ത ഭാഷകളിലുള്ള മൗലിദ് രചനകൾ, രചനകളിലെ സമാനതകൾ മറ്റൊരു വസ്തുത ആണ്. ഇത്തരത്തിൽ ഉസ്മാനിയ തുർക്കിയിൽ രചിക്കപ്പെട്ട സുലൈമാൻ ശലബിയുടെ രചനകൾ ഗവേഷണ പഠനങ്ങൾ എടുത്തു കാണിക്കുന്നുണ്ട്.
    ഈ നിരീക്ഷണങ്ങൾ അടിവരയിടുന്നത് വിവിധ ഭാഷകളില്‍, ദേശങ്ങൾക്കതീതമായി മൗലിദ് സാഹിത്യങ്ങൾ മധ്യകാലഘട്ടത്തിൽ തന്നെ വികസിക്കുകയും കോസ്മോപൊളിറ്റിയൻ പ്രതിഭാസമായി രൂപാന്തരപ്പെടുകയും ചെയ്തുവെന്നാണ്.

മലബാറിലേക്കുള്ള കുടിയേറ്റം

മൗലിദുകളെ  കുറിച്ചുള്ള അന്വേഷണങ്ങൾ മറ്റൊരു അർത്ഥത്തിൽ ഇസ്‍ലാമിക ലോകത്തെ  പണ്ഡിത സഞ്ചാരങ്ങളുടെയും വൈഞ്ജാനിക കൈമാറ്റങ്ങളുടെയും ഗവേഷണങ്ങളിലേക്കാണ് എത്തിച്ചേരുക. മേല്‍പറഞ്ഞ മൗലിദ് ഗ്രന്ഥമായ ശറഫൽഅനാമിന്റെ രചയിതാവിനെ കുറിച്ചുള്ള ചര്‍ച്ചയില്‍, യമൻ  പണ്ഡിതനായ ഇബ്നു അദ്ദയ്ബ (1537) എത്തുന്ന നിഗമനം,  അൽ ഹരീരി എന്ന തൂലിക നാമത്തിൽ അറിയപ്പെട്ടിരുന്ന മാലികി പണ്ഡിതനായ അഹ്‌മദ്‌ ബിൻഖാസിം എന്നവരാണെന്നാണ്. ഈ ഒരു നിഗമനത്തെ  ഗുജറാത്തിലേക്ക് കുടിയേറിയ ഹദ്റമി കുടുംബത്തിലെ അബ്ദുൽ ഖാദിർ അൽഅയ്ദറൂസി എന്നവരും വിവരിക്കുന്നതായി കാണാം. അദ്ദേഹം, യമനിൽ ഒരുപാട് പേർ പ്രസ്തുത ഗ്രന്ഥരചയിതാവായി കണക്കാക്കുന്ന ഹൻബലി പണ്ഡിതനായ അൽജൗസിയെ  ഇബ്നുഅദ്ദയ്ബ    നിരകരിക്കുന്നതായും ഉദ്ദരിക്കുന്നുണ്ട്. ഈ വിവരങ്ങളിൽ നിന്നും യമനിൽ  ശറഫൽഅനാം എത്ര ജനകീയമായിരുന്നെന്ന് മനസ്സിലാക്കാം. 

യമനിലെ തിഹാറയിലെ സാബിദിലാണ് അദ്ദയ്ബ ജീവിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ പിതാവ് ഇന്ത്യയിലേക്ക് കുടിയേറിയതായിരുന്നു. അദ്ദേഹം തന്റെ പിതാവിനെ കാണുന്നില്ലെങ്കിലും പണവും വാർത്തകളും അക്കാലത്തു തന്നെ കൈമാറാറുണ്ടായിരുന്നു. ഈ പണം ഉപയോഗിച്ചായിരുന്നു, ആദ്യമായി അദ്ദേഹം മക്കയിലേക്ക് (1479) തീർത്ഥാടനം ചെയ്തത്. പിന്നീട് 1491ൽ മക്കയിലേക്കുള്ള തന്റെ മൂന്നാമത്തെ തീർത്ഥാടനത്തിൽ അദ്ദേഹം ഹിജാസിലെ ഈജിപ്ഷ്യൻ പണ്ഡിതനായ മുഹമ്മദ്‌ അസ്സഖവി (1497)യുടെ കീഴിൽ വിദ്യ അഭ്യസിച്ചു. അദ്ദയ്ബയുടെ തന്നെ രചനകളിൽ, 1485ൽ തന്നെ (അസ്സഖവിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നേ) തഹരിദ് രാജവംശത്തിനു കീഴിൽ മൗലിദ്  ആഘോഷങ്ങൾ കൊണ്ടാടിയതായും സാബിദിൽ മൗലിദ്  വായനകൾ ഉണ്ടായതായി ഓർത്തെടുക്കുകയും ചെയ്യുന്നു. അസ്സഖവി തന്റേതായ സംഭാവനകൾ മൗലിദ് സാഹിത്യങ്ങളിൽ നൽകിയിട്ടുണ്ടെന്നുള്ള ചരിത്രകാരന്മാർ ചില ഉദ്ദരണികളുടെ അടിസ്ഥാനത്തിൽ രേഖപെടുത്തുന്നതിനെ ഇവിടെ നിരകരിക്കുന്നില്ല. എങ്കിലും സാബിദിലെ മൗലിദ് ആഘോഷങ്ങൾക്ക് അദ്ദേഹത്തിന് പങ്കുണ്ടാവണമെന്നില്ല. മദ്ധ്യകാല സൂഫി വനിതകളിൽ പ്രധാനിയായ ആയിശ അൽ ബാഹൂനിയ്യ  (1517) തന്റെ മദീന സന്ദർശനത്തിൽ മദീനയിൽ മൗലിദ് വായനകൾ കേട്ടതായി രേഖപെടുത്തുന്നു. ഹിജാസ് അന്ന് പശ്ചിമേഷ്യയിലെയും മുസ്‌ലിം പശ്ചാത്യലോകത്തെയും  പണ്ഡിത സാമ്രാട്ടുകളുടെ സംഗമ ഭൂമിയായിരുന്നു എന്ന് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. 

മന്‍ഖൂസ് മൗലിദിന്റെ രചയിതാവായി കണക്കാക്കുന്നത് എ.ഡി 15-16 നൂറ്റാണ്ടുകളിൽ മലബാറിൽ ജീവിച്ചിരുന്ന സൂഫി വര്യനും പണ്ഡിതനും സാമൂഹ്യപരിഷ്കർത്താവും മതനേതാവും ആയിരുന്നു ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ എന്ന സൈനുദ്ദീൻ ഇബ്‌നു അലി ഇബ്‌നു അഹ്മദ് അൽമഅ്ബരി എന്നവരാണ്. അദ്ദേഹത്തിന്റെ കുടുംബം യമനിൽ നിന്നും കൊച്ചിയിലേക്കും പിന്നീട് പൊന്നാനിയിലേക്കും കുടിയേറിയവരാണ്. 

മലബാറിലെ പ്രാഥമിക വിദ്യാഭാസത്തിനു ശേഷം സൈനുദ്ദീൻ മഖ്ദൂം മക്കയിലേക്ക് യാത്ര തിരിക്കുന്നു. ആറു വർഷം അവിടെ തങ്ങിയതിനു ശേഷം അദ്ദേഹം കൈറോയിലേക്ക് പോവുകയും അവിടത്തെ ചീഫ് ജഡ്ജ് ആയിരുന്ന ശാഫീഈ പണ്ഡിതനായ സകരിയ്യൽ അൻസാരിയുമായും, ഫത്‌വ ഫീ ഹുസ്നി മഖാസിദിൽ മൗലിദ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ അസ്സുയൂതിയുമായും കണ്ടുമുട്ടുന്നു. പിന്നീട് മലബാറിലേക്ക് മടങ്ങിയ സൈനുദ്ദീൻ മഖ്ദൂം ഖാളിയായും അധ്യാപകനായും മലബാറിൽ സേവനം ചെയ്യുന്നു. നിരവധി ഫത്‌വകളുടെ കർത്താവായ ഇദ്ദേഹത്തിന്റെ തന്നെ രചനയാണ് മലബാറേതര ദേശങ്ങളിലേക്കും വ്യാപിച്ച ഹിദായത്തുൽ അദ്കിയ എന്ന ആത്മീയ കൃതിയും.

പോർച്ചുഗീസ് അധിനിവേശങ്ങൾ കാരണം കൊച്ചിയിൽ നിന്ന് അനേകം മുസ്‌ലിം വ്യാപാര സമൂഹങ്ങൾ പൊന്നാനിയിലേക്ക് കുടിയേറുകയും ഇക്കാലത്തു തന്നെ ഒരു വൈജ്ഞാനിക കേന്ദ്രമായി പൊന്നാനി വികസിക്കുകയും ചെയ്തത് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നുണ്ട്. ഹദർമൗത്, ശ്രീലങ്ക, ഇൻഡോനേഷ്യ തുടങ്ങി ഇതര രാജ്യങ്ങളിലെ പഠിതാക്കൾ ദക്ഷിണേന്ത്യയിലെ മക്ക എന്നറിയിപ്പെട്ട പൊന്നാനിയിലേക്ക് എത്തി വിദ്യ നുകർന്നതായി ഗവേഷണങ്ങൾ തെളിയിക്കുന്നു. പതിനാറാം  നൂറ്റാണ്ടിൽ തന്നെ യമനിൽ നിന്നും മലബാറിലേക്കും, തിരിച്ചങ്ങോട്ടുമുള്ള അനേകം സമുദ്ര യാത്രകളാൽ സമ്പന്നമാണ് ഇന്ത്യൻ മഹാ സമുദ്രം. ഈ ഒരു പശ്ചാത്തലത്തിലാണ് മൻഖൂസ്  മൗലിദിന്റെ കടന്നുവരവ്. 

മന്‍ഖൂസ് എന്ന പദം അർത്ഥമാക്കുന്നതുപോലെ അനേകം മൗലിദുകളുടെ സംഗ്രഹമായിട്ട്  വളരെ എളുപ്പത്തിൽ പാരായണം ചെയ്യപ്പെടുന്ന രീതിയിൽ ഇത് രചിക്കപ്പെട്ടു എന്ന് വേണം കരുതാൻ. ശറഫൽ അനാം, മൗലിദ് അൽ അറൂസ് തുടങ്ങിയ മൗലിദുകളോട് ഘടനപരമായും ആഖ്യാനരീതിയിലും രചനയിലും ഇവ ശക്തമായ സാമ്യത പുലർത്തുന്നതായുള്ള പല ഗവേഷണ നിരീക്ഷണങ്ങളും അടയാളപ്പെടുത്തുന്നത് അറേബ്യൻ മൂല കൃതികളിലേക്കും സംസ്കൃതികളിലേക്കും ആഴ്ന്നിറങ്ങിയ മാപ്പിളയുടെ തായ് വേരുകളാണ്.

സമാപനം 

തിരുപ്പിറവി ആഘോഷവേളകൾക്കപ്പുറം മൗലിദ് വായനകൾ ഇന്ന് മാപ്പിളയുടെ സ്വത്വസംസ്കാരത്തിന്റെ പ്രധാനമായ ഭാഗമായി  വ്യത്യസ്ത ആചാരക്രമങ്ങളിലായി നിലനിന്ന് പോകുന്നു. അറബി സാഹിത്യത്തിൽ രചിതമായ മന്‍ഖൂസ് മൗലിദ്  മാപ്പിളകളിൽ ശേഷം ഉടലെടുത്ത കലാ സാഹിത്യ ബോധങ്ങളുടെ പ്രധാന സ്രോതസ്സുകളില്‍ ഒന്നാണ്. മാല സാഹിത്യങ്ങൾ (മലയാളത്തിൽ രചിക്കപ്പെടുന്ന  പ്രവാചകന്മാരുടെയും മറ്റു സൂഫീകളുടെയും ജനനത്തേയും ജീവിതത്തേയും പ്രതിപാദിക്കുന്ന സാഹിത്യങ്ങളെയാണ് മാലകൾ എന്ന് വിളിക്കപ്പെടുന്നത്), മദ്ഹ് പാട്ടുകൾ, മാപ്പിള പാട്ടുകൾ തുടങ്ങിയ മാപ്പിള കലാസാഹിത്യങ്ങൾ ഇത്തരത്തിൽ ഉരുതിരിഞ്ഞു വന്നവയാണ്. മാപ്പിളയുടെ കലാസാഹിത്യ സാംസ്‍കാരിക മണ്ഡലങ്ങളിൽ മൗലിദ് സാഹിത്യങ്ങളുടെ സ്വാധീനം വളരെ വലുതാണ് എന്ന് ഇവ വിളിച്ചോതുന്നു.

കൗതുക കരമായ ചില വസ്തുതകൾ കൂടി പ്രതിപാദിക്കാം. വ്യത്യസ്ത മൗലിദുകൾ, പ്രാർത്ഥനകൾ ഉൾകൊള്ളുന്ന ഏടുകളെ മാപ്പിളമാർ സബീന/സഫീന എന്ന് വിളിക്കുന്നതായി കാണാം. ഇവയുടെ പാദോല്പത്തിയെ പ്രതിപാദിക്കുന്നിടത്ത് മുനീർ ഹുദവിയുടെ ശ്രദ്ധേയമായ നിഗമനം  ഈ പദങ്ങൾ ഷബീന (രാത്രി സഞ്ചാരി) എന്ന പേർഷ്യൻ വാക്കിൽ നിന്നും കുടിയേറിയതാവാം എന്നാണ്. സൂര്യാസ്തമയ നിസ്കാരത്തിനും രാത്രി നിസ്കാരത്തിനുമിടയിലാണ് ഇവ കൂടുതലായി പാരായണം ചെയ്യപ്പെടുന്നത് എന്ന വസ്തുതയെ  അടിസ്ഥാനമാക്കിയാണ് ഈയൊരു കണ്ടെത്തൽ. പക്ഷേ, ഇനിസ് വൈറിന്ക്  ഈ നിഗമനത്തെ ഉദ്ദരിക്കുന്നിടത്ത് മുന്നോട്ട് വെക്കുന്നത്  അറബിയിലെ സഫീന (കപ്പൽ / പാത്രം) എന്ന പദത്തിൽ നിന്നാവാം ഇതിന്റെ ഉല്പത്തി എന്നാണ്. ഇസ്‍ലാമിക ഗ്രന്ഥസംസ്കാരങ്ങളിൽ ഈ പദപ്രയോഗങ്ങളുടെ ഉദാഹരണങ്ങളെയും അദ്ദേഹം മുന്നോട്ട് വെക്കുന്നു. ഉത്തരാഫ്രിക്ക, ഈജിപ്ത് എന്നിവിടങ്ങളിൽ കാവ്യരൂപങ്ങളുടെ സമാഹരങ്ങൾ (മുവശഹാത്)ക്ക് സഫീന എന്ന് പറയുന്നതായി  കാണാം. മൊറോകോ, സിറിയ, യമൻ എന്നിവിടങ്ങളിൽ പാട്ട് ബുക്കുകൾക്ക് സഫീന എന്ന് പറയാറുണ്ട്. ഇസ്‍ലാമിക കയ്യെഴുത്ത്പ്രതി സംസ്കാരങ്ങളുടെ ഭാഗമായുള്ള പ്രത്യേകയിനം ബൈൻഡിങ് ഉള്ള തുന്നിചേർത്ത നോട്ട് പുസ്തകങ്ങൾക്കും സഫീന എന്ന പദം ഉപയോഗിച്ച് വരുന്നു. ഇത്തരത്തിലുള്ള കയ്യെഴുത്ത് പ്രതികൾ ചില മ്യൂസിയങ്ങളിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അനേകം രചനകളെ വഹിക്കുന്ന കപ്പൽ അല്ലെങ്കിൽ എഴുതി നിറക്കാനാകുന്ന പാത്രം എന്നതായിരിക്കാം ഈ പദപ്രയോഗങ്ങളുടെ അടിസ്ഥാനം. പാകിസ്ഥാനിലും  കവിതകളുടെ സമാഹാരങ്ങൾക്ക് ഇത്തരത്തിലുള്ള സഫീന എന്ന് ഉപയോഗിച്ച് വരുന്നതായും അദ്ദേഹം രേഖപ്പെടുത്തുന്നു. വ്യത്യസ്ത ഭാഷകൾക്കും ദേശങ്ങൾക്കും അപ്പുറം സഫീന എന്ന ഈ പദത്തിന്റെ സഞ്ചാരപഥങ്ങളും മൗലിദുകളുടെ വ്യാപനത്തോട് കൂട്ടിവായിക്കേണ്ടതാണ്.

റഫറൻസ് 
البداية والنهلية ابن كثير
Monsoon Islam:Trade and Faith on the Medieval Malabar Coast, Sebastian R. Prange, University of Bruch Colováva
Role of Māla-Mawlid literature in the Islamic Revival of North  Kerala: An Analytical Study, Moyin kutty
Bibliometric Analysis of The Mawlid Celebration DO. I10.24090, Muchammad Ikfil Chasan.
From the Arab Lands to the Malabar Coast, The Arabic mawlid as a Literary Genre and a Traveling Text, Weinrich Ines.
 HistoryMawlid: Its Origin, History, and PPractic, Yasir Qadhi
Mawlūd: Celebrating the birth of the Prophet in Islamic religious rituals and wedding ceremonies in Harar, Sem-link Simone Tarsitani.
ശറഫല്‍ അനാം: പ്രണയത്തിന്റ ആത്മഗീതങ്ങള്‍, നഫീസ് ശുഐബ്
മാപ്പിള ‘മൗലൂദ്’: പാഠവും സന്ദര്‍ഭവും, എ.കെ മുനീര്‍ ഹുദവി, തെളിച്ചം December 7, 2020
ഇശ്‌ഖിന്റെ കാവ്യപ്രപഞ്ചത്തില്‍ മന്‍ഖൂസ് മൗലിദിന്റെ ഇടം, ഡോ . കെ.ടി. ജോബിര്‍ ഹുദവി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter