സ്ത്രീയുടെ തറാവീഹ് നിസ്‌കാരം

നബി(സ്വ)യുടെ സമുദായത്തിനു മാത്രമായി അല്ലാഹു കനിഞ്ഞേകിയ ഒരു സവിശേഷ നിസ്‌കാരമാണ് വിശുദ്ധ റമളാനില്‍ മാത്രമുള്ള തറാവീഹ്. ഒരുതവണ വിശ്രമിക്കുക എന്ന അര്‍ത്ഥമുള്ള 'തര്‍വിഹത്' എന്ന പദത്തിന്റെ ബഹുവചനമാണ് തറാവീഹ്. നന്നാലു റക്അത്തുകള്‍ക്കിടയില്‍ അല്‍പസമയം വിശ്രമിക്കാറുണ്ടായിരുന്നതുകൊണ്ടാണ് ഈ പേരു വന്നത്. (ഫത്ഹുല്‍ മുബിദ 2/165)

ഈ നിസ്‌കാരത്തിന് തറാവീഹ് എന്ന നാമം സ്വഹാബത്തിന്റെ കാലഘട്ടത്തില്‍തന്നെ പ്രസിദ്ധമായിരുന്നു. ഹിജ്‌റ 14ല്‍ റമളാന്‍ രാവുകളില്‍ തറാവീഹ് നിസ്‌കാരം നിലനിര്‍ത്തുന്നതിനുവേണ്ടി ഉമര്‍(റ) ഉത്തരവിട്ടതായി ഇമാം മസ്ഊദി(റ)യുടെ മുറൂജുദ്ദഹബില്‍ (2/328) പ്രസ്താവിച്ചിട്ടുണ്ട്. ഇമാം അബൂലൈസി സമര്‍ഖന്ദി(റ) അലിയ്യുബ്‌നു അബീത്വാലിബി(റ)ല്‍ നിന്ന് നിവേദനം: ''നിശ്ചയം ഉമര്‍(റ) ഒരു ഇമാമിന്റെ പിന്നില്‍ ജമാഅത്തായി സംഘടിപ്പിച്ച ഈ തറാവീഹ് നിസ്‌കാരത്തിന് അവലംബം എന്നില്‍നിന്നു കേട്ട ഹദീസായിരുന്നു. ഞാന്‍ നബി(സ്വ)യില്‍ നിന്ന് കേട്ടതാണ് പ്രസ്തുത ഹദീസ്.'' (തന്‍ബീഹു സമര്‍ഖന്ദി: പേജ് 124)

നിരവധി ഹദീസുകളില്‍ തറാവീഹിന്റെ മഹത്വം നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: ''നബി(സ്വ) പറഞ്ഞു: ആരെങ്കിലും അല്ലാഹുവില്‍ വിശ്വസിച്ചവനായും അവന്റെ പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടും റമളാന്റെ രാത്രികളില്‍ നിസ്‌കരിച്ചാല്‍ അവന്‍ ചെയ്തുപോയ സര്‍വ ദോഷങ്ങളും പൊറുക്കപ്പെടും. ഈ ഹദീസിലെ നിസ്‌കാരം കൊണ്ട് ഉദ്ദേശ്യം തറാവീഹ് നിസ്‌കാരമാണെന്നും ഇമാം നവവി(റ) വ്യക്തമാക്കിയിരിക്കുന്നു.'' (ഫത്ഹുല്‍ ബാരി 4/202)

സല്‍മാനി(റ)ല്‍ നിന്നു നിവേദനം: അദ്ദേഹം പറഞ്ഞു: ''ശഅ്ബാന്‍ മാസത്തിലെ അവസാന ദിനത്തില്‍ നബി(സ്വ) ഞങ്ങളെ അഭിമുഖീകരിച്ച് ഇപ്രകാരം പറഞ്ഞു: ''ജനങ്ങളേ, ഒരു മഹത്തായ മാസമിതാ നിങ്ങള്‍ക്ക് വരാനിരിക്കുന്നു. പുണ്യമേറിയ മാസമാണത്. ആയിരം മാസത്തേക്കാള്‍ ഉത്തമമായ ഒരു രാത്രി പ്രസ്തുത മാസത്തിലുണ്ട്. ആ മാസത്തില്‍ നോമ്പനുഷ്ഠിക്കല്‍ അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിന്റെ രാവുകളില്‍ നിസ്‌കരിക്കല്‍ സുന്നത്തുമാക്കിയിരിക്കുന്നു.'' (സ്വസീഹു ഇബ്‌നി ഖുസൈമ 3/91)

ഹിജ്‌റ രണ്ടാം വര്‍ഷമാണ് തറാവീഹ് നിസ്‌കാരത്തിന് തുടക്കംകുറിച്ചത്. പ്രസ്തുത വര്‍ഷം 23, 25, 27 എന്നീ ഇടവിട്ട മൂന്നു രാവുകളില്‍ മാത്രമാണ് നബി(സ്വ) തറാവീഹ് നിസ്‌കാരം സംഘടിതമായി നിര്‍വഹിച്ചത്. നബി(സ്വ) എത്ര റക്അത്ത് നിസ്‌കരിച്ചുവെന്ന് വ്യക്തമാക്കുന്ന സ്വഹീഹായ പരമ്പരയിലൂടെ റിപോര്‍ട്ട് ചെയ്യപ്പെട്ടതായി ഒരു ഹദീസിലും വന്നിട്ടില്ല. പ്രമുഖ സ്വഹാബിവര്യന്‍ നുഅ്മാനുബ്‌നു ബശീറി(റ)ല്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ''ഞങ്ങള്‍ നബി(സ്വ)യുടെ നേതൃത്വത്തില്‍ റമളാനിലെ 23ാം രാവില്‍ രാത്രിയുടെ മൂന്നിലൊരു ഭാഗം വരെയും 25ാം രാവില്‍ പകുതി വരെയും 27ാം രാവില്‍ പുലര്‍ച്ചയോടടുക്കുംവരെയും നിസ്‌കരിച്ചു.'' (നസാഈ, ദാരിമി, ഹാകിം) തുടര്‍ന്നുള്ള എട്ടു വര്‍ഷവും നബി(സ്വ) തനിച്ചാണ് തറാവീഹ് നിസ്‌കരിച്ചത്. സംഘടിതമായി നിസ്‌കരിച്ച രാത്രികളിലുള്ള സ്വഹാബത്തിന്റെ ആവേശം കണ്ടപ്പോള്‍ സമുദായത്തിന്റെ മേല്‍ ഇതു നിര്‍ബന്ധമാകുമോ എന്ന ഭയംമൂലം നാലാം ദിവസം നിസ്‌കാരത്തിനു നേതൃത്വം നല്‍കാനായി നബി(സ്വ) തങ്ങള്‍ പള്ളിയിലേക്കു വന്നില്ല. (നിഹായ 2/125, തുഹ്ഫ 2/240)

ഖലീഫ ഉമര്‍(റ) ഭരണം ഏറ്റെടുത്ത രണ്ടാം വര്‍ഷം (ഹിജ്‌റ 14) നബി(സ്വ)യുടെ കാലത്ത് നിര്‍ത്തിവച്ച തറാവീഹിലെ ജമാഅത്ത് പുനഃസംഘടിപ്പിച്ചു. 20 റക്അത്ത് നിസ്‌കരിക്കാനാണ് ഉമര്‍(റ) നിര്‍ദേശിച്ചതെന്ന് ഖണ്ഡിതമായി തെളിഞ്ഞതാണ്. നിസ്‌കാരത്തിന് പുരുഷന്‍മാര്‍ക്ക് നേതൃത്വം നല്‍കാന്‍ ഉബയ്യുബ്‌നു കഅ്ഖി(റ)നെയും സ്ത്രീകള്‍ക്ക് നേതൃത്വം നല്‍കാന്‍ സുലൈമാനുബ്‌നു ഹസനത്തി(റ)നെയും ഉമര്‍(റ)നിയമിച്ചു. ഉബയ്യ്ബ്‌നു കഅ്ബി(റ)ന്റെ നേതൃത്വത്തില്‍ നടന്ന നിസ്‌കാരത്തില്‍ ഉമര്‍(റ) പങ്കെടുത്തു. (ത്വബഖാത്വു ഇബ്‌നി സഅ്ദ് 5/59)

ഉമര്‍(റ) പുനഃസംഘടിപ്പിച്ച സംഘടിത രീതിയിലുള്ള തറാവീഹ് 20 റക്അത്തായിരുന്നുവെന്നതിന് നിരവധി തെളിവുകളുണ്ട്. നബി(സ്വ)യുടെ കൂടെ മുമ്പ് വിശദീകരിച്ച രാത്രികളില്‍ തറാവീഹ് നിസ്‌കരിച്ച നിരവധി സ്വഹാബികള്‍ ഉമര്‍(റ)ന്റെ കാലത്തുണ്ട്. അവര്‍ ഉബയ്യുബ്‌നു കഅ്ബി(റ)ന്റെ പിന്നില്‍ മഅ്മൂമുകളായി 20 റക്അത്ത് തറാവീഹ് നിസ്‌കരിച്ചു. അവര്‍ ആരും ഖലീഫാ ഉമര്‍(റ) നടപ്പില്‍വരുത്തിയ ഈ നല്ല ബിദ്അത്തിനെ എതിര്‍ത്തില്ല. അതുകൊണ്ടു തന്നെ സ്വഹാബത്തിന്റെ കാലത്ത് തറാവീഹ് 20 റക്അത്തുണ്ടെന്നതില്‍ 'സുകൂതിയായ ഇജ്മാഅ്' ഉണ്ടായി. പിന്നീട് ഗവേഷണയോഗ്യരായ പണ്ഡിതര്‍ 20 റക്അത്താണെന്നതില്‍ യോജിച്ചപ്പോള്‍ ഖുര്‍ആന്‍, സുന്നത്ത്, പ്രമാണങ്ങളെപ്പോലെ ഖണ്ഡിത പ്രമാണമായി 'ഇജ്മാഅ്' എന്ന പദവിയിലേക്ക് ഉയര്‍ന്നു. ആകയാല്‍, തറാവീഹ് 20 റക്അത്താണെന്നതിന് ഇജ്മാഉണ്ട്. ഇജ്മാഇനെ നിഷേധിച്ചവന്‍ വിശ്വാസം പിഴച്ചവനാണ്. കാരണം, ഇജ്മാഉള്ള മുഴുവന്‍ കാര്യങ്ങളും വിശ്വാസപരമാണ്; ശാഖാപരമല്ല. ചുരുക്കത്തില്‍, തറാവീഹ് എട്ട് റക്അത്തേയുള്ളൂവെന്ന് വിശ്വസിക്കുന്നവന്‍ വിശ്വാസം പിഴച്ച മുബ്തദിആണ്. ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ)തന്റെ അസ്സ്വവാഖുല്‍ മുഹ്‌രിഖയില്‍ (പേജ് 89) ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തറാവീഹ് നിസ്‌കാരം നാല് മദ്ഹബിലും 20ല്‍ കുറയാത്ത എണ്ണമുണ്ട്. മാലികീ മദ്ഹബില്‍ ചുരുങ്ങിയ എണ്ണം 20ഉം 36 വരെ വര്‍ധിപ്പിക്കാവുന്നതുമാണ്. മദീന നിവാസികള്‍ 36 റക്അത്ത് വരെ നിര്‍വഹിക്കാറുണ്ടെന്നും അവരുടെ പ്രവൃത്തി തെളിവാണെന്നുമാണ് ഇമാം മാലികി(റ)ന്റെ പക്ഷം. മക്കക്കാര്‍ നാലു റക്അത്ത് നിസ്‌കരിച്ചാല്‍ കഅ്ബ ത്വവാഫ് ചെയ്യും. അവരോട് സാദൃശ്യമാകാന്‍ വേണ്ടി മദീനക്കാര്‍ ത്വവാഫിന്റെ സ്ഥാനത്ത് നാല് റക്അത്തുകള്‍ കൂടുതലാക്കിക്കൊണ്ടാണ് 36 റക്അത്തായത്. (തുഹ്ഫ 2/241)

ശാഫിഈ മദ്ഹബില്‍ റമളാനില്‍ മദീനയിലുള്ളവര്‍ക്ക് തറാവീഹിന്റെ നിയ്യത്തോടുകൂടി തന്നെ 36 റക്അത്ത് നിസ്‌കരിക്കാം. പക്ഷേ, അവരും 20 റക്അത്ത് നിസ്‌കരിക്കലാണ് ഏറ്റവും പുണ്യം. (തുഹ്ഫ: ശര്‍വാനി 2/241) തറാവീഹ് 20 റക്അത്താണെന്ന വിശ്വാസത്തോടെ 20ല്‍ താഴെ എണ്ണത്തില്‍ ചുരുക്കി നിസ്‌കരിച്ചാല്‍ നിസ്‌കരിച്ചതിന്റെ പ്രതിഫലം തറാവീഹ് എന്ന നിലയ്ക്ക് തന്നെ ലഭിക്കും. (തുഹ്ഫ 2/225) പ്രസ്തുത വിശ്വാസമില്ലാതെ തറാവീഹിന് ഇഹ്‌റാം ചെയ്താല്‍ നിസ്‌കാരം സാധുവാകില്ല. സഹ്‌വിന്റെ സുജൂദ് രണ്ടെണ്ണമായിരിക്കെ ഒന്നില്‍ ചുരുക്കി സുജൂദ് ചെയ്താല്‍ സാധുവാകാത്തതു പോലെ തന്നെ. (ഇആനത്ത് മുസ്തഈന്‍: 1/349) ഇശാ നിസ്‌കാരത്തിന്റെയും സുബ്ഹിന്റെയും ഇടയിലുള്ള സമയമാണ് തറാവീഹ് നിസ്‌കാരത്തിന്റെ സമയം. അപ്പോള്‍ യാത്രക്കാരന്‍ ഇശാഇനെ മുന്തിച്ച് ജംആക്കിയാല്‍ മഗ്‌രിബിന്റെ സമയത്ത് തന്നെ തറാവീഹ് നിസ്‌കരിക്കാം. (നിഹായ 2/127) തറാവീഹ് ഖളാആയാല്‍ രാപ്പകല്‍ ഭേദമന്യേ ഖളാഅ് വീട്ടാം. (മഹല്ലി 1/217)

തറാവീഹ് നിസ്‌കാരത്തിന് എല്ലാ ഈരണ്ട് റക്അത്തിലും നിയ്യത്തും സലാം വീട്ടലും നിര്‍ബന്ധമാണ്. നാലു റക്അത്ത് ഒരുമിച്ച് ഒരു സലാം കൊണ്ട് നിസ്‌കരിച്ചാല്‍ സാധുവാകില്ല. തറാവീഹ് എന്ന സുന്നത്ത് നിസ്‌കാരം രണ്ട് റക്അത്ത് അല്ലാഹുവിനു വേണ്ടി ഞാന്‍ നിസ്‌കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്യാം. സംഘടിത രീതിയിലാണെങ്കില്‍ ഇമാമോടുകൂടി എന്ന് മഅ്മൂമുകളും ഇമാമായിക്കൊണ്ട് എന്ന് ഇമാമും നിയ്യത്തില്‍ കരുതണം. തറാവീഹ് സംഘടിതമായി നിസ്‌കരിക്കുമ്പോള്‍ മഅ്മൂമുകള്‍ മുഴുവനും സ്ത്രീകളാണെങ്കില്‍ സ്ത്രീ തന്നെ നിസ്‌കാരത്തിന് നേതൃത്വം നല്‍കാമെങ്കിലും പുരുഷന്‍ നേതൃത്വം നല്‍കലാണ് കൂടുതല്‍ പുണ്യം. (മഹല്ലി 1/222) വിശുദ്ധ റമളാനില്‍ ബീവി നഫീസത്തുല്‍ മിസ്‌രിയ്യയുടെ ഭവനത്തില്‍ നടന്നിരുന്ന തറാവീഹ് 20 റക്അത്ത് നിസ്‌കാരത്തിന് ഇമാം ശാഫിഈ(റ) പലപ്പോഴും ഇമാമത്ത് പദവി അലങ്കരിച്ചതായി ചരിത്രത്തിലുണ്ട്. പുരുഷന്റെ പിന്നില്‍ തുടര്‍ന്ന് നിസ്‌കരിക്കുന്ന സ്ത്രീകള്‍ മൂന്നു മുഴത്തിനെക്കാള്‍ പിന്തി നില്‍ക്കലാണ് സുന്നത്ത്. ഇമാമിന്റെയും മഅ്മൂമിന്റെയും ഇടയില്‍ മൂന്നു മുഴത്തിനെക്കാള്‍ കൂടുതല്‍ ഉണ്ടാവരുതെന്ന നിയമം പുരുഷന്റെ പിന്നില്‍ തുടരുന്ന സ്ത്രീക്ക് ബാധകമല്ല. (ഫതാവല്‍ കുബ്‌റ 2/215) സ്ത്രീകള്‍ക്ക് ഇമാമായി സ്ത്രീ തന്നെ നില്‍ക്കുകയാണെങ്കില്‍ ഒന്നാമത്തെ സ്വഫ്ഫില്‍ തന്നെ അവര്‍ക്കിടയില്‍ മുന്താതെ നില്‍ക്കുകയാണു വേണ്ടത്. പുരുഷന്‍ നില്‍ക്കുംപോലെ മുന്തി നിന്നാല്‍ അത് കറാഹത്തും ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടുത്തുന്നതുമാണ്. എന്നാല്‍, ഇമാമിനെ മഅ്മൂമുകളായ സ്ത്രീകളില്‍ നിന്ന് വേര്‍തിരിഞ്ഞു മനസ്സിലാക്കാന്‍ വേണ്ടി അല്‍പം കയറി നില്‍ക്കാവുന്നതാണ്. (ശര്‍വാനി 2/310)

സംഘടിത രീതിയില്‍ നിസ്‌കരിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ ശ്രദ്ധിക്കണം. അതു പാലിക്കാതിരുന്നാല്‍ ജമാഅത്ത് നിസ്‌കാരത്തിന്റെ പുണ്യം നഷ്ടപ്പെടും. ചിലപ്പോള്‍ നിസ്‌കാരം തന്നെ അസാധുവാകാന്‍ ഇടവരും. പള്ളിയില്‍ വച്ചുള്ള ജമാഅത്തിനില്ലാത്ത മൂന്ന് നിബന്ധനകള്‍ പള്ളിയല്ലാത്തിടത്ത് നടത്തുന്ന ജമാഅത്ത് നിസ്‌കാരത്തിനുണ്ട്. 1) ഖിബ്‌ലയെ പിന്നിലാക്കാത്ത വിധം ഇമാമിലേക്ക് ചെന്നു ചേരാന്‍ മഅ്മൂമിന്റെ മുന്നില്‍ വഴിയുണ്ടാകണം. പിന്നില്‍ വഴിയുണ്ടായിട്ട് പ്രയോജനമില്ലെന്ന് ചുരുക്കം. 2) സാധാരണ നിലയില്‍ ഇമാമിലേക്ക് ചെന്ന് ചേരാന്‍ സാധിക്കുന്ന വഴിയിലൂടെ തന്നെ ഇമാമിനെയോ അവന്റെ കെട്ടിടത്തിലുള്ള മഅ്മൂമിനെയോ കാണാന്‍ സാധിക്കണം. ജനവാതിലിലൂടെ കണ്ടതു കൊണ്ട് പ്രയോജനമില്ല. 3) ഇമാമിന്റെയും മഅ്മൂമിന്റെയും ഇടയില്‍ മുന്നൂറ്(മൂന്ന് മുഴമല്ല) മുഴത്തിലധികം അകലമില്ലാതിരിക്കണം. (തുഹ്ഫ 3/320, ഫത്ഹുല്‍ മുഈന്‍ 123) തറാവീഹ് നിസ്‌കാരത്തില്‍ ഒരു മാസത്തിനുള്ളില്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതിത്തീര്‍ക്കല്‍ സുന്നത്താണ്. (ഫതാവല്‍ കുബ്‌റ: 1/184) ഒരു ദിവസത്തെ തറാവീഹില്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതിത്തീര്‍ക്കുകയാണെങ്കില്‍ അതും ഏറെ പുണ്യമുള്ളതും സുന്നത്തുമാണ്. (തുഹ്ഫ 2/52), നിഹായ 1/429) എന്നാല്‍, ഇങ്ങനെ ഖുര്‍ആന്‍ മുഴുവന്‍ ഓതിത്തീര്‍ക്കാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ പൂര്‍ണമായ ഓരോ സൂറത്തുകള്‍ ഓരോ റക്അത്തിലും ഓതി നിസ്‌കരിക്കുകയാണ് ഖുര്‍ആനില്‍ അവിടവിടെനിന്ന് ഭാഗികമായി എടുത്ത് ഓതുന്നതിനെക്കാള്‍ തറാവീഹ് നിസ്‌കാരത്തിലും മറ്റു നിസ്‌കാരങ്ങളിലും പുണ്യം. നബി(സ്വ)യുടെ പതിവ് രീതിയോട് പിന്‍പറ്റല്‍ (ഇത്തിബാഅ്) ഇതിലാണുള്ളതെന്നു കാരണം. ഇത്തിബാഇന്റെ പുണ്യം അതില്ലാതെ വര്‍ധിച്ച അക്ഷരങ്ങളും ആയത്തുകളും ഓതുന്നതിനെക്കാള്‍ മികച്ചു നില്‍ക്കും. (തുഹ്ഫ 2/52, ശര്‍ഹുബാഫള്ല്‍ 1/249)

പൂര്‍ണ സൂറത്തുകള്‍ ഓതുമ്പോള്‍ തന്നെ നമ്മുടെ നാടുകളിലെ എല്ലാവരും എപ്പോഴും വന്നുകൊണ്ടിരിക്കുന്ന വഴിയോരങ്ങളിലും കവലകളിലും മറ്റുമുള്ള സാധാരണ പള്ളികളില്‍ ഇമാമത്ത് നില്‍ക്കുന്നവര്‍ 'വള്ളുഹാ'ക്ക് മുകളിലുള്ള വലിയ സൂറത്തുകള്‍ (പ്രത്യേകം ഓതല്‍ സുന്നത്തുള്ള സൂറത്തുകള്‍ ഒഴികെ) ഓതല്‍ കറാഹത്താണ്. വിവരദോഷികളായ ഇമാമുമാര്‍ നിര്‍മിച്ചുണ്ടാക്കിയ ബിദ്അത്താണിത്. (ശര്‍ഹുബാ ഫള്ല്‍ 1/250, ശര്‍വാനി 2/55) ജമാഅത്തുമായി ബന്ധപ്പെട്ട (സംഘടിത നിസ്‌കാരത്തില്‍ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള) ഏതു കറാഹത്ത് ചെയ്താലും കറാഹത്ത് സംഭവിച്ച കര്‍മത്തിലുള്ള ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടും; നിസ്‌കാരം മുഴുവത്തിലുമല്ല. ഉദാ: ഇമാമിന്റെ ഒപ്പം മഅ്മൂം റുകൂഇലേക്ക് കുനിയല്‍ കറാഹത്താണ്. ഇമാം കുനിഞ്ഞ ശേഷമാണ് കുനിയേണ്ടത്. ഇമാമിന്റെ ഒപ്പം റുകൂഇലേക്ക് കുനിഞ്ഞാല്‍ ആ കര്‍മത്തിലെ 27 ഇരട്ടി പ്രതിഫലം നഷ്ടപ്പെടും; മറ്റുള്ളവയില്‍ നഷ്ടപ്പെടില്ല. ജമാഅത്തിനുവേണ്ടി മാത്രം തുറക്കുകയും അതു കഴിഞ്ഞാല്‍ അടക്കുകയും ചെയ്യുന്ന പള്ളികളില്‍ പരിമിതമായ മഅ്മൂമുകള്‍ മാത്രം പങ്കെടുക്കുകയും അപൂര്‍വമായെങ്കിലും മറ്റാരും ആ ജമാഅത്തിലേക്ക് വരാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ ആ പരിമിത മഅ്മൂമുകളുടെ വാക്കാലുള്ള സമ്മതപ്രകാരം 'വള്ളുഹാ'യുടെ മുകളിലുള്ള സൂറത്തുകള്‍ ഇമാമിന് ഓതാവുന്നതാണ്. (ശര്‍വാനി 2/54)

തറാവീഹിലെ ഓരോ ഈരണ്ട് റക്അത്തിലും തക്ബീറത്തുല്‍ ഇഹ്‌റാമിനു ശേഷം പ്രാരംഭ പ്രാര്‍ത്ഥനയും (വജ്ജഹ്തു) അഊദുവും സുന്നത്തുണ്ട്. അത്തഹിയ്യാത്തിനിരിക്കുമ്പോള്‍ തവര്‍റുക്കിന്റെ ഇരുത്തമാണ് സുന്നത്ത്. ഇടതുകാല്‍ വലതുഭാഗത്തേക്ക് നീട്ടി ഇടതു ചന്തി ഭൂമിയിലേക്കു ചേര്‍ത്തി ഇരിക്കലാണ് തവര്‍റുക്ക്. സ്ഥലം മാറി നില്‍ക്കുമ്പോള്‍ സ്വഫ്ഫുകള്‍ മുറിച്ചു കടക്കുക, ഒന്നാം സ്വഫ്ഫില്‍ നില്‍ക്കുന്ന മഹത്വം നഷ്ടപ്പെടുക പോലുള്ള വിഷമങ്ങള്‍ സംഭവിക്കുമെന്നതിനാല്‍ സ്ഥലംമാറി നില്‍ക്കല്‍ സുന്നത്തില്ല. (തുഹ്ഫ 2/106) തറാവീഹ് നിസ്‌കാരമെന്ന പോലെ തന്നെ റമളാനിലെ വിത്ര്‍ നിസ്‌കാരവും സംഘടിതമായി നിസ്‌കരിക്കല്‍ സുന്നത്താണ്. കുറഞ്ഞാല്‍ ഒന്നും കൂടിയാല്‍ 11ഉം റക്അത്താണ് വിത്ര്‍. തറാവീഹിന്റെ മുമ്പും പിമ്പും വിത്ര്‍ നിസ്‌കരിക്കാം. ഉത്തമം തറാവീഹിന്റെ ശേഷമാണ്. വിത്‌റിലെ ജമാഅത്ത് നഷ്ടപ്പെടുമെന്നുണ്ടെങ്കില്‍ പോലും വിത്‌റിനെ രാത്രിയുടെ അവസാന ഭാഗത്തേക്കു പിന്തിക്കലാണ് സുന്നത്ത്. (ഫത്ഹുല്‍ മുഈന്‍ 106) തറാവീഹ്, വിത്ര്‍ എന്നീ നിസ്‌കാരങ്ങള്‍ക്കിടയില്‍ മറ്റു നിസ്‌കാരങ്ങള്‍ കൊണ്ട് വിട്ടുപിരിക്കല്‍ വിരോധമില്ലെങ്കിലും പിരിക്കാതിരിക്കലാണ് ഉത്തമം. (ബിഗ്‌യ പേജ് 40)

റമളാനിലെ രണ്ടാം പകുതിയുടെ വിത്‌റില്‍ അവസാന റക്അത്തില്‍ ഇഅ്തിദാലിന്റെ ദിക്‌റിനു ശേഷം ഖുനൂത് ഓതല്‍ സുന്നത്താണ്. അത് ഒഴിവാക്കിയാല്‍ സലാം വീട്ടുന്നതിനു മുമ്പ് സഹ്‌വിന്റെ രണ്ട് സുജൂദ് സുന്നത്തുണ്ട്. ഖുനൂതില്‍ 'റബ്ബിഗ്ഫിര്‍ വര്‍ഹം വഅന്‍ത ഖൈറുറാഹിമീന്‍' എന്ന് ചൊല്ലല്‍ സുന്നത്താണെന്ന നമ്മുടെ ഇമാമുകളുടെ വീക്ഷണ പ്രകാരം ചൊല്ലാമെങ്കിലും അത് ഒഴിവാക്കിയതിന് സഹ്‌വിന്റെ സുജൂദ് സുന്നത്തില്ല. കാരണം കൂടാതെ നഷ്ടപ്പെട്ട ഫര്‍ള് നിസ്‌കാരങ്ങള്‍ ഖളാഅ് വീട്ടാനുള്ളവര്‍ ഉറക്കം, തന്റെ ആശ്രിതരുടെ ചെലവിന് വഴി തേടന്‍ പോലുള്ള അനിവാര്യ കാര്യങ്ങള്‍ക്കല്ലാതെ സമയം ചെലവഴിക്കരുത്. അനിവാര്യാവശ്യം കഴിഞ്ഞ് ബാക്കി സമയമെല്ലാം ഫര്‍ള് നിസ്‌കാരം ഖളാ വീട്ടാന്‍ വിനിയോഗിക്കണം. സമയം പരിമിതമായ മറ്റു ഫര്‍ളായ കാര്യങ്ങള്‍ക്കല്ലാതെ സുന്നത്തായ കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കല്‍ ഹറാമാണ്. (തുഹ്ഫ: 1/440)

തറാവീഹടക്കം എല്ലാ സുന്നത്തുകളും അത്തരക്കാര്‍ക്ക് ഹറാമാണ്. അതോടൊപ്പം, സുന്നത്ത് നിസ്‌കാരം സാധുവാകുന്നതാണ്. (കുര്‍ദി: 1/144) എന്നാല്‍, ഫര്‍ള് നിസ്‌കാരം ഖളാഉള്ള ആള്‍ സുന്നത്ത് നിസ്‌കരിക്കുന്നത് മാത്രം ഹറാമും അത്രയും സമയം വെറുതെ കളയുന്നത് പോലും ഹറാമില്ലെന്നുമുള്ള ഒരു തെറ്റായ ധാരണ വ്യാപകമായിട്ടുണ്ട്. അത് തിരുത്തപ്പെടേണ്ടതാണ്. ഫര്‍ള് നിസ്‌കാരം കാരണം കൂടാതെ ഖളാഉള്ളവര്‍ക്ക് സുന്നത്ത് നിസ്‌കാരം മാത്രമല്ല ഹറാമായത്, ഫര്‍ള്കിഫ (സാമൂഹ്യ ബാധ്യത) ആയ കാര്യങ്ങളും നിഷിദ്ധമാണ്. എന്നാല്‍, നിഷിദ്ധത്തോടെ കര്‍മങ്ങള്‍ സാധുവാകും. (ഫത്ഹുല്‍ ജവാദ് തര്‍ശിഹ് 12, ശര്‍വാനി: /144)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter