നഷ്ടമായ നോമ്പ്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രോഗം, യാത്ര തുടങ്ങിയ കാരണം കൂടാതെ റമളാന്‍ നോമ്പ് നഷ്ടപ്പെടുത്തിയവന്‍ വേഗത്തില്‍ ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്. ശവ്വാല്‍ രണ്ടു മുതല്‍ തന്നെ അവന്‍ ഖളാഅ് വീട്ടണം. പിന്തിച്ചാല്‍ കുറ്റക്കാരനാവും- നോമ്പ് ഖളാഅ് ആക്കിയതിന്റെ പേരില്‍ കുറ്റക്കാരനായതുപോലെ.

ഇക്കൂട്ടര്‍ ഖളാഅ് വീട്ടാതെ മരണപ്പെട്ടാല്‍ ഖളാആയ നോമ്പിനു പകരമായി അവകാശികള്‍ നോമ്പ് നോറ്റുവീട്ടുകയോ അനന്തര സ്വത്തില്‍നിന്നു മുദ്ദ് നല്‍കുകയോ വേണം. നോമ്പു ഖളാആക്കി എത്ര വര്‍ഷം കഴിഞ്ഞിട്ടാണോ മരണപ്പെട്ടത് അത്രയും വര്‍ഷത്തെ എണ്ണം അനുസരിച്ച് പിന്തിച്ചതിന്റെ മുദ്ദ് നിര്‍ബന്ധമാകും. അനന്തരാവകാശികള്‍ നോമ്പ് ഖളാഅ് വീട്ടിയാലും വര്‍ഷങ്ങള്‍ പിന്തിച്ചതിന്റെ പേരിലുള്ള ഫിദ്‌യ ഒഴിവാകില്ല. (തുഹ്ഫ: 3/446)

കാരണം മൂലം നോമ്പ് ഖളാഅ് ആക്കിയവര്‍ അടുത്ത റമളാനു മുമ്പ് ഖളാഅ് വീട്ടിയാല്‍ മതി. കാരണത്തോടെയോ അല്ലാതെയോ റമളാന്‍ നോമ്പ് നഷ്ടപ്പെട്ടവന്‍ പിന്തിക്കാനാവശ്യമായ യാതൊരു കാരണവും കൂടാതെ അടുത്ത റമളാന്‍ വരെ പിന്തിച്ചാല്‍ നോമ്പ് ഖളാഅ് വീട്ടലോടു കൂടി പിന്തിച്ചതിന്റെ പേരില്‍ ഒരു നോമ്പിനു ഒരു മുദ്ദ് വീതം ഭക്ഷ്യവസ്തു ഫിദ്‌യയായി നല്‍കണം. പിന്തിച്ചിടുന്ന വര്‍ഷങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് മുദ്ദിന്റെ എണ്ണം വര്‍ധിക്കും. ഉദാഹരണം, ഇരുപത് വര്‍ഷം മുമ്പുള്ള ഒരു റമളാന്‍ നോമ്പ് ഖളാഅ് വീട്ടുകയും ആ നോമ്പിനു മാത്രമായി ഇരുപത് മുദ്ദ് ഭക്ഷ്യവസ്തു നല്‍കുകയും വേണം. (തുഹ്ഫ: 3/445) റമളാന്‍ നോമ്പ് നഷ്ടപ്പെട്ടവന്‍ ഖളാഅ് വീട്ടാന്‍ സൗകര്യപ്പെടാതെ വര്‍ഷങ്ങള്‍ രോഗത്തിലായി. പിന്നീട് രോഗം സുഖപ്പെട്ടു. എങ്കില്‍ സുഖപ്പെട്ട ശേഷം നോമ്പ് ഖളാഅ് വീട്ടിയാല്‍ മതി. വര്‍ഷങ്ങള്‍ പിന്തിക്കാന്‍ രോഗം എന്ന കാരണം ഉള്ളതുകൊണ്ട് പിന്തിച്ചതിന്റെ പേരില്‍ മുദ്ദ് ആവശ്യമില്ല. (തുഹ്ഫ: 3/434)

റമളാന്‍ നോമ്പ് ഒരാള്‍ക്ക് കാരണംമൂലം നഷ്ടപ്പെടുകയും അതു ഖളാഅ് വീട്ടാന്‍ സൗകര്യപ്പെടും മുമ്പ് മരണപ്പെടുകയും ചെയ്താല്‍ പ്രസ്തുത നോമ്പ് ആരും വീട്ടേണ്ടതില്ല. അവകാശികള്‍ ഫിദ്‌യ നല്‍കേണ്ടതുമില്ല. മയ്യിത്ത് ഇതിന്റെ പേരില്‍ കുറ്റക്കാരനാവുന്നില്ല. റമളാനില്‍ തന്നെ മരണപ്പെടുക, അല്ലെങ്കില്‍ രോഗിയായി മാറുക തുടങ്ങിയ കാരണങ്ങള്‍ മുഖേന ഖളാഅ് വീട്ടാന്‍ സൗകര്യപ്പെടാതെ വരാം. (തുഹ്ഫ: 3/434)

കാരണം കൊണ്ട് റമളാന്‍ നോമ്പ് നഷ്ടപ്പെടുകയും അതു ഖളാഅ് വീട്ടാന്‍ സൗകര്യപ്പെടുകയും ചെയ്ത ശേഷം ഖളാഅ് വീട്ടാതെ മരണപ്പെട്ടാല്‍ ഖളാഅ് വീട്ടാത്തതിന്റെ പേരില്‍ മയ്യിത്ത് കുറ്റക്കാരനാണ്. അവന്റെ നോമ്പ് രക്ഷാകര്‍ത്താവ് നോറ്റുവീട്ടണം. നോറ്റുവീട്ടുന്നില്ലെങ്കില്‍ ഫിദ്‌യ നല്‍കണം. ഒരു നോമ്പിനു ഒരു മുദ്ദ് ഭക്ഷ്യവസ്തു. ഇതുപക്ഷേ, ഖളാഇനു ശേഷം അടുത്ത റമളാന്‍ വരും മുമ്പ് മരണപ്പെട്ടിട്ടുണ്ടെങ്കിലാണ്.  തൊട്ടടുത്ത റമളാന്‍ പ്രവേശിച്ച ശേഷമാണ് മരിച്ചതെങ്കില്‍ ഒരു നോമ്പിന് രണ്ട് മുദ്ദ് വീതം ഭക്ഷ്യവസ്തു നല്‍കേണ്ടിവരും. ഒരു മുദ്ദ് നോമ്പ് നഷ്ടപ്പെട്ടതിന്റെ പേരിലും മറ്റൊന്ന് ഒരു വര്‍ഷം പിന്തിച്ചതിന്റെ പേരിലും. (തുഹ്ഫ: 3/435)

Also Read:നോമ്പുകാലത്ത് അറിയാതെ നഷ്ടപ്പെടുന്ന ചില പുണ്യങ്ങള്‍

മയ്യിത്തിന്റെ നോമ്പ് രക്ഷാകര്‍ത്താവ് അനുഷ്ഠിച്ചാല്‍ നോമ്പിന്റെ ഫിദ്‌യ ഒഴിവാകും. പിന്തിച്ചതിന്റെ പേരില്‍ സ്ഥിരപ്പെട്ട ഫിദ്‌യ ഒഴിവാകില്ല. (തുഹ്ഫ: 3/437)

ശഅ്ബാന്‍ 30ന്റെ അന്ന് റമളാന്‍ ഒന്നാണെന്നു പിന്നീട് വ്യക്തമായാല്‍ വീട്ടല്‍ നിര്‍ബന്ധമാണ്. കാരണം മൂലമാണ് സംശയത്തിന്റെ ദിവസം (ശഅ്ബാന്‍ 30) നോമ്പ് നഷ്ടപ്പെട്ടതെങ്കില്‍ വേഗത്തില്‍ ഖളാഅ് വീട്ടണം.

നിയ്യത്ത് മറന്നതുമൂലം നോമ്പ് നഷ്ടപ്പെട്ടാല്‍ ആ നോമ്പ് സാവകാശം ഖളാഅ് വീട്ടിയാല്‍ മതി. സാവകാശം എന്നതിന്റെ വിവക്ഷ അടുത്ത റമളാന്റെ മുമ്പ് എന്നാണ്. (തുഹ്ഫ: ശര്‍വാനി, ഇബ്‌നു ഖാസിം: 3/433) ഗര്‍ഭിണിയും മുലയൂട്ടുന്നവളും അവളുടെ ശരീരത്തിന്റെ കാര്യത്തില്‍ ഭയന്ന് നോമ്പ് ഒഴിവാക്കിയാല്‍ ഖളാഅ് വീട്ടിയാല്‍ മതി. സ്വയം ശരീരത്തിന്റെയും കുഞ്ഞിന്റെയും കാര്യത്തില്‍ ഭയന്ന് നോമ്പ് ഒഴിവാക്കിയാലും ഖളാഅ് വീട്ടിയാല്‍ മാത്രം മതി. അതേസമയം കുഞ്ഞിന്റെ ബുദ്ധിമുട്ട് മാത്രം ഭയന്ന് നോമ്പ് ഒഴിവാക്കിയാല്‍ ഖളാഇനു പുറമെ ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം ഭക്ഷ്യവസ്തു നല്‍കണം. ഇരട്ടക്കുട്ടിയോ അതിലധികമോ കുട്ടികളോ ആണെങ്കിലും ഒരു മുദ്ദ് മതി. (തുഹ്ഫ, ശര്‍വാനി: 441)

നോമ്പ് പിടിച്ചാല്‍ സ്വന്തം ശരീരത്തിന് ബുദ്ധിമുട്ട് വരുമെന്ന് തീരുമാനിക്കുന്നത് നീതിമാനായ ഒരു മസ്‌ലിം ഡോക്ടര്‍ പറയല്‍ കൊണ്ടാണ് (ശര്‍വാനി: 3/441). ഗര്‍ഭസ്ഥ ശിശുവിന്റെ കാര്യത്തില്‍ ഭയന്നു നോമ്പനുഷ്ഠിക്കാത്തവളും മുലകുടിക്കുന്ന കുട്ടിയുടെ കാര്യത്തില്‍ ഭയന്നു നോമ്പില്ലാത്തവളും മുദ്ദ് നല്‍കണം എന്നു പറഞ്ഞുവല്ലോ. പ്രസ്തുത മുദ്ദ് അവളുടെമേല്‍ തന്നെയാണ് നിര്‍ബന്ധം. അവളുടെ ധനത്തില്‍നിന്നാണ് നല്‍കേണ്ടത്. (തുഹ്ഫ: ശര്‍വാനി 3/442) ഭര്‍ത്താവിന്റെ മേല്‍ നിര്‍ബന്ധമില്ല.

ശമനം പ്രതീക്ഷയില്ലാത്ത രോഗം, വാര്‍ധക്യം എന്നിവ മൂലം നോമ്പനുഷ്ഠിക്കാന്‍ സാധിക്കാത്തവന്‍ ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷ്യവസ്തു ഫിദ്‌യ നല്‍കുകയാണ് വേണ്ടത്. ഇത്തരക്കാര്‍ക്ക് നോമ്പല്ല നിര്‍ബന്ധം, പ്രത്യുത, മുദ്ദാണ് നിര്‍ബന്ധം.

ഓരോ ദിവസത്തിന്റെ മുദ്ദുകള്‍ ആ ദിവസത്തിന്റെ പകലിലോ രാത്രിയിലോ നല്‍കാവുന്നതാണ്. രണ്ടോ അതിലധികമോ ദിവസങ്ങള്‍ക്കു മുമ്പ് കൊടുക്കല്‍ അനുവദനീയമല്ല. ഓരോ ദിവസത്തെ നോമ്പിന്റെ മുദ്ദും ഓരോ ദിവസവും നിര്‍ബന്ധമാകുന്നുണ്ടെങ്കിലും ഈ മുദ്ദ് അപ്പപ്പോള്‍ കൊടുത്തുവീട്ടല്‍ നിര്‍ബന്ധമില്ല, പിന്തിപ്പിക്കാവുന്നതാണ്. പിന്തിപ്പിച്ചതിന്റെ പേരില്‍ മുദ്ദ് ഖളാഅ് ആവുകയോ കുറ്റക്കാരനാവുകയോ ചെയ്യുന്നില്ല. തന്റെ മരണത്തിനു മുമ്പ് കൊടുത്തുവീട്ടിയാല്‍ മതി. ഓരോ നോമ്പിന്റെ ദിവസവും പൂര്‍ത്തിയാവലോടുകൂടി പ്രസ്തുത മുദ്ദ് തന്റെ ഉത്തരവാദിത്തത്തില്‍ സ്ഥിരപ്പെടുന്നതാണ്.

ഈ മുദ്ദുകള്‍ നല്‍കാതെ മരണപ്പെട്ടാല്‍ അവകാശികള്‍ അതു മയ്യിത്തിന്റെ സ്വത്തില്‍നിന്നു  നല്‍കല്‍ നിര്‍ബന്ധമാണ്. എത്ര വര്‍ഷം മുമ്പുള്ള ഫിദ്‌യയാണെങ്കിലും ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം മതി. വര്‍ഷങ്ങള്‍ കൂടുന്നതുകൊണ്ട് മുദ്ദിന്റെ എണ്ണം വര്‍ധിക്കില്ല. (ശര്‍വാനി: 3/446)

ശമനം പ്രതീക്ഷിക്കാത്ത രോഗിയുടെ രോഗം സുഖപ്പെട്ട് ആരോഗ്യം വീണ്ടുകിട്ടിയാലും പ്രസ്തുത നോമ്പ് ഖളാഅ് വീട്ടേണ്ടതില്ല. (ശര്‍വാനി: 446)

നോമ്പ് നിര്‍ബന്ധമായ ഒരാള്‍ മരിക്കുന്നതിന്റെ മൂന്നു വര്‍ഷം മുമ്പുള്ള റമളാന്‍ നോമ്പും തൊട്ടടുത്ത രണ്ടു വര്‍ഷത്തിലെ റമളാന്‍ നോമ്പും അനുഷ്ഠിക്കാത്ത വ്യക്തി മരണപ്പെട്ടാല്‍ ഓരോ വര്‍ഷത്തെ നോമ്പും അടുത്ത റമളാനു മുമ്പായി ഖളാഅ് വീട്ടാന്‍ സൗകര്യമുണ്ടായിരുന്നിട്ടും ഖളാഅ് വീട്ടാതിരുന്ന ആളാണെങ്കില്‍ ആദ്യവര്‍ഷത്തെ 30 നോമ്പുകള്‍ക്ക് പകരമായി ബന്ധുക്കള്‍ നോമ്പ് ഖളാഅ് വീട്ടലോ മുദ്ദോ നിര്‍ബന്ധമാകുന്നതിന്റെ പുറമെ രണ്ടുവര്‍ഷം പിന്നിട്ടതിന് 60 മുദ്ദ് കൂടി നല്‍കല്‍ നിര്‍ബന്ധമാകും. അതുപോലെ രണ്ടാം വര്‍ഷത്തിലെ നോമ്പിന് ഖളാഅ് വീട്ടലോ മുദ്ദോ നിര്‍ബന്ധമായതിന് പുറമെ ഒരു വര്‍ഷം പിന്നിട്ടതിന് 30 മുദ്ദ് നിര്‍ബന്ധമാകും.

മൂന്നാം വര്‍ഷത്തെ നോമ്പിന് ഖളാഅ് വീട്ടലോ മുദ്ദോ മാത്രമേ നിര്‍ബന്ധമാകുന്നുള്ളൂ. നാലാമത്തെ റമളാന്‍ ആകുന്നതിനു മുമ്പ് മരിച്ചതന്നാണ് കാരണം. പക്ഷേ, ഖളാഅ് വീട്ടല്‍ നിര്‍ബന്ധമായ എണ്ണത്തേക്കാള്‍ കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ നാലാമത്തെ റമളാന്റെ പിറവിക്ക് ഉള്ളതെങ്കില്‍ ഖളാഅ് വീട്ടാന്‍ ഉദ്ദേശിക്കുന്നപക്ഷവും കുറഞ്ഞ ദിവസത്തെ നോമ്പുകള്‍ ഖളാഅ് വീട്ടാന്‍ കഴിയാതെ വരും. അപ്പോള്‍ ആ എണ്ണം നോമ്പുകള്‍ നാലാം വര്‍ഷത്തെ റമളാനു ശേഷത്തേക്ക് പിന്തിച്ചതു പോലെയായി. അതിനാല്‍ മൂന്നാം റമളാനിലെ എത്ര എണ്ണം നോമ്പുകള്‍ക്ക് അത്ര മുദ്ദുകള്‍ കൂടി പന്തിച്ചതിന്റെ പേരില്‍ നിര്‍ബന്ധമായി വരുന്നു. (മുഗ്നി 1/442)

Also Read:നോമ്പ്: നിയ്യതിന്‍റെ സമയവും മദ്ഹബുകളുടെ വീക്ഷണങ്ങളും

ഇതുവരെ വിവരിച്ച മുദ്ദുകള്‍ നല്‍കേണ്ടത് ഫഖീര്‍ (ദരിദ്രന്‍) മിസ്‌കീന്‍ (അഗതി) എന്നിവര്‍ക്കു മാത്രമാണ്. സകാത്ത് വാങ്ങാന്‍ അര്‍ഹതയുള്ള മറ്റു ആറുകക്ഷികള്‍ക്ക് അവകാശമില്ല. ഈ മുദ്ദുകള്‍ എല്ലാം കൂടി ഒരു ഫഖീറിനു മാത്രവും നല്‍കാവുന്നതാണ്. ഒരാള്‍ക്ക് നിര്‍ബന്ധമായ ഒരു മുദ്ദ് രണ്ടു പേര്‍ക്കോ ഒരു മുദ്ദും മറ്റൊരു മുദ്ദിന്റെ പകുതിയും കൂടി ഒരു ഫഖീറിനോ നല്‍കല്‍ അനുവദനീയമല്ല. കാരണം ഓരോ മുദ്ദും പരിപൂര്‍ണമായ ഒരു ഫിദ്‌യയാണ്. (തുഹ്ഫ: 3/446)

പ്രസ്തുത മുദ്ദുകള്‍ നാട്ടിലെ ഫഖീര്‍, മിസ്‌കീന്‍ എന്നിവര്‍ക്കു തന്നെ നല്‍കണമെന്നില്ല. മറ്റു നാട്ടിലുള്ളവര്‍ക്കും നല്‍കാവുന്നതാണ്.  മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യല്‍ നിഷിദ്ധമെന്നത് സകാത്തിന്റെ പ്രത്യേകതയാണ്, കഫ്ഫാറത്തിലില്ല. (ശര്‍വാനി: 3/446)

ഒരാള്‍ക്ക് നിര്‍ബന്ധമായി വരുന്ന എല്ലാ കഫ്ഫാറത്തും ഫിദ്‌യയും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമില്ലാത്ത ഫഖീര്‍, മിസ്‌കീനിനു നല്‍കണം. (തുഹ്ഫ 3/446)

ഒരു മുദ്ദ് എന്നത് 800 മില്ലി ലിറ്ററാണ്. തൂക്കം അനുസരിച്ച് കൃത്യം പറയാന്‍ കഴിയില്ല. അരിയുടെ വലിപ്പവും തൂക്കവും ഘനവും വ്യത്യാസപ്പെടുന്നതിനനുസരിച്ച് തൂക്കം വ്യത്യാസപ്പെടും. സുമാര്‍ 750 ഗ്രാം വരും ഒരു മുദ്ദ്.

ലൈംഗിക  ബന്ധത്തിലൂടെ കൊണ്ട് റമദാന്‍ നോമ്പ് മുറിഞ്ഞാല്‍ കഫ്ഫാറത്ത് (പ്രായശ്ചിത്തം) നിര്‍ബന്ധമാണ്. അതോടൊപ്പം നോമ്പ് ഖളാഅ് വീട്ടുകയും വേണം. പുരുഷനാണ് കഫ്ഫാറത്ത് നിര്‍ബന്ധമാവുക. സ്ത്രീക്കില്ല. അവള്‍ നോമ്പ് ഖളാഅ് വീട്ടിയാല്‍ മതി. മുഅ്മിനായ അടിമയെ മോചിപ്പിക്കുക, അതിനു സാധിക്കില്ലെങ്കില്‍ രണ്ടുമാസം തുടരെ നോമ്പനുഷ്ഠിക്കുക, അതു സാധ്യമല്ലെങ്കില്‍ 60 സാധുക്കള്‍ക്ക് ഓരോ മുദ്ദ് വീതം ഭക്ഷണം നല്‍കുക എന്നതാണ് കഫ്ഫാറത്ത്. ഈ പറഞ്ഞ കഫ്ഫാറത്ത് വേഗം നിര്‍വഹിക്കണം, പിന്തിക്കാവുന്നതല്ല. (തുഹ്ഫ: 3/452)

റമളാന്‍ നോമ്പ് ഖളാഅ് വീട്ടുമ്പോള്‍ സുന്നത്ത് നോമ്പുള്ള ദിവസത്തില്‍ ഖളാഅ് വീട്ടിയാല്‍ ഖളാഉം സുന്നത്തും കരുതിയാല്‍ രണ്ടിന്റെയും പ്രതിഫലം ലഭിക്കുന്നതാണ്. (ഫതാവല്‍ കുബ്‌റ: 2/75) 

(2017 ല്‍ പ്രസിദ്ധീകരിച്ച ലേഖനം പുനപ്രസിദ്ധീകരിക്കുന്നു)

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter