Losing My Religion: പരമാർത്ഥത്തെ തേടി ഒരു യാത്ര
ആധുനിക മുസ്‍ലിംകൾ, പ്രത്യേകിച്ച് പാശ്ചാത്യ ഭാഗങ്ങളിലെ യുവാക്കൾ, നേരിടുന്ന വൈകാരികവും, ആത്മീയവും, ബൗദ്ധികവുമായ പ്രശ്ന പോരാട്ടങ്ങളെ കൈകാര്യം ചെയ്യുന്ന ആഴത്തിലുള്ള ചിന്തോദ്ദീപകമായ ഒരു കൃതിയാണ് ജെഫ്രി ലാങ്ങിന്റെ “Losing My Religion: A Call For Help”. മുസ്‍ലിം നേതൃത്വത്തെ ഉണർത്താനുള്ള ശക്തവും അടിയന്തിരവുമായ ആഹ്വാനമായിരുന്നു ഈ കൃതിയെന്ന് പറയാം.
യുവതലമുറയ്ക്ക് ഇസ്‍ലാമിനോടുള്ള ബന്ധം നഷ്ട്ടപ്പെടുന്നതിനെയും പുതിയ ആളുകളെ വിശ്വാസത്തിലേക്ക് വഴികാട്ടുന്നതിലുള്ള നമ്മുടെ പരാജയത്തെയും ഇതിൽ വ്യക്തമായി ചൂണ്ടികാണിക്കുന്നു. ഈ പ്രതിസന്ധി തുറന്നെഴുതുന്നതിൽ ജെഫ്രി ലാങ് ലേശം പോലും അലംഭാവമോ മടിയോ കാണിക്കുന്നില്ല. എന്റെ അഭിപ്രായത്തിൽ ലാങ്ങിന്റെ വാക്കുകൾ യഥാർത്ഥത്തിൽ വെറും വിമര്ശനമായിരുന്നില്ല മറിച്ച്, ഇനിയും നമ്മൾ പ്രവർത്തനരംഗത്തേക്ക് പ്രവേശിച്ചില്ലെങ്കിൽ ഈ യുവതലമുറയെ നമുക്ക് നഷ്ടപ്പെട്ടേക്കാം എന്ന ആത്മാർത്ഥമായ മുന്നറിയിപ്പായിരുന്നു. ഇന്ന് ഏകദേശം അദ്ദേഹത്തിന്റെ വാക്കുകൾ അർത്ഥവത്തായതായി നമുക്ക് അനുഭവപ്പെടാം എന്നിരുന്നാലും ഇനിയും നമുക്ക് ഈ വഴിയിൽ ഇറങ്ങിത്തിരിക്കാൻ സമയമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു ഈ മഹത്തായ കൃതി നമ്മളെ അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു.
ജെഫ്രി ലാങ് ഇസ്‍ലാം സ്വീകരിച്ചപ്പോൾ തന്റെ സ്വന്തം മക്കൾ ലഹരിയിലോ മറ്റോ വഴി പിഴച്ചു പോയപോലെ അദ്ദഹത്തിന്റെ മാതാപിതാക്കളും ഞെട്ടിത്തരിച്ചു നിന്ന് പോയിരുന്നു, എന്ന് ലാങ് സ്വന്തം അനുഭവം ഇതിൽ കുറിച്ചു വെച്ചിട്ടുണ്ട്.
ഒരു ദിവസം, ലാങ്ങിന്റെ 9 വയസ്സുള്ള മകൾ അദ്ദേഹത്തോട് യാദൃശ്ചികമായി ചോദിച്ചു, "അച്ഛാ, ഞാൻ ഒരു ക്രിസ്ത്യാനിയായാൽ നിങ്ങൾ എന്തു ചെയ്യും?" ഈ ചോദ്യം അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചു. സ്വന്തം വീട്ടുകാർക്ക് പോലും യുക്തമായ രീതിയിൽ ഇസ്‍ലാമിനെ പഠിപ്പിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടതായി അദ്ദേഹത്തിന് തോന്നി. അദ്ദേഹത്തിന്റെ മകൾ കൂട്ടിച്ചേർത്തു, "ഞാൻ ഒരു ക്രിസ്ത്യാനിയാകുന്നതിനെക്കുറിച്ച് ശരിക്കും ചിന്തിക്കുന്നില്ല, അച്ഛാ. പക്ഷേ ചിലപ്പോൾ ഞാൻ ഒരു മുസ്‍ലിം അല്ലായിരുന്നുവെങ്കിൽ ജീവിതം കുറച്ചൂടെ എളുപ്പമാകുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു."
ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറെ പ്രതിബദ്ധത ആവശ്യപ്പെടുന്ന ഇസ്‍ലാം മതത്തെ എന്തിനാണ് ഒരാൾ പിന്തുടരുന്നത്? പുതിയ കുടിയേറ്റക്കാർക്കും അമേരിക്കയിൽ ജനിച്ച മുസ്‍ലിംകൾക്കും വേണ്ടി അദ്ദേഹം പ്രധാനമായും ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ശ്രമിക്കുന്നു.
ഏകദേശം 500 പേജുകളുള്ള പുസ്തകത്തിന് മൂന്ന് പ്രധാന അധ്യായങ്ങളും ഒരു ചെറിയ സമാപന കുറിപ്പും മാത്രമേയുള്ളൂ. അമേരിക്കയിലെ യുവ മുസ്‍ലിം പ്രവർത്തകരെയും മതപരിവർത്തനം ചെയ്തവരെയും ഇസ്‍ലാം യുക്തിസഹവും നൈസർഗ്ഗികമൂല്യം നിലനിർത്തുന്ന ഒരു പാതയാണെന്ന് ബോധ്യപ്പെടുത്താനും ലോകത്തിന് മുന്നിൽ തുറന്നുപറയാനും പ്രോത്സാഹിപ്പിക്കുന്നതിലാണ് ലാങ്ങിന്റെ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഭൂരിഭാഗ അമേരിക്കക്കാരും യഥാർത്ഥ ആത്മീയ സമാധാനത്തിനായി അന്വേഷിക്കുന്നവരാണെന്ന് അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നു. പക്ഷെ അവരിൽ മിക്കവാറും ഇസ്‌ലാമിനെ ഭയക്കുന്നു. ഇസ്‌ലാം എന്ന വാക്ക് അവരുടെ മനസ്സിൽ സമാധാനത്തിന്റെ വിപരീത പദമായി മാറിയിരിക്കുന്നു. അവർ ഇസ്‍ലാമിനെ അക്രമത്തിന്റെ പര്യായമായി മനസ്സിലാക്കിയിരിക്കുന്നു. ഈ ഭയത്തിന് ഒരു വെല്ലുവിളിയായും മുസ്‍ലിംകൾക്ക് അവരുടെ വിശ്വാസത്തിന്റെ യഥാർത്ഥ മുഖം അവതരിപ്പിക്കാനും ഒരു സഹായിയായി ഈ കൃതിയുടെ എഴുത്തിനെ ലാങ് കൊണ്ടുപോവുന്നു.
ഏതൊരു മതവും നിലനിൽക്കണമെങ്കിൽ, അതിന് യുവതലമുറയെ ബന്ധിപ്പിക്കാനും പുതിയ ആളുകളെ കൊണ്ടുവരാനും കഴിയണം. എന്നാൽ ജെഫ്രി ലാങ്ങിന്റെ അഭിപ്രായത്തിൽ, മുസ്‍ലിം സമൂഹം രണ്ട് മേഖലകളിലും സന്ദേഹം നേരിടുകയാണ്. അദ്ദേഹം വ്യക്തമായി പറയുന്നു, "മുസ്‍ലിം സമൂഹത്തിന് ആലസ്യം ബാധിച്ചിരിക്കുന്നു."
മുസ്‍ലിം കുടിയേറ്റക്കാരും ഇസ്‍ലാമിലേക്ക് പുതുതായി വന്നവരും അവരുടെ കുടുംബാംഗങ്ങളെ വിശ്വാസത്തിൽ അചഞ്ചലമായി നിലനിർത്താൻ വളരെ പ്രായസപ്പെടുന്നുണ്ട്. പ്രത്യേകിച്ച് 9/11 ആക്രമണങ്ങൾക്ക് ശേഷം ഇസ്‍ലാമിലേക്ക് പരിവർത്തനം ചെയ്യുന്ന ആളുകളുടെ എണ്ണവും കുത്തനെ കുറഞ്ഞു. 9/11 ന് ശേഷം യഥാർത്ഥത്തിൽ മുമ്പത്തേക്കാൾ ഇസ്‍ലാം ആശ്ലേഷിക്കുന്നവരുടെ എണ്ണം കൂടിയെന്ന് യാഹിയ എമെറിക് അഭിപ്രായപ്പെടുന്നത് കാണാം. അതിന്ന് വിപരീതമായാണ് ലാങ്ങിന്റെ കാഴ്പ്പാട് സഞ്ചരിക്കുന്നത്.
ലാങ്ങിന്റെ പുസ്തകത്തിന്റെ പ്രധാന പ്രമേയം, തങ്ങളുടെ കുട്ടികൾ ഇസ്‍ലാമിൽ നിന്ന് അകന്നുപോകുമ്പോൾ ഉണ്ടാകുന്ന അമേരിക്കൻ മുസ്‍ലിം മാതാപിതാക്കൾ അനുഭവിക്കുന്ന നിരാശയാണ്. വടക്കേ അമേരിക്കയിൽ മിക്കവാറും എല്ലാ മുസ്‍ലിം കുടുംബങ്ങൾക്കും ഈ വിഷയവുമായി ബന്ധപ്പെടാൻ കഴിയും. അവിടെയുള്ള മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ പരമ്പരാഗത രീതിയിൽ വളർത്താൻ ശ്രമിക്കുകയും അവരെ ഖുർആൻ പഠിപ്പിക്കാനും, നിസ്കാരം നിലനിർത്താനും, മതപഠന ക്ലാസ്സുകളിലൊക്കെ പങ്കെടുപ്പിക്കാനുമൊക്കെ പരമാവധി പ്രയത്നിക്കുകയും ചെയ്യുന്നു.
എന്നാൽ ഇത് യഥാർത്ഥത്തിൽ ഒരു തെറ്റായ വിജയബോധമാണെന്ന് രചയിതാവ് പറഞ്ഞ വെക്കുന്നു. കാരണം തങ്ങളുടെ മക്കൾ സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും തുടങ്ങുന്നത് വരെ അവർ ശക്തമായ മുസ്‍ലിംകളാണെന്ന് മാതാപിതാക്കൾ വിശ്വസിക്കുന്നു. എന്നാൽ അതിന് ശേഷം അവർ വഴിപിഴക്കുന്നതിലൂടെ മാതാപിതാക്കളുടെ പ്രതീക്ഷകൾ നശിച്ച് അവരുടെ ഹൃദയം തകർന്ന് പോകുന്നു.
ആത്മീയനേട്ടം അന്വേഷിച്ച് നടക്കുന്നവർ ഉൾപ്പെടെ നിരവധി യുവ മുസ്‍ലിംകൾ, സമൂഹത്തിൽ നിന്ന് പതുക്കെ അകന്നുപോകുന്നുവെന്ന് ലാങ് പറയുന്നു. ഇവരിൽ പലരും മതം വിട്ടുപോയേക്കാമെന്ന് ലാങ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഈ കാലത്ത് സാധാരണ കാഴ്ചയായി നമ്മൾ കണ്ടുവരുന്ന ഒന്നാണ് ഈ തന്ത വൈബ് എന്ന പ്രയോഗം. അതുമായി ബന്ധപ്പെട്ട് ലാങ് ഇതിൽ പരാമർശിക്കുന്നത് മുതിർന്നവർ യുവ മുസ്‍ലിംകളുടെ മതനിരാസം കാണുമ്പോൾ അതവരുടെ കൂട്ടുകെട്ടാണെന്നും അല്ലെങ്കിൽ പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനമാണെന്നും പറഞ്ഞ് കുറ്റപ്പെടുത്തുന്നു എന്നതാണ്. എന്നാൽ ഈ ഉപരിപ്ലവമായ വിശദീകരണങ്ങൾക്കപ്പുറം, അവർക്ക് നൽകാൻ കാര്യമായൊന്നുമില്ല. ഇന്ന് യുവാക്കൾ നേരിടുന്ന യഥാർത്ഥ ബൗദ്ധിക പോരാട്ടങ്ങളെ മുതിർന്നവരിൽ പലരും ശരിക്കും മനസ്സിലാക്കുന്നില്ലെന്ന് ലാങ് ചൂണ്ടിക്കാണിക്കുന്നു.
ഒരു വശത്ത്, ഇസ്‍ലാമിനെ മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും നിരന്തരം വിമർശിക്കുന്നു. മറുവശത്ത്, ഇസ്‍ലാമിനെ തീവ്രവും യുക്തിരഹിതവുമായ രൂപത്തിൽ "യഥാർത്ഥ ഇസ്‍ലാം" ആയി അവതരിപ്പിക്കപ്പെടുന്നു, ഇത് ആളുകളെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുന്നു.
വടക്കേ അമേരിക്കയിലെ കുറെ പളളികളിൽ കർശനമായ സാംസാകാരിക പാരമ്പര്യങ്ങളെ ഇസ്‍ലാമിന്റെ അനിവാര്യ ഘടകങ്ങളായി അവതരിപ്പിക്കുന്നതിനെ ലാങ് ശക്തമായി തന്നെ വിമർശിക്കുന്നു. ഇതിലൂടെ ഖുർആനിന്റെ ലളിതമായ സന്ദേശത്തെ മറക്കുകായാണെന്ന് ലാങ് എഴുതിവെക്കുന്നുണ്ട്. മുസ്‍ലിം ലോകത്തിന് പുറത്തുനിന്നും അകത്തുനിന്നും ഉള്ള ഈ നെഗറ്റീവ് സ്വാധീനങ്ങളുടെ അതിപ്രസരം ആളുകളെ വിശ്വാസത്തിൽ നിന്ന് അകറ്റുന്നു.
ഇസ്‍ലാമിനെ സമാധാനത്തിലേക്കും വെളിച്ചത്തിലേക്കും ധാർമ്മികമായ വളർച്ചയിലേക്കുമുള്ള ഒരു പാതയായി കാണുന്നതിനുപകരം, പല മുസ്‍ലിംകളും ഇസ്‌ലാമിനെ അതിന്റെ കാലഹരണപ്പെട്ട ശൂന്യമായ ആചാരങ്ങളുടെയും വാദങ്ങളുടെയും മതമായി കാണുന്നു.
ഇസ്‌ലാമിനെതിരായ വിമർശനങ്ങളോട് വികാരപരമായോ പ്രതിരോധപരമായോ അല്ല, യുക്തിയും വിവേകവും ഉപയോഗിച്ച് പ്രതികരിക്കാൻ ജെഫ്രി ലാങ് യുവ അമേരിക്കൻ മുസ്‌ലിംകളെ പ്രോത്സാഹിപ്പിക്കുന്നു. പാരമ്പര്യമായി ലഭിച്ച ഇസ്‍ലാമിക പാരമ്പര്യത്തെ പുനഃപരിശോധിക്കാനും, ഇസ്‍ലാമിൽ നിന്ന് യഥാർത്ഥത്തിൽ എന്താണ് സമാഗതമാകുന്നെതെന്നും കാലക്രമേണ സംസ്കാരം എന്താണ് രൂപപ്പെടുത്തിയതെന്നും മനസ്സിലാക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെടുന്നു.
ഈ തലമുറയ്ക്ക് അത് ചെയ്യാൻ കഴിയുമെന്ന് ലാങ് വിശ്വസിക്കുന്നു. അവർക്ക് എല്ലാവിധ ആനുകൂല്യങ്ങളുമുണ്ട് - വിമർശനാത്മകമായി ചിന്തിക്കാനും, ചോദ്യങ്ങൾ ചോദിക്കാനും, സാംസ്കാരിക ആചാരങ്ങളിൽ നിന്ന് മതത്തെ വേർതിരിക്കാനും അവർക്ക് അറിയാം. ഈ വ്യക്തതയോടെ, ഇസ്‍ലാമിന്റെ കാതലായ വിജ്ഞാനപനങ്ങളും നിർദ്ദിഷ്ട സ്ഥലങ്ങൾ, കാലങ്ങൾ അല്ലെങ്കിൽ സമൂഹങ്ങൾ രൂപപ്പെടുത്തിയ വ്യാഖ്യാനങ്ങളും തമ്മിലുള്ള വ്യത്യാസം അവർക്ക് മനസ്സിലാക്കാൻ കഴിയും.
ലാങ് അവസാനമായി ഇവർക്ക് ഒരു ഉപദേശം നൽകുന്നുണ്ട്, തീർച്ചയായും നമ്മളും കൈക്കൊള്ളേണ്ടതായ ഒന്ന്:
“എല്ലായ്‌പ്പോഴും സത്യം പിന്തുടരുക, കാരണം ദൈവം സത്യമാണ്. എപ്പോഴും അവന്റെ മാർഗനിർദേശത്തിനായി പ്രാർത്ഥിക്കുകയും വിശ്വസിക്കുകയും ചെയ്യുക. നിങ്ങൾ അവനു മാത്രം കീഴടങ്ങേണ്ടതാണെന്ന് ഒരിക്കലും മറക്കരുത് - പാരമ്പര്യത്തിനല്ല, ഒരു ചിന്താധാരയ്‌ക്കല്ല, ഒരു സംസ്കാരത്തിനല്ല, മറിച്ച് അല്ലാഹുവിന്. നിങ്ങളുടെ ജീവിതം, നിങ്ങളുടെ പോരാട്ടം, നിങ്ങളുടെ മരണം പോലും - എല്ലാം അവനു വേണ്ടിയാണ്.”
ഈ ഉമ്മത്തിന്റെ ഭാവിയെക്കുറിച്ച് ആത്മാർത്ഥമായി ചിന്തിക്കുന്ന ഓരോ മുസ്‍ലിമും നിർബന്ധമായും വായിക്കേണ്ട ഒരു മഹത്തായ കൃതിയാണ് ലാങ്ങിന്റെ “Losing My Religion” എന്ന ഈ പുസ്തകം. ഈ ഗ്രന്ഥം അന്ധമായ വിശ്വാസത്തിൽ നിന്നല്ല, മറിച്ച് പൂർണ്ണ അവബോധത്തോടെ ദൈവത്തെ തിരഞ്ഞെടുത്ത ഒരാളിൽ നിന്നും അദ്ദേഹത്തിന്റെ ജീവിത അനുഭവത്തിന്റെ തെളിച്ചത്തിൽ നിന്നുമാണ് സംസാരിക്കുന്നത്.
ഇംഗ്ലീഷിൽ എഴുതപ്പെട്ട ഇത് 512 പേജുകളാണ്. 2004 സെപ്റ്റംബർ 1 ന് അമാന പബ്ലിക്കേഷൻസ് ആണ് ഇത് പ്രസിദ്ധീകരിച്ചത്. പുതിയ പകർപ്പിന്റെ വില ഏകദേശം ₹6,116 രൂപ ആണ്. പുസ്തകം ഇതുവരെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടില്ലെങ്കിലും, ഇതിനകം കേരളത്തിലും ഏറെ പ്രചാരം ലഭിച്ചിട്ടുണ്ട്. ലാങ്ങിന്റെ ആത്മാർത്ഥമായ സമീപനവും തുറന്ന മനസ്സോടെയുള്ള അവതരണവും ഈ കൃതിയെ ആധുനിക ലോകത്തിലെ വിശ്വാസപരമായ ചോദ്യങ്ങളെ കൈകാര്യം ചെയ്യുന്നവർക്ക് പ്രത്യേകിച്ചും പ്രസക്തമായി നിലകൊള്ളുന്നു.
About to author:
ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി, അഖീദ ആന്റ് ഫിലോസഫി ഡിപാര്‍ട്മെന്റിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് ലേഖകന്‍
Leave A Comment