അമീർ ഖുസ്രു: ഇന്ത്യയെ നെഞ്ചോട് ചേർത്ത സൂഫികവി
ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകത ഇവിടം എല്ലാത്തിലും വൈവിധ്യമുണ്ടെന്നതല്ല, അതിനോടുകൂടെ നമ്മൾ അവയെല്ലാം ചേർത്തുവെച്ച് ഒരു ഉദ്യാനമാക്കി തീർക്കുന്നുവെന്നതാണ്. ഈ ഉദ്യാനത്തിന്, അതില്‍ പിറവിയെടുത്ത വ്യത്യസ്ത വർണ്ണ-ഗന്ധങ്ങളുള്ള പുഷ്പങ്ങളുടെ കഥ പറയാനുണ്ട്. അവർ അവരുടെ ദൈവദത്തമായ കഴിവുകൊണ്ട് കേവലം ഇന്ത്യയിൽ മാത്രമല്ല, ആഗോള രംഗത്തേക്കും പരിമളം പരത്തി രാജ്യത്തിന്റെ പേരും പ്രശസ്തിയും ഉയർത്തിയവരാണ്.
കളങ്കമില്ലാത്ത ഇന്ത്യൻ വൈവിധ്യത്തെ നെഞ്ചോട് ചേർത്തുപിടിച്ച അവരെ ഭാരത മാതാവിന്റെ മക്കളെന്ന് വിളിക്കുകയാണെങ്കിൽ, ഹിന്ദി-ഉർദു കവിതകളുടെ മുൻഗാമിയും സൂഫിവര്യനുമായ അമീർ ഖുസ്രു അക്കൂട്ടത്തിലെ മുതിർന്ന മകനായിരിക്കും.
തുർക്കി വംശജനായ അമീർ സെയ്ഫുദ്ദീൻ മഹ്മൂദിന്റെയും രാജപുത്രിയായ ബീബി ദൗലത്ത് നാസിന്റെയും മകനായി, നിലവിലെ ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ പട്യാലിയിൽ 1253 ലാണ്, അബുൽ ഹസൻ യമീനുദ്ധീൻ ഖുസ്രു എന്ന അമീർ ഖുസ്രു ഭൂജാതനായത്. നാനാത്വത്തിൽ ഏകത്വത്തിന്റെ പാഠം ലോകർക്ക് പകർന്നു നൽകിയ ഇന്ത്യാ മഹാരാജ്യത്തിലെ ആദ്യത്തെ കവി, സംഗീതജ്ഞൻ, ഭാഷാ പണ്ഡിതൻ, ചരിത്രകാരൻ തുടങ്ങി, ഇസ്‍ലാമിലെ സൂഫി പ്രമുഖരുടെ പേരുകളിൽ അങ്ങേയറ്റത്തെ ആദരവോടെ വരെ ആ നാമം വീക്ഷിക്കപ്പെടുന്നു. ഖവാലി, ഗസൽ, പഹേലികൾ, നാടൻ പാട്ടുകൾ, മ്യൂസിക് എന്നിവയിലെല്ലാം ആദ്യമായി ഇന്ത്യൻ നിറം പകർന്ന വ്യക്തിയാണദ്ധേഹം. അബ്ദുൽ ഹലീം ജഹ്ഫർഖാൻ തന്റെ "Amir khusru and hindustani music"എന്ന ഗ്രന്ഥത്തിൽ സിത്താർ, തബല, മദ്ദളം എന്നിവയുടെ പിതാവായി അദ്ദേഹത്തെ രേഖപ്പെടുത്തുന്നുണ്ട്. രാജ്യസ്നേഹിയായ ഖുസ്രുവിനെ മാറ്റിനിർത്തിയാൽ മദ്ധ്യകാല ഇന്ത്യൻ ചരിത്രം അപൂര്‍ണ്ണമായിരിക്കുമെന്നതും മറ്റൊരു സത്യമാണ്.
തൊട്ടതെല്ലാം പൊന്നാക്കുക എന്ന പ്രയോഗം കൂടുതൽ ഉചിതമാകുന്നത് എന്തുകൊണ്ടും ഈ സൂഫിവര്യനാണ്. മനുഷ്യനൊരു കാര്യത്തെ കൂടുതൽ സ്‌നേഹിക്കുമ്പോൾ, തന്റെ വാക്കിലും പ്രവൃത്തിയിലുമെല്ലാം അറിഞ്ഞോ അറിയാതെയോ അവ കടന്നു വരിക സ്വാഭാവികം. എത്രത്തോളം സ്നേഹത്തോടെയും വിശ്വാസത്തോടെയുമാണോ അമീര്‍ ഖുസ്രു ഇന്ത്യയെ വർണ്ണിച്ചത്, അത്രതന്നെ രാജ്യസ്നേഹി കൂടിയായിരുന്നു അദ്ദേഹം. പതിമൂന്ന്-പതിനാല് നൂറ്റാണ്ടുകളിൽ അദ്ദേഹത്തിന് സമാനനായ ഒരു രാജ്യസ്നേഹിയെ കാണാനാകില്ല എന്ന് തന്നെ പറയാം.
കാവ്യഭംഗിയുടെ ഉത്തുംഗതിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഹിന്ദുവിയിൽ സംസാരിക്കൂ എന്ന് നിർദ്ദേശിച്ച ഖുസ്രു, തന്റെ പ്രശസ്ത ഗ്രന്ഥങ്ങളായ "പാഞ്ച് ദീവാൻ" "പാഞ്ച് താരീഖി മസ്നവി" എന്നിവയിലാണ് രാജ്യസ്നേഹം കൂടുതൽ പ്രകടിപ്പിച്ചത്. താൻ സംസാരിച്ചിരുന്ന ഹിന്ദുവി ഭാഷ, ബ്രജ്, സിന്ധി, ഗുജറാത്തി, തെലുങ്ക് തുടങ്ങിയ നിരവധി പ്രാദേശിക ഭാഷകൾ ചേർന്ന സങ്കരസ്വഭാവമുള്ളതായിരുന്നുവെന്ന് ഖുസ്രുതന്നെ പ്രഖ്യാപിക്കുന്നുണ്ട്. ഹിന്ദുസ്താനിയോടൊപ്പം പേർഷ്യനും കൂടി ചേരുമ്പോൾ അതിലൊരത്ഭുതമുണ്ടെന്ന് നേരത്തെ തിരിച്ചറിഞ്ഞ വ്യക്തി കൂടിയാണദ്ധേഹം.
നിസാമുദ്ദീൻ ഔലിയയുടെ ശിഷ്യനായിരുന്ന ഖുസ്രു തന്റെ രാജ്യസ്നേഹത്തിന്റെ പ്രധാന കാരണമായി പറയുന്നത് താൻ ജന്മം കൊണ്ടയിടമായതിനാലും രാജ്യ സ്നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന് തന്റെ മതം പറയുന്നത്തിനാലുമാണ് എന്നാണ്. ഒരിക്കൽ നിരവധി ഹിന്ദുക്കൾ പൂജ ചെയ്യുന്നത് കണ്ട നിസാമുദ്ദീൻ ഔലിയ സംഗീത സാന്ദ്രമായ ഒരു വരി ഉരവിട്ടു.
"ഹർ ഖോം റാസ്ത് ദീനെ റാഹെ വ ഖിബിലഹ് ഗാ ഹെ"
എല്ലാ ജനവിഭാഗങ്ങൾക്കും അവരുടേതായ വിശ്വാസ വഴികളുണ്ടെന്ന് വിശാല മനസ്സോടെ അംഗീകരിക്കുന്ന നിസാമുദ്ധീൻ ഔലിയയെ നോക്കി അതേസമയത്ത് ഖുസ്രു അതിന്റെ രണ്ടാം വരി ഇങ്ങനെ മുഴുമിപ്പിച്ചു,
"മൻ ഖിബിലാഹ് റാസ്ത് കർദം ബർ തറഫ് കജ് കുലാഹെ"
ഞാനെന്റെ വഴി ഏറ്റവും പ്രിയപ്പെട്ടവരുടെ (നിസാമുദ്ധീൻ ഔലിയയുടെ) മാർഗ്ഗത്തിലാക്കി എന്നായിരുന്നു സാരം. അതെ, സ്വന്തമായി തെരഞ്ഞെടുത്ത മതവിശ്വാസമുണ്ടായിരിക്കെ മറ്റുള്ളവരുടെ വിശ്വാസത്തെ അംഗീകരിക്കാനുള്ള ആ മനസ്സ് തന്നെയാണ് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സൗന്ദര്യവും.
ഖുസ്രുവിന്റെ കൃതികളോടൊപ്പം അദ്ദേഹത്തിന്റെ മത-സംസ്കാരിക ബന്ധങ്ങളിലൂടെയുള്ള രാജ്യസ്നേഹത്തെ വിലയിരുത്തുമ്പോഴും പൂർണ്ണാർത്ഥത്തിൽ അദ്ദേഹത്തെ മനസ്സിലാക്കാൻ സാധിക്കുകയില്ല. "താരീഖേ ഫരിശ്ത" എന്ന ഗ്രന്ഥത്തിൽ മുഹമ്മദ് കാസിം രേഖപ്പെടുത്തിയ പ്രകാരം ഖുസ്രുവിന്റെ ആകെയുള്ള 92 പുസ്തകങ്ങളിൽ കേവലം 22 എണ്ണം മാത്രമാണിന്ന് ലഭ്യമായിട്ടുള്ളത്. ലഭ്യമായ ഖുസ്രു കൃതികളിൽ തന്നെ, മഹാസുദ്രത്തോളം രാജ്യസ്നേഹം ഇരമ്പുന്നുണ്ടെന്ന് ആ കൃതികളിലൂടെ സഞ്ചരിക്കുമ്പോള്‍ ആര്‍ക്കും ബോധ്യമാവും.
തുഹ്ഫത്തുസ്സിഗ്റിന്റെ പ്രകൃതവും വസ്തുൽ ഹായത്തിലെ പ്രണയിനിയും
അമീർ ഖുസ്രുവിന്റെ പാഞ്ച് ദീവാനിലെ ആദ്യ ഗ്രന്ഥമായ "തുഹ്ഫത്തുസ്സിഗ്ർ" തന്റെ ഇരുപതാം വയസ്സിലാണ് പൂർത്തികരിക്കുന്നത്. ഒരേ വസ്നിലും കൂടാതെ റദീഫ്, ഖാഫിയ എന്നിവയോടും കൂടിയ അദ്ദേഹത്തിന്റെ ഈ കൃതിയിൽ തന്റെ ജീവിതത്തിന്റെ പ്രാരംഭഘട്ടത്തെക്കുറിച്ച് മാത്രമല്ല പ്രതിപാദിക്കുന്നത്, അതിനോടൊപ്പം ഇന്ത്യൻ സംസ്കാരങ്ങളിലേക്കും, പ്രകൃതിപരമായ അതിന്റെ സമ്പന്നതയിലേക്കും വെളിച്ചം വീശുന്നുമുണ്ട്. ചെറുപ്രായത്തിൽ തന്നെ, വല്യുപ്പയായ "ഇമാദുൽമുൽക്കിന്റെ" പരിപാലനത്തിൽ "കിഷ്‌ലുഖാൻ" ദർബാറിൽ തന്റെ സാമീപ്യമറിയിച്ച ഖുസ്രു ഇന്ത്യൻ വൈവിദ്ധ്യത്തിന്റെ വലിയ ആസ്വാദകാനായിരുന്നു.
ഏകദേശം കൗമാരപ്രായക്കാരായ കുട്ടികൾ പ്രകൃതിയെ നോക്കിക്കാണുന്ന കാലയളവിൽ ഹൃദ്യമായ കവിതകളെഴുതുവാൻ തുടങ്ങിയെന്നതാണ് അമീർ ഖുസ്രുവിനെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്നത്. മാത്രമല്ല ആ തുടക്ക കൃതികളില്‍ തന്നെ രാജ്യസ്നേഹം കാണാനാകുന്നു എന്നത് ഏറെ കൗതുകകരമാണ്. ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതായിരിക്കുമെന്ന് കാശ്മീരിനെ വിശേഷിപ്പിച്ച ഖുസ്രു തുഹ്ഫത്തുസ്സിഗ്റിൽ തന്റെ ഹൃദയത്തിന്റെ മാറ്റമില്ലാത്ത അവസ്ഥയെ വിശേഷിപ്പിച്ചത് ഇന്ത്യൻ ഭൂപ്രകൃതിയോടുപമിച്ചാണ്.
സബ്സാ ഹമാനോ കുൽ ഹമാനോ സഹ്റാ ഹമാൻ
ബാഗ് ഹമാൻ സായെ ഹമാൻ ജാ ഹമാൻ
അനശ്വരമായ ഹൃദയമെന്നത് പ്രകൃതിയിലെ തോട്ടം, പച്ചപ്പ്, കാടുകൾ, മരുഭൂമി, തണലുകൾ എന്നിവ പോലെയാണെന്നദ്ദേഹം അടിവരയിടുന്നു. അതെ, ഇന്ത്യക്കാർക്ക് സ്ഥിരക്കാഴ്ച്ചയായതും വ്യത്യസ്തതകൾ നിറഞ്ഞുനിൽക്കുന്ന കുതൂഹലവുമാണല്ലോ ഇന്ത്യ എന്നത് തന്നെ..! അതിനാലാവണം പലപ്പോഴും കവി അതിന്റെ വശ്യതയെ ഉപയോഗപ്പെടുത്തുന്നത്. നിർണ്ണിതമായ ഒരതിർത്തി പോലുമില്ലാത്ത ഇന്ത്യയെ തന്റെ ചെറുപ്രായത്തിൽ തന്നെ "മുൽക് ഹമേ ഹിന്ദുസ്താൻ" എന്ന് ഹൃദയം തട്ടിവിളിച്ച മറ്റാരെങ്കിലുമുണ്ടാകുമെന്ന് തോന്നുന്നില്ല.
മനുഷ്യൻ പ്രണയത്തിൽ ഉത്തുംഗതി പ്രാപിക്കുന്ന യുവത്വകാലത്ത് തന്റെ പ്രണയിനിയെ പാഞ്ച് ദീവാനിലെ രണ്ടാമത്തെ ഗ്രന്ഥമായ "വസ്തുൽ ഹയാത്തിൽ" ഖുസ്രു പരിചയപ്പെടുത്തുന്നുണ്ട്. പ്രിയപ്പെട്ടവരുടെ സ്മരണ കൂടുതൽ മനസ്സിനെ പിടിച്ചുലക്കുന്നത് അവരിൽ നിന്ന് വേർപെടുമ്പോളാണെങ്കിൽ, ശഹസാദ് മുഹമ്മദിന്റെ കൂടെയുള്ള മുൾട്ടാൻ യാത്ര ഖുസ്രുവിന് സമ്മാനിച്ചത് വിരഹ വേദനയായിരുന്നു. അതെ, രക്തം തിളയ്ക്കുന്ന തന്റെ ഇരുപത്തി നാലാം വയസ്സിലും പ്രണയിനി സ്വരാജ്യമായിരുന്നു. തന്റെ പ്രിയപ്പെട്ട ഡൽഹിയിൽ എന്ന് തിരിച്ചു പോകാനാകുമെന്ന് തലപുകഞ്ഞാലോചിച്ച അദ്ദേഹം വിദേശരാജ്യങ്ങളിൽ താമസിക്കുന്നവർ തന്റെ ഉറ്റവരെ കാണുവാൻ നിറഞ്ഞ മിഴികളോടെ സമീപിക്കും പോലെ വർഷത്തിലൊരിക്കൽ സുൽത്താനോടൊപ്പം സ്വരാജ്യം സന്ദർശിക്കാറുണ്ടായിരുന്നു. തിരിച്ചു പോകാൻ ഒരുങ്ങുമ്പോൾ ദുഃഖം കടിച്ചമർത്തലും പതിവായിരുന്നു.
"ബർ അസ്മേ സഫർ ഇനാൻ കുശാദം
ഖൂനേ മൻ ബെ സ ദേദ്ഗാനെ കുശാദം"
പോകാനുറച്ചു തീരുമാനിച്ച് കടിഞ്ഞാൺ പിടിക്കും നേരം കണ്ണുനീരിന്ന് പകരം രക്തം ഒഴുകുന്നല്ലോ എന്ന് ഖുസ്രു പ്രഖ്യാപിക്കുമ്പോൾ, അത് വ്യത്യസ്ത മതവിഭാഗങ്ങൾ തിങ്ങിത്താമസിക്കുന്ന ഒരു രാജ്യത്ത് എങ്ങെനെ ഒരു രാജ്യസ്നേഹിയാവണമെന്ന് നമ്മെ പഠിപ്പിക്കുന്നു.
പാഞ്ച് ദീവാനിലെ മറ്റു വസന്തങ്ങൾ
പാഞ്ച് ദീവാനിലെ മൂന്നാമത്തെ ഗ്രന്ഥമായ "ഗുർറത്തുൽ കമാൽ " ഖുസ്രു തന്റെ നാല്‍പിത്തിമൂന്നാം വയസ്സിലാണ് പൂർത്തീകരിക്കുന്നത്. അത് ഈ വിഭാഗത്തിലെ വലിയ ഗ്രന്ഥമാണെന്നിരിക്കെ ഹിന്ദുസ്ഥാനി പേർഷ്യന് പുതിയൊരു മുഖവും നൽകുന്നു. കേവലം സാഹിത്യകൃതി എന്നതിലുപരി സാംസ്കാരിക സമ്പന്നതയിലേക്കും അത് വെളിച്ചം വീശുന്നുണ്ട്. അക്കാലഘട്ടത്തിൽ ജ്വലിച്ചു നിന്നിരുന്ന പേർഷ്യൻ ഭാഷയിൽ തനിക്ക് പാണ്ഡിത്യം ഉണ്ടായിരിക്കെ സ്വരാജ്യത്തിന്റെ ഭാഷ അണയാൻ വിടാതെ ചേർത്തുവച്ച ഖുസ്രു കേവലം ഇന്ത്യക്കാർക്ക് മാത്രമല്ല ലോകർക്ക് തന്നെ വലിയൊരു മാതൃകയാണ്.
ഏ ഖുറാസാനി തൂ ഗർ ഗുഫ്താരെ മൻ നശീദഹ്
ബാശ് താ ബാ തൂ റസ്ദ് ഈൻ നുക്തായേ ഗൊറായെ മൻ
സാഹിത്യ ലോകത്തിന്റെ ഗിരിശൃംഗങ്ങളിൽ വിഹരിക്കുന്ന പേർഷ്യൻ ഭാഷയെ ഉയർത്തിപ്പിടിച്ച് അഭിമാനം കൊള്ളുന്ന ഖുറാസാനികളെ അഭിസംബോധന ചെയ്ത് ഞാൻ ഉരുവിടുന്ന ഈരടികളുടെ വ്യാപ്തി പിന്നീട് നിങ്ങൾക്ക് മനസ്സിലാകുമെന്ന് ഖുസ്രു ഉറക്കെ പ്രഖ്യാപിച്ചത് അത് ജനകീയ ഭാഷയാണെന്നതിലുപരി, ഹൃദ്യവുമാണെന്ന ദീർഘവീക്ഷണത്തിന്റെ പുറത്താണ്.
ഖുസ്രുവിന്റെ ഈ വരികൾ യഥാർത്ഥത്തിൽ "മേ ആൻദലീബേ ഗുൽശനെ നാ അഫ്രീദാ ഹൂ" അഥവാ ഞാൻ ഇന്നുവരെ പിറവി കൊണ്ടിട്ടില്ലാത്ത പൂന്തോട്ടത്തിലെ ബുല്‍ബുല്‍ പക്ഷിയാണെന്ന ഗാലിബിന്റെ ദീർഘവീക്ഷണത്തോട് ചേർത്തുവായിക്കാൻ സാധിക്കുന്നതാണ്. അവരിരുവർക്കും തങ്ങൾ പറയുന്നതിലെ അർത്ഥതലങ്ങളെ ഉൾക്കൊള്ളാൻ പാകത്തിനുള്ള ശ്രോതാക്കൾ ഇല്ലായിരുന്നു എന്നത് തന്നെ അതിന്റെ കാരണവും.
തുടർന്ന് എഴുതിയ ബഖിയ്യ-നഖിയ്യ, നിഹായത്തുൽ കമാൽ എന്നിവയെല്ലാം ഇന്ത്യൻ പശ്ചാത്തത്തിലുള്ള കൃതികളാണ്. ഏകദേശം തന്റെ 64-ാം വയസ്സിൽ പൂർത്തീകരിച്ച ബഖിയ്യ-നഖിയ്യയിലും ഇന്ത്യൻ ചരിത്രങ്ങൾ കാണാവുന്നതാണ്. മധ്യകാലത്തെ നമ്മുടെ ദൃഷ്ടിയിൽ തെളിമയോടെ അവതരിപ്പിക്കുന്ന അദ്ദേഹം അലാവുദ്ദീൻ ഖിൽജി, മുബാറക്ക് ഷാ എന്നീ രാജാക്കന്മാരെ കുറിച്ചും അൽമാസ് ബേഗടക്കമുള്ള നേതാക്കന്മാരെ കുറിച്ചും എഴുതുന്നുണ്ട്.
അതേസമയം മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലശേഷമെഴുതിയ നിഹായത്തുൽ കമാലിൽ ഖുത്തുബുദ്ധീൻ മുബാറക് ഷായുടെ പശ്ചാത്തലത്തിൽ രചിച്ച മർസിയയും (വിലാപകാവ്യം) ഉണ്ട്.
പാഞ്ച് താരീഖേ മസ്നവി
ഇന്ത്യയെക്കുറിച്ച് പറയുന്നതും പുകഴ്ത്തുന്നതുമായി നിരവധി ഗ്രന്ഥങ്ങൾ കാണാമെങ്കിലും പാഞ്ച് താരീഖേ മസ്നവികളിലാണ് ഇത് ഏറ്റവും പ്രകടമാവുന്നത്.
ഇന്ത്യൻ സംസ്കാരങ്ങളുടെ കുത്തൊഴുക്കുകൾ മനസ്സിലാക്കി രാജ്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് അവയെല്ലാം തന്റെ കവിതയിൽ ഉൾപെടുത്തുമ്പോൾ, ഖുസ്രു വലിയൊരു ഗവേഷകന്‍ കൂടിയാണെന്ന് നമുക്ക് ബോധ്യമാവും. ഇന്ത്യാ ചരിത്രത്തെ സാഹിത്യ സൗന്ദര്യത്തോടെ കവിതകളാക്കി അവതരിപ്പിച്ച ഈ മഹാനെ കേവലം ഒരു രാജ്യസ്നേഹിയായി മാത്രം വ്യാഖ്യാനിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല.
ഖുറാനുസ്സഅദീൻ, മിഫ്താഹുൽ ഫുതൂഹ്, ഇശ്ഖിയ, നോ സിപെഹർ എന്നീ പേരുകളിലാണ് പാഞ്ച് താരീഖേ മസ്നവികളുള്ളത്.
ഖുറാനുസ്സഅദീനിലെ ദില്ലി പ്രേമം
ഏകദേശം ഹിജ്‌റ 688 ഓട് കൂടെ പൂർത്തീകരിക്കുന്ന ഖുസ്രുവിന്റെ "ഖുറാനുസ്സഅദീൻ" തന്റെ ആദ്യത്തെ സ്വതന്ത്ര മസ്നവിയാണ്. അർത്ഥ തലങ്ങളുടെ വൈവിധ്യം കൊണ്ട് മാത്രമല്ല, അതിനോട് കൂടെ ഇന്ത്യൻ സംസ്കാരത്തിന്റെ മാഹാത്മ്യം, വിശിഷ്യാ ഡൽഹിയിലും അതിനെ ചുറ്റിപ്പറ്റിയുമുള്ള അന്തരീക്ഷം, അക്കാലത്ത് തല ഉയർന്നു നിന്നിരുന്ന കെട്ടിടങ്ങൾ, സാംസ്കാരിക സങ്കലനം, ആഘോഷങ്ങൾ, മേളകൾ, നൃത്തം, സംഗീതം എന്നിവയെല്ലാം മാധുര്യത്തോടെ അവതരിപ്പിക്കുന്നത് കൊണ്ട് കൂടിയാണ് ഖുസ്രു കവിതകള്‍ വേറിട്ട് നില്കുന്നത്.
ശുഹ്റതേ ദില്ലി കനഫോ ദീൻ വദാദ്
ജന്നത്തേ അദ്ൻ അസ്ത് കെ ആബാദ് ബാദ്
ഡൽഹിയെന്ന ഉദ്യാനത്തിലെ നിറഞ്ഞിരിക്കുന്ന ജനങ്ങളെ ഖുസ്രു സ്വർഗ്ഗസ്ഥതുല്യരായി അവതരിക്കുമ്പോള്‍, എത്രത്തോളം തന്റെ ഹൃദയം അതിനോട് ഇണങ്ങി ചേർന്നിരുന്നുവെന്ന് മനസ്സിലാക്കാം. മനുഷ്യൻ കാണുന്നതും അനുഭവിക്കുന്നതുമല്ല സ്വർഗമെന്നിരിക്കെ സ്വർഗ്ഗതുല്യമായി ദില്ലിയെ അവതരിപ്പിക്കുമ്പോൾ, അദ്ദേഹം ഹൃദയത്തോട് ചേർത്തുപിടിച്ച ആ നഗരത്തെ എങ്ങനെ വർണ്ണിക്കാനാകും?!
കൂടാതെ ദില്ലിയിലെ പ്രശസ്തമായ ജുമാമസ്ജിദ്, ഹൗസേ ശംസ്, ഖുതുബ് മിനാർ എന്നിവയെല്ലാം ഹൃദ്യമായ ഭാഷയിൽ അവതരിപ്പിക്കുകയാണ് അദ്ദേഹം. ജുമാമസ്ജിദിനെ കുറിച്ച് "സിൽസിലേ ചൂൻ കാബേ ശുദാ ഹൽഖാ-സാസ്" അഥവാ ജുമാമസ്ജിദിൽ ആരാധന നിർവഹിക്കുന്ന ജനക്കൂട്ടത്തെ, കഅ്ബയുടെ ചുറ്റും ഇബാദത്ത് എടുക്കുന്നവരെപ്പോലെ വർണിക്കുന്ന ഖുസ്രു സ്വർഗ്ഗത്തിലൊരു കഅ്ബയെയും പ്രതിഷ്ഠിക്കുന്നു. മറ്റു രാജ്യങ്ങളിലും പ്രദേശങ്ങളിലും തലയെടുപ്പോടെ പ്രശസ്തമായി നിൽക്കുന്നവയെല്ലാം ഇന്ത്യയിലെ ഒരോ നിർമ്മിതികളോടുമുപമിച്ച് അവയുടെ മാഹാത്മ്യം പാടിപ്പുകഴ്ത്തുന്ന ഖുസ്രുവിനെ പോലൊരു രാജ്യസ്നേഹി ഇന്ത്യാചരിത്രത്തില്‍ വേറെയില്ലെന്ന് തന്നെ പറയാം. ഖുതുബ് മീനാറിന്റെ അഗ്രഭാഗം അംബരമുറ്റത്തമ്പിളി വന്നപോൽ തിളക്കാമാർന്നതായി ചിത്രീകരിക്കുമ്പോൾ, തന്റെ രാജ്യത്തിന്റെ പൂർണത എടുത്തു കാട്ടുകയാണ് ഖുസ്രു ചെയ്യുന്നത്.
"ഖുറാനുസ്സഅദീനിൽ" നിറഞ്ഞുനിൽക്കുന്ന ദില്ലി പ്രേമം കാരണം ഈ കൃതിയെ "മസ്നവി ദർ സിഫത് ദില്ലി " എന്ന് വിളിക്കുന്നത് തന്നെയാവും ഉചിതം.
അസ് റോശേ ജൊൻഭശേ ദസ്താൻ-ശാൻ
മജിലിസിയാ ഹർ ഹമേ ഹൈറാൻ-ശാൻ
കണ്ണഞ്ചിപ്പിക്കുന്ന ഇന്ത്യൻ സദസ്സുകളെ പരിചയപ്പെടുത്തുന്ന ഖുസ്രു അതിന്റെ അൽഭുതം ലോകർക്ക് മുമ്പിൽ തുറന്നു കാട്ടുന്നു. സാമൂഹികവും സാംസ്കാരികവുമായ കൂടിച്ചേരൽ എന്നതിലുപരി അദ്ദേഹത്തിൽ അന്തർലീനമായി അലിഞ്ഞുചേർന്ന ഹിന്ദുസ്ഥാൻ വികാരമെന്ന് പറയുന്നതാകും കൂടുതൽ ഉചിതം.
നല്ലൊരു ഗവേഷകന്‍ കൂടിയായിരുന്ന അദ്ദേഹം വ്യത്യസ്തതരം ഭക്ഷണരീതികളെക്കുറിച്ചും പറയുന്നുണ്ട്. തന്നൂരി റൊട്ടി, തണ്ണിമത്തന്റെ രുചി, കുരുമുളക്, വിവിധതരം മുത്തുകൾ, പ്രത്യേകിച്ച് റൂബി, കൂടാതെ ദേവഗിരിയിലെ വസ്ത്രങ്ങളുടെ പ്രത്യേകത, തുടങ്ങി ഇന്ത്യയുടേതായ ഒന്നും തന്നെ അദ്ദേഹം സ്പര്‍ശിക്കാതെ പോവുന്നില്ല.
മിഫ്താഹുൽ ഫുതൂഹിലെ വീര ചരിത്രവും ഇഷ്ഖിയയിലെ താരതമ്യവും
ഏകദേശം ഹിജ്റ 690 ൽ പൂർത്തീകരിക്കുന്ന മിഫ്താഹുൽ ഫുതൂഹിൽ ജലാലുദ്ദീൻ ഫൈറൂസ് ഖിൽജിയുടെ പ്രധാനപ്പെട്ട 4 വിജയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കൂടാതെ ഇന്ത്യയുടെ കലാവൈഭവവും അതിന്റെ സൗന്ദര്യവുമെല്ലാം ആകർഷകമായി അവതരിപ്പിക്കുന്ന അദ്ദേഹം പേർഷ്യൻ ചിത്രകലയടക്കം ഇന്ത്യൻ സംസ്കാരത്തിന് നൽകിയ പ്രചോദനം ഉൾക്കൊണ്ട് ഇന്തോ- പേർഷ്യൻ ശൈലി ആവിർഭവിച്ചതും സൂചിപ്പിക്കുന്നുണ്ട്. മിഫ്താഹുൽ ഫുതൂഹിന്ന് ശേഷം ഹിജ്റ 715 ൽ പൂർത്തീകരിച്ച കൃതിയാണ് "ഇഷ്‌ഖിയ". കേവലം തന്റെ പ്രണയിനിയുടെ മഹത്വങ്ങൾ വിശദീകരിക്കുക എന്നതിലുപരി ഇതര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. താരതമ്യപ്പെടുത്തി സൗന്ദര്യം പ്രദർശിപ്പിക്കുമ്പോൾ കൂടുതലാളുകൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നതിലുപരി അതിന്റെ വ്യത്യസ്ത വശങ്ങളുടെ വിശദീകരണവും ആവിഷ്കരിക്കുമ്പോൾ ആഴമേറിയ ചർച്ചകളായി അത് വഴി മാറുന്നു. ഇതിൽ നിന്നെല്ലാം രാജ്യസ്നേഹിയായ ഖുസ്രുവിന്റെ യഥാർത്ഥ ഉദ്ദേശ്യം ബാഹ്യ സൗന്ദര്യം പ്രകടിപ്പിക്കലായിരുന്നില്ല. മറിച്ച് വ്യത്യസ്ത മത-സംസ്കാരങ്ങൾ തിങ്ങിപ്പാർത്ത ഒരു പ്രദേശത്തിൽ ഉണ്ടായിത്തീർന്ന ആന്തരികമായ സൗന്ദര്യം എങ്ങനെ ബാഹ്യ സൗന്ദര്യമായി നിലനിൽക്കുന്നുവെന്നത് സൂചിപ്പിക്കലായിരുന്നു.
ഇന്ത്യയെന്ന ഉദ്യാനത്തിലെ പ്രകൃതിരമണീയത, പൂക്കളുടെയും പഴങ്ങളുടെയും മാധുര്യം, ഭാഷാവൈഭവം, തൻബൂൽ അഥവാ വെറ്റില ഉപയോഗം, വിവാഹമടക്കമുള്ള ചടങ്ങുകൾ എന്നിവയെല്ലാം റോം, ഇറാഖ്, ഖുറാസാൻ എന്ന് തുടങ്ങി അന്ന് തിളങ്ങി നിന്നിരുന്ന വിവിധ രാജ്യങ്ങളോട് താരതമ്യം ചെയ്തിട്ടുണ്ട്. പ്രകൃതി ഭംഗിയെക്കുറിച്ച് ഖുസ്രുവിന്റെ വരികൾ ഇങ്ങനെയാണ്
ചാറം ശാൻ കീൻ തറഫ് അസ് സബ്സോ ഗുൽ
ഹസ്ത് ഹമ സാൽ ബഹാറോ ഗുലോ മൽ
നാലുഭാഗത്തും നിറഞ്ഞ് നിൽക്കുന്ന പൂക്കളുടെയും നിത്യ വസന്തത്തെയും വിശദീകരിക്കുന്ന അദ്ദേഹം മുല്ല, ചെമ്പരത്തി, തുലിപ്സ് പോലുള്ള പൂക്കളെ മറ്റു നാടുമായി താരതമ്യം ചെയ്യുന്നുമുണ്ട്. ഒരിടത്ത് പറയുന്നു "ഗോലേ-മായേ ഖൊറാസാൻ രംഗോ ബെയ് ബൂ-എയ്" അഥവാ ഖുറാസാൻ പുഷ്പങ്ങൾക്ക് നിറം ഉണ്ടെങ്കിലും ഇവയോടൊത്ത ഗന്ധം അവക്ക് പേരിനു പോലുമില്ല. മതപരമായ തർക്കങ്ങൾ കാരണം പരസ്പരം യുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്ന ഒരു നാടിനോട് ഐക്യമാണ് സുഗന്ധമെന്ന് പ്രഖ്യാപിക്കും പോലയാണ് എനിക്കിത് അനുഭവപ്പെട്ടത്.
ഖുസ്രു ഭാഷയെക്കുറിച്ച് പറയുന്നൊരിടത്ത് "നെ ലഫ്സേ ഹിന്ദ് യസ്ത് അസ് പാരിസി കം" അഥവാ ഹിന്ദുസ്ഥാനി ഒരിക്കലും പേർഷ്യയെ സംബന്ധിച്ചിടത്തോളം ചെറുതല്ല എന്ന് പറയുന്നുണ്ട്. കൂടാതെ ഇതര ഭാഷകളിലുള്ള വ്യാകരണങ്ങൾ പ്രത്യേകിച്ച് അറബിയിലെ നഹ്‍വ്, സ്വർഫ് എന്നിവ തങ്ങൾക്കുമുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. ഒരിടത്ത് ഇന്ത്യയിലെ പഴവർഗ്ഗങ്ങളെ പ്രത്യേകിച്ച് മാങ്ങയെ മധ്യേഷയിലുള്ള അഞ്ജീറിനേക്കാൾ മഹത്തരമെന്ന് വിശേഷിപ്പുിക്കുന്നത് കാണാം. വെറ്റില ഉപയോഗം വ്യാപകമായിരുന്ന കാലത്ത് അതിനെയും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ഖുസ്രു അതിന്ന് ഇന്ത്യൻ സംസ്കാരം നൽകുന്ന സ്വീകാര്യതയെക്കുറിച്ച് പറയുന്നുണ്ട്. പാൻ ഉപയോഗത്തിന് കേവലം രുചി മാത്രമല്ല മറിച്ച് ഇന്ത്യൻ മതസംസ്കാരങ്ങൾക്കിടയിൽ അതിന്ന് വ്യതിരിക്തമായൊരു പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറയുന്നു.
ഖൊറാസാനി കേഹ് ഹിന്ദ് ഗിറദഷ് ഗോൽ
ഖസ്സാ ബാശാദ് ബെഹ് നസ്ദെഷ് ബർഗെ തന്ബൂൽ
ചെറു സാധനങ്ങൾക്ക് പോലും ഇന്ത്യ നൽകുന്ന വില ഖുറാസാനികൾക്ക് പറഞ്ഞാൽ മനസ്സിലാവില്ലെന്ന ശൈലിയിലാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഇത് വ്യത്യസ്ത മതങ്ങള്‍ ചേർന്ന ഒരു പരിതസ്ഥിതിയിൽ മാത്രമേ രൂപപ്പെടൂവെന്ന ബോധ്യം അവരിലേക്ക് കൈമാറുകയാണ് അദ്ദേഹം. എല്ലാ ജനവിഭാഗങ്ങളുടെയും സ്വീകാര്യത തനിക്ക് ലഭിക്കാനുള്ള കൂട്ട് തന്റെ പക്കൽ ഉണ്ടായിട്ട് കൂടി ഇന്ത്യയെയും ഹിന്ദുസ്ഥാനി ഭാഷയെയും അദ്ദേഹം ചേർത്തുപിടിച്ചിട്ടുണ്ടെങ്കിൽ നാം ഇന്ന് പോലും അതിന്റെ മഹത്വം പൂർണ്ണാർത്ഥത്തിൽ മനസ്സിലാക്കിയിട്ടില്ല എന്ന് വേണം പറയാന്‍.
നോ സിപെഹറിലെ അത്ഭുതങ്ങളും തുഗ്ലക്ക് നാമയും
ഖുസ്രുവിന്റെ മൂന്നാമത്തെ വലിയ താരീഖേ മസ്നവിയായ "നോ സിപെഹർ" മുബാറക്ക് ശായുടെ കാലത്ത് അഥവാ തന്റെ 66-ാം വയസ്സിലാണ് പൂർത്തീകരിക്കുന്നത്. ശാസ്ത്രീയമായി ഏഴ് ആകാശങ്ങളെ എണ്ണപ്പെടുമ്പോൾ ഒമ്പത് ആകാശങ്ങളിലേക്ക് വ്യാപിക്കുന്ന ഒരു അനുഭൂതിയാണ് ഖുസ്രുവിന്റെ ഈ കൃതിയെന്ന് പറയാതിരിക്കാൻ സാധിക്കില്ല.
കൂടാതെ 9 വിഷയങ്ങളും 9 വ്യത്യസ്ത വൃത്തങ്ങളുമടങ്ങുന്ന ലോകങ്ങള്‍ കൂടിയാണ് അത്. മൂന്നാമത്തേതിലാണ് ഇന്ത്യൻ വിസ്മയങ്ങൾ പാടിപ്പുകഴ്ത്തുന്നത്. ഏകദേശം 500ലധികം ഈരടികളിൽ നിറഞ്ഞുനിൽക്കുന്ന അദ്ദേഹത്തിന്റെ ഭാവനയുടെ ഗിരിശൃംഗങ്ങളെ മുഴുവനായും ഇവിടെ പരാമർശിക്കൽ സാധ്യമല്ല. അദ്ദേഹം പ്രധാനമായും ഇന്ത്യക്കാരുടെ ബുദ്ധിവൈഭവം, മതവിശ്വാസങ്ങൾ, ആചാര-അനുഷ്ഠാനങ്ങൾ, സംസ്കൃതത്തിന്റെ പ്രാധാന്യം, ഇന്ത്യയോടുള്ള പ്രണയ കാരണങ്ങൾ, കാലാവസ്ഥ മാറ്റങ്ങൾ, ഇതര മതസ്ഥരുടെ കലകൾ, വിജ്ഞാനങ്ങൾ കൂടാതെ ഇന്ത്യൻ പക്ഷിമൃഗങ്ങൾ എന്നിവയും കൂട്ടിച്ചേർക്കുന്നുണ്ട്. രാജ്യസ്നേഹിയായ ഖുസ്രു തന്റെ പ്രണയത്തിന്റെ കാരണമായി നിരവധി കാര്യങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്.
ആൻസത് യകെ കീ സമീൻ അസ് ദോർ സമൻ
ഹസ്ത് മെരാ മൗലിദ് വ മാവ വാ വതൻ
ജന്മമേകിയവളെ സ്നേഹിക്കണമെന്ന യാഥാർത്ഥ്യബോധമാണ് ആദ്യമായി അദ്ദേഹം നൽകുന്നത്. ബാക്കിയുള്ളവ എന്തും അതിന്ന് താഴെ വരുന്നതാണ്. ജന്മം തന്ന ദേശത്തെ നെഞ്ചോട് ചേർത്തുവെക്കണമെന്ന് മതവും പറയുമ്പോൾ അത് മാറോട് ചേർത്തുവെക്കൽ അദ്ദേഹത്തിന് ബാധ്യതയായി മാറുന്നു.
ഹുബ്ബേ വതൻ ഹസ്ത് സി ഈമാൻ ബഹ് യഖീൻ
സ്വരാജ്യസ്നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന മതാധ്യാപനവും നെഞ്ചോട് ചേർത്തുവെച്ചിട്ടുണ്ട് അദ്ദേഹം.
വ്യത്യസ്ത മതസംസ്കാരങ്ങൾ തോളോടുതോൾ ചേർന്ന് നിൽക്കുന്നുവെന്നതും മറ്റൊരു കാരണമാണ്. ദേശത്തെ സ്വർഗ്ഗതുല്യമായി അവതരിപ്പിക്കുന്ന ഖുസ്രുവിന്ന് അതിന്ന് തെളിവ് പറയാനുള്ളത് സ്വർഗാരൂഢനായ ആദം നബിയെ അല്ലാഹു ഇറക്കിയതിവിടേക്കാണെന്നതും മയിൽ പോലുള്ള സ്വർഗ്ഗത്തിലെ പക്ഷികളും വസന്തത്തിന്റെ സുഗന്ധവും ഉന്മേഷവുമെല്ലാം ഇവിടെ നിറഞ്ഞുനിൽക്കുന്നുവന്നതാണ്. ഇതര മതസ്ഥർ കല്ലും മണ്ണും ആരാധിക്കുന്നുവെങ്കിൽ അവർക്കുള്ളിലെല്ലാം നിറഞ്ഞുനിൽക്കുന്ന ആത്മീയതയെ പുകഴ്ത്തുന്നുണ്ട് അദ്ദേഹം. ഒരിക്കൽ സംസ്കൃതത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്
അസ് അറബി കംതർ വ ബർതർ ദരി
സംസ്‌കൃതത്തിന് സ്ഥാനം അറബിയെക്കാൾ കുറവാണെങ്കിലും പേർഷ്യക്ക് മുകളിലാണ് അദ്ദേഹമതിനെ പ്രതിഷ്ഠിച്ചത്.
താരിഖേ മസ്നവിയിലെ അവസാന ഗ്രന്ഥമായ "തുഗ്ലക്നാമ"യിൽ ഖുത്തുബുദ്ധീൻ മുബാറക് ഷായെയും മുഹമ്മദ് ബിൻ തുഗ്ലക്കിനെയും കുറിച്ച് പരാമർശിക്കുമ്പോൾ ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് നമുക്ക് ലഭ്യമാകുന്നത്.
ഉപസംഹാരം
കലാസാഹിത്യ മേഖലകളിൽ ഇന്ത്യൻ നിറം പകർന്ന ഖുസ്രുവിന്റെ നൈപുണ്യം എല്ലാകാലത്തും വാഴ്ത്തപ്പെടേണ്ടത് തന്നെയാണ്. സാംസ്കാരിക സമ്പന്നതയുടെ ഒരു ഏകീകൃത ഉദാഹരണമാണ് അദ്ദേഹമെന്ന് നിസ്സംശയം പറയാനാകും. സ്വതന്ത്ര്യാനന്തരം സ്വീകാര്യത ലഭിച്ച ഭാഷകള്‍ക്ക് ഒന്നടങ്കം ഒരുകാലത്ത് ഖുസ്രുവിന്റെ തൂലിക നിറം നൽകിയിരുന്നുവെന്ന സത്യം തിരിച്ചറിഞ്ഞവർ വിരളമായിരിക്കും. വർഷങ്ങൾക്കു മുമ്പ് തന്നെ ഒരു ഏകീകൃത ഇന്ത്യയെ അന്വേഷിച്ച ഈ മഹാപുരുഷനെ അതിനാലായിരിക്കണം ഗാലിബ് ഇങ്ങനെ വാഴ്ത്തി പ്പാടിയത്
ഗാലിബ് മേരെ കലാം മെ ക്യു കർ മസാ ന ഹോ
പീതാ ഹു ദൂകെ ഖുസ്രൂ ശീരീ സുഖൻ കെ പാവോ
ഖുസ്രുവിന്റെ കാവ്യ ഭംഗിയുടെ പാദങ്ങൾ കഴുകി കുടിക്കുവാൻ ഗലിബ് ആഗ്രഹിക്കുന്നത് ആ ഇന്ത്യയെ അതിൽ ദർശിക്കാനായി എന്നതു തന്നെയാണ്. ആധുനിക കാലഘട്ടത്തിൽ ഭാരത മാതാവ് നേരിടുന്ന പല വെല്ലുവിളികൾക്കും ഉള്ള പരിഹാരം ഇത്തരത്തിൽ ഏകീകൃത സ്വഭാവം കാത്ത് സൂക്ഷിക്കുന്ന മക്കളാണെന്നതിൽ സംശയമില്ല.
അവലംബം
امیر خسرو "ڈاکٹر وحید مرزا"
امیر خسرو اور ہندستاں "تارا چند"
ہندستاں امیر خسرو کی نظر میں "سید صباح الدین عبد الرحمن"
قران السعدین "امیر خسرو"
امیر خسرو کا ہندوی کلام "گوپی چند نارنگ"
Leave A Comment