ഇസ്‌ലാം നിര്‍വചിക്കുന്ന തൊഴിലും തൊഴിലാളിയും
അല്ലാഹു അവന്റെ അടിമകളെ ഭൂമിയിലേക്കയച്ചപ്പോള്‍ അവര്‍ക്ക് നിലനില്‍പ്പിനാവശ്യമായ എല്ലാം ഇവിടെ തയ്യാര്‍ ചെയ്തിട്ടുണ്ട്. പക്ഷേ, അവ നേരിട്ട് അല്ലാഹു മനുഷ്യകരങ്ങളിലേല്‍പ്പിച്ചില്ല. മറിച്ച്, അവ തേടിപ്പിടിക്കാന്‍ തൊഴിലിനെ അല്ലാഹു സംവിധാനിക്കുകയും ചെയ്തു. തൊഴിലിലൂടെയാണ് ഓരോ വ്യക്തിയും നിലനില്‍പ്പ് കണ്ടെത്തേണ്ടതെന്നും നിലനില്‍പ്പിന് അന്യമാര്‍ഗം അവലംബിക്കുന്നത് ആപല്‍ക്കരമാണെന്നും മുന്നറിയിപ്പ് നല്‍കുന്നു. തൊഴിലാണ് നിലനില്‍പ്പിനാധാരം എന്നത് കൊണ്ടു തന്നെ അതിന്റെ അനുവദനീയ രീതിശാസ്ത്രം വളരെ വ്യക്തമായി ഇസ്‌ലാം പഠിപ്പിക്കുന്നു. അധ്വാനശീലമാണ് ഒരു മുസ്‌ലിമിന്റെ ജീവിതത്തെ നയിക്കേണ്ടത്. ജോലി ചെയ്യാതെ യാചനയുടെ മാര്‍ഗമവലംബിക്കുന്നതിനെ ഇസ്‌ലാം കണിശമായി വിരോധിക്കുന്നു. ഓരോ വ്യക്തിയും തനിക്ക് യോജിച്ച തൊഴിലിലാണ് ജീവിതം കണ്ടെത്തേണ്ടത്.
സമൂഹത്തിലെ മാന്യവ്യക്തികള്‍ അവര്‍ക്ക് യോജിച്ച രീതിയിലുള്ളതും സാധാരണക്കാര്‍ തങ്ങള്‍ക്ക് യോജിച്ച രീതിയിലുള്ളതുമായ തൊഴിലിലാണ് ഏര്‍പ്പെടേണ്ടതെന്നുമാണ് ഇസ്‌ലാമിക ഭാഷ്യം. ഏറ്റവും ഉദാത്തമായ കര്‍മം തൊഴിലാണെന്ന് വിധിയെഴുതിയ ഇസ്‌ലാം അതിനുതകുന്ന എല്ലാ പ്രേരണയും നല്‍കുന്നു. പ്രവാചക (സ്വ)യോട് അനുചരില്‍ ഒരാള്‍ ഏത് കര്‍മമാണ് അത്യുല്‍കൃഷ്ടവും അത്യുദാത്തവുമെന്ന് ചോദിച്ചപ്പോള്‍ കൈ കൊണ്ട് അധ്വാനിച്ച് ജീവിക്കുന്നതിനേക്കാള്‍ നല്ല തൊഴില്‍ വേറെയില്ലെന്നാണ് റസൂല്‍(സ്വ) പ്രതിവചിച്ചത്. പ്രവാചകര്‍(സ്വ) തൊഴിലാളിക്ക് വളരെയധികം പ്രോത്സാഹനം നല്‍കിയതായി കാണാം. നബി(സ്വ)യും അനുചരന്മാരും ഒരു വഴിയിലൂടെ നടന്നു പോവുമ്പോള്‍ ഒരു ബാലനെ കാണാനിടയായി. ആ കുട്ടിയുടെ കൈ പിടിച്ച് റസൂല്‍(സ്വ) സ്വഹാബത്തിനോട് പറഞ്ഞു: ഇവനെ അല്ലാഹുവും അവന്റെ റസൂലും ഇഷ്ടപ്പെടുന്നു. പ്രവാചകര്‍(സ്വ) ഇങ്ങനെ പറയാനുണ്ടായ കാരണം ആ കുട്ടിയുടെ കൈകളില്‍ തൊഴില്‍ ചെയ്തതിന്റെ അടയാളങ്ങള്‍ അനുഭവിച്ചറിഞ്ഞതിനാലായിരുന്നു. മറ്റൊരവസരത്തില്‍ റസൂല്‍(സ്വ) വീട്ടിലായിരിക്കെ ഒരു വ്യക്തി വന്ന് റസൂലി(സ്വ)നോട് യാചന നടത്തി. റസൂല്‍(സ്വ) അദ്ദേഹത്തോട് വീട്ടിലുള്ള പാത്രങ്ങള്‍ കൊണ്ടുവരാന്‍ കല്‍പ്പിച്ചു. ആ പാത്രങ്ങള്‍ അവിടത്തെ സ്വഹാബത്തിന് വില്‍ക്കുകയും വില കൊണ്ട് മരത്തടി വാങ്ങി ഒരു മഴു തന്റെ സ്വകരം കൊണ്ട് നിര്‍മിച്ച് അദ്ദേഹത്തിന് നല്‍കിയ ചരിത്രവും നമുക്ക് സുപരിചിതമാണ്.
തൊഴിലെടുത്ത് ജീവിച്ച മഹാന്മാരുടെ ജീവചരിത്രം നമുക്ക് മാതൃകയാണ്. ഭരണരഥത്തിലേറിയിട്ടും പൊതുസ്വത്തില്‍നിന്ന് സ്വന്തം ജീവിതത്തിന് അര്‍ഹിച്ച പണം പോലും പറ്റാതെ ഭരണം കഴിഞ്ഞ് മിച്ചം വരുന്ന സമയത്ത് കുടുംബത്തെ പരിപാലിക്കാന്‍ തൊഴിലുകളിലേര്‍പ്പെടുന്നവരായിരുന്നു അവരിലധിക പേരും. പ്രവാചകന്മാരുടെ ജീവിതകഥകള്‍ തന്നെ ഈ മേഖലയില്‍ ഒരു പിടിയാണ്. അല്ലാഹു ഭൂ ലോകത്ത് അന്താരാഷ്ട്ര അധിപന്മാരായി നിയോഗിച്ച നാല് രാജാക്കന്‍മാരില്‍ രണ്ടുപേര്‍ സുലൈമാന്‍ നബിയും ദാവൂദ് നബിയുമായിരുന്നു. അവരില്‍ ദാവൂദ് നബി(അ) തന്റെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണം മാത്രമേ കഴിക്കാറുണ്ടായിരുന്നുള്ളൂ. സകരിയ്യാ നബി(അ)യുടെ ജീവിതവും തൊഴിലിന്റെ പ്രാധാന്യമാണ് വിളിച്ചോതുന്നത്. ആശാരിപ്പണി ഇസ്‌ലാമിന് അന്യമാണെന്നും ആ വേല ഇസ്‌ലാമിനെ വില കുറച്ച് കാണിക്കലാണെന്നും ധരിച്ചവര്‍ക്ക് ഉദാത്ത മാതൃകയായിക്കൊണ്ടാണ് റസൂല്‍(സ്വ) സകരിയ്യാ നബി(അ)യെ നമുക്ക് പരിചയപ്പെടുത്തി തരുന്നത്.
ദാവൂദ് നബി(അ) ഒരു നെയ്ത്ത് ജോലിക്കാരനായിരുന്നുവെന്നത് മറ്റൊരു ഹദീസില്‍ കാണാം. ഓരോ തൊഴിലിനും അവലംബനീയ വ്യക്തിത്വങ്ങളുടെ മാതൃക നമുക്ക് മുമ്പിലുണ്ട്. അവര്‍ ചെയ്ത വേലകളെല്ലാം അനുവദനീയം തന്നെ. തൊഴിലിന്റെ ശ്രേഷ്ഠത വാക്കുകള്‍ക്കതീതമാണ്. കൂടുതല്‍ മറിമായങ്ങള്‍ നടക്കാവുന്ന വ്യാപാരത്തെയാണ് സത്യസന്ധമായ രീതിയില്‍ കൊണ്ടുനടക്കാനായി ഇസ്‌ലാം കൂടുതല്‍ പ്രേരണ നല്‍കുന്നത്. അതിന്റെ മഹത്വങ്ങള്‍ നിരവധിയാണ്. റസൂല്‍(സ്വ) പറഞ്ഞു: സത്യസന്ധനും വിശ്വസ്തനുമായ ഒരു വ്യാപാരി പ്രവാചകന്‍മാരോടും സത്യസന്ധരോടും രക്തസാക്ഷികളോടുമൊപ്പമാണ്. സത്യസന്ധനായ ഒരു വ്യാപാരി അര്‍ശിന്റെ തണലിന്നര്‍ഹരായ ഏഴു വിഭാഗത്തോടൊപ്പമാണെന്നും റസൂല്‍(സ്വ) പഠിപ്പിക്കുന്നു. അതോടൊപ്പം കച്ചവടത്തില്‍ കൃത്രിമം നടത്തിയവന്‍ നമ്മില്‍പെട്ടവനല്ലെന്നും തിരുവാക്യമുണ്ട്. അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ ജനങ്ങളുടെയും മാര്‍ഗദര്‍ശിയായ റസൂല്‍(സ്വ)യുടെ കച്ചവട ജീവിതത്തിന് ചരിത്രം സാക്ഷിയാണ്. ഖദീജബീവി(റ)യുടെ വ്യാപാരത്തിന് റസൂല്‍(സ്വ) പോവുകയും സിറിയയിലെ സര്‍വ്വാംഗീകൃത വ്യാപാരിയായി മാറുകയും അതോടൊപ്പം കച്ചവട ലാഭത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാവുകയും ചെയ്തു. ഈ വ്യാപാര സത്യസന്ധതയാണ് റസൂലി(സ്വ)ന്റെ പ്രഥമ പത്‌നിയാവാന്‍ ഖദീജ(റ)ക്ക് ഭാഗ്യം സിദ്ധിച്ചതിന് പിന്നിലെ രഹസ്യം. സ്വഹാബാക്കളും വ്യാപാര മേഖലയില്‍ നക്ഷത്രതുല്യരാണ്.
Also Read:പ്രവാചകന്‍, തൊഴിലാളികളുടെ വിമോചകന്‍
മക്കയില്‍നിന് മദീനയിലേക്ക് തൗഹീദ് സംരക്ഷണാര്‍ത്ഥം പോയ മുഹാജിറുകള്‍ക്ക് തങ്ങളുടെ സുഹൃത്തുക്കളായ അന്‍സ്വാറുകള്‍ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുത്തിട്ടു കൂടി ഞങ്ങള്‍ കച്ചവടം ചെയ്ത് ജീവിച്ചുകൊള്ളാമെന്ന് പറഞ്ഞ മാതൃക നിസ്തുലമാണ്. തൊഴിലിലേറ്റവും മഹത്വമേറിയത് കച്ചവടമാണെന്നും സൂക്ഷ്മത പാലിക്കുന്നവരും നന്മ ചെയ്യുന്നവരും സത്യം പറയുന്നവരും മാത്രമേ കച്ചവടത്തില്‍ ആ മഹത്വം കണ്ടെത്തൂ എന്നും റസൂല്‍(സ്വ) നമ്മെ ഓര്‍മിപ്പിക്കുന്നു. ഒരുപാട് തൊഴിലുകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു. കാര്‍ഷികവൃത്തി, നെയ്ത്ത്, കൊല്ലപ്പണി, എഴുത്ത്കുത്ത് തുടങ്ങി ഒരുപാട് തൊഴിലുകളുടെ താഴ്‌വേരുകള്‍ ചെന്നെത്തുന്നത് പ്രവാചകന്മാരിലേക്കാണ്. ഇദ്‌രീസ് നബി(അ) ആയിരുന്നു ആദ്യമായി എഴുതിത്തുടങ്ങിയതെന്നും നൂഹ് നബി(അ) തന്റെ കപ്പല്‍ ജൂദിയ്യ് പര്‍വ്വതത്തില്‍ നങ്കൂരമിട്ട ശേഷം അനുയായികളോടൊപ്പം അവിടെ കാര്‍ഷികവൃത്തി തുടങ്ങിയെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. എന്നാല്‍ ഇന്നു പല ജോലികളും മുസ്‌ലിംകള്‍ ഭ്രഷ്ട് കല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. ആശാരിപ്പണിയാണ് നമ്മില്‍നിന്ന് പൂര്‍ണമായും അകന്നുപോയത്. ആശാരിപ്പണിയുടെ പിതൃത്വം അവകാശപ്പെടാന്‍ മുസ്‌ലിമിന് ആയിരം നാവാണെന്നും അതേ പണി ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ സന്നദ്ധനാവാതെ ആ തൊഴിലിന് അനിസ്‌ലാമിക ലേബല്‍ വച്ച് കെട്ടുന്നത് ചരിത്രപരമായ വിഡ്ഢിത്തമാണ്. തൊഴിലില്‍ തൊഴിലാളിയും പ്രതിപാദ്യവിഷയമാണ്. അവരോട് ഏതു രീതിയില്‍ പെരുമാറണമെന്നും ഇസ്‌ലാം നിര്‍വചിക്കുന്നു. നബി(സ്വ) പറയുന്നു: ''വേലക്കാരന് അവന്റെ വിയര്‍പ്പുണങ്ങുംമുമ്പ് കൂലി നല്‍കുക.'' വളരെ വ്യക്തമാണ് ഈ പ്രസ്താവന. തൊഴിലാളിക്ക് അവനര്‍ഹിച്ച രീതിയിലുള്ള കൂലി യഥാസമയം നല്‍കാതെ വട്ടം കറക്കല്‍ അവനോട് ചെയ്യുന്ന മഹാ പാപമാണ്. കാരണം, അല്ലാഹു ആദം സന്തതികളെ ബഹുമാനിച്ചാദരിച്ചതാണ്. ഒരു വ്യക്തിക്കു വേണ്ടി വേല ചെയ്യുന്നതിലൂടെ ആ ബഹുമാന്യശരീരം അവന് വഴിപ്പെടുകയാണ്. മുതലാളിയുടെ വാക്കുകള്‍ അക്ഷരംപ്രതി അനുസരിച്ച് അദ്ദേഹത്തെ പ്രീതിപ്പെടുത്തുമ്പോള്‍ അവന് നഷ്ടമാവുന്നത് സ്വന്തം ആശ്രിതരുടെ സാമീപ്യവും സമയവുമാണ്. ശരീരത്തെ മറ്റുള്ളവന് കീഴ്‌പ്പെടുത്താന്‍ ഒരു വിധത്തിലും ഇസ്‌ലാം അനവദിക്കുന്നില്ല. എങ്കിലും, തൊഴിലിന്റെ കാര്യത്തില്‍ ഇസ്‌ലാം നിലപാട് മാറ്റുന്നത് അവന്റെ പ്രതിബന്ധങ്ങളെ മറികടക്കാനാണ്. അതിനാല്‍ വേലക്കാരനെ വലയ്ക്കല്‍ മഹാപാപം തന്നെയല്ലേ? തൊഴിലിന്റെ മേഖലയില്‍ പല രീതികളിലായി ഈ അവസ്ഥ നിലനില്‍ക്കുന്നുണ്ട്.
കുടുംബ പ്രാരാബ്ധങ്ങള്‍ അകറ്റാന്‍ വേണ്ടി വിമാനം കയറുന്നവരില്‍ പലരും ഇത്തരം രീതികളുടെ ഇരകളാണ്. കൂലി നിശ്ചയിക്കപ്പെട്ടവര്‍ക്ക് ആ സമയത്ത് കൂലി നല്‍കാത്ത മുതലാളിമാരാണിന്നധികവും. കൂലി നല്‍കാത്ത മുതലാളി അവനെ മാനസികമായി പീഠിപ്പിക്കുകയാണ്. അവന്‍ നിരാശനായി തളര്‍ന്നുപോയാല്‍ മുതലാളി അതിന്റെ മുഴുവന്‍ പാപഭാരവും ഏറ്റെടുക്കേണ്ടിവരും. മെയ്യനക്കി തൊഴില്‍ ചെയ്യാന്‍ എല്ലാവരും വൈമനസ്യം കാണിക്കുന്നുണ്ടെന്നു വര്‍ത്തമാന സാഹചര്യത്തിലെ പ്രതിസന്ധികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. അല്ലാഹുവും അവന്റെ റസൂലും ഇഷ്ടപ്പെട്ട തൊഴിലാളി മെയ്യനക്കി പണിയെടുത്തു കരങ്ങളില്‍ തൊഴില്‍ ചെയ്തതിന്റെ അടയാളം പ്രത്യക്ഷമാവുന്നവനാണെങ്കില്‍ പ്രവാചകാധ്യാപനങ്ങള്‍ പ്രാമാണിക പിന്‍ബലത്തോടെ നോക്കിക്കാണുന്ന ഒരു വ്യക്തി എന്ന നിലക്ക് മുസ്‌ലിമിന് വേലയോട് പുറംതിരിയല്‍ ഭൂഷണമല്ല. ഉമര്‍(റ) പറയുന്നു: എന്റെ കുടുംബത്തിന്റെ ജീവിതച്ചെലവിനായി കച്ചവടം ചെയ്യുന്ന സ്ഥലത്ത് വച്ച് മരണപ്പെടുന്നതിനേക്കാള്‍ എനിക്കിഷ്ടമായി മറ്റൊന്നുമില്ല. ലുഖ്മാനുല്‍ ഹകീം(റ) തന്റെ മകനോട് ഉപദേശിക്കുന്നു: മകനെ അനുവദനീയമായ ധനം സമ്പാദിച്ചു കൊണ്ട് ദാരിദ്ര്യത്തില്‍നിന്ന് നീ മോചിതനാവണം. കാരണം, ഒരു ദരിദ്രന് മൂന്നു കാര്യങ്ങള്‍ സംഭവിക്കാതിരിക്കുകയില്ല. അവന്റെ മതകാര്യങ്ങള്‍ അലങ്കോലപ്പെടും. ബുദ്ധിശക്തി മന്ദീഭവിച്ച് പോവും. മനുഷ്യത്വവും മാന്യതയും നഷ്ടപ്പെട്ടുപോവും. ഇവ മൂന്നിനേക്കാളും വലുതാണ് ദാരിദ്ര്യം കൊണ്ട് ജനങ്ങള്‍ അവനെ നിസാരപ്പെടുത്തല്‍. ഈ രണ്ടു സന്ദേശങ്ങളും തൊഴിലിന്റെ പ്രസക്തിയെയാണ് സൂചിപ്പിക്കുന്നത്.
തൊഴിലിനോടുള്ള വിമുഖതയുടെയും തൊഴിലില്ലായ്മയുടെയും അനന്തരഫലമാണ് യാചന. സാമൂഹികമായും മതപരമായും യാചന ശപിക്കപ്പെട്ടതാണ്. പ്രവാചകര്‍(സ്വ) പറയുന്നു: ''യാചനയുടെ കവാടം ആരെങ്കിലും തുറന്നാല്‍ ദാരിദ്രത്തിന്റെ പത്ത് കവാടങ്ങള്‍ അല്ലാഹു അവന്റെ മേല്‍ തുറക്കും. ഇബ്‌റാഹീമുബ്‌നു അദ്ദേഹം(റ) ഒരിക്കല്‍ കപ്പല്‍ യാത്ര ചെയ്യുമ്പോള്‍ സമുദ്രത്തില്‍ കൊടുങ്കാറ്റ് ആഞ്ഞുവീശി. തദവസരത്തില്‍ കപ്പല്‍ യാത്രക്കാര്‍ അദ്ദേഹത്തോട് ഈ കാഠിന്യം നിങ്ങള്‍ കാണുന്നില്ലേ എന്നു ചോദിച്ചു. അദേഹം പറഞ്ഞു: ഇതെന്തു കാഠിന്യം? എന്തെങ്കിലും ഒരു കാര്യം മനുഷ്യരോട് ഉന്നയിക്കലാണ് കാഠിന്യം. തൊഴിലില്ലായ്മ വര്‍ധിക്കുകയും ജോലിക്കാരെ കുരങ്ങ്കളിപ്പിക്കുകയും ചെയ്യുന്ന ഉത്തരാധുനിക കാലത്ത് ഇസ്‌ലാമിക സന്ദേശങ്ങള്‍ക്ക് ലോകം കാതോര്‍ക്കേണ്ടതുണ്ട്. പ്രശ്‌നത്തിനു മുമ്പില്‍ നിസ്സഹായനായി പകച്ചു നില്‍ക്കുന്നതിനുപകരം സുന്ദര സന്ദേശങ്ങളെ തേടിപ്പിടിച്ച് സമര്‍ത്ഥമായ മറുമരുന്ന് കുറിക്കാനാണ് നാം തുനിയേണ്ടത്. തൊഴിലിന്റെ പ്രാരാബ്ധങ്ങള്‍ പാപക്കറകളെ മായ്ച്ചുകളയുമെന്ന ഹദീസിലൂന്നി ഉചിതമായ തൊഴില്‍ കണ്ടെത്തി ജീവിതം മുന്നോട്ടുനയിക്കുക നാം.
Leave A Comment