സ്വത്വ പ്രതിസന്ധി നേരിടുന്ന മണിപ്പൂരി മുസ്‍ലിംകൾ
ഘർവാപ്പസി, ഗോ രക്ഷയുടെ പേരിലുള്ള അതിക്രമങ്ങൾ, വംശീയ വിവേചനം, വർഗ്ഗീയത, പൗരത്വം ചോദ്യം ചെയ്യൽ തുടങ്ങിയ നടപടികൾ രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. നിലവില്‍ ഏറെ അരക്ഷിതരായ ഒരു വിഭാഗമാണ്, പ്രാദേശികമായി “പാംഗലുകൾ” എന്നറിയപ്പെടുന്ന മണിപ്പൂരി മുസ്‍ലിംകള്‍. അതിന് കാരണമായതാകട്ടെ, പാംഗൽ സമുദായത്തിന്റെ ഉന്നമനത്തിനുള്ള നടപടികളുണ്ടാകുമെന്ന മോഹന വാഗ്ദാനവുമായി അധികാരത്തിലേറിയ ബിജെപി സർക്കാരും.
രാഷ്ട്രീയ അവസരവാദം
“ജിരിബാം” നിയോജക മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ച അസാബുദ്ദീൻ എംഎൽഎക്ക് മന്ത്രി സ്ഥാനം നൽകാമെന്നും തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ മുഴുവൻ ചെലവുകളും ഏറ്റെടുക്കാമെന്നും വാഗ്ദാനം ചെയ്തപ്പോഴാണ് അദ്ദേഹം ബിജെപി യുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിനെ പിന്തുണച്ചത്. അസാബുദ്ദീനെ മുന്നിൽ നിർത്തി മുസ്‍ലിംവോട്ടുകള്‍ പെട്ടിയിലാക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ ലക്ഷ്യം. വിജയാനന്തരം, പാർലമെന്ററി സെക്രട്ടറിയായി നിയമിതനായെങ്കിലും 117 ദിവസം ആ സ്ഥാനം വഹിച്ച അദ്ദേഹം, വാഗ്ദാനം ചെയ്യപ്പെട്ട മന്ത്രി സ്ഥാനം ലഭിക്കാതായതോടെ രാജിവെച്ചു. തുടർന്ന് സംസ്ഥാനത്തെ ഭൂരിപക്ഷ സമുദായവും ഡെമോക്രാറ്റിക് സ്റ്റുഡൻറ്സ് അലയൻസ് ഓഫ് മണിപ്പൂരും (ദേശം) തികച്ചും രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ കുടിയേറ്റക്കാരനും നിയമവിരുദ്ധ സ്ഥാനാർത്ഥിയുമായി മുദ്രകുത്തുകയായിരുന്നു.
രാഷ്ട്രീയ സമ്മർദ്ദം മൂലം അദ്ദേഹത്തിന് നേരിടേണ്ടി വന്ന ചതിയും എതിർപ്പും കാരണം, മുസ്‍ലിം സമുദായത്തിൽ നിന്നും ഒരു സംസ്ഥാന മന്ത്രിയെങ്കിലും ഉള്ള ഉത്തർപ്രദേശിനെക്കാൾ മോശമായ രാഷ്ട്രീയ സാഹചര്യമാണ് പാംഗലുകളെ ബോധപൂർവ്വം പാർശ്വവത്കരിക്കുന്ന മണിപ്പൂരിൽ നിലവിലുള്ളത്. പാംഗലുകൾക്ക് രാഷ്ട്രീയപരമായ പങ്കാളിത്തമുണ്ടെങ്കിലും പ്രാതിനിധ്യമില്ല. പങ്കാളിത്തമുള്ളവരാകട്ടെ, ബിജെപിയുടെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വേട്ടയാടലിന്റെ ഇരകളാണ് താനും.
2018 മെയ് 23ന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ച “മണിപ്പൂർ ജനതയുടെ സംരക്ഷണത്തിനായുള്ള” ബില്ലിന്റെ ഡ്രാഫ്റ്റിങ് കമ്മിറ്റിയിൽ ഒരു മുസ്‍ലിം പ്രതിനിധിയെ പോലും ഉൾപ്പെടുത്താത്തതും ഇതിനോട് ചേര്‍ത്ത് വായിക്കാം. സർക്കാർ വക്താവ് പറയുന്നതനുസരിച്ച്, സംസ്ഥാനത്ത് നിയമവിരുദ്ധ കൂടിയേറ്റക്കാരുടെ, പ്രത്യേകിച്ച് റോഹിങ്ക്യരുടെ പ്രവേശനം നിരോധിക്കുന്നതാണ് നിർദ്ദിഷ്ട ബിൽ. റോഹിങ്ക്യർക്ക് അഭയം നൽകുന്നുവെന്ന് പാംഗലുകളെയും അവരുടെ നേതാക്കളെയും കുറ്റപ്പെടുത്തി വർഗ്ഗീയമായി ആക്ഷേപിച്ച് കൊണ്ടുള്ള ആരോപണങ്ങളും അവര്‍ ഇടക്കിടെ ഉയര്‍ത്തുന്നു. റോഹിങ്ക്യർക്ക് അഭയം നൽകി മണിപ്പൂർ ജനതയെ നശിപ്പിക്കാനുള്ള പാംഗലുകളുടെ ബോധപൂർവ്വമായ ശ്രമങ്ങളെ തുടർന്നാണ് ഈ അകറ്റി നിർത്തലെന്നാണ് ഉത്തരവാദിത്തപ്പെട്ടവരുടെ വാദം. എന്നാൽ പ്രസ്തുത വിഷയത്തിൽ ഭൂരിപക്ഷ സമുദായത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയുള്ള സർക്കാരിന്റെ ഈ നടപടി തീർത്തും ജനാധിപത്യ വിരുദ്ധമാണ്.
പുറത്താക്കൽ രാഷ്ട്രീയം
2018 ജൂലൈ 2ന് ഭൂമി കൈയേറ്റം ആരോപിച്ച് “ക്ഷേത്രി ബെംഗൂൺ മാമാങ് അവാങ് ചിങ്” എന്ന സംരക്ഷിത വനപ്രദേശത്ത് നിന്നും 400 ഓളം പാംഗലുകളെ സർക്കാർ കുടിയൊഴിപ്പിച്ചു. 1970 മുതൽ ഇതേ സ്ഥലത്ത് താമസിക്കുകയും സംസ്ഥാന സർക്കാരിൽ നിന്നും ഒരു പൗരന് അർഹതയുള്ള നിരവധി സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്ത താമസക്കാരായിരുന്നു അവർ. ആസൂത്രിതമായ ഒഴിപ്പിക്കൽ ഹൈകോടതി സ്റ്റേ ചെയ്തിട്ടും സർക്കാർ അവരുടെ കെട്ടിടങ്ങളെല്ലാം പൊളിച്ചു നീക്കി.
2018 ഏപ്രില്‍ 10 ന് “ഓൾ മണിപ്പൂർ മുസ്‍ലിം ഓർഗനൈസഷൻസ് കോർഡിനേഷൻ കമ്മിറ്റി” (അമ്മോകോക്) യുടെ നേതൃത്വത്തിൽ മണിപ്പൂർ സർക്കാരും “പാംഗൽ സിവിൽ സൊസൈറ്റി ഓർഗനൈസേഷൻസ്” (സി.എസ്.ഒ)യും തമ്മിലുള്ള ഉടമ്പടിയുടെ നഗ്നമായ ലംഘനമായിരുന്നു ഇത്. ദുരിത ബാധിതരെ പുനരധിവസിപ്പിക്കാന്‍ സര്‍കാര്‍ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും നടന്നിട്ടില്ല. ചില പ്രദേശവാസികൾ ചേർന്നാണ് അവര്‍ക്ക് അത്യാവശ്യസഹായങ്ങളെത്തിച്ചത്.
ഒരു പടി കൂടി കടന്ന്, “മന്ത്രിപുഖ്രി” മേഖലയിൽ എം.എൽ.എ ക്വാട്ടേഴ്സ് നിർമ്മാണത്തിനായി ന്യൂനപക്ഷ വിഭാഗത്തിന്റെ പുരയിടവും ഭൂമിയും ഏറ്റെടുക്കാനുള്ള ശ്രമവുമുണ്ടായി. ചെറുത്ത് നില്പ് ശക്തമായപ്പോൾ “നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2014 പ്രയോഗിച്ച് കൊണ്ട് സർക്കാർ പാംഗലുകളെ കൂടിയൊഴിപ്പിക്കുകയാണ് ചെയ്തത്. എന്നാൽ മണിപ്പൂരിലെ നഗരിയൻ, ലംബി, തിദ്ദീം റോഡ്, ബാബുപാറ തുടങ്ങിയ മറ്റുപ്രദേശങ്ങളിലെ നെൽപ്പാടങ്ങളിൽ ഇത്തരത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സർക്കാരിന്റെ ഈ നടപടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിലർ നാഗാറാമിലും ഖുമാൻ ലാസകിന്റെ പരിസര പ്രദേശങ്ങളിലും ജീവിക്കുകയും വ്യാപാരം നടത്തുകയും ചെയ്യുന്ന പാംഗലുകളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെടുകയുണ്ടായി.
ആൾക്കൂട്ട കൊലപാതകങ്ങൾ
സംസ്ഥാനത്തെ ന്യൂനപക്ഷ വിരുദ്ധ വികാരമാണ്, 2018 സെപ്റ്റംബർ 13 ലെ ആൾക്കൂട്ട കൊലപാതകത്തിന് വരെ കാരണമായത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കന്നുകാലി മോഷണം, സൈക്കിൾ-ബൈക്ക് മോഷണം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് പാംഗലുകളെ ലക്ഷ്യം വെച്ചുള്ള തുടർച്ചയായ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
മണിപ്പൂരിലെ തൗബാൽ ജില്ലയിലെ “ലിലോങ് മായായി ലെയ്‌കായി” യിൽ നിന്നുള്ള മുഹമ്മദ് ഫാറൂഖ് ഖാൻറെ കൊലപാതകമാണ് ഏറെ ഞെട്ടിക്കുന്ന സംഭവം. തൊട്ടു പിന്നാലെ പീഢനത്തിന്റെയും അതിക്രൂരമായ കൊലപാതകത്തിന്റെയും വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംസ്ഥാനത്തുടനീളം രോഷപ്രകടനങ്ങളും പ്രതിഷേധങ്ങളും അരങ്ങേറി. “മണിപ്പൂർ-പ്രൊട്ടക്ഷൻ ഫ്രം മോബ് വയലേഷൻ ബിൽ 2018” നിയമസഭയിൽ അവതരിപ്പിച്ച് അത് പാസ്സാക്കിയെന്ന് സർക്കാർ പ്രതികരിച്ചെങ്കിലും, സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയമിച്ച സമിതി ഇത് വരെ ആ റിപ്പോർട്ട് പോലും പ്രസിദ്ധീകരിച്ചിട്ടില്ല. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ സർക്കാർ കാണിക്കുന്ന നിസ്സംഗ മനോഭാവം അപകടകരവും കുറ്റവാസനകള്‍ വർദ്ധിപ്പിക്കുന്നതുമാണ്. ഫാറൂഖിന്റെ കുടുംബാംഗങ്ങൾക്ക് പോലും റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ സർക്കാർ ഇത് വരെ തയ്യാറായിട്ടില്ല.
ആനുപാതികമല്ലാത്ത പ്രാതിനിധ്യം
പൊതുരംഗത്തെയും ഭരണ രംഗത്തെയും വിവിധ തലങ്ങളിൽ നിന്നും പാംഗലുകളെ സർക്കാർ ആസൂത്രിതമായി തഴയുന്നതും തുടര്‍കഥയാണ്. ഇത് കാരണം മണിപ്പൂരി മുസ്‍ലിം സമുദായത്തിന് സർക്കാർ ജോലികളിലും ഉന്നത വിദ്യാഭ്യാസ രംഗത്തുമുള്ള പ്രവേശനങ്ങൾക്ക് പിന്നീട് 4 ശതമാനം വരെ സംവരണം നൽകാനുള്ള നിയമമുണ്ടായിരിക്കെയാണ് ഇതെല്ലാം.
ഇന്ത്യൻ മുസ്‍ലിംകളുടെ പിന്നാക്കാവസ്ഥയും നിലവാരമില്ലാത്ത ജീവിതവും ധാരാളം ചർച്ച ചെയ്യപ്പെട്ടതാണ്. ഇത് പട്ടികജാതി-പട്ടികവർഗ്ഗങ്ങൾക്കുള്ളത് പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും നിയമനിർമ്മാണ സഭ, പാർലമെന്റ് അസംബ്ലി, പഞ്ചായത്തുകള്‍ എന്നിവയിലും സംവരണം ആവശ്യപ്പെടാൻ സമുദായത്തെ പ്രേരിപ്പിച്ചു. മണിപ്പൂരിൽ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ മറ്റു പ്രധാന പൊതുസേവനങ്ങള്‍ എന്നിവയുടെ നിലവാര സൂചിക മാനദണ്ഡമാക്കിയാൽ മുസ്‍ലിം സമുദായത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്ന വിഷയത്തിൽ സർക്കാരിന്റെ ദയനീയമായ അനാസ്ഥ വ്യക്തമാകും. സംവരണ ഉത്തരവ് നടപ്പിലാക്കി 12 വർഷങ്ങൾക്ക് ശേഷവും ഒന്ന്, രണ്ട്, മൂന്ന് ക്ലാസ് ഓഫീസർമാരിൽ മുസ്‍ലിംകളുടെ പ്രാതിനിധ്യം ആകെ ജനസംഖ്യയുടെ 8.4 ശതമാനത്തിൽ താഴെയാണ്. സംവരണം നടപ്പിലാക്കിയത് വിലയിരുത്തി, ഉചിതമായ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും സാമൂഹിക-സാമ്പത്തിക സർവ്വേ നടത്തണമെന്നും ആവശ്യം ഉയർന്നെങ്കിലും സർക്കാർ അത് പരിഗണിച്ചതേയില്ല. എന്നാൽ പിന്നീട് തിരഞ്ഞെടുപ്പിന് മുന്നോടിയായി ധൃതി പിടിച്ച് സർവ്വേ നടത്താൻ ഒരുങ്ങിയെങ്കിലും, അതൊരു ചതിയാണെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിഞ്ഞു.
ഇപ്പോൾ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 29 ഗോത്ര വിഭാഗങ്ങൾക്ക് 60 അംഗ മണിപ്പൂർ സംസ്ഥാന നിയമ സഭയിൽ 20 സീറ്റുകളും എല്ലാ സർക്കാർ ജോലികളിലും 31 ശതമാനം വരെ സംവരണവുമുണ്ട്. എന്നാൽ അതേസമയം സർക്കാരിൽ നിന്നും ഒരു സഹായവും ലഭ്യമാകാതെ പാംഗലുകൾ സ്വന്തം ചേരികളിൽ നിന്നും ഒഴിഞ്ഞു പോകാൻ നിർബന്ധിതരാവുകയാണ്.
പാംഗൽ സമുദായത്തിൽ നിന്നും യുപിഎസ്സി പരീക്ഷ പാസ്സായ 4 പേർ മാത്രമേ ഇത് വരെയുള്ളൂ. സംസ്ഥാന പിഎസ്സി പരീക്ഷയിൽ ഇതുവരെ വിജയിച്ചത് വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ്. മണിപ്പൂർ മുസ്‍ലിം സമുദായത്തിൽ നിന്നുള്ള പ്രൊഫസർമാരുടെ എണ്ണവും വളരെ തുച്ഛം തന്നെ. മണിപ്പൂർ സർവ്വകലാശാലയിലും സംസ്ഥാനത്തിന് പുറത്തുള്ള ഡെൽഹി യൂണിവേഴ്സിറ്റി, അലിഗഡ് മുസ്‍ലിം യൂണിവേഴ്സിറ്റി, ജെ.എൻ.യൂ എന്നിവിടങ്ങളിലും എംഫിലും പിഎച്ച്ഡിയും ചെയ്യുന്ന മുസ്‍ലിം വിദ്യാർഥികളും താരതമ്യേന വളരെ കുറവാണ്. സംവരണ നയം, നിലവാരം മെച്ചപ്പെടുത്താൻ ഏറെ സഹായകമാകുമെങ്കിലും അത്തരമൊരു നടപടി കൊണ്ട് മാത്രം പതിറ്റാണ്ടുകളായി ചെയ്തു വരുന്ന അനീതിക്ക് പരിഹാരമാവുകയില്ല.
സ്വത്വ പ്രതിസന്ധി
ചില രാഷ്ട്രീയ സജ്ജീകരണങ്ങളുടെ ഭാഗമായി മണിപ്പൂരിൽ സ്ഥിര താമസമാക്കുകയും മെയ്തെയ് സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്ത, നിലവിലെ ബഗ്ലാദേശിലെ തരാഫിൽ നിന്നുള്ള മുസ്‍ലിം സൈനികരുടെ പിൻഗാമികളാണ് പാംഗലുകൾ. അവർ മണിപ്പൂരിൽ ജനിച്ചവരോ നാല് നൂറ്റാണ്ട്കൾക്ക് മുമ്പേ മണിപ്പൂരി ജീവിത രീതിയിൽ ലയിച്ചവരോ ആണ്. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അവരുടെ കഴിവും മികവും മനസ്സിലാക്കിയ “ഖഗേമ്പ” രാജാവ് അവർക്ക് ഭൂമി നൽകുകയും സ്ത്രീകളെ വിവാഹം കഴിപ്പിക്കുകയും വേലക്കാരെ നൽകുകയും ചെയ്തു.
രാജ്യത്തെ അന്നത്തെ രീതിയനുസരിച്ച് പാംഗൽ സമുദായത്തിന് അവരുടെ തൊഴിൽ, ഉത്ഭവം, താമസ സ്ഥലം എന്നിവയെ അടിസ്ഥാനമാക്കി വംശങ്ങൾ നിശ്ചയിച്ചിരുന്നു. കൂടാതെ “മതേതരനായ” രാജാവ് പാംഗലുകളെ ഇസ്‍ലാം മതം സ്വീകരിക്കാൻ അനുവദിക്കുകയും ചെയ്തു. 1819 മുതൽ 1826 വരെ നീണ്ടുനിന്ന വിനാശകരമായ യുദ്ധത്തെ തുടർന്ന് പാംഗലുകൾ അടക്കം നിരവധി മണിപ്പൂരികൾ മ്യാൻമർ, ബംഗ്ലാദേശ്, ആസാം എന്നിവിടങ്ങളിലേക്ക് പാലായനം ചെയ്യുകയും ഇപ്പോൾ അവിടങ്ങളിലെ പൗരന്മാരായി തുടരുകയുമാണ്.
ഇന്ന്, മണിപ്പൂരികൾ പ്രത്യേകിച്ച് പാംഗലുകൾ തെക്ക് കിഴക്കൻ ഏഷ്യയിലെ കൂടിയേറ്റക്കാരായി മാറിയിരിക്കുന്നു. 1951ൽ മണിപ്പൂരിലെ ആകെ ജനസംഖ്യ 5,77,635 ആയിരുന്നു. അതിൽ മുസ്‍ലിംകൾ (പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും എത്തിയ പാംഗൽ-ഇതര കുടിയേറ്റ മുസ്‍ലിംകൾ ഉൾപ്പെടെ) 37,197 പേരാണ്. 2011 ലെ സെൻസസ് പ്രകാരം ആകെ ജനസംഖ്യ 28,55,794 ഉം മുസ്‍ലിംകൾ 2,39,836ഉം ആയിരുന്നു. 2001 നെ അപേക്ഷിച്ച് 2011 ൽ മുസ്‍ലിം ജനസംഖ്യ 0.4 ശതമാനം കുറഞ്ഞിട്ടുണ്ട്. 1901 ന് ശേഷം മണിപ്പൂർ ജനസംഖ്യ 10 മടങ്ങ് വർദ്ധിച്ചിട്ടുണ്ടെങ്കിലും പാംഗലുകളുടെ വളർച്ച 2.1 മടങ്ങ് മാത്രമാണ്.
1980ൽ സമുദായങ്ങൾ തമ്മിലുള്ള സമാധാനാന്തരീക്ഷത്തിന് ഭംഗം വരികയും പാംഗലുകൾ സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ സ്വത്വ രാഷ്ട്രീയം മത്സരാധിഷ്ഠിതമായിത്തീർന്നു. ലോക് സഭയിൽ “പൗരത്വ ഭേദഗതി ബിൽ 2016” പാസ്സാക്കിയതിനെ തുടർന്ന് , മുസ്‍ലിംകളായ റോഹിങ്ക്യർക്ക് അഭയം നല്കി പാംഗലുകൾ സംസ്ഥാനത്ത് ആസൂത്രിതമായി മുസ്‍ലിം ജനസംഖ്യാ വർദ്ധനവിന് ശ്രമിക്കുന്നുവെന്ന ആരോപണങ്ങളും പാംഗലുകളെ അപകീർത്തിപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടലുകളും കാര്യങ്ങൾ കൂടുതൽ വഷളാക്കി. ആ മണ്ണില്‍ നാലു നൂറ്റാണ്ടുകളുടെ വേരുകൾ പേറുന്ന പാംഗൽ സമുദായത്തിന് ഇത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. പുറത്ത് നിന്നുള്ളവർക്ക് അഭയം നല്കുന്നുവെന്ന മിത്തുകൾക്ക് വസ്തുനിഷ്ടമായ ഒരു തെളിവ് പോലും ഇല്ലായെന്നിരിക്കെ ചില സ്വയം പ്രഖ്യാപിത സാമൂഹ്യ നിരീക്ഷകരും അക്കാദമിക് വിദഗ്ദരും ഈ ആരോപണങ്ങൾക്ക് പിന്തുണ നല്കുകയാണ്.
കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്കും വെല്ലുവിളികൾക്കും, സാധ്യമായ പരിഹാരങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാനത്ത് നല്ലൊരു ചർച്ചാ ഫോറം ഇല്ലായെന്നതാണ് ഏറെ ഖേദകരം. സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ പരസ്പരം പോരടിക്കുകയും രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി പ്രചാരണം നടത്തുകയും ചെയ്യുന്ന തിരക്കിലാണ്. പൊതുസമൂഹം അവരുടെ അജണ്ടയിലോ പ്രചാരണത്തിലോ വിശ്വാസം അർപ്പിക്കുന്നേയില്ല. മണിപ്പൂരിലെ വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വം പുനസ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും അക്കാദമികമായ സംവാദങ്ങളാണ് മുന്നിലുള്ള ഏക പോംവഴി. അതോടൊപ്പം, സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാഠങ്ങള്‍ പറഞ്ഞുകൊടുത്ത് സമൂഹത്തെ ഒന്നടങ്കം നന്മയുടെ ഭാഗത്തേക്ക് ക്ഷണിക്കുകയും ചെയ്യുക. അതിന് ഉത്തരവാദപ്പെട്ടവര്‍ മനസ്സ് വെക്കുക തന്നെ വേണം.
Source: https://www.forwardpress.in/2019/05/the-identity-crisis-of-manipuri-muslims/
Leave A Comment