അവകാശം തടയുന്നവര്‍

അവകാശികളില്‍ ചിലര്‍ മറ്റ് ചിലരുടെ അവകാശം തടയുന്നതാണ്. മകനുണ്ടാകുമ്പോള്‍ മകന്റെ മകനും മയ്യിത്തിലേക്ക് അടുത്ത മകന്റെ മകനുണ്ടാകുമ്പോള്‍ അകന്ന മകന്റെ മകനും അവകാശം ലഭിക്കുന്നതല്ല. പിതാവുള്ളപ്പോള്‍ പിതാമഹന്നും പതാമഹിക്കും മാതാവുള്ളപ്പോള്‍ മാതാമഹിക്കും പിതാമഹിക്കും അനന്തരാവകാശം തടയപ്പെടും. മകനോ, മകന്റെ മകനോ (അതെത്ര കീഴ്‌പോട്ടു പോയാലും), പിതാവോ ഉള്ളപ്പോള്‍ മാതാപിതാക്കളിലൊത്ത സഹോദരന്‍ അവകാശിയല്ലാതെയാകുന്നതാണ്. ഈ മൂന്നില്‍ ഒരാളോ മാതാപിതാക്കളിലൊത്ത സഹോദരനോ മകളോ, മകന്റെ മകളോ മാതാപിതാക്കളിലൊത്ത സഹോദരിയോടുകൂടി ഒരുമിച്ചു ഉണ്ടായാലും പിതാവിലൊത്ത സഹോദരന്ന് അവകാശം തടയപ്പെടും. അവകാശികളായ മക്കള്‍ (അവര്‍ എത്ര കീഴ്‌പോട്ട് പോയാലും) പിതാവ്, പിതാമഹന്‍(അവര്‍ എത്ര മേല്‍പോട്ട് പോയാലും) എന്നിവരുള്ളപ്പോള്‍ മാതാവിലൊത്ത സഹോദരന്ന് അവകാശം ലഭിക്കുകയില്ല.

പിതാവ്, പിതാമഹന്‍, മകന്‍, മകന്റെ മകന്‍ (അവര്‍ എത്ര കീഴ്‌പോട്ട് പോയാലും), മാതാപിതാക്കളില്‍ യോജിച്ചതോ, പിതാവില്‍ യോജിച്ചതോ ആയ സഹോദരന്‍ എന്നിവരുണ്ടാകുമ്പോള്‍ മാതാപിതാക്കളില്‍ യോജിച്ച സഹോദരന്റെ മകന്ന് അനന്തരം ലഭിക്കുന്നതല്ല. പിതാവിലൊത്ത സഹോദരന്റെ മകനെ മേല്‍പറഞ്ഞ ആറ് പേരെക്കൊണ്ടും മാതാപിതാക്കളിലൊത്ത സഹോദരന്റെ മകനെക്കൊണ്ടും തടയപ്പെടും. മാതാപിതാക്കളില്‍ യോജിച്ച പിതൃവ്യന്മാരെ മേല്‍പറഞ്ഞ ഏഴ് പേരെക്കൊണ്ടും പിതാവില്‍ യോജിച്ച സഹോദരന്റെ മകനെക്കൊണ്ടും തടയപ്പെടുന്നതാണ്. പിതാവിലൊത്ത പിതൃവ്യന്മാരെ മേല്‍പറഞ്ഞ എട്ട് പേരെക്കൊണ്ടും മാതാപിതാക്കളിലൊത്ത പിതൃവ്യന്മാരെക്കൊണ്ടും തടയപ്പെടും. മാതാപിതാക്കളില്‍ യോജിച്ച പിതൃവ്യന്മാരുടെ സന്താനങ്ങളെ മേല്‍പറഞ്ഞ ഒമ്പത് പേരെക്കൊണ്ടും പിതാവില്‍ യോജിച്ച പിതൃവ്യന്മാരെ കൊണ്ടും തടയപ്പെടുന്നതാകുന്നു. പിതാവിലൊത്ത പിതൃവ്യന്മാരുടെ സന്താനങ്ങളെ മേല്‍പറഞ്ഞ പത്ത് പേരെ കൊണ്ടും മാതാപിതാക്കളിലൊത്ത പിതൃവ്യന്റെ മകനെക്കൊണ്ടും തടയപ്പെടും. മാതാപിതാക്കളില്‍ യോജിച്ച സഹോദരന്റെ പൗത്രന്ന് പിതാവില്‍ യോജിച്ച സഹോദരന്റെ പുത്രനുണ്ടായാല്‍ അവകാശം ലഭിക്കുന്നതല്ല. മകന്‍, മയ്യിത്തിന്റെ ഒന്നിലധികം പെണ്‍മക്കള്‍ എന്നിവരുണ്ടാകുമ്പോള്‍ മകന്റെ പുത്രി അവകാശമില്ലാത്തവളായിത്തീരും. എന്നാല്‍ അവളോടൊന്നിച്ചു സഹോദനോ പിതൃവ്യപുത്രനോ ഉണ്ടായാല്‍ അവള്‍ ''അസബ''യായിത്തീരുന്നതാണ്. അപ്പോള്‍ രണ്ട് പെണ്‍മക്കളുടെ ഓഹരി മൂന്നില്‍ രണ്ട് (2/3) കഴിച്ചു ബാക്കി സ്വത്ത് പെണ്ണിന്റെ ഇരട്ടി ആണിന്ന് എന്ന ക്രമത്തില്‍ അവര്‍ക്ക് ലഭിക്കും. പിതാവിലൊത്ത സഹോദരിയെ മാതാപിതാക്കളിലൊത്ത ഒന്നിലധികം സഹോദരിമാരെക്കൊണ്ട് തടയപ്പെടുന്നതാണ്. പക്ഷേ, ആ സഹോദരിയുടെ കൂടെ അവളുടെ സഹോദരന്‍കൂടി ഉണ്ടായാല്‍ മേല്‍പറഞ്ഞ (ആണിന്ന് പെണ്ണിന്റെ ഇരട്ടി എന്ന) ക്രമത്തില്‍ 'അസ്വബ'യാകുന്നതാണ്. ഇപ്രകാരം തന്നെ മകള്‍, അല്ലെങ്കില്‍ മകന്റെ മകള്‍ മാതാപിതാക്കളിലൊത്ത ഒരു സഹോദരിയോടൊന്നിച്ചു വരുന്നരൂപത്തിലും പിതാവിലൊത്ത സഹോദരിക്ക് അവകാശം തടയപ്പെടും. മയ്യിത്തിലേക്കുള്ള അടുപ്പത്തില്‍ താഴെയുള്ളവരെ മേലെയുള്ളവരെക്കൊണ്ട് തടയപ്പെടുന്നതാണ്. മൂന്നുവിധത്തിലുള്ള (മാതാപിതാക്കളിലൊത്തത്, പിതാവിലൊത്തത്, മാതാവിലൊത്തത്) സഹോദരന്റെ അവകാശം തടയുന്നവരെല്ലാം ഈ മൂന്ന് വിധത്തിലുള്ള സഹോദരിയുടേയും അവകാശം തടയുന്നതാകുന്നു. പൗത്രന്ന് പുത്രന്റെ പദവിയുണ്ട്. പക്ഷേ, പുത്രിയോടൊന്നിച്ചു വന്നാല്‍ പുത്രിയുടെ ഇരട്ടി സ്വത്തിന്ന് അവന്‍ അര്‍ഹനാകുന്നതല്ല. മാതാമഹി മാതാവിനെപ്പോലെയാണ്; എങ്കിലും അവള്‍ക്ക് ആറിലൊന്നിനേക്കാള്‍ കൂടുതല്‍ ഓഹരി കിട്ടുന്ന രൂപമില്ല. മാതാവിന്ന് മൂന്നിലൊന്ന് ലഭിക്കും. പിതാമഹന്‍ പിതാവിനെപ്പോലെയാണ്: എങ്കിലും പിതാമഹന്‍ പിതാവിലൊത്ത സഹോദരന്മാരെ തടയുന്നതല്ല. പിതാവ് അവരെ തടയും. മകന്റെ മകള്‍ മകളെപ്പോലെത്തന്നെയാണ്. പക്ഷേ, മകന്റെ മകളെ മകന്‍ തടയും; മകളെ മകന്‍ തടയുന്നതല്ല. പിതാവിലൊത്ത സഹോദരന്‍ മാതാപിതാക്കളിലൊത്ത സഹോദരനെപ്പോലെ തന്നെയാണ്. പക്ഷേ, അവന്ന് മാതാപിതാക്കളിലൊത്ത സഹോദരിയോട് കൂടി സഹോദരിയുടെ ഇരട്ടി സ്വത്ത് ലഭിക്കുന്നതല്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter