കേരള ഇസ്‌ലാം: ഉത്പത്തി മുതല്‍ സമസ്ത വരെ

ഇന്ത്യയില്‍ ഇസ്‌ലാം എത്തിയതും വികസിച്ചതുമായി ബന്ധപ്പെട്ട് നിലവിലുള്ള ചരിത്രരചനകളില്‍ അത്രയൊന്നും പ്രാധാന്യം നേടാത്തതാണ് കേരളത്തിലെ ഇസ്‌ലാമിന്റെ ആഗമനവും വികാസവും. ദക്ഷിണേന്ത്യയോട് പൊതുവെ ഉത്തരേന്ത്യന്‍ ചരിത്രകാരന്മാര്‍ പുലര്‍ത്തുന്ന വൈമുഖ്യമായിരിക്കാം കാരണം. പ്രചാരത്തിലുള്ള പ്രധാന ചരിത്രവിശ്വാസം 711-ല്‍ മുഹമ്മദ് ഇബ്‌നു ഖാസിമിന്റെ സിന്ധാക്രമണത്തോടെയാണ് ഇസ്‌ലാം ഇന്ത്യയിലേക്കെത്തിയത്. 725 ലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ചില അറബ് സൈന്യാധിപര്‍ ഇന്ത്യയിലെ കാത്യാവാര്‍, ഗുജറാത്ത്, ദക്ഷിണ രാജസ്ഥാന്‍ തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്ക് പടയോട്ടങ്ങള്‍ നടത്തുകയും അവയെല്ലാം ഇസ്‌ലാമികസാമ്രാജ്യത്തിന്റെ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നുള്ള നൂറ്റാണ്ടില്‍ ചാലുക്യ, രാഷ്ട്രകൂട ഭരണകൂടങ്ങള്‍ അറബികളുടെ അധിനിവേശം ചെറുക്കാന്‍ മാത്രമായി പ്രത്യേക സേനാവ്യൂഹത്തെ സജ്ജമാക്കി നിര്‍ത്തിയിരുന്നതിനാല്‍, പശ്ചിമേഷ്യന്‍ സൈന്യാധിപരുടെ ആക്രമണങ്ങള്‍ വേണ്ടത്രയുണ്ടായില്ല. മുഹമ്മദ് ഗോറിയും മഹ്‌മൂദ് ഗസ്‌നിയും പത്ത്, പതിനൊന്ന് നൂറ്റാണ്ടുകളിലായി നടത്തിയ അധിനിവേശങ്ങളിലൂടെ ഇന്ത്യയില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ശക്തമായ സാന്നിധ്യത്തിന് വഴിയൊരുങ്ങി. ഡല്‍ഹി സുല്‍ത്തനത്തിലൂടെയും മുഗള്‍ ഭരണകൂടത്തിലുടെയും മുസ്‌ലിംകള്‍ നൂറ്റാണ്ടുകളോളം ഇന്ത്യയില്‍ ശക്തമായ രാഷ്ട്രീയനിയന്താക്കളായി വാഴ്ന്നുവെന്നാണ് മുഖ്യധാരയിലെ ഇസ്‌ലാമുമായി ബന്ധപ്പെട്ട 'ഔദ്യോഗിക' ചരിത്രഭാഷ്യം.

ഈ ചരിത്രചിന്താഗതിയെ ചോദ്യം ചെയ്യുന്ന നിരവധി പ്രാദേശിക ഭാഷ്യങ്ങള്‍ ഇസ്‌ലാമിന്റെ ആഗമനം, വളര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. അത്തരം ഭാഷ്യങ്ങളില്‍ മിക്കവയും ഇന്ത്യാമഹാസമുദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന തീരപ്രദേശങ്ങളില്‍ നിന്നാണ്. തങ്ങളുടെ തുറമുഖങ്ങള്‍ വഴി നൂറ്റാണ്ടുകളായി തങ്ങള്‍ പശ്ചിമേഷ്യ അടക്കമുള്ള വിവിധ ദേശങ്ങളുമായി ബന്ധപ്പെടുന്നതാണെന്നും അതിന്റെ തുടര്‍ച്ചയെന്നോണം ഇസ്‌ലാം പശ്ചിമേഷ്യയില്‍ ഉദയം ചെയ്ത ഉടന്‍ തന്നെ കച്ചവടക്കാരിലൂടെ ഇസ്‌ലാം തങ്ങളുടെ പ്രദേശങ്ങളില്‍ എത്തിയെന്നും ആദാനപ്രദാനങ്ങളിലൂടെ മുസ്‌ലിം സമുദായം തങ്ങളുടെ പ്രദേശത്ത് വളര്‍ന്നെന്നും അത്തരം പ്രാദേശികചരിത്രഭാഷ്യങ്ങള്‍ വാചാലമാകുന്നു. പശ്ചിമതീരങ്ങളിലെ ഗുജറാത്ത്, കാംബെ, മലബാര്‍, കിഴക്കന്‍ തീരങ്ങളിലെ കായല്‍പട്ടണം, ബംഗാള്‍ തുടങ്ങി നിരവധി തീരപ്രദേശങ്ങളില്‍ നിന്ന് ഇത്തരം ചരിത്രപരമായ വാദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം. അവയെല്ലാം 'ഔദ്യോഗിക' ഭാഷ്യമായ ഇബ്‌നു ഖാസിമാണ് ഇന്ത്യയിലെത്തിയ ഇസ്‌ലാമിന്റെ ആദ്യസന്ദേശവാഹകന്‍ എന്ന വാദത്തെ തിരസ്‌കരിക്കുകയും പകരം തങ്ങളുടെ പ്രാദേശികഭാഷ്യത്തെ സംസ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സമഗ്രമായ ഒരന്വേഷണം ഇവ്വിഷയകമായി ഉണ്ടാവാത്തതിനാല്‍ തന്നെ, 'ഔദ്യോഗിക' ഭാഷ്യം ഇപ്പോഴും സര്‍വസാധാരണമായി ഉദ്ധരിക്കപ്പെടുകയും, പ്രാദേശികഭാഷ്യങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ തുടരുകയും ചെയ്യുന്നു. 

ഈ പശ്ചാത്തലത്തില്‍ നിന്നാണ് നമ്മള്‍ മലബാറിലെ ഇസ്‌ലാമിന്റെ ഉദ്ഭവം, വികാസം തുടങ്ങിയ പ്രാദേശിക ചരിത്രാന്വേഷണങ്ങളിലേക്ക് വരുന്നത്. ആധുനികകാലത്തിന് മുമ്പുള്ള മലബാര്‍ ഇന്നത്തെ കേരളത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. ഇന്നത്തെ കണ്ണൂരിലെ ഏഴിമല മുതല്‍ കൊല്ലം ജില്ലയുടെ അവസാനം വരെ പഴയ മലബാറിന്റെ ഭാഗമായിരുന്നു. അതിനാല്‍ തന്നെ ഇസ്‌ലാമിന്റെ ആഗമനവികാസങ്ങളുടെ അന്വേഷണങ്ങളില്‍ മലബാര്‍ എന്ന ഭൂപ്രദേശം വളരെ വിശാലമാണെന്ന ബോധ്യം സൂക്ഷിക്കേണ്ടതുണ്ട്. 

ഇസ്‌ലാമിന്റെ ആവിര്‍ഭാവം: ചരിത്രതര്‍ക്കങ്ങളുടെ ബാഹുല്യം
മലബാറിലെ ഇസ്‌ലാമിന്റെ ആഗമനവുമായി ബന്ധപ്പെട്ട ചരിത്രവീക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം. 
കേരളത്തിലെ ഇസ്‌ലാമിന്റെ ഉത്ഭവം പ്രതിപാദിക്കുന്ന 'പ്രധാന വിശ്വാസം' ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്: സിലോണിലെ ആദം മല കാണാന്‍ പോകുകയായിരുന്ന അറബ്‌സംഘം വഴിമധ്യേ കൊടുങ്ങല്ലൂരില്‍ ഇറങ്ങുകയും അന്നത്തെ രാജാവായിരുന്ന ചേരമാന്‍ പെരുമാളിനെ കാണുകയും ചെയ്തു. സംഭാഷണമധ്യേ അവര്‍ അറേബ്യയില്‍ പുതുതായി ഉദയം ചെയ്ത മുഹമ്മദ് എന്ന പ്രവാചകനെക്കുറിച്ചും ഇസ്‌ലാം എന്ന മതത്തെക്കുറിച്ചും രാജാവിനെ അറിയിച്ചു. മുഹമ്മദിന്റെ അദ്ഭുതകൃത്യങ്ങളെക്കുറിച്ച് പറയുന്ന കൂട്ടത്തില്‍, മക്കയിലെ ശത്രുക്കളുടെ വെല്ലുവിളി സ്വീകരിച്ച് ചന്ദ്രന്‍ രണ്ടായി പിളര്‍ത്തിയ മഹാത്ഭുതവും അവര്‍ പങ്കുവെച്ചു. അതെല്ലാം കേട്ട് ഇസ്‌ലാമിലും മുഹമ്മദ് നബിയിലും അത്യാകര്‍ഷ്ടനായ രാജാവ് തങ്ങളുടെ മടക്കയാത്രയില്‍ കൊടുങ്ങല്ലൂരില്‍ വരണമെന്നും താനും നിങ്ങളുടെ കൂടെ അറേബ്യയിലേക്ക് വരുന്നുവെന്നും അവരെ അറിയിച്ചു. അതുപ്രകാരം അവര്‍ രാജാവിനെയും കൂട്ടി മക്കത്തെത്തി. രാജാവ് മുഹമ്മദ് നബിയെ കാണുകയും ഇസ്‌ലാം സ്വീകരിക്കുകയും താജുദ്ദീന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. മടക്കയാത്രാമധ്യേ, താജുദ്ദീന്‍ രോഗബാധിതനായി. കൂടെയുണ്ടായിരുന്ന... ആളുകളെ ഇസ്‌ലാമിന്റെ പ്രചരണത്തിനായി കൊടുങ്ങല്ലൂരിലേക്കയച്ചു. കൂടെ ഒരു കത്തും കൊടുത്തയച്ചു. കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ പ്രവാചകാനുചരനായ മാലിക് ബ്‌നു ദീനാറിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സംഘത്തിന് തദ്ദേശീയര്‍ സ്വതസിദ്ധമായ ശൈലിയില്‍ സ്വീകരണം നല്‍കി. മുസ്‌ലിംകളുടെ ആചാരാനുഷ്ഠാനങ്ങളിലും ആരാധനാക്രമങ്ങളിലും ആകൃഷ്ടരായ തദ്ദേശീയര്‍ ഇസ്‌ലാം മതം സ്വീകരിച്ചു തുടങ്ങി. രാജാവിന്റെ അനുമതിപ്രകാരം കൊടുങ്ങല്ലൂരില്‍ അവര്‍ പള്ളി പണിതു. ശേഷം മാലിക് ബ്‌നു ദീനാര്‍ കേരളത്തിന്റെ പല തീരപ്രദേശങ്ങളിലൂടെയും സഞ്ചരിച്ച് പതിനെട്ട് പള്ളികള്‍ സ്ഥാപിക്കുകയും തന്റെ സംഘാംഗങ്ങളിലെ ഓരോരുത്തരെയും ഓരോ ഇടങ്ങളില്‍ നിയമിക്കുകയും ചെയ്തു. തീരപ്രദേശങ്ങളിലൂടെ ഇസ്‌ലാം കേരളത്തില്‍ വ്യാപിക്കാന്‍ ഇത് വഴിയൊരുക്കി.  ഈ 'വിശ്വാസകഥ'യുടെ പല ഭാഷാന്തരങ്ങളും പലയിടങ്ങളിലായി പ്രചാരത്തിലുണ്ട്.
 
ഉദ്ഭവാനന്തരം പതിനഞ്ചാം നൂറ്റാണ്ട് വരെ
സ്വഹാബിയായ മാലിക് ബ്‌നു ദീനാര്‍ ഇവിടെ വന്നു എന്നുള്ള വിശ്വാസകഥയനുസരിച്ച് വളരെ വിശദമായ വിവരണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. കേരള ഇസ്‌ലാമിന്റെ ഏഴ്, എട്ട് നൂറ്റാണ്ടുകളിലെയൊക്കെ ചരിത്രം പുനഃനിര്‍മിക്കാന്‍ പാകത്തിലുള്ള വിവരണങ്ങളാണ് അതുമായി ബന്ധപ്പെട്ട് നമുക്ക് ലഭ്യമാകുന്നത്. മാലിക് ബ്‌നു ദീനാറിന്റെ സംഘാംഗങ്ങളുടെ പേരുകള്‍, അവര്‍ക്ക് മലബാറില്‍ ലഭിച്ച സ്വീകരണം, അവര്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍, പണിത പള്ളികള്‍ തുടങ്ങി ഒത്തിരി വിവരണങ്ങള്‍. ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു വിശ്വാസകഥയെന്ന നിലയില്‍ ഈ സംഭവം വിവരിക്കുമ്പോള്‍ ശൈഖ് സൈനുദ്ദീനും ഇത്തരം വിവരങ്ങളെല്ലാം തന്റെ കൃതിയില്‍ നല്‍കുന്നുണ്ട്.

ശറഫ് ബ്‌നു മാലിക്, മാലിക് ബ്‌നു ദീനാര്‍, മാലിക് ബ്‌നു ഹബീബ്, അദ്ദേഹത്തിന്റെ ഭാര്യ ഖമരിയ്യ, അവരുടെ മക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ദീര്‍ഘനാളത്തെ കടല്‍യാത്രക്കു ശേഷം കൊടുങ്ങല്ലൂര്‍ തീരത്ത് കപ്പലിറങ്ങി. ചേരമാന്‍ പെരുമാള്‍ നല്‍കിയിരുന്ന കത്ത് അവര്‍ സ്ഥലത്തെ രാജാവിന് കൈമാറി. രാജാവ് നിര്യാതനായ വിവരം അവര്‍ പുതിയ രാജാവിനെ അറിയിച്ചില്ല. കത്തിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച് അദ്ദേഹം മാലിക് ബ്‌നു ദീനാറിനും സംഘത്തിനും ഉപയോഗിക്കാനായി ഭൂമിയും നിലങ്ങളും നല്‍കി. അവര്‍ അവിടെ പള്ളി പണിയുകയും താമസമാക്കുകയും ചെയ്തു. മാലിക് ബ്‌നു ദീനാര്‍ കൊടുങ്ങല്ലൂരില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ച്, അനന്തരവന്‍ മാലിക് ബ്‌നു ഹബീബിനെ മലബാറിന്റെ മറ്റിടങ്ങളില്‍ പള്ളികള്‍ നിര്‍മിക്കാനും ഇസ്‌ലാം പ്രചരിപ്പിക്കാനും ചുമതലപ്പെടുത്തി. അതനുസരിച്ച് മാലിക് ബ്‌നു ഹബീബ് തന്റെ ഭാര്യയെയും ചില കുട്ടികളെയുമെല്ലാം കൂട്ടി കൊല്ലത്തേക്ക് തിരിച്ചു. അവിടെയെത്തി പള്ളി നിര്‍മിച്ചു. മക്കളെയും ഭാര്യയെയും അവിടെ താമസിപ്പിച്ച് അദ്ദേഹം ഏഴിമലയിലെത്തുകയും പള്ളി പണിയുകയും ചെയ്തു. പിന്നീട് അദ്ദേഹം ബട്കല്‍, മംഗലാപുരം, കാസര്‍ഗോഡ് എന്നീ സ്ഥലങ്ങള്‍ (ബാകനൂര്‍, മംജലൂര്‍, കാജര്‍കൂത്ത് എന്നീ പേരുകളാണ് യഥാക്രമം തുഹ്ഫത്തുല്‍ മുജാഹിദീനിലുള്ളത്) സന്ദര്‍ശിക്കുകയും അവിടെങ്ങളിലെല്ലാം മസ്ജിദുകള്‍ നിര്‍മിക്കുകയും ചെയ്തു. ശേഷം, ഏഴിമലയിലേക്ക് തിരിച്ചു പോകുകയും മൂന്ന് മാസം അവിടെ താമസിക്കുകയും ചെയ്തു. തുടര്‍ന്ന്, ശ്രീകണ്ഠപുരം, ധര്‍മടം, പന്തലായനി, ചാലിയം എന്നീ സ്ഥലങ്ങളിലെത്തുകയും പള്ളികള്‍ പണിയുകയും ചെയ്തു. ചാലിയത്ത് അദ്ദേഹം അഞ്ച് മാസം താമസിച്ചു. ശേഷം കൊടുങ്ങല്ലൂരിലേക്ക് തിരിച്ചു പോകുകയും അമ്മാവന്‍ മാലിക് ബ്‌നു ദീനാറിന്റെ കൂടെ സ്ഥിരതാമസമാക്കുകയും ചെയ്തു.

 ഒരിടവേളക്കുശേഷം മലബാറിന്റെ വിവിധ ഭാഗങ്ങളിലായി താന്‍ നിര്‍മിച്ച പള്ളികളിലൂടെയെല്ലാം അദ്ദേഹം ഒരു സന്ദര്‍ശനം നടത്തുകയും അവിടങ്ങളിലെല്ലാം നമസ്‌കരിക്കുകയും ചെയ്തു. താന്‍ പള്ളി നിര്‍മിച്ചിടങ്ങളിലെല്ലാം ഇസ്‌ലാമിന്റെ പ്രകാശം പരക്കുന്നത് കണ്ട് അദ്ദേഹം അത്യധികം സന്തോഷിക്കുകയും അല്ലാഹുവിന് നന്ദി പറയുകയും ചെയ്തു. പിന്നീട് മാലിക് ബ്‌നു ദീനാറും മാലിക് ബ്‌നു ഹബീബും തങ്ങളുടെ സുഹൃത്തുക്കളുടെയും പരിചാരകരുടെയും കൂടെ കൊല്ലത്തേക്ക് തിരിച്ചു. മാലിക് ബ്‌നു ദീനാറൊഴിച്ച് ബാക്കിയുള്ളവരെല്ലാം അവിടെ സ്ഥിരതാമസമാക്കി. 

പത്താം നൂറ്റാണ്ടിന് ശേഷമുള്ള മലബാറിലെ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ചലനങ്ങള്‍ ഏറെക്കുറെ പൂര്‍ണമായും അജ്ഞാതമാണ്. ഒമ്പതാം നൂറ്റാണ്ടിലെ തരിസ്സാപ്പള്ളി ശാസനവും മറ്റുചില ചെമ്പേടുകളും ശാസനങ്ങളും പത്താം നൂറ്റാണ്ട് വരെയുള്ള കേരളഇസ്‌ലാമിക ചരിത്രത്തിന്റെ ചില വശങ്ങളിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍ തരുന്നുണ്ട്. 849 ലെ തരിസ്സാപ്പള്ളി ശാസനത്തില്‍ സാക്ഷികളായി ഒപ്പുവെച്ചവരില്‍ ഏതാനും അറബികള്‍ അറബിയില്‍ പേരെഴുതി ഒപ്പുവെച്ചിട്ടുണ്ട്. ഇക്കാര്യം ഉയര്‍ത്തിക്കാണിച്ച് ഡോ. സി.കെ. കരീം ഇവര്‍ മുസ്‌ലിംകളാണെന്നും, ഇത് മലബാറിലെ മുസ്‌ലിംകളുടെ ശക്തമായ സാന്നിധ്യത്തെക്കുറിച്ചും സ്വാധീനത്തെക്കുറിച്ചും സൂചന തരുന്നെന്നും വാദിക്കുന്നുണ്ട്.

മാലിക്ബ്‌നുദീനാറിന്റെ സംഘത്തിന്റെ ഒന്നോ രണ്ടോ പിന്‍തലമുറകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ശേഷം, ചരിത്രവിവരണങ്ങള്‍ ഇടമുറിയുന്ന കാലമാണ് ഏറെക്കുറെ പത്താം നൂറ്റാണ്ട്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമുമാരുടെ കാലം വരെ ആ വിടവ് തുടരുന്നു. കേരള മുസ്‌ലിം ചരിത്രത്തെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ഇരുളടഞ്ഞ നൂറ്റാണ്ടുകളാണ് അവ. സുദീര്‍ഘമായ അഞ്ച് നൂറ്റാണ്ടുകള്‍. കേരള മുസ്‌ലിം ചരിത്രത്തിലെ ഇരുളടഞ്ഞ അധ്യായങ്ങളാണ് പത്ത് മുതല്‍ പതിനഞ്ച് വരെയുള്ള  അഞ്ച് നൂറ്റാണ്ടുകള്‍ എന്ന് കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീമും സി.എന്‍. അഹ്‌മദ് മൗലവിയും അവരുടെ 'മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യ'ത്തില്‍ അഭിപ്രായപ്പെടുന്നു.

ഇക്കാലത്തെ മുസ്‌ലിം സമൂഹത്തെക്കുറിച്ച് വളരെ പൊതുവായ ചില വിവരങ്ങള്‍ തരുന്നത്, പലപ്പോഴായി കേരളം സന്ദര്‍ശിച്ച വിദേശ സഞ്ചാരികളാണ്. എ.ഡി. 902 ല്‍ യാത്രാവിവരണം എഴുതിയ ഇബ്‌നു ഫഖീഹ്, 903 ല്‍ എഴുതിയ ഇബ്‌നു റുസ്ത, 915 ല്‍ എഴുതിയ അബൂ സൈദ്, 945-955 കാലഘട്ടത്തില്‍ എഴുതിയ മസ്ഊദി എന്നിവര്‍ പത്താം നൂറ്റാണ്ടിലെ കേരളത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഏതാനും അറബ് സഞ്ചാരികളാണ്. പക്ഷേ, ഇവരില്‍ മസഊദി ഒഴിച്ച് മറ്റാരും കേരളം സന്ദര്‍ശിച്ചിട്ടില്ല. എല്ലാവരും ഒമ്പതാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട സുലൈമാന്റെ യാത്രാവിവരണങ്ങള്‍ അവലംബിച്ച് കേരളത്തെക്കുറിച്ച് എഴുതുകയായിരുന്നു. 

പതിനൊന്നാം നൂറ്റാണ്ടില്‍ ആപേക്ഷികമായി സഞ്ചാരസാഹിത്യങ്ങള്‍ വളരെ കുറവാണ്. അല്‍ബിറൂനി (973-1048) മധ്യകാല ഇന്ത്യയെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ടെങ്കിലും കേരളത്തെക്കുറിച്ച് വളരെ കുറച്ചുമാത്രമേ സൂചിപ്പിക്കുന്നുള്ളൂ. പന്ത്രണ്ട് പതിമൂന്ന് നൂറ്റാണ്ടുകളിലെ അല്‍ ഇദ്‌രീസി (1154), യാഖൂത് (1189-1229) എന്നിവര്‍ തീരദേശ പ്രദേശങ്ങളെക്കുറിച്ചും അവിടങ്ങളിലെ ആചാര അനുഷ്ഠാനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ഉത്തര മലബാറിലെ കോലത്തുനാടിനെക്കുറിച്ച് വിശദമായി എഴുതിയ റശീദുദ്ദീന്റെ (1247-1281) വിവരണങ്ങള്‍ പതിമൂന്നാം നൂറ്റാണ്ടിലെ സ്രോതസ്സാണ്. റശീദുദ്ദീന്റെ സമകാലീനനായ അല്‍ ഖസ്‌വീനി (1236-1275) കൊല്ലത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. പതിനാലാം നൂറ്റാണ്ടില്‍ നിന്നും ദിമിശ്ഖി (1325) യുടെയും അബുല്‍ ഫിദാ (1273-1331) യുടെയും യാത്രാവിവരണങ്ങളാണ് ഉള്ളത്. മലബാറിനെക്കുറിച്ച് ചെറുതല്ലാത്ത വിവരണങ്ങള്‍ ഇവരും നല്‍കുന്നുണ്ട്. പ്രസിദ്ധ ആഫ്രിക്കന്‍ സഞ്ചാരിയായ ഇബ്‌നുബത്തൂത്തയും ഏറെക്കുറെ ഇതേകാലത്താണ് മലബാറില്‍ എത്തുന്നത്.  

ഇബ്‌നു ബത്തൂത്തയുടേതൊഴിച്ച് മറ്റെല്ലാ യാത്രാവിവരണങ്ങളും കേരളീയ മുസ്‌ലിം ജീവിതത്തെക്കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ വളരെ പരിമിതമാണ്. നല്ലൊരു ശതമാനവും മുമ്പുള്ള യാത്രാവിവരണങ്ങളെ അവലംബിച്ചാണ് എഴുതിയതെങ്കിലും, നേരിട്ട് മലബാറില്‍ വന്ന് താമസിച്ച് എഴുതിയ വിവരണങ്ങള്‍ പോലും കേവലമായ അറിവുകളേ നമുക്ക് നല്‍കുന്നുള്ളൂ. ഓരോ പ്രദേശങ്ങളിലും മുസ്‌ലിംകളെ കണ്ടത് ഓരോ യാത്രികരും പരാമര്‍ശിക്കുന്നുണ്ടെങ്കിലും, വിശദമായ വിവരണങ്ങള്‍ നല്‍കാന്‍ മാത്രം കേരളീയ മുസ്‌ലിം സമുദായം അവരെ ആകര്‍ഷിച്ചില്ലെന്നുവേണം കരുതാന്‍.   മുസ്‌ലിംകള്‍ ഒരു സാമൂഹികശക്തിയായി രൂപപ്പെടാത്തതാണോ ഇതിന് കാരണം? ആവാന്‍ വഴിയില്ല. കാരണം, മുസ്‌ലിംകള്‍ വലിയൊരു ചാലക ശക്തിയായി സാമ്പത്തിക സാമൂഹിക വ്യാപാര മേഖലകളില്‍ ഒമ്പതാം നൂറ്റാണ്ടില്‍ തന്നെ മാറിക്കഴിഞ്ഞിരുന്നുവെന്ന്, പല തെളിവുകളുടെയും അടിസ്ഥാനത്തില്‍ പല ചരിത്രകാരന്മാരും വാദിക്കുന്നുണ്ട്.   പത്താം നൂറ്റാണ്ടുമുതല്‍ അറേബ്യന്‍ വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടതിനനുസരിച്ച് കേരളത്തിലെ പ്രാദേശിക മുസ്‌ലിംകളും കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയായിരുന്നു. എന്നിട്ടും അവര്‍ എന്തുകൊണ്ട് അന്നത്തെ യാത്രാവിവരണങ്ങളില്‍ നിന്ന് പുറന്തളപ്പെട്ടു? അന്വേഷിക്കപ്പെടേണ്ട വിഷയമാണ്. 

പതിനാലാം നൂറ്റാണ്ടില്‍ മലബാര്‍ സന്ദര്‍ശിച്ച ഇബ്‌നു ബത്തൂത്തയുടെ യാത്രാവിവരണങ്ങള്‍ മലബാര്‍ മുസ്‌ലിംകളെക്കുറിച്ച് ചെറുതല്ലാത്ത വിവരങ്ങള്‍ നല്‍കുന്നുണ്ട്. പല തവണ കോഴിക്കോട്ട് സന്ദര്‍ശിച്ച ഇബ്‌നുബത്തൂത്ത കോഴിക്കോട് തുറമുഖത്തെക്കുറിച്ചും രാജാവിനെക്കുറിച്ചും ജനങ്ങളെക്കുറിച്ചും വളരെ ഹൃദ്യമായ പ്രതിപാദനങ്ങള്‍ നല്‍കുന്നുണ്ട്. കൊല്ലവും സന്ദര്‍ശിച്ച ഇബ്‌നുബത്തൂത്ത അവിടുത്തെ കച്ചവട-സാമൂഹിക രീതി ബന്ധങ്ങളെക്കുറിച്ചും വാചാലനാകുന്നുണ്ട്. 'അറബ് സഞ്ചാരികളില്‍ ഏറ്റവും നിഷ്പക്ഷനാണ് ഇബ്‌നു ബത്തൂത്ത എന്നതിനാല്‍ തന്നെ, മറ്റു സഞ്ചാരികളെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ കേരള വിവരണങ്ങള്‍ ഏറെ അവലംബനീയവും കൃത്യവുമാണ്' എന്ന് പ്രമുഖ ചരിത്രകാരനായ എ. ശ്രീധരമേനോന്‍  'എ സര്‍വെ ഓഫ് കേരള ഹിസ്റ്ററി'യില്‍ സാക്ഷ്യപ്പെടുത്തുന്നു. 

മലബാറിനെക്കുറിച്ചുള്ള ഇബ്‌നു ബത്തൂത്തയുടെ വിവരണങ്ങള്‍ പതിനാലാം നൂറ്റാണ്ടിലെ കേരളീയ ഇസ്‌ലാമിന്റെ ഒരേകദേശ ചിത്രം നല്‍കുന്നുണ്ട്. ബസറൂര്‍, ഫാക്കനൂര്‍, മംഗലാപുരം, ഏഴിമല, ജര്‍ഫത്തന്‍, വളപട്ടണം, ധര്‍മടം, പന്തലായനി, കോഴിക്കോട്, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ മുസ്‌ലിം സാന്നിധ്യത്തെക്കുറിച്ചും മുസ്‌ലിം ജീവിത രീതികളെക്കുറിച്ചും ഇബ്‌നു ബത്തൂത്ത പ്രതിപാദിക്കുന്നു. ശൈഖ് ശിഹാബുദ്ദീന്‍ കാസറൂനി (കോഴിക്കോട്), ഫഖറുദ്ദീന്‍ ശൈഖ് (കൊല്ലം), ശൈഖ് അബൂ സിത്ത (ബസറൂര്‍), ഹുസൈന്‍ സലാത്ത (ഫാക്കനൂര്‍), ബദ്‌റുദ്ദീനുല്‍ മഅ്ബരി (മംഗലാപുരം), ഹസനുല്‍ മസ്സാന്‍ ( ഏഴിമല) തുടങ്ങിയ മുസ്‌ലിം നേതാക്കളെക്കുറിച്ചെല്ലാം അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

മലബാറില്‍ താന്‍ സന്ദര്‍ശിച്ച ഓരോ സ്ഥലത്തെയും ജുമുഅത്ത് പള്ളികളെക്കുറിച്ചും ഇബ്‌നുബത്തൂത്ത വിശദീകരിക്കുന്നുണ്ട്. വിശിഷ്യാ, ധര്‍മടം, വളപട്ടണം, ഏഴിമല, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ മസ്ജിദുകളെക്കുറിച്ച്. ധര്‍മടത്തെ പള്ളിയെക്കുറിച്ചും, അഞ്ഞൂറ് അടി നീളവും 300 അടി വീതിയുമുള്ള ചെങ്കല്ലില്‍ പടുത്ത പള്ളിക്കുളത്തെക്കുറിച്ചുമൊക്കെ അദ്ദേഹം മനോഹരമായി വര്‍ണിക്കുന്നു. പള്ളിക്കുളത്തിന്റെ തീരത്ത് ഇരുപത്തെട്ട് വലിയ ഗോപുരങ്ങളുണ്ടെന്നും ഓരോ ഗോപുരത്തിലും നന്നാല് ഇരിപ്പുമുറികളുണ്ടെന്നും കുളത്തിന്റെ നടുവില്‍  മൂന്ന് നിലകളുള്ള മറ്റൊരു ഗോപുരമുണ്ടെന്നുമൊക്കെ നമുക്ക് 'രിഹ്‌ലതു ഇബ്‌നുബത്തൂത്ത'യില്‍ വായിക്കാം. 

മലബാറില്‍ മുസ്‌ലിംകള്‍ക്ക് ലഭിക്കുന്ന ബഹുമാനാദരവുകളെ സംബന്ധിച്ചും ഇബ്‌നു ബത്തൂത്ത എഴുതുന്നുണ്ട്. 'വഴിമധ്യേ വെച്ച് ഹിന്ദുക്കളും മുസ്‌ലിംകളും കണ്ടുമുട്ടുകയാണെങ്കില്‍ ഹിന്ദുക്കള്‍ മുസ്‌ലിംകള്‍ക്ക് വഴിമാറിക്കൊടുക്കുന്നതാണ്. തൊട്ടുകൂടായ്മയുണ്ടെങ്കിലും മുസ്‌ലിംകള്‍ക്ക് നല്ല പ്രതാപമുണ്ട്. ഈ രാജ്യത്ത് എവിടെ ഇറങ്ങിയാലും മുസ്‌ലിം യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യം ലഭിക്കുന്നു.'
അറബി സഞ്ചാരികള്‍ക്ക് പുറമെ ചൈനീസ്, യൂറോപ്യന്‍ സഞ്ചാരികളും ഇക്കാലയളവില്‍ മലബാര്‍ സന്ദര്‍ശിക്കുകയും കേരളത്തെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. 1330-1349 കാലയളവില്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച വാങ് താ യുവാന്‍ എന്ന ചൈനീസ് സഞ്ചാരി കായംകുളം, ഏഴിമല, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിലെ ചൈനീസ് മുസ്‌ലിം സഞ്ചാരി മാ ഹ്വാനും കേരളത്തെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. 

ഇതേ കാലയളവില്‍ നിരവധി യൂറോപ്യന്‍ സഞ്ചാരികളും കേരളത്തിലെത്തുകയും കേരളത്തെക്കുറിച്ചെഴുതുകയും ചെയ്തിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പൗരസ്ത്യദേശങ്ങളില്‍ നിരവധി യാത്രകള്‍ നടത്തിയ ട്യൂഡലെയിലെ റബ്ബി ബെഞ്ചമിന്‍ എന്ന ജൂതസഞ്ചാരി കേരളത്തെക്കുറിച്ച്, വിശിഷ്യാ കൊല്ലത്തെക്കുറിച്ച് ഒത്തിരി എഴുതിയിട്ടുണ്ട്. ഇദ്ദേഹം കേരളത്തില്‍ വന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ കൊല്ലത്തും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലുമായി നിരന്തര സഞ്ചാരങ്ങള്‍ നടത്തിയ മാര്‍ക്കോപോളോയുടെ യാത്രാവിവരണങ്ങളും ചരിത്രപ്രാധാന്യമര്‍ഹിക്കുന്നു. ഏഴിമലയെക്കുറിച്ചെല്ലാം മാര്‍ക്കോപോളോ വിശദമായി എഴുതുന്നുണ്ട്. ചൈനയിലേക്കുള്ള ആദ്യത്തെ റോമന്‍ കത്തോലിക്ക് മിഷനറി ജോണ്‍ ഓഫ് മോണ്ടെ കര്‍വിനോ എന്ന പേക്കിങ്ങിലെ ആദ്യത്തെ ആര്‍ച്ച് ബിഷപ്പ് ചൈനയിലേക്കുള്ള യാത്രാമധ്യേ കൊല്ലത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ യാത്രാവിവരണത്തില്‍ പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കൊല്ലത്തെ മുസ്‌ലിംകള്‍ക്ക് ലഭിച്ചിരുന്ന സാമ്പത്തിക-സാമൂഹിക മേല്‍ക്കോയ്മകളെ ക്കുറിച്ചൊക്കെ ദീര്‍ഘമായ പ്രതിപാദ്യങ്ങളുണ്ട്. 

പതിനാലാം നൂറ്റാണ്ടിലും നിരവധി യൂറോപ്യന്‍ യാത്രികര്‍ കേരളത്തെക്കുറിച്ച് എഴുതിയതായി കാണാം. ചൈനയിലേക്കുള്ള യാത്രമാധ്യേ 1322 ല്‍ കൊല്ലത്തെത്തിയ ഫ്രിയാര്‍ ഒഡൊറിക് ഓഫ് പൊര്‍ഡൊനെന്‍ 1324 ല്‍ വീണ്ടും കേരളത്തിലെത്തുകയും മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. കൊല്ലത്തെ ബിഷപ്പായി പോപ്പ് നിയമിച്ച ഫ്രിയാര്‍ മലബാറിലെ മതസൗഹാര്‍ദത്തെക്കുറിച്ച് തന്റെ യാത്രാവിവരണത്തില്‍ രേഖപ്പെടുത്തുന്നു. 1347 ല്‍ യൂറോപ്പില്‍ നിന്നും ചൈനയിലേക്കുള്ള യാത്രാവഴി കൊല്ലത്തെത്തിയ മറ്റൊരു സഞ്ചാരിയാണ് ജോണ്‍ ഡെ മാരിഗ്നൊല്ലി ഓഫ് ഫ്‌ളോറന്‍സ്. 

പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളത്തിലെ മുസ്‌ലിംകളെ സംബന്ധിച്ച് വിവരിക്കുന്ന ഏതാനും സ്രോതസ്സുകള്‍ ഇന്ന് ലഭ്യമാണ്. ഈ നൂറ്റാണ്ടില്‍  പ്രമുഖ യൂറോപ്യന്‍ സഞ്ചാരികളായ നിക്കോളോ കോണ്ടി (1440-1441), അഥന്‍ഷ്യസ് നികിതിന്‍ (1468-1474), ഹിറെനിമോ ഡി സാന്റ സ്റ്റെഫാനോ എന്നിവരും പേര്‍ഷ്യന്‍ സഞ്ചാരി അബ്ദുര്‍റസാഖും (1442) കേരളത്തിലെത്തിയിട്ടുണ്ട്. 'ഇന്ത്യ പതിനഞ്ചാം ശതകത്തില്‍: പോര്‍ച്ചുഗീസുകാര്‍ ഗുഡ്‌ഹോപ്പ് മുനമ്പ് കണ്ടെത്തുന്നതിന് തൊട്ടുമുമ്പത്തെ നൂറ്റാണ്ടില്‍ ഇന്ത്യയിലേക്കുള്ള യാത്രാവിവരണങ്ങളുടെ സമാഹാരം' (കിറശമ ശി വേല എശളലേലിവേ ഇലിൗേൃ്യ: ആലശിഴ മ ഇീഹഹലരശേീി ീള ചമൃൃമശേ്‌ല െീള ഢീ്യമഴല െീേ കിറശമ ശി വേല ഇലിൗേൃ്യ ജൃലരലറശിഴ വേല ജീൃൗേഴൗലലെ ഉശരെീ്‌ലൃ്യ ീള വേല ഇമുല ീള ഏീീറ ഒീുല) എന്ന ആര്‍. എച്ച് മേജര്‍ എഡിറ്റ് ചെയ്ത് ലണ്ടനിലെ ഹക്‌ല്യൂട്ട് സൊസൈറ്റി പ്രസിദ്ധീകരിച്ച  കൃതി മേല്‍സഞ്ചാരികളുടെയാല്ലാം യാത്രാവിവരണങ്ങളുടെ സമാഹാരമാണ്. 1856 ല്‍ പുറത്തിറങ്ങിയ ഈ പുസ്തകം ലാറ്റിന്‍, പേര്‍ഷ്യന്‍, റഷ്യന്‍, ഇറ്റാലിയന്‍ ഭാഷകളിലുള്ള മൂലകൃതികളുടെ ഇംഗ്ലീഷ് വിവര്‍ത്തനമാണ്.

നിക്കോളോ കോണ്ടിയാണ് ഇവരില്‍ ആദ്യമെത്തിയ സഞ്ചാരി. വെനീസിലെ ഉന്നതകുടുംബാംഗമായ അദ്ദേഹം  ഡമസ്‌കസില്‍ വ്യാപാരിയായി കഴിയുന്നതിനിടക്കാണ് കിഴക്കോട്ടുള്ള യാത്രകള്‍ ആരംഭിക്കുന്നത്. അറുനൂറോളം യാത്രക്കാരോടൊപ്പം പേര്‍ഷ്യ വഴി മലബാറിലെത്തി. തുടര്‍ന്ന് ഇന്ത്യയുടെ വിവിധ ഉള്‍പ്രദേശങ്ങളില്‍ സഞ്ചരിച്ച്, സിലോണ്‍, സുമാത്ര, ജാവ, ദക്ഷിണ ചൈന തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിച്ചു. എത്യോപന്‍ തീരപ്രദേശങ്ങളിലൂടെ നാട്ടിലേക്ക് തിരിക്കുംവഴി ചെങ്കടലും മരുഭൂമികളും കടന്ന് കൈറോയിലെത്തി. അവിടുന്ന് ഇരുപത്തഞ്ച് വര്‍ഷത്തെ സഞ്ചാരത്തിനൊടുവില്‍ 1444 ല്‍ വെനീസിലെത്തി. 

ഗുജറാത്തില്‍ നിന്നും മലബാറിലെക്ക് തിരിച്ച കോണ്ടി ഏഴിമല, പചമൊറിയ എന്നീ സ്ഥലങ്ങളിലെ സമൃദ്ധമായ  ഇഞ്ചികൃഷിയെക്കുറിച്ച് വാചാലനാകുന്നുണ്ട്. ഉദയഗിരി, ചന്ദ്രഗിരി, ധര്‍മപട്ടണം, മലബാറിന്റെ വിവിധ ഉള്‍പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന അദ്ദേഹം ഇവിടങ്ങളില്‍ ചിതറിക്കിടക്കുന്ന നെസ്റ്റോറിയന്‍ ക്രിസ്ത്യാനികളെക്കുറിച്ചും സെന്റ് തോമസിന്റെ ഭൗതിക ശരീരം അടക്കം ചെയ്യപ്പെട്ട മൈലാപ്പൂരിലെ മനോഹര ചര്‍ച്ചിനെക്കുറിച്ചും വിവരിക്കുന്നു. പന, താളിയോല, വാഴപ്പഴം, തേങ്ങ, തെങ്ങ് തുടങ്ങിയവയെക്കുറിച്ചെല്ലാം വിശദീകരിക്കുന്ന കോണ്ടി പക്ഷേ, മലബാറിലെ മുസ്‌ലിംസാന്നിധ്യത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു. തിരിച്ചുള്ള യാത്രയില്‍ വീണ്ടും കോഴിക്കോട്ടും കൊച്ചിയിലുമെല്ലാം എത്തുന്ന അദ്ദേഹം കോഴിക്കോടിനെക്കുറിച്ച് നല്‍കുന്ന വിവരണത്തില്‍ കാര്യമായും പറയുന്നത് അന്ന് നിലനിന്നിരുന്ന ബഹുഭര്‍തൃസംവിധാനത്തെക്കുറിച്ചാണ്.

ഹൈന്ദവാചാരങ്ങളെക്കുറിച്ചും ക്രൈസ്തവാനുഷ്ഠാനങ്ങളെക്കുറിച്ചും  വിശദീകരിക്കുന്ന അദ്ദേഹം ഇസ്‌ലാം, മുസ്‌ലിംകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഒരു പദം പോലും ഉച്ചരിക്കുന്നില്ല. സിറിയയില്‍ നിന്നും അറബി പഠിച്ചതിന് ശേഷമാണ് കോണ്ടി യാത്രയാരംഭിച്ചതെന്ന്, അദ്ദേഹത്തിന്റെ യാത്രാവിശേഷങ്ങള്‍ കേട്ടെഴുതിയ പോഗ്ഗിയോ ബ്രസ്സോളിനി എഴുതുന്നുണ്ട്. പോപ്പിന്റെ സെക്രട്ടറിയായിരുന്ന ബ്രസ്സോളിനി, അന്ന് നിലനിന്നിരുന്ന മുസ്‌ലിം-ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മിലുള്ള  കുരിശ് യുദ്ധങ്ങളുടെ മതകീയ-രാഷ്ട്രീയ പരിസരങ്ങളില്‍ അത്തരം വിവരങ്ങള്‍ ഒഴിവാക്കിയതാകാം. ഏതായിരുന്നാലും, ലാറ്റിന്‍ ഭാഷയില്‍ ബ്രസ്സോളിനി എഴുതിയ വിവരണങ്ങള്‍ പോര്‍ച്ചുഗീസിലേക്കും ഇറ്റാലിയനിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. ലാറ്റിനില്‍ നിന്നുതന്നെയാണ് ആര്‍.എച്ച് മേജറിന്റെ പുസ്തകത്തിന് വേണ്ടി ബ്രിട്ടീഷ് മ്യൂസിയത്തിലെ ഉദ്യോഗസ്ഥനായിരുന്ന ജെ. വിന്റര്‍ ജോണ്‍സ് കോണ്ടിയുടെ വിവരണങ്ങള്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

അബ്ദുറസാഖ് എന്ന പേരില്‍ ചരിത്രലോകത്ത് പ്രശസ്തനായ കമാലുദ്ദീന്‍ അബ്ദുര്‍റസാഖ് ബിന്‍ ജലാലുദ്ദീന്‍ ഇസ്ഹാഖ് അല്‍ സമര്‍ഖന്ദി ഇറാനിലെ സമര്‍ഖന്ദില്‍ നിന്ന് 1442 ല്‍ ഇന്ത്യയിലെത്തിയ സഞ്ചാരിയാണ്. അദ്ദേഹത്തിന്റെ പിതാവ് ജലാലുദ്ദിന്‍ ജുഹാക് അന്നത്തെ പേര്‍ഷ്യന്‍ രാജാവ് ഷാരൂഖിന്റെ കീഴില്‍ ന്യായാധിപനായിരുന്നു. പിതാവിന്റെ മരണശേഷം അബ്ദുര്‍റസാഖ് രാജസദസ്സില്‍ നിയമിതനായി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ പ്രധാനപ്പെട്ട ചില ദൗത്യങ്ങളുമായി ഷാരൂഖ് ഇന്ത്യയിലെ വിജയനഗര രാജാവിന്റെ അടുത്തേക്ക് റസാഖിനെ അംബാസഡര്‍ ആയി അയച്ചു. ആ സന്ദര്‍ശനവേളയിലെ വിവരണങ്ങളാണ് ദക്ഷിണേന്ത്യയെക്കുറിച്ച് വളരെ ചരിത്രപ്രധാനങ്ങളായ വിവരങ്ങള്‍ നമുക്ക് പ്രദാനം ചെയ്യുന്നത്.

1442 ജനുവരിയില്‍ ഹിറാതില്‍ നിന്നും യാത്ര തുടങ്ങിയ റസാഖ് കൊഹിസ്താന്‍, കിര്‍മാന്‍ വഴി ഹോര്‍മുസിലെത്തി. അവിടെ നിന്നും ഇന്ത്യന്‍ മഹാസമുദ്രം വഴി ഇന്ത്യയിലേക്ക് തിരിച്ച അദ്ദേഹത്തിന് വളരെ പ്രതികൂലമായ മണ്‍സൂണ്‍ കാലാവസ്ഥ കാരണം മാസങ്ങളോളം മസ്‌കറ്റില്‍ തങ്ങേണ്ടി വന്നു. ഇന്ത്യയില്‍ അദ്ദേഹം കാലുകുത്തുന്നത് കോഴിക്കോട്ട് തുറമുഖത്താണ്. കോഴിക്കോട്ടുനിന്നും മംഗലാപുരം വഴി വിജയനഗര രാജ്യത്തേക്ക് തിരിച്ച അദ്ദേഹത്തിന് ഷാരൂഖിന്റെ കല്‍പനപ്രകാരം അധിക സമയം ഇന്ത്യയില്‍ നില്‍ക്കാനാകുമായിരുന്നില്ല. അതിനാല്‍ത്തന്നെ, അദ്ദേഹത്തിന്റെ ഇന്ത്യന്‍ യാത്രാവിവരണങ്ങളില്‍ നല്ലൊരു ശതമാനവും കോഴിക്കോട്, മംഗലാപുരം, വിജയനഗര എന്നീ പട്ടണങ്ങള്‍ കേന്ദ്രീകരിച്ചാണ്. 

കോഴിക്കോടിന്റെ മഹാത്മ്യവും ദേശാന്തരവ്യാപാര ബന്ധങ്ങളും വിശദമായി പ്രതിപാദിക്കുന്ന അബ്ദുര്‍റസാഖ് സ്ഥലത്തെ മുസ്‌ലിംകളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. കോഴിക്കോടിനെക്കുറിച്ചുള്ള വിവരണങ്ങളുടെ ആദ്യതാളുകളില്‍ അദ്ദേഹം എഴുതുന്നു: 'ഇവിടെ നല്ലൊരു ശതമാനം മുസ്‌ലിംകള്‍ അധിവസിക്കുന്നുണ്ട്. മിക്കവരും സ്ഥിരതാമസക്കാരാണ്. എല്ലാ വെള്ളിയാഴ്ചകളിലും പ്രാര്‍ഥന നടത്താനുതകുന്ന രണ്ട് ജുമുഅ മസ്ജിദുകള്‍ നിര്‍മിച്ചിട്ടുണ്ടവര്‍. ഒരു ഖാദിയുമുണ്ടവര്‍ക്ക്. മിക്കയാളുകളും ശാഫിഈ മദ്ഹബ് അനുസരിച്ച് ജീവിക്കുന്നവരാണ്. സുരക്ഷിതത്വവും നീതിയും പട്ടണത്തില്‍ കളിയാടുന്നു.' മക്കയടക്കമുള്ള അറേബ്യന്‍ നാടുകളുമായി മലബാര്‍ സൂക്ഷിക്കുന്ന വ്യാപാരബന്ധം, ബംഗാളി സുല്‍ത്താനുമായുള്ള കോഴിക്കോടന്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ മതകീയ ബന്ധങ്ങള്‍, തദ്ദേശീയ മുസ്‌ലിംകളുടെ വസ്ത്രധാരണ-ഭക്ഷണ രീതികള്‍,  ഹൈന്ദവ-മുസ്‌ലിം മതസൗഹാര്‍ദം, അന്ന് നിലവിലുണ്ടായിരുന്ന, വധശിക്ഷ വരെ കിട്ടാവുന്ന ഗോവധ നിരോധനം, തുടങ്ങി വളരെ താല്‍പര്യജനകമായ നിരവധി കാര്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ അബ്ദുര്‍റസാഖിന്റെ കൃതിയില്‍ ലഭ്യമാണ്. ഏകദേശം രണ്ട് വര്‍ഷത്തെ ദക്ഷിണേന്ത്യന്‍ യാത്രക്കുശേഷം അദ്ദേഹം 1444 ജനുവരി അവസാനവാരം മംഗലാപുരത്തുനിന്നും അറേബ്യയിലേക്ക് തിരിച്ചു.
റഷ്യന്‍ സഞ്ചാരി അഥനാഷ്യസ് നികിതിന്‍ ആണ് തുടര്‍ന്ന് മലബാറിലെത്തിയ സഞ്ചാരമെഴുത്തുകാരന്‍. 1470 ല്‍ വ്യാപാരാവശ്യാര്‍ഥം ഡെക്കാനും ഗൊല്‍ക്കൊണ്ടയും സന്ദര്‍ശിച്ച നികിതിന്റെ ഡയറിയാണ് യാത്രാവിവരണമായി നമുക്ക് ലഭ്യമായിട്ടുള്ളത്. ഈ ഡയറിയുടെ ഇംഗ്ലീഷ് പരിഭാഷകന്‍ കൗണ്ട് വില്യോഴ്‌സ്‌കി എഴുതുന്നു: 'വലിയ നിരീക്ഷണപാടവമോ അധികം വിവരങ്ങളോ ഇല്ലെങ്കില്‍ പോലും ഈ ഡയറി, ജിജ്ഞാസയുടെ ഉപോല്‍പന്നവും അന്നത്തെ ഇന്ത്യാരാജ്യത്തിന്റെ അപൂര്‍ണങ്ങളായ വിവിധ ചിത്രങ്ങള്‍ നല്‍കാന്‍ സഹായിക്കുന്നതുമാണ്.'

റഷ്യയിലെ ട്വെറില്‍ നിന്ന് ബോറിസ്, ഗ്ലെബ്, വോള്‍ഗയിലൂടെ കാസ്പിയന്‍ സമുദ്രം വഴി പേര്‍ഷ്യയിലെ ബുഖാറയിലും ഹോര്‍മുസിലുമെത്തിയ നികിതിന്‍ ബോംബെയുടെ തെക്ക് ഭാഗത്തുള്ള ചൗല്‍ തുറമുഖത്ത് കപ്പലിറങ്ങി. 'മുഹമ്മദന്‍ ഹിന്ദുസ്ഥാനിലെ ഏറ്റും പ്രധാനപ്പെട്ട പട്ടണം' എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന ബിദര്‍ ലക്ഷ്യം വെച്ച് നിരവധി പ്രദേശങ്ങളിലൂടെ നികിതിന്‍ യാത്ര ചെയ്തു. ബിദറിനെക്കുറിച്ച് വര്‍ണശബളിമയാര്‍ന്ന വിവരണങ്ങള്‍ നല്‍കുന്നുണ്ട് അദ്ദേഹം. നാല് വര്‍ഷത്തോളം അവിടെ താമസിച്ച അദ്ദേഹം പിന്നീട് ദാബുല്‍, ശീറാസ്, ഇസ്ഫഹാന്‍, കാശാന്‍, സുല്‍ത്തനിയ്യ,  തബ്‌രിസ്, ഓര്‍ഡ, ഹോര്‍മുസ് വഴി റഷ്യയിലേക്ക് തിരിച്ചു. പക്ഷേ, റഷ്യയിലെ സ്‌മോളന്‍സ്‌കിലെത്തുംമുമ്പ് 1475 ല്‍ അദ്ദേഹം മരണമടഞ്ഞിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു.

നികിതിന്റെ ഡയറിയില്‍ ബിദറിന് പുറമെ കോഴിക്കോട്, സിലോണ്‍, പെഗു തുടങ്ങിയ വന്‍നഗരങ്ങളെക്കുറിച്ച് വിവരണങ്ങളുണ്ടെങ്കിലും, അദ്ദേഹം ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. വില്യോഴ്‌സ്‌കി എഴുതുന്നത്, മേല്‍സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടില്ലെന്നും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ എഴുതിയതാണെന്നുമാണ്. പക്ഷേ, നികിതിന്റെ വിവരണങ്ങളില്‍ അദ്ദേഹം കാലിക്കറ്റ് സന്ദര്‍ശിച്ചതായി രേഖപ്പെടുത്തുന്നുണ്ട്. കുല്‍ബര്‍ഗയില്‍ നിന്നും കുരൂല(?)യിലെത്തിയ 'ഞാന്‍ അഞ്ചുമാസം അവിടെ താമസിച്ച ശേഷം വലിയ ബസാര്‍ ആയ കാലിക്കറ്റിലേക്ക് തിരിച്ചു' എന്ന് നികിതിന്‍ എഴുതുന്നു. മറ്റൊരിടത്ത് കോഴിക്കോടിനെക്കുറിച്ച് ഹൃസ്വമായ ഒരു ഖണ്ഡിക നല്‍കുന്നു. ഇവിടെ നിന്നും കയറ്റി അയക്കപ്പെടുന്ന കുരുമുളക്, ഇഞ്ചി, ഏലം തുടങ്ങിയ വിഭവങ്ങളെക്കുറിച്ച് മാത്രമേ അദ്ദേഹം പറയുന്നുള്ളൂ. ജനങ്ങളെക്കുറിച്ചോ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചോ പ്രസ്താവിക്കുന്നില്ല. തൊട്ടുശേഷം അദ്ദേഹം സിലോണിനെക്കുറിച്ചാണ് എഴുതുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. 

പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ജെനോവീസ് സഞ്ചാരി ഹിരോനിമോ ഡി സാന്റോ സ്റ്റെഫാനോ ആണ് ഈ ശ്രേണിയിലെ അവസാനത്തെയാള്‍. ആദ്യം കൈറോയിലെത്തി, അവിടുന്ന് ചെങ്കടല്‍ വഴി ഏദനിലെത്തി നാല് മാസം താമസിച്ച ശേഷമാണ് അദ്ദേഹം കോഴിക്കോട്ടെത്തുന്നത്. കോഴിക്കോട്ടുനിന്നും ശ്രീലങ്ക, പെഗു, സുമാത്ര, കാംബെ, മാലിദ്വീപ്, ഹോര്‍മുസ്, ട്രിപ്പോളി എന്നിവിടങ്ങളിലൂടെയാണ് സാന്റോ സ്റ്റെഫാനോയുടെ സഞ്ചാര പാത. നിരവധി പയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ യാത്രകളത്രയും. ജിയോവന്‍ ജാക്കോബൊ മെയ്‌നര്‍ എന്ന സുഹൃത്തിനെഴുതിയ കത്തുകളാണ് ഇദ്ദേഹത്തിന്റെ യാത്രാവിവരണങ്ങള്‍. 

ഏദനില്‍ നിന്നും മുപ്പത്തഞ്ച് ദിവസങ്ങള്‍ നീണ്ട യാത്രക്ക് ശേഷം കോഴിക്കോട്ടെത്തുന്ന സ്റ്റെഫാനോ ആദ്യമെഴുതുന്നത് കോഴിക്കോട്ടെ കുരുമുളകിനെയും ഇഞ്ചിയെയും കുറിച്ചാണ്. തുടര്‍ന്ന് വിഗ്രഹാരാധന, ബഹുഭര്‍തൃത്വം തുടങ്ങിയ ഹൈന്ദവാചാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. അബ്ദുര്‍റസാഖ് പ്രതിപാദിച്ചത് പോലെ കോഴിക്കോട്ട് നിലനിന്നിരുന്ന ഗോവധ നിരോധനവും വധശിക്ഷയടക്കം അതിന് നല്‍കപ്പെടാവുന്ന ശിക്ഷകളും സ്റ്റെഫാനോയും പ്രതിപാദിക്കുന്നു. ആയിരക്കണക്കിന് ക്രിസ്ത്യന്‍ വീടുകള്‍ ഈ പ്രദേശത്തുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മലബാറിലെ മുസ്‌ലിംകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ വരുന്നില്ലെങ്കിലും സുമാത്ര, മാലിദ്വീപ്, കാംബെ തുടങ്ങിയ സ്ഥലങ്ങളിലെ മുസ്‌ലിംസാന്നിധ്യവും സാമ്പത്തിക-ഭരണകാര്യങ്ങളിലെ അവരുടെ നേതൃപരമായ സ്ഥാനവും സ്റ്റെഫാനോ രേഖപ്പെടുത്തുന്നു.

ആര്‍. എച്ച് മേജറിന്റെ കൃതിയില്‍ പതിനഞ്ചാം നൂറ്റാണ്ടിലെ നാല് സഞ്ചാരികളുടെ ഇന്ത്യന്‍ വിവരണങ്ങളേ ഉള്ളൂവെങ്കിലും, ശതകത്തിന്റെ അവസാന ദശകങ്ങളില്‍ യൂറോപ്പില്‍ നിന്ന്, വിശിഷ്യാ പോര്‍ച്ചുഗലില്‍ നിന്ന്, പിന്നെയും സഞ്ചാരികളെത്തിയിട്ടുണ്ട്. ബര്‍ത്തലെമൊവ് ഡിയസ് 1486 ല്‍ ഗുഡ് ഹോപ്പ് മുനമ്പ് കണ്ടെത്തിയ ശേഷം പോര്‍ച്ചുഗലില്‍ നിന്ന് അന്റോണിയോ ഡി ലിസ്‌ബോവ തുടങ്ങി പലരും ഇന്ത്യയിലേക്കെത്താന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. സിസിലി ഭരണാധികാരി ഡോണ്‍ അല്‍ഫൊണ്‍സൊയുടെ സേവകന്‍ പെഡ്രോ കൊവില്യം, കാസില്‍ ബ്ലാങ്കോയുടെ പ്രജ അല്‍ഫോന്‍സൊ ഡി പൈവ എന്നിവര്‍ 1488 ല്‍ പോര്‍ച്ചുഗീസ് രാജാവിന്റെ ആശീര്‍വാദത്തോടെ ഇന്ത്യയിലേക്ക് തിരിച്ചു. അലക്‌സാണ്ട്രിയ, കൈറോ വഴി സീനാ പര്‍വതത്തിന്റെ താഴ്‌വരയിലെ ത്വൂറിലെത്തിയ ഇരുവരും സാര്‍ഥവാഹകസംഘങ്ങളില്‍ നിന്ന് കോഴിക്കോടിനെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് ഏദനിലെത്തിയ ഇരുവരും രണ്ട് ദിശകളിലേക്ക് തിരിഞ്ഞു; വീണ്ടും കൈറോയില്‍ കണ്ടുമുട്ടാമെന്ന വാക്കോടെ. കോവില്യം ഇന്ത്യ ലക്ഷ്യം വെച്ചും പൈവ അബ്‌സീനിയയിലെ സുവാകെം ലക്ഷ്യം വെച്ചും യാത്ര തിരിച്ചു. ഏദനില്‍ നിന്നും കണ്ണൂരിലേക്ക് വരുന്ന ഒരു മുസ്‌ലിം കപ്പലില്‍ കയറി കോവില്യം കണ്ണൂരിലെത്തി. തുടര്‍ന്ന് കോഴിക്കോടും ഗോവയും സന്ദര്‍ശിച്ചു. ഇന്ത്യയിലെത്തിയ ആദ്യത്തെ പോര്‍ച്ചുഗീസുകാരനാണ് ഇദ്ദേഹം. സുഫാല വഴി കൈറോയിലെത്തിയ അദ്ദേഹത്തെ വരവേറ്റത് പൈവ വധിക്കപ്പെട്ടുവെന്ന വാര്‍ത്തയായിരുന്നു. കോവില്യം കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാസ്‌കോഡ ഗാമ 1497 ല്‍ ഇന്ത്യയിലേക്ക് തിരിക്കുന്നതും 1498 ല്‍ കോഴിക്കോട് പന്തലായനി കൊല്ലത്ത് കപ്പലിറങ്ങുന്നതും.

ഏതായാലും അറബ്, യൂറോപ്യന്‍, പേര്‍ഷ്യന്‍, ചൈനീസ് സഞ്ചാരികള്‍ കേരളത്തെക്കുറിച്ച് പലപ്പോഴായി പല വിധത്തില്‍ പത്തും പതിനഞ്ചും നൂറ്റാണ്ടുകള്‍ക്കിടയിലായി എഴുതിയിട്ടുണ്ടെങ്കിലും, അവയിലെല്ലാമുള്ള കേരളീയ മുസ്‌ലിംസാന്നിധ്യത്തിന്റെ അഭാവമാണ് നമ്മുടെ പ്രശ്‌നം. കേരളീയ മുസ്‌ലിം സംസ്‌കാരത്തെക്കുറിച്ച് ഒന്നോ രണ്ടോ വേറിട്ട ചില പരാമര്‍ശങ്ങള്‍ ഇവക്കിടയില്‍ നിന്ന് തപ്പിപ്പിടിച്ചെടുക്കാമെങ്കിലും സമഗ്രമായ ഒരു ചരിത്രരേഖ ഇപ്പോഴും സ്വപ്നമായി തുടരുന്നു. 

പത്തും പതിനഞ്ചും നൂറ്റാണ്ടുകള്‍ക്കിടയിലെ കേരള ചരിത്രവുമായി ബന്ധപ്പെട്ട നിരവധി ഗവേഷണങ്ങള്‍ നടന്നിട്ടുള്ളതിനാല്‍ തന്നെ, ഇക്കാലയളവിലെ നിരവധി പ്രാഥമിക സ്രോതസ്സുകള്‍ ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. മണിപ്രവാളം കൃതികളായ സുഖസന്ദേശ, ഉണ്ണുനീലി സന്ദേശ, മയൂരദൂത്, ഉണ്ണിയാച്ചിച്ചരിതം, ഉണ്ണിച്ചിരുതേവി ചരിതം, ഉണ്ണിയാതിച്ചരിതം, വൈശികതന്ത്രം, ലീലാതിലകം, നിരവധി ശിലാലിഖിതങ്ങള്‍ തുടങ്ങിയവ ഈ നൂറ്റാണ്ടുകളില്‍ കേരളത്തില്‍ നിന്നുതന്നെയുള്ള ചില പ്രധാന സ്രോതസ്സുകളാണ്.

ഈ അഞ്ച് നൂറ്റാണ്ടുകള്‍ക്കിടയില്‍ കേരളം വളരെ പ്രധാനപ്പെട്ട ചില രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക പരിവര്‍ത്തനങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഇന്നത്തെ കേരളത്തിന്റെ അറിയപ്പെട്ട ആദ്യത്തെ ഭരണാധികാരികളായ രണ്ടാം ചേരവംശം എന്ന് ചരിത്രകാരന്മാര്‍ വിളിക്കുന്ന ചേരമാന്‍ പെരുമാക്കന്മാരുടെ ഭരണം പന്ത്രണ്ടാം നൂറ്റാണ്ടോടെ അവസാനിക്കുന്നുണ്ട്. ഇവരിലെ അവസാനത്തെ രാജാവ് 1102 ലോ 1122 ലോ ആയിരുന്നുവെന്ന ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിലാണ്, കേരളത്തില്‍ പന്ത്രണ്ടാം നൂറ്റാണ്ടോടെയാണ് ഇസ്‌ലാം എത്തിയതെന്ന സമര്‍ഥനം ഇളംകുളം കുഞ്ഞന്‍ പിള്ളയും എം.ജി.എസ്. നാരായണനും ഉയര്‍ത്തുന്നത്. 

ചോള രാജാക്കന്മാരുമായുള്ള നിരന്തര യുദ്ധങ്ങളും നാടുവാഴികളുടെ സുശക്തമായ രംഗപ്രവേശവും ഭൂപ്രഭൂക്കന്മാര്‍ക്ക് മേല്‍ ഭരണകൂടത്തിനുണ്ടായിരുന്ന സ്വാധീനം കാലക്രമേണ നഷ്ടമായതുമെല്ലാം ചേരമാന്‍ പെരുമാക്കന്മാരുടെ തകര്‍ച്ചക്ക് കാരണമായി എടുത്ത് കാണിക്കപ്പെടുന്നു. ചേരവംശത്തിന്റെ തകര്‍ച്ചയോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നില നിന്നിരുന്ന സ്വരൂപങ്ങള്‍ സ്വതന്ത്രരാജ്യങ്ങളായിത്തീരുകയും നാടുവാഴികളെന്ന പേരില്‍ ഓരോ പ്രദേശത്തെയും ഭരണം കൈയാളുകയും ചെയ്തു. കൂട്ടുകുടുംബസമ്പ്രദായത്തിന്റെ തുടര്‍ച്ചയായിരുന്നു സ്വരൂപങ്ങള്‍. ഓരോ സ്വരൂപത്തിന് കീഴിലും ഒരുപാട് നിലങ്ങളുണ്ടായിരുന്നു. അവയുടെ പൂര്‍ണമായ കൈകാര്യാവകാശം സ്വരൂപങ്ങള്‍ക്കായിരുന്നു. ഇവയാണ് പിന്നീട് 'നാടു'ളായി രൂപാന്തരപ്പെടുന്നത്, സ്വരൂപത്തിലെ കാരണവര്‍ 'നാടുവാഴി'യുമായി. കോലത്തുനാട്, കോഴിക്കോട്, കൊച്ചി, വേണാട് എന്നിവയായിരുന്നു ഇക്കാലയളവിലെ പ്രധാന നാടുകള്‍. ഇവരില്‍ തന്നെ കോഴിക്കോട്ടും വേണാട്ടുമായിരുന്നു ഏറ്റവും ശക്തമായ ഭരണ സൈനിക സംവിധാനങ്ങള്‍ ഉണ്ടായിരുന്നത്.

ചൈനീസ്, അറബ് കച്ചവടക്കാരുടെ കേരളവുമായുള്ള പൂര്‍വാധികം ശക്തമായ വ്യാപാരബന്ധങ്ങള്‍; മുസിരിസ് എന്ന കൊടുങ്ങല്ലൂരിലെ തുറമുഖ നഗരത്തിന്റെ അപചയം; കോഴിക്കോട്, കൊല്ലം എന്നീ തുറമുഖ നഗരങ്ങളുടെ വളര്‍ച്ചയും വികാസവും; അങ്ങാടി അല്ലെങ്കില്‍ അണയാര്‍ച്ചിറ എന്ന പേരില്‍ വ്യാപാരവ്യവഹാരങ്ങള്‍ക്കായി പുതിയ കേന്ദ്രങ്ങളുടെ ഉയര്‍ച്ച; പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാമാങ്കം എന്ന പേരില്‍ ഭാരതപ്പുഴയോരത്ത് തുടക്കം കുറിച്ച ചാവേര്‍ സംഘങ്ങളുടെ പോരിന്റെ ആവിര്‍ഭാവം; കോഴിക്കോടും കൊച്ചിയും തമ്മിലുള്ള നിരന്തരയുദ്ധങ്ങള്‍; കോഴിക്കോട്ടെ തളിക്ഷേത്രം കേന്ദ്രീകരിച്ച് പരമ്പരാഗത വേദപണ്ഡിതര്‍ പരസ്പരം മാറ്റുരച്ച് മത്സരിച്ചിരുന്ന രേവതി പട്ടത്താനത്തി(രേവതിയെന്നാല്‍ മീമാംസ, വേദാന്ത, ന്യായശാസ്ത്രം, വ്യാകരണം എന്നീ പാരമ്പര്യവിജ്ഞാനീയങ്ങളുടെ പേരും, പട്ടത്താനമെന്നാല്‍ ഭട്ടസ്ഥാനം എന്നതിന്റെ രൂപാന്തരവുമാണ്.)ന്റെ തുടക്കം; മണിപ്രവാളം ഭാഷയുടെയും സാഹിത്യത്തിന്റെയും ഉയര്‍ച്ചയും താഴ്ചയും; മലയാളഭാഷയുടെ ആവിര്‍ഭാവം; ജന്മിസമ്പ്രദായത്തിന്റെ വ്യവസ്ഥാപിതമായ സംസ്ഥാപനം; ബ്രാഹ്‌മണര്‍, അബ്രാഹ്‌മണര്‍, പണിയാളര്‍ എന്നീ മൂന്ന് പ്രധാന വിഭജനങ്ങളെ മുന്‍നിര്‍ത്തി ജാതി-ഉപജാതി സമ്പ്രദായത്തിന്റെ ശക്തമായ സാന്നിധ്യം; മരുമക്കത്തായ സമ്പ്രദായത്തിന്റെ ആവിര്‍ഭാവം; കളരി, അങ്കം, പൊയ്ത്ത്, കുടിപ്പക, പട്ടിണി, പ്രായശ്ചിത്തം, അഗ്നിപരീക്ഷകള്‍ തുടങ്ങിയ ആചാരങ്ങളുടെയും നാട്ടുനടപ്പുകളുടെയും രംഗപ്രവേശം തുടങ്ങിയവയാണ് ചേരവംശത്തിന്റെ തകര്‍ച്ചക്ക് ശേഷം  പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള കാലയളവില്‍ സംഭവിച്ച രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ പ്രധാന ചരിത്രവിശേഷങ്ങള്‍.

ഇവയുമായെല്ലാം ചുരുണ്ടുപിണഞ്ഞ് കിടക്കുന്നു കേരള ഇസ്‌ലാമിന്റെയും മുസ്‌ലിമിന്റെയും അഞ്ച് നൂറ്റാണ്ടുകാലത്തെ ചരിത്രം. പാരമ്പര്യ, പാരമ്പര്യേതര മുസ്‌ലിം ചരിത്രകാരന്മാരെല്ലാം ഒരുപോലെ കേരള ഇസ്‌ലാമിന്റെ ഉദ്ഭവവികാസങ്ങളെക്കുറിച്ച് പറയുമ്പോള്‍ പരമാവധി മഖ്ദൂമുമാരുടെ കാലം പറയുന്നു, പിന്നെ മാലിക് ബ്‌നു ദീനാറുമായി ബന്ധപ്പെട്ടുള്ള ചരിത്രസംശയങ്ങള്‍ അവതരിപ്പിക്കുന്നു. ഈ രണ്ട് ഘട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞ് കിടക്കുന്ന അഞ്ച് നൂറ്റാണ്ടുകള്‍ മേല്‍വിവരിച്ച ചരിത്രവികാസങ്ങളുടെയെല്ലാം കൂട്ടത്തിലുണ്ട്. അവക്ക് ചരിത്രകാരന്മാര്‍ ആശ്രയിച്ച സ്രോതസ്സുകള്‍തന്നെ അവലംബിച്ച് കേരള ഇസ്‌ലാമിന്റെയും ഇന്നലെകള്‍ ചികഞ്ഞെടുക്കാനാകുമെന്നാണ് പ്രതീക്ഷ. 

തദ്ദേശീയവും വിദേശിയവുമായ നിരവധി പ്രഥമികസ്രോതസ്സുകള്‍ മുന്‍നിര്‍ത്തി വിശദമായ പഠനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന വസ്തുത നിലനില്‍ല്‍ക്കെത്തന്നെ, ഇക്കാലയളവിലെ കേരളീയ മുസ്‌ലിംകളെക്കുറിച്ച്, ഇസ്‌ലാമിനെക്കുറിച്ച് നമ്മള്‍ എന്തുപറയുമെന്ന ചോദ്യം ഉത്തരം കിട്ടാതെ ശേഷിക്കുന്നു. 'ഇരുളടഞ്ഞ നൂറ്റാണ്ടുകള്‍' എന്ന പ്രതിപാദ്യപരാമര്‍ശം നമ്മളും തൊണ്ടതൊടാതെ വിഴുങ്ങണോ, അതോ ഉത്തരങ്ങള്‍ക്ക് വേണ്ടി അന്വേഷണങ്ങള്‍ നടത്തണോ..? പാരമ്പര്യത്തിന്റെ വക്താക്കള്‍ ചെയ്യേണ്ടത്, പാരമ്പര്യം കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ക്ക് മുന്നിട്ടിറങ്ങുകയാണ്.

പന്ത്രണ്ട്, പതിമൂന്ന് നൂറ്റാണ്ടുകളോടെയാണ് കേരളത്തില്‍ മുസ്‌ലിംസമുദായത്തിന്റെ സാമൂഹികരൂപീകരണം നടക്കുന്നത് എന്ന് എം. ഗംഗാധരന്‍ വാദിക്കുന്നുണ്ട്. അവസാത്തെ പെരുമാളിന്റെ മക്കായാത്രയുമായി ബന്ധപ്പെട്ടാണ് മാലിക് ബ്‌നു ദീനാര്‍ കേരളത്തിലെത്തുന്നതെന്നും അത് പന്ത്രണ്ട് പതിമൂന്ന് നൂറ്റാണ്ടുകളിലാണെന്നുമുള്ള നിരീക്ഷത്തിന്റെ ചുവടുപിടിച്ചാണ് ഈ വാദം. ഏഴാം നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാം കേരളത്തിലെത്തിയിട്ടുണ്ടെന്ന് കരുതാമെങ്കിലും, എട്ട്-ഒമ്പത് നൂറ്റാണ്ടുകളിലേതെന്ന് കരുതാവുന്ന ചില ഖബറുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഒരു സമൂഹമായി മുസ്‌ലിംകള്‍ പരിണമിക്കുന്നത് രാജാക്കന്മാരുടെ സഹായം, പരസ്പരാശ്രിതത്വം തുടങ്ങിയവയിലൂടെയാണെന്നും അവ സംഭവിച്ചത് പന്ത്രണ്ട്-പതിമൂന്ന് നൂറ്റാണ്ടുകളോടെയായിരുന്നുവെന്നും അദ്ദേഹം എഴുതുന്നു. പള്ളികള്‍ കേരളത്തില്‍ സ്ഥാപിതമാകുന്നത് ഇക്കാലയളവിലാണെന്നും, പള്ളികളില്ലാത്ത ഒരു ഇസ്‌ലാമിക സമൂഹം സങ്കല്‍പത്തിനതീതമാണെന്നും പറയുന്നുണ്ട്. ഡോ. ഗംഗാധരന്റെ അടിസ്ഥാനവാദം മാലിക് ബ്‌നു ദീനാറിന്റെ ആഗമനത്തെ ആശ്രയിച്ചാണല്ലോ. അത് ഏറെ തര്‍ക്കവിതര്‍ക്കങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നതിനാല്‍, അദ്ദേഹം വരച്ചുകാട്ടുന്ന ചരിത്രപ്രക്രിയ തന്നെ സംശയങ്ങളുടെ നിഴലിലേക്ക് വഴുതിവീഴുന്നു. എങ്കിലും വിശദമായ അന്വേഷണങ്ങള്‍ ആവശ്യമുള്ള ഒരു വാദമാണിത്. ഏഴാം നൂറ്റാണ്ടില്‍ തന്നെ മാലിക് ബ്‌നു ദീനാറും സംഘവും മലബാറില്‍ എത്തിയിരിക്കാമെങ്കിലും അവര്‍ തീരപ്രദേശങ്ങളിലങ്ങോളമിങ്ങളം പള്ളികള്‍ പണിതിരിക്കാെങ്കിലും, ഒരു സമൂഹമായി മുസ്‌ലിംകള്‍ രൂപപ്പെടാന്‍ പിന്നെയും ഒത്തിരി സമയമെടുത്തിരിക്കണം. ഇസ്‌ലാമിലേക്കുള്ള തദ്ദേശീയരുടെ പരിവര്‍ത്തനം വളരെ പെട്ടെന്ന് സംഘടിതമായി സംഭവിച്ച ഒന്നായിരിക്കില്ലല്ലോ. അതിന് കാലങ്ങള്‍ ഒരുപാട് എടുത്തിരിക്കാമെന്നുള്ളതുകൊണ്ടുതന്നെ, മുസ്‌ലിംകളുടെ സാമൂഹികരൂപീകരണം നടക്കുന്നത് പന്ത്രണ്ടാം നൂറ്റാണ്ടോടെയൊക്കെത്തന്നെയായിരക്കണം. വിശദമായ അന്വേഷണങ്ങള്‍ ആവശ്യമുണ്ട്. 

പള്ളികളുടെ സംസ്ഥാപനവും സജീവമായ നിലനില്‍പും മുസ്‌ലിംസമൂഹരൂപീകരണത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണ്. ആരാധനാലയവുമായി ബന്ധപ്പെട്ടുള്ള വിശ്വാസികളുടെ സഹവര്‍ത്തിത്തവും സാമുദായികവും സമുദായേതരവുമായ വ്യവഹാരങ്ങളുടെ നൈരന്തര്യവും ദൈനംദിന സാമൂഹിക ജീവിതത്തിന്റെ ഭാഗമാവുകയും സമൂഹരൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഏഴാം നൂറ്റാണ്ടില്‍ പള്ളികള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് എന്നതിന് വി.എ. അഹ്‌മദുല്‍ കബീറിനെപ്പോലുള്ള പല പണ്ഡിതരും പല തെളിവുകളും ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. കൊടുങ്ങല്ലൂരിലെയും കാസര്‍ഗോഡ് തളങ്കരയിലെയും മാലിക് ബ്‌നു ദീനാറിന്റെ പേരിലുള്ള പള്ളികളുടെ കവാടങ്ങളില്‍ ഹിജറ വര്‍ഷത്തിന്റെ രണ്ടാം ദശകത്തിലെ വര്‍ഷങ്ങള്‍ കൊത്തിവെക്കപ്പെട്ടിട്ടുണ്ട് എന്ന വസ്തുതകള്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നു. ശാസ്ത്രീയമായ ചരിത്രമാനദണ്ഡങ്ങളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ അവയില്‍ പലതും ദുര്‍ബലമായ തെളിവുകളായിപ്പോകുന്നുണ്ട്. ഇവക്കിടയില്‍ ഏറെ സുശക്തമായി നില്‍കുന്ന ഒരു തെളിവ്, കോഴിക്കോട് കുറ്റിച്ചിറയിലെ മുച്ചുന്തിപ്പള്ളിയുടെ ചുമരിലെ ശിലാലിഖിതമാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടെന്ന് കരുതപ്പെടുന്ന ഈ പള്ളി, കേരളത്തിലെ മുസ്‌ലിം സാമൂഹികരൂപീകരണത്തിലേക്ക് വെളിച്ചം വീശുന്ന പ്രധാന തെളിവുകളിലൊന്നാണ്. 

കോഴിക്കോടിനെക്കുറിച്ചുള്ള ആദ്യആധികാരികരേഖ കൂടിയായ ഈ ശിലാശാസനത്തില്‍ അറബിയിലും വട്ടെഴുത്തിലും ലിഖിതങ്ങളുണ്ട്. വട്ടെഴുത്തിലെ പ്രതിപാദ്യം കുന്നോലക്കാരനായ സാമൂതിരി കുന്നമംഗലവും പുളിക്കീഴുമുള്ള സ്ഥലങ്ങള്‍ മുച്ചുന്തിപ്പള്ളിയുടെ ചെലവിനായി നല്‍കുന്നത് സംബന്ധിച്ചാണെന്നും, അറബിയില്‍ ചില പേരുകളാണെന്നും ഡോ. കെ.എന്‍. ഗണേശ് എഴുതുന്നുണ്ട് (കുറ്റിച്ചിറയിലെ പള്ളികള്‍, പു. 299, മലബാര്‍: പൈതൃകവും പ്രതാപവും, ഡോ. പി.ബി. സലീം, എന്‍.പി. ഹാഫിസ് മുഹമ്മദ്, എം.സി. വസിഷ്ഠ്, മാതൃഭൂമി ബുക്‌സ്, 2011). അറബിയിലെ പേരുകളിലൊന്നില്‍ വ്യക്തമാകുന്നത് ശിഹാബുദ്ദീന്‍ റയ്ഹാന്‍ എന്ന മാലിക് ബ്‌നു ദീനാര്‍ ആണെന്നും അദ്ദേഹം വിശദമാക്കുന്നു. ഈ പട്ടയം 1124 ലാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് എന്ന വസ്തുത, പള്ളികളുടെ രൂപീകരണവും വികാസവും ഏറ്റവും ചുരുങ്ങിയത് പന്ത്രണ്ടാം നൂറ്റാണ്ടോടെയെങ്കിലും ആരംഭിച്ചിട്ടുണ്ടെന്നത് ഈ ശാസനം സ്ഥിരീകരിക്കുന്നു. ഇരുളിലാണ്ടുകിടക്കുന്ന കേരളഇസ്‌ലാമിന്റെ അഞ്ച് നൂറ്റാണ്ടുകളിലൊന്നിലേക്ക് വെളിച്ചം വീശുന്നത് കൂടിയാണ് ഈ ലിഖിതമെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.

കേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹിക രൂപീകരണത്തിന്റെ ആദ്യത്തെ തെളിവുകളിലൊന്നായി കണക്കാക്കാവുന്ന ഈ ശാസനത്തെ മുന്‍നിര്‍ത്തി ഡോ. ഗണേശ് നടത്തുന്ന നിരീക്ഷണം ശ്രദ്ധേയമാണ്: 'മുച്ചുന്തിപ്പള്ളി നില്‍ക്കുന്ന സ്ഥലവും അതിനു ചുറ്റുമുള്ള പ്രദേശവും കോഴിക്കോട്ടെ മുസ്‌ലിംകളുടെ ആദ്യത്തെ ആവാസകേന്ദ്രമായി കണക്കാക്കാം. ഇന്ന് മുച്ചുന്തിപ്പള്ളി താരതമ്യേന ചെറിയ പള്ളികളില്‍ ഒന്നാണ്. കേരളമാതൃകയില്‍ നിര്‍മിച്ച ചെറിയ പ്രാര്‍ഥനാലയം. ഇവിടെ ശ്രദ്ധേയമായ ഒരു വസ്തുതയുണ്ട്. കേരളത്തിലെ സാധാരണ മുസ്‌ലിംപള്ളികളെല്ലാം നിര്‍മിക്കപ്പെടുന്നത് ഒരു ആവാസകേന്ദ്രത്തിന്റെ ഭാഗമായാണ്. പ്രാര്‍ഥനാകേന്ദ്രമുണ്ടാകണമെങ്കില്‍ പ്രാര്‍ഥിക്കാന്‍ ആളുണ്ടാകണമെന്നര്‍ഥം. അതായത് മുച്ചുന്തിപ്പള്ളി നിര്‍മിക്കപ്പെടുന്നതിന് മുമ്പ് അവിടെ ഒരു ആവാസകേന്ദ്രവും വാണിജ്യകേന്ദ്രവും രൂപപ്പെട്ടുവന്നിരിക്കാം. സാധാരണയായി ഒരു പള്ളിയുടെ നിലനില്പ് ഉറപ്പുവരുത്തുന്നത് അതത് പ്രദേശങ്ങളിലെ ആരാധകസമുദായം തന്നെയാണ്. അതിനുപകരം, പള്ളിയുടെ നിലനില്‍പിനുള്ള പിന്തുണാസംവിധാനം ഒരു ദാനത്തിലൂടെ ഉറപ്പുവരുത്തുന്നത് മുസ്‌ലിംസമൂഹവും രാഷ്ട്രീയസംവിധാനവും തമ്മില്‍ വളര്‍ന്നുവരുന്ന ബന്ധന്തെ സൂചിപ്പിക്കുന്നു.' (പു. 299-300) കോഴിക്കോടിന്റെയും മുച്ചുന്തിപ്പള്ളിയുടെയും പശ്ചാത്തലത്തിലാണ് ഗണേശ് ഇത് പറയുന്നതെങ്കിലും, കേരളത്തിലങ്ങോളമിങ്ങോളമുള്ള മുസ്‌ലിംസമുദായത്തിന്റെ പ്രാരംഭരൂപീകരണവുമായി ചേര്‍ത്തുവെക്കാവുന്ന സര്‍വസംഗതമായ ഒരു നിരീക്ഷണമാണിത്.

ഹുസൈന്‍ നൈനാറിന്റെ 'അറബ് ഭൂശാസ്ത്രജ്ഞരുടെ ദക്ഷിണേന്ത്യയെക്കുറിച്ചുള്ള അറിവ്' എന്ന കൃതിയില്‍   മലബാറിനെക്കുറിച്ചും മലബാറിലെ വിവിധ പ്രദേശങ്ങളെക്കുറിച്ചും അവിടങ്ങളിലെയെല്ലാം മുസ്‌ലിം ജീവിതത്തെക്കുറിച്ചും പലപ്പോഴായി അറബ് സഞ്ചാരികളും ഭൂശാസ്ത്രജ്ഞരും എഴുതിയ കുറിപ്പുകള്‍ സമാഹരിച്ചിട്ടുണ്ട്. കേരള ഇസ്‌ലാമുമായി ബന്ധപ്പെട്ട വിശദപഠനങ്ങള്‍ക്ക് തീര്‍ച്ചയായും അവലംബിക്കാവുന്ന ഒരു കൃതിയാണ് ഹുസൈന്‍ നൈനാറിന്റേത്. അദ്ദേഹം ഉദ്ധരിക്കുന്ന പല അറബ് ഗ്രന്ഥങ്ങളും ഇന്ന് വ്യാപകമായി ലഭ്യമല്ലാത്തതിനാല്‍ തന്നെ, പ്രാഥമികസ്രോതസ്സുകള്‍ മുന്‍നിര്‍ത്തി അദ്ദേഹം നല്‍കുന്ന ഉദ്ധരണികള്‍ അക്കാദമികമായ പഠനങ്ങള്‍ക്ക് ഏറെ ഉപയുക്തമാണ്. 

പത്താം നൂറ്റാണ്ട് മുതല്‍ പതിമൂന്നാം നൂറ്റാണ്ട് വരെയുള്ള മലബാര്‍ തീരങ്ങളിലെ മതപ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെങ്കില്‍ ഒരിക്കലും ഒഴിവാക്കാനാകാത്ത പുതിയ പ്രാഥമിക സ്രോതസ്സുകളുടെ സമാഹാരമാണ് ഈയിടെ ഈജിപ്തില്‍ നിന്നും എസ്.ഡി. ഗൊയ്‌ട്ടെന്‍ കണ്ടെത്തിയ ഗനീസ സ്രോതസ്സുകള്‍. മംഗലാപുരത്തും സമീപദേശങ്ങളിലും കച്ചവടകേന്ദ്രങ്ങളുറപ്പിച്ച് ഏദനുമായും കൈറോയുമായും നിരന്തര വാണിജ്യങ്ങള്‍ നടത്തിയിരുന്ന ജൂത സമുദായത്തിന്റെ എഴുത്തുകുത്തുകളാണ് ഗനീസ സ്രോതസ്സുകള്‍. കേരളത്തിലെ ഇസ്‌ലാമിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്കും ഏറെ ഉപയോഗപ്പെടുത്താവുന്ന സമാഹാരമാണിത്. വിശിഷ്യാ, പത്താം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനുമിടയിലെ ഇസ്‌ലാമിക ചരിത്രം ഇരുട്ടിന്റെ മറവില്‍ കിടക്കുന്നത് തുടരുമ്പോള്‍. പല പുസ്തകങ്ങളായും ഭാഗങ്ങളായും ഗൊയ്‌ട്ടെന്‍ ഗനീസ സ്രോതസ്സുകള്‍ വിവര്‍ത്തനം ചെയ്ത് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ 2008 ല്‍ എസ്.ഡി. ഗൊയ്‌ട്ടെനും മൊര്‍ഡെകായ് അകിവ ഫ്രീഡ്മാനും ചേര്‍ന്ന് തയ്യാറാക്കായി കൃതി 'മധ്യകാലങ്ങളിലെ ഇന്ത്യാകച്ചവടക്കാര്‍: കൈറോ ഗനീസയില്‍ നിന്നുമുള്ള രേഖകള്‍ - ഇന്ത്യാപുസ്തകം' ഇന്ത്യയിലെ കച്ചവടക്കാരെക്കുറിച്ച് മാത്രമാണെന്നതിനാല്‍ നമ്മുടെ ഗവേഷണതാല്‍പര്യങ്ങളുമായി ഏറെ അടുത്തുനില്‍ക്കുന്നുണ്ട്. 

ഏതായിരുന്നാലും പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള കാലങ്ങളിലെ ഇസ്‌ലാമിനെക്കുറിച്ച് പൊതുവായ ചില നിരീക്ഷണങ്ങള്‍ നമുക്ക് മുന്നോട്ട് വെക്കാന്‍ കഴിയും. മുസ്‌ലിംകളുടെ പ്രധാന ഉപജീവനമാര്‍ഗമായിരുന്ന കച്ചവടം തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നതിനാല്‍, പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള കാലയളവില്‍ മതപ്രവര്‍ത്തനങ്ങളും മതകേന്ദ്രങ്ങളും പ്രധാനമായും തീരപ്രദേശങ്ങളിലാണ് സജീവമായി ഉണ്ടായിരുന്നത്. ഉള്‍നാടുകളിലെ സമൂഹം പൊതുവെ കൃഷികളില്‍ വ്യാപൃതമാവുകയും, കൃഷിയില്‍ നിന്ന് സമാഹരിക്കുന്ന വിളകള്‍ പുഴകള്‍ വഴിയോ ചെമ്മണ്‍പാതകള്‍ വഴിയോ തീരപ്രദേശങ്ങളിലെത്തിക്കുകയും കച്ചവടം നടത്തുകയും ചെയ്തിരുന്നു. ഉള്‍പ്രദേശങ്ങളില്‍ മതപ്രവര്‍ത്തനങ്ങളും പ്രകടമായ മുസ്‌ലിംസാന്നിധ്യവും ആപേക്ഷികമായി വളരെ കുറവാണ്. എന്നുവെച്ച്, എം. ഗംഗാധരന്‍ നിരീക്ഷിക്കുന്നത് പോലെ പതിനെട്ടാം നൂറ്റാണ്ടിന് മുമ്പ് കേരളത്തിന്റെ ഉള്‍നാടുകളില്‍ മുസ്‌ലിംസാന്നിധ്യമോ പള്ളികളോ ഉണ്ടായിരുന്നില്ലെന്നര്‍ഥമില്ല. പുത്തനങ്ങാടിയിലെ പള്ളിയൊക്കെ ശക്തമായ തെളിവുകളോടെ ഇന്നും നിലനില്‍ക്കുമ്പോള്‍ അത്തരമൊരുവാദം ഉയര്‍ത്തുന്നത് ചരിത്രപരമായ അല്‍പത്തമെന്നല്ലാതെ മറ്റൊന്നും പറയാനാകില്ല.

മത-വൈജ്ഞാനിക-സമരങ്ങളുടെ മഖ്ദൂമിയന്‍ കാലം
പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളോടെ കേരളീയ ഇസ്‌ലാമിന്റെ സുവിദമായ കാലം അടയാളപ്പെടുത്തപ്പെട്ടു തുടങ്ങുന്നു. കേരളത്തിന്റെ തന്നെ ലഭ്യമായ ആദ്യത്തെ ചരിത്രഗ്രന്ഥം തുഹ്ഫത്തുല്‍ മുജാഹിദീന്‍ എഴുതപ്പെട്ട പതിനാറാം നൂറ്റാണ്ട് കേരളീയ ഇസ്‌ലാമിന്റെ കൂടെ ചരിത്രകാലത്തിന് തുടക്കം നല്‍കുന്നു. സംശയങ്ങളുടെ നിഴലില്‍ നിന്നും, ഊഹോപൂഹങ്ങളുടെ ചാരനിറങ്ങളില്‍ നിന്നും, വിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും ആധിപത്യത്തില്‍ നിന്നും മുക്തമായി പൂര്‍ണമായ ചരിത്രവെളിച്ചത്തിലേക്ക് മഖ്ദൂമുമാരുടെ കാലം നമ്മെ ആനയിക്കുന്നു. 

യമനിലെ മഅ്ബറില്‍ നിന്നാണ് മഖ്ദൂം കുടുംബം ദക്ഷിണേന്ത്യയിലേക്ക് കുടിയേറുന്നത്. കീളക്കര, കായല്‍പട്ടണം തുടങ്ങി തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരങ്ങളിലാണ് അവര്‍ ആദ്യം താമസമാക്കിയത്. മധുര, തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി, നാഗൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഇസ്‌ലാമിക പ്രചരണത്തില്‍ മഖ്ദൂം കുടുംബം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ ഏതാനും മഖ്ദൂമുമാര്‍ പൊന്നാനിയിലെത്തി. ശൈഖ് സൈനുദ്ദീന്‍ ഇബ്‌റാഹീം ബ്‌നു അഹ്‌മദ് ആയിരുന്നു ആദ്യമായി പൊന്നാനിയില്‍ സ്ഥിരതാമസമാക്കിയത്. കേരള മുസ്‌ലിംകളുടെ മക്ക എന്നറിയപ്പെടുന്ന പൊന്നാനി, പണ്ടുമുതലേ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കച്ചവട സാംസ്‌കാരിക വിനിമയങ്ങളുമായി ഏറെ ചേര്‍ന്നുനില്‍ക്കുന്ന തുറമുഖനഗരമായിരുന്നു. മഖ്ദൂമുമാരുടെ മതകീയ-വൈജ്ഞാനിക വ്യവഹാരങ്ങള്‍ പൊന്നാനിക്ക് പുതിയ മുഖം നല്‍കി. ശൈഖ് സൈദ്ദീന്‍ ഒന്നാമന്‍ പൊന്നാനിയില്‍ ജുമുഅത്ത് പള്ളി സ്ഥാപിക്കുകയും വൈജ്ഞാനികമായ അധ്യാപനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. മലബാറിലും മലബാറിന് പുറത്തും വളരെ പെട്ടെന്ന് പ്രശസ്തിയാര്‍ജിച്ച പൊന്നാനിയിലെ മതാധ്യാപന സദസ്സ്, ഏറെ താമസിയാതെ വ്യവസ്ഥാപിതമായ മതപഠനകേന്ദ്രമായി വളര്‍ന്നു. 

ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്റെ പുത്രന്‍ ശൈഖ് മുഹമ്മദ് ഗസ്സാലി ഉത്തരമലബാറിലെ മാഹിക്ക് സമീപമുള്ള ചൊമ്പാലില്‍ ജുമുഅഅത്ത് പള്ളി സ്ഥാപിക്കുകയും പൊന്നാനിയിലേത് പോലെ മതപഠനകേന്ദ്രത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഉത്തരമലബാറിലെ ഖാളിമാരുടെ ഖാളിയും മുഫ്തിയുമായിരുന്നു ശൈഖ് ഗസ്സാലി. അദ്ദേഹം ചൊമ്പാലിലെ വലിയകത്ത് തറകെട്ടി തറവാടില്‍ നിന്നും വിവാഹം കഴിച്ചു. അവരില്‍ നിന്നുണ്ടായ പുത്രനാണ്, തുഹ്ഫതുല്‍ മുജാഹിദീന്റെ രചയിതാവായ ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍. മലബാറിലെ പ്രാഥമിക പഠനങ്ങള്‍ക്ക് ശേഷം മക്കയില്‍ ഒരു ദശാബ്ധത്തോളം പഠനവും അധ്യാപനവും നടത്തിയ ശൈഖ് സൈനുദ്ദീന്‍, ഇമാം ശിഹാബുദ്ദീന്‍ അഹ്‌മദ് ബ്‌നു ഹജറുല്‍ ഹൈത്തമി, ശൈഖുല്‍ ഇസ്‌ലാം ഇസ്സുദ്ദീന്‍ അബ്ദുല്‍ അസീസുല്‍ സുമരി, അല്ലാമാ വജീഹുദ്ദീന്‍ അബ്ദുര്‍റഹ്‌മാന്‍ ബ്‌നു സിയാദ്, ശൈഖുല്‍ ഇസ്‌ലാം അബ്ദുര്‍റഹ്‌മാന്‍ ബ്‌നു സഫാ തുടങ്ങിയ ഇസ്‌ലാമിക ലോകത്തെ പ്രശസ്തപണ്ഡിതരുടെയെല്ലാം ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്. അബുല്‍ ഹസനുല്‍ സിദ്ദീഖ് അല്‍ ബകരിയില്‍ നിന്ന് തസ്വവുഫ്ഫില്‍ പ്രാവീണ്യം നേടിയ അദ്ദേഹം ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖായി അവരോധിതനായി. 

മക്കയില്‍ നിന്ന് തിരിച്ചെത്തിയ ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍, പൊന്നാനിയിലെ ദര്‍സില്‍ ദീര്‍ഘകാലം അധ്യാപനം നടത്തുകയുണ്ടായി. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ രണ്ടാമത്തെ പുത്രന്‍ ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം പൊന്നാനിയില്‍ അധ്യാപനം നടത്തുന്ന സമയത്തുതന്നെ ശൈഖ് സൈനുദ്ദീന്‍ രണ്ടാമനും  പൊന്നാനിയില്‍ പഠിപ്പിച്ചിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂമും കേരളീയ ഇസ്‌ലാമിക ചരിത്രത്തില്‍ തന്റെതായ ഇടം അടയാളപ്പെടുത്തിയിട്ടുണ്ട്. 

ഫത്ഹുല്‍ മുഈന്‍, ഇര്‍ശാദുല്‍ ഇബാദ, അല്‍ അജ്‌വിബതുല്‍ അജീബ, അഹ്കാമുന്നികാഹ്, അല്‍ മന്‍ഹജുല്‍ വാളിഹ്, അദ്കിയ, തഹ്‌രീള് തുടങ്ങി നിരവധി കൃതികള്‍ ഇസ്‌ലാമിക കര്‍മശാസ്ത്രവുമായും ആധ്യാത്മികതയുമായും അറബ് വ്യാകരണശാസ്ത്രവുമായും ബന്ധപ്പെട്ട് മഖ്ദൂം കുടുംബം സംഭാവന ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ഇസ്‌ലാമിക ചരിത്രത്തില്‍ പ്രധാനമായും ആഗോളതലത്തിലുള്ള ഇസ്‌ലാമികചരിത്രത്തില്‍ ഭാഗികമായും മഖ്ദൂമുമാര്‍ തങ്ങളുടെ ചരിത്രപരമായ ഭാഗധേയങ്ങള്‍ നിലനിര്‍ത്തുന്നു. അധിനിവേശവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മഖ്ദൂമുമാരെക്കുറിച്ച് കേരളത്തിനകത്തും പുറത്തുമായി നിരവധി അക്കാദമിക പഠനങ്ങള്‍ നടന്നിട്ടുള്ളതിനാല്‍ തന്നെ, വിശദമായ ഒരവലോകനം ഇനിയും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

മഖ്ദൂമുമാരുടെ പ്രഭാവകാലത്തിന് സമാന്തരമായും അതിന് ശേഷവും കേരളീയ ഇസ്‌ലാമില്‍ നേതൃപരമായ പങ്ക് വഹിച്ചവരാണ് കോഴിക്കോട് ഖാദിമാര്‍. ഇന്നും തുടരുന്ന അവരുടെ നേതൃത്വം വളരെ വ്യവസ്ഥാപിതമായ രീതിയില്‍ മതപ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിലും മുന്നോട്ടുകൊണ്ടുപോകുന്നതിലും കാലോചിതമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. കുഞ്ഞാലി മരക്കാര്‍മാരുടെ സമരകാലങ്ങള്‍ മുതല്‍ മുഖ്യധാരയിലും  സാമുദായിക കേന്ദ്രങ്ങളിലും ദൈനംദിന വ്യവഹാരങ്ങളുമായി നിരന്തരം ഇടപെടുന്ന വ്യവസ്ഥാപിതമായ മറ്റൊരു നേതൃത്വം കേരളീയ ഇസ്‌ലാമിനകത്ത് കാണാന്‍ കഴിയില്ല. കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ട ഒരു മേഖലയാണ് കോഴിക്കോട് ഖാളിമാരുടെ ചരിത്ര-സാമൂഹിക-നേതൃത്വ ഭാഗധേയങ്ങള്‍. സയ്യിദുമാര്‍, പൊന്നാനിക്കപ്പുറത്തുള്ള മതപണ്ഡിതന്മാര്‍, ഖാളിമാര്‍ തുടങ്ങിയവരെക്കുറിച്ചും കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.

1920കളും സംക്രമണകാലവും
വളരെ ചരിത്രപരമായ ചില മാറ്റങ്ങളാണ് 1921ന് മുമ്പും ശേഷവുമുള്ള മാപ്പിളമാരുടെ പൊതുസ്വത്വത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.  ചരിത്രത്തില്‍ മാപ്പിളമാരുടെ പ്രവര്‍ത്തനങ്ങളുടെ സ്വഭാവം എന്തായിരുന്നുവെന്നും, 1921 ന് ശേഷം അതിന് വല്ല മാറ്റവും ഉണ്ടായിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ അത് എന്താണ് എന്നും പരിശോധിക്കാം.

1792 ല്‍ ബ്രിട്ടീഷുകാര്‍ മലബാറിന്റെ ഭരണം കൈയാളിയതുമുതലുള്ള കാലമാണ് നമ്മുടെ 'ചര്‍ച്ചാകാലം.' ഇന്നത്തെ മലപ്പുറം ജില്ലയിലെ വള്ളുവനാട്, ഏറനാട്, പൊന്നാനി പ്രദേശങ്ങളും കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ പ്രദേശവുമാണ് നമ്മുടെ 'ചര്‍ച്ചാപരിധി.' മറ്റു പ്രദേശങ്ങളെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ ചരിത്രസ്രോതസ്സുകളില്‍ വളരെ പരിമിതമാണ്. ഈ 'കാല'ത്തില്‍ നിന്നോ 'പരിധി'യില്‍ നിന്നോ പ്രത്യേകിച്ച് ഏതെങ്കിലുമൊരു വര്‍ഷമോ പ്രദേശമോ എടുത്ത് നമ്മള്‍ ചര്‍ച്ച ചെയ്യുന്നില്ല. മറിച്ച് വളരെ പൊതുവായ വിശകലനങ്ങള്‍. ഈ മൂന്ന് പ്രദേശങ്ങളെയും രണ്ട് നൂറ്റാണ്ടുകളിലധികം വരുന്ന കാലവും മുന്‍നിര്‍ത്തി മാപ്പിളമാരുടെ സ്വഭാവത്തിന് (മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സ്വത്വത്തിന്) വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്... എങ്ങനെയൊക്കെയാണ്.. അതാണ് നമ്മള്‍ നോക്കുന്നത്.

മലബാറില്‍ ബ്രിട്ടീഷുകാര്‍ ഭരണം തുടങ്ങിയതു മുതല്‍ തദ്ദേശീയര്‍ക്കിടയില്‍ വളരെ അസംതൃപ്തി നില നിന്നിരുന്നു. ഉണ്ണിമൂസ മൂപ്പന്‍, ചെമ്പന്‍ പോക്കര്‍, ഹൈദ്രോസ്, ഹസന്‍ ഗുരിക്കള്‍ തുടങ്ങിയവര്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ അവനാസാന ദശകത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലുമായി വെള്ളക്കാരോട് ധീരഘോരം പോരാടി. പഴശ്ശി രാജയൊക്കെ വാളെടുക്കാന്‍ തുടങ്ങുന്നതിന് എത്രയോ മുമ്പേ ഇവര്‍ വള്ളുവനാട്ടിലും ഏറനാട്ടിലുമായി ബ്രിട്ടീഷുകാരോട് പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു.  1805- 1806 വര്‍ഷങ്ങളില്‍, നീണ്ട പോരാട്ടങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷുകാര്‍ എല്ലാവരെയും മൃഗീയമായി കൊന്നൊടുക്കി. 

1817 ല്‍ ഹസന്‍ ഗുരിക്കളുടെ മകന്‍ മഞ്ചേരിയില്‍ ചെറുതായൊരു കലാപം നടത്തിയെങ്കിലും ബ്രിട്ടീഷുകാര്‍ പെട്ടന്നുതന്നെ അടിച്ചമര്‍ത്തി. ഈയൊരു  കലാപമൊഴിച്ചു നിര്‍ത്തിയാല്‍, 1836 വരെയുള്ള കാലയളവില്‍, ഏറെക്കുറെ മൂന്നുപതിറ്റാണ്ട് കാലത്ത് കലാപങ്ങളൊന്നും നടന്നിട്ടില്ല. അതിനര്‍ഥം മലബാറില്‍ ദുരിതങ്ങളുണ്ടായിരുന്നില്ലെന്നോ, മാപ്പിളമാര്‍ക്ക് അധിനിവേശത്തോട് കൂറ് തോന്നിയെന്നോ അല്ല. വളരെ ദുരിതപൂര്‍ണമായ ജീവിതമായിരുന്നു അവരുടേത്. അധിക നികുതികളും കുടിയൊഴിപ്പിക്കലുകളും ഗവണ്‍മെന്റിന്റെയും ജന്മിമാരുടെയും പക്ഷപാതപരമായ നിലപാടുകളും മര്‍ദ്ദനങ്ങളുമെല്ലാം അവരുടെ നിത്യജീവിതം അതിദുരിത പൂര്‍ണമാക്കിക്കൊണ്ടിരിക്കുകയായിരുന്നു. എങ്ങനെ പ്രതികരിക്കുമെന്നറിയാതിരുന്ന അവര്‍ക്ക് നല്ലൊരു നേതൃത്വത്തിന്റെ അഭാവമുണ്ടായിരുന്നു. 

ഇക്കാലത്ത്, ആത്മീയമായ നേതൃത്വത്തിലും മതകാര്യങ്ങളിലും നിസ്തുലനായി സാത്വിക ജീവിതം നയിച്ചിരുന്ന മഹാനായ മമ്പുറം സയ്യിദ് അലവി തങ്ങള്‍  ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും, ബ്രിട്ടീഷുകാരുടെ ഭരണമാണ് ഇതിനെല്ലാം കാരണമെന്ന് തിരിച്ചറിയുകയും ചെയ്തു. ഗവണ്‍മെന്റും പോലിസും ഉദ്യോഗസ്ഥരും ജന്മിമാരുമെല്ലാം സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍ക്കെതിരെ ഒറ്റെക്കെട്ടായി നില്‍ക്കുന്നത് കണ്ടപ്പോള്‍, അവര്‍ക്കെതിരെ പോരാടുകയല്ലാതെ മറ്റുവഴികളില്ലെന്ന് മഹാനവര്‍കള്‍ മനസ്സിലാക്കി. അങ്ങനെ പോരാട്ടങ്ങള്‍ക്കുള്ള ആഹ്വാനങ്ങള്‍ മമ്പുറത്തുനിന്നും മുഴങ്ങി.

1836 ലാണ് അങ്ങനെ ബ്രിട്ടീഷുകാര്‍ക്കെതിരെ മാപ്പിളമാര്‍ പരസ്യമായി വീണ്ടും രംഗത്തെത്തുന്നത്. തിരൂരങ്ങാടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തുടങ്ങിയ കലാപങ്ങള്‍ മറ്റുപ്രദേശങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരുന്നു. തന്നെ സന്ദര്‍ശിക്കാനെത്തുവരോടും ആശീര്‍വാദങ്ങള്‍ വാങ്ങാനെത്തുന്നവരോടും, ബ്രിട്ടീഷ് ഭരണകൂടത്തിന്നെതിരെ നില്‍ക്കാന്‍ തങ്ങള്‍ ആഹ്വാനം ചെയ്തു. 

1841 ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ യുദ്ധാഹ്വാനവുമായി തങ്ങള്‍ 'സൈഫുല്‍ ബത്താര്‍ അലാ മന്‍ യുവാലില്‍ കുഫ്ഫാര്‍' എന്ന ഗ്രന്ഥവുമെഴുതി. ബ്രിട്ടീഷ് ഗവണ്‍മെന്റിനെയും അവര്‍ക്ക് ഓശാന പാടുന്നവരെയുമെല്ലാം നിശിതമായി വിമര്‍ശിച്ച തങ്ങള്‍, വിശുദ്ധ യുദ്ധത്തിന്റെ ആവശ്യകതയും ശ്രേഷ്ഠതകളും ഊന്നിപ്പറഞ്ഞു.  തങ്ങളുടെ പ്രഖ്യാപനങ്ങള്‍ നെഞ്ചേറ്റിയ മാപ്പിള സമുദായം ഒറ്റക്കും കൂട്ടമായും ബ്രിട്ടീഷുകാര്‍ക്കെതിരെയും അവര്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്കെതിരെയും പോരാട്ടങ്ങള്‍ ശക്തമാക്കി. 

1843 ല്‍ തങ്ങള്‍ വഫാത്താവുകയും പുത്രന്‍ സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങള്‍ അറേബ്യയിലേക്ക് പോകുകയും ചെയ്തു. ശരിക്കും നാഥനില്ലാതായ മാപ്പിളമാര്‍ എന്തുചെയ്യണമെന്നറിയാതെ നിന്നു. ഒന്നുരണ്ടു കലാപങ്ങള്‍ പിന്നീട് നടന്നെങ്കിലും അധികം നീണ്ടുനിന്നില്ല. ആറുവര്‍ഷം കഴിഞ്ഞാണ് ഫദ്ല്‍ പൂക്കോയ തങ്ങള്‍ അറേബ്യയില്‍ നിന്നും തിരിച്ചെത്തുന്നത്. പിതാവിന്റെ പാത പിന്തുടര്‍ന്ന്, ബ്രിട്ടീഷുകാര്‍ക്കെതിരെ അദ്ദേഹവും ശക്തമായി നിലകൊണ്ടു. 'സൈഫുല്‍ ബത്താര്‍' പോലെ, അദ്ദേഹവും വെള്ളക്കാര്‍ക്കെതിരെ കൂടുതല്‍ ശക്തമായ  ഭാഷയില്‍ ഒരു ഗ്രന്ഥമെഴുതി: 'ഉദ്ദത്തുല്‍ ഉമറാഅ് വല്‍ ഹുക്കാം ലി ഇഹാനത്തില്‍ കഫറതി വല്‍ അസ്‌നാം'. പിതാവിനെക്കാളും കൂടുതല്‍ കര്‍ക്കശമായ നിലപാടുകളായിരുന്നു ഫദ്ല്‍ പൂക്കോയ തങ്ങളുടേത്. (രണ്ട് കൃതികളും ബ്രിട്ടീഷുകാര്‍ നിരോധിക്കുകയും കണ്ടുകെട്ടുകയും ചെയ്തു.)

രണ്ട് മമ്പുറം തങ്ങന്മാരും അവരുടെ രണ്ട് കൃതികളും ശരിക്കും മാപ്പിളമാരുടെ സ്വത്വം നിര്‍ണയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ രണാങ്കളങ്ങളിലിറങ്ങാനും, അവരോട് സന്ധിയില്ലാ സമരം ചെയ്യാനും മാപ്പിളമാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ മമ്പുറം തങ്ങന്മാര്‍ അവരുടെ ജീവിതവ്യവസ്ഥകളെയും രീതികളെയും അപ്പാടെ സ്വാധീനിച്ചിരുന്നു. ആത്മീയവും പാവനവുമായ ഒരു ലക്ഷ്യത്തിന് വേണ്ടി ജീവന്‍ ബലി കൊടുത്ത് പോരാടുക എന്ന ജീവിതമുദ്ര മനസ്സിലുറപ്പിച്ച്, പോരാട്ട വീര്യവുമായി  അവര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയും അവരുടെ പിണിയാളുകള്‍ക്കെതിരെയും നിരന്തരം പോരാടി. 

1852ല്‍ സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങള്‍ അറേബ്യയിലേക്ക് നാടു കടത്തപ്പെട്ടെങ്കിലും, അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ജീവിതസന്ദേശങ്ങള്‍ അപ്പാടെ ഏറ്റുപിടിച്ച മാപ്പിളമാര്‍ വീണ്ടും രണോത്സുകരായി പടക്കളങ്ങളില്‍ പൊരുതി. തുടരെത്തുടരെ മാപ്പിളമാര്‍ പല സ്ഥലങ്ങളിലും വര്‍ഷങ്ങളിലുമായി ബ്രിട്ടീഷുകാര്‍ക്കെതിരെ മാപ്പിളമാര്‍ കൊലവിളിച്ചുകൊണ്ടിരുന്നു. വിവിധ നിയമങ്ങളും നടപടികളും കൊണ്ടുവന്ന് കലാപങ്ങള്‍ക്ക് തടയിടാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തി നോക്കി. എന്നാല്‍, മമ്പുറം തങ്ങന്മാര്‍ പകര്‍ന്നുതന്ന അധിനിവേശവിരോധവും ദൈനംദിന ജീവിതദുരിതങ്ങളും കൊണ്ട് രണോത്സുകതയില്‍ അധിഷ്ഠിതരായിരുന്ന, മാപ്പിളമാരുടെ പോരാട്ട വീര്യങ്ങള്‍ക്ക് മുമ്പില്‍ അവയൊന്നും വിലപ്പോയില്ല. 

കിരാതമായ പട്ടാള നടപടികള്‍ കൊണ്ട് ഓരോ കലാപത്തെയും അടിച്ചൊതുക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ശ്രമിച്ചുനോക്കി. അതും മാപ്പിളമാരുടെ 'ജീവന്‍ഭയമില്ലായ്മ'യില്‍ നിഷ്ഫലമായി. മമ്പുറം തങ്ങന്മാര്‍ പകര്‍ന്നുതന്ന ജിഹാദിന്റെ വിശുദ്ധ പാഠങ്ങള്‍ നെഞ്ചേറ്റിയിരുന്ന, ആ മാപ്പിളയോദ്ധാക്കളെ സംബന്ധിച്ചിടത്തോളം, ഐഹിക ജീവിതവും ജീവനും എത്രയോ നിസ്സാരമാണ്. പാവനും അനശ്വരവുമായ പാരത്രിക ജീവിതത്തിന്റെ വിജയമായിരുന്നു ആത്മീയ ശ്രേണികളുടെ പടവുകള്‍ മുന്നില്‍ കണ്ടിരുന്ന അവരുടെ ഒരേയൊരു ലക്ഷ്യം. 

അങ്ങനെ, 1921 ലെ ഐതിഹാസിക പോരാട്ടം വരെ 1836 മുതല്‍ നൂറുകണക്കിന് കലാപങ്ങളാണ് മട്ടന്നൂര്‍, വള്ളുവനാട്, ഏറനാട്, പൊന്നാനി താലൂക്കുകളിലായി നടന്നത്. 1921 ലെ കലാപം അതുവരെ നടന്ന കലാപങ്ങളുടെയെല്ലാം മൂര്‍ത്തീകരണമായിരുന്നു. അത്രയും വിപുലവും വിശാലവും ജനകീയവുമായ ഒരു കലാപം അതിനു മുമ്പെങ്ങും നടന്നിരുന്നില്ല. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പതിനായിക്കണക്കിന് മാപ്പിളമാര്‍ ഒറ്റക്കെട്ടായി ബ്രിട്ടീഷുകാര്‍ക്കെതിരെ  വീരപോരാട്ടവുമായി നെഞ്ചുവിരിച്ചു മുന്നിട്ടിറങ്ങി. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും നീണ്ടുനിന്ന കലാപം ബ്രിട്ടീഷുകാരുടെ അത്യാധുനിക സൈനിക സൗകര്യങ്ങള്‍ക്ക് കൊണ്ടൊന്നും പെട്ടന്ന് അടിച്ചമര്‍ത്താന്‍ കഴിഞ്ഞില്ല. 

ചരിത്രത്തിന്റെ വിശദീകരണങ്ങളിലേക്ക് കടക്കുന്നില്ല. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ക്ക് കൈയും കണക്കുമില്ലല്ലോ. ഏതായാലും, വളരെ കിരാതമായി ബ്രിട്ടീഷുകാര്‍ കലാപം അടിച്ചമര്‍ത്തുക തന്നെ ചെയ്തു. കലാപാനന്തരം മലബാറിന്റെ സ്ഥിതി അതിദയനീയമായിരുന്നു. 'കൊല്ലപ്പെട്ട മാപ്പിളമാര്‍ക്ക് കൈയും കണക്കുമില്ല. അമ്പതിനായിരത്തോളം മാപ്പിളമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 

പതിനാലായിരത്തോളം പേര്‍ ഒന്നുകില്‍ കൊല്ലപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ചെയ്തു. നിരവധി കുട്ടികളെയും സ്ത്രീകളെയും ബ്രിട്ടീഷ് പട്ടാളം കൊന്നൊടുക്കി.' എം.പി.നാരായണ മേനോന്റെ കലാപസ്മൃതികളില്‍ തെളിയുന്നതാണീ വാക്കുകള്‍. 
കലാപം അടിച്ചമര്‍ത്തപ്പെട്ടതോടെ മലബാറിന്റെയും മാപ്പിളമാരുടെയും മുന്നോട്ടുള്ള പ്രയാണം അതീവ ദുര്‍ഘടമായിരുന്നു. പറയത്തക്കതായ നേതാക്കളാരും തന്നെയില്ല. എല്ലാവരും ഒന്നുകില്‍ കൊല്ലപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ചെയ്തിരിക്കുന്നു. മതപരമായും രാഷ്ട്രീയമായും സാമ്പത്തികമായും തികഞ്ഞ അരക്ഷിതാവസ്ഥ എങ്ങും കളിയാടി. ആ ദാരുണാവസ്ഥയില്‍ നിന്നും സമുദായത്തെ കൈപിടിച്ചുയര്‍ത്താന്‍ പെട്ടൊന്നൊരു ഹസ്തവും ഉയര്‍ന്നുവന്നില്ല.

ഈ അരക്ഷിതാവസ്ഥ മുതലെടുത്താണ് ചില തല്‍പര കക്ഷികള്‍ മതപരിഷ്‌കരണത്തിന്റെയും മതനവീകരണത്തിന്റെയുമെല്ലാം ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊടുങ്ങല്ലൂരില്‍ തലയുയര്‍ത്തുന്നത്.  പാരമ്പര്യനിഷേധവും മതപരിഷ്‌കരണവും മുഖമുദ്രയാക്കിയ അവര്‍ പുത്തന്‍വാദങ്ങളുടെ വിഷവിത്തുക്കള്‍ സാധാരണക്കാര്‍ക്കിടയില്‍ ഗൂഢമായി വിതക്കാന്‍ തുടങ്ങി. ഇതുതിരിച്ചറിഞ്ഞ മഹാന്മാരായ നേതാക്കള്‍ അവര്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കുകയും 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന മഹല്‍പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഇരുകൂട്ടരും ദീര്‍ഘമായ വാദപ്രതിവാദങ്ങള്‍ നടത്തുകയും, പുത്തന്‍ വാദത്തിന്റെ മുനയൊടിക്കുന്നതില്‍ മഹാനുഭാവരായ പാരമ്പര്യ പണ്ഡിതശ്രേഷ്ഠര്‍ അതീവ ശ്രദ്ധാലുക്കളാവുകയും ചെയ്തു. അല്ലാഹു അവര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കുകയും അവരോടൊപ്പം നമ്മെ എല്ലാവരെയും നാളെ അവന്റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ച് കൂട്ടുകയും ചെയ്യുമാറാകട്ടെ. ആമീന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter