പുറത്താവാന്‍ ഇനി ആരെങ്കിലും ബാക്കിയുണ്ടോ...

കേരളത്തിലെ സുന്നികളെല്ലാം മുശ്‍രികുകളാണെന്നും അവരുടെ പള്ളികളെല്ലാം അമ്പലങ്ങളാണെന്നും അവയിലെ ഇമാമുമാര്‍ പൂജാരികളാണെന്നും ഒരു മുജാഹിദ് നേതാവ് വിളിച്ച് പറഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്. അതേ സമയം, തങ്ങളും മൗലവിയും സമുദായത്തിന്റെ ഉന്നമനത്തിനായി ഒന്നിച്ചിരുന്നിരുന്നു എന്ന് പറയുമ്പോഴേക്ക് മറ്റു ചിലര്‍ക്ക് അതും സഹിക്കാന്‍ പറ്റുന്നില്ല. ആ ഒന്നിച്ചിരുത്തത്തില്‍ ബിദഇകള്‍ മുളപൊട്ടിയാലോ എന്നാണ് അവരുടെ പേടി. ആ സാധ്യത മുളയിലേ നുള്ളാനായി മൗലവിയുടെ ഒരു കത്തും കഴിഞ്ഞ വാരത്തിലെ സമുദായചര്‍ച്ചകളാണ്. 

മുസ്‍ലിംകളെന്ന് പറയുന്ന വിവിധ വിഭാഗങ്ങള്‍, മറ്റുള്ളവരെ ഇസ്‍ലാമിന് പുറത്ത് നിര്‍ത്താനുള്ള വ്യഗ്രത ദൈനംദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളോളം ഒന്നിച്ച് നിന്നവര്‍ ഏതെങ്കിലും വിഷയത്തിലുള്ള അഭിപ്രായാന്തരം ഉണ്ടാകുമ്പോഴേക്ക് ഓരോരുത്തരും മറ്റുള്ളവരെ മതത്തിന് പുറത്ത് നിര്‍ത്താനുള്ള തത്രപ്പാടാണ്. അതേ സമയം, വൈയ്യക്തിക മുഹൂര്‍ത്തങ്ങളിലും ആഘോഷാഹ്ലാദങ്ങളിലും പരസ്പരമുള്ള കണ്ട്മുട്ടലുകളിലുമെല്ലാം ഇക്കാര്യം ഓര്‍മ്മ പോലുമില്ലാത്ത പോലെയാണ് പെരുമാറുന്നതും. കാണുമ്പോള്‍ സലാം പറയുന്നതിലോ ഹസ്തദാനം ചെയ്ത് സ്വീകരിക്കുന്നതിലോ കൂടെ ഇരിക്കുന്നതിലോ പിന്നില്‍ നിസ്കരിക്കുന്നതില്‍ പോലുമോ പലപ്പോഴും പ്രശ്നങ്ങളൊന്നുമില്ല കാണുന്നില്ല താനും.  

ഇതെല്ലാം കാണുമ്പോള്‍, രണ്ടാലൊന്ന് ഉണ്ടാവാതെ തരമില്ല. ഒന്നുകില്‍ പറയുന്നത് വളരെ ആത്മാര്‍ത്ഥമാണ്, പക്ഷേ, പ്രായോഗികമായി വേറെ മാര്‍ഗ്ഗമില്ലാത്തതിനാല്‍ അവസരത്തിനൊത്ത് അങ്ങനെ പെരുമാറേണ്ടിവരുന്നു, അഥവാ, പെരുമാറ്റം കപടമാണ്. അല്ലെങ്കില്‍ പറയുന്നതില്‍ വലിയ ആത്മാര്‍ത്ഥതയൊന്നുമില്ല, കേട്ടിരിക്കുന്നവരെ ഹരം കൊള്ളിക്കാനും പ്രസംഗത്തിന് ഒരു പഞ്ച് കിട്ടാനും വേണ്ടി തട്ടിവിടുകയാണ്, പ്രവൃത്തി തലത്തില്‍ അതൊന്നും കാര്യമാക്കേണ്ടതില്ല. അഥവാ, വാക്കുകളിലാണ് കാപട്യം. 

രണ്ടായാലും സമുദായത്തിന് ഇത് ദോഷമേ ചെയ്യൂ. പുറത്തുളള അമുസ്‍ലിംകളെ മുസ്‍ലിംകളാക്കി അകത്തേക്ക് കൊണ്ടുവരുന്നതിനേക്കാള്‍ ആവേശമാണ് അകത്തുള്ളവരെ പുറത്താക്കാനെന്ന് മുസ്‍ലിംകളെ കുറിച്ച് മുമ്പാരോ പറഞ്ഞത് ഓര്‍ത്തുപോവുകയാണ്. അഭിപ്രായാന്തരമെന്നത് സഹിക്കാന്‍ കഴിയാത്ത വിധം നമ്മുടെ മനസുകള്‍ വീണ്ടും വീണ്ടും സങ്കുചിതമാവുകയാണോ. അതോ, സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് സമുദായത്തിന്റെ പൊതുനന്മയും ഐക്യവും കെട്ടുറപ്പും നാം വിസ്മരിക്കുകയാണോ. 

ആത്യന്തികമായി ഇതെല്ലാം ദോഷമേ വരുത്തൂ. സമുദായത്തെ പരമാവധി ഒന്നിപ്പിച്ച് നിര്‍ത്താനായിരിക്കട്ടെ നമ്മുടെ ശ്രമങ്ങള്‍. ഒന്നിച്ചിരിക്കാന്‍ ഒരായിരം കാരണങ്ങളുണ്ടാവുമ്പോഴും, ഭിന്നിക്കാന്‍ കാരണം അന്വേഷിച്ച് നടക്കുന്ന ഈ ദുരവസ്ഥ മാറിയേ തീരൂ. ഓരോരുത്തരും അവരുടെ അഭിപ്രായപ്രകാരം മുന്നോട്ട് പോവട്ടെ. തന്റെ വിശ്വാസവും ആശയവും തെറ്റാണെന്ന് സ്വയം മനസ്സിലാക്കിയിട്ടും വാശിയോടെ അതില്‍ നിലകൊള്ളുന്നവര്‍ ആരുമുണ്ടാവില്ല. ഓരോരുത്തരും അവരുടെ ബോധ്യങ്ങളാണ് വിശ്വസിക്കുന്നത്. അത് കൊണ്ട് തന്നെ, സ്നേഹബുദ്ധ്യാ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ബാധ്യതയും എല്ലാവര്‍ക്കുമുണ്ട്. അത് വളരെ സൗഹാര്‍ദ്ദപരമായി ചെയ്യുന്നതോടെ, തന്റെ കര്‍ത്തവ്യം നിര്‍വ്വഹിച്ചുവെന്ന് ഉത്തമബോധ്യത്തില്‍ ബാക്കി അല്ലാഹുവിന് വിടാം. സമുദായ നന്മയും പുരോഗതിയും ഏകതാബോധവുമാവട്ടെ നമ്മുടെ മുന്‍ഗണനകള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter