അഭിനയം ഇസ്ലാമിക വിരുദ്ധമാണോ? നാടകം കളിക്കലും സിനിമയിൽ അഭിനയിക്കലും അഹ്‌ലുസുന്നയുടെ പ്രമാണങ്ങൾക്ക് എതിരാണോ? ഇന്ന് ആഗോള മുസ്‌ലിം സമൂഹത്തിൽ സജീവമായ "ഇസ്‌ലാമിക " സിനിമകളും സീരിയലുകളും ഒക്കെ എങ്ങിനെയാണ് നോക്കിക്കാണേണ്ടത്? ദഅവത്തിന് ഇത്തരം മാര്ഗങ്ങള് ഉപയോഗിക്കാമോ?

ചോദ്യകർത്താവ്

Mishal

Jan 28, 2019

CODE :Aqe9092

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

അഭിനയം നാടകത്തിലായാലും സിനിമയിലായാലും വിധി ഒന്നു തന്നെയാണ്. കാലാങ്ങളായി ഈ രണ്ട് മാധ്യമങ്ങളിലും പൊതുവെ അനിസ്ലാമിക ധാരാളമായി നിറഞ്ഞു നിൽക്കുന്നതിനാലാണ് അവ നിഷിദ്ധമാണെന്നും അതിലേക്ക് അടുത്തു പോകരുതെന്നും തീർത്ത് പറയാൻ ഇസ്ലാമിക പണ്ഡിതന്മാർ നിർബ്ബന്ധിതരായത്.. എന്നാൽ ആധുനിക യുഗത്തിൽ ജന മനസ്സുകളിൽ ഏറേ സ്വാധീനം ചെലുത്താൻ കഴിവുള്ള ഈ മാധ്യമം മത ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ വേണ്ടി മതത്തിന്റെ ചട്ടക്കൂടിൽ നിന്ന് കൊണ്ട് ഉപയോഗപ്പെടുത്താൻ കഴിയുമെങ്കിൽ അത് നല്ലതും ദീനിനെ സഹായിക്കലുമാണ്.

നബി (സ്വ)യുടെ കാലത്ത് കളവും പക്ഷപാതിത്തവും ദൈവ നിഷേധവും പ്രേമവും കാമവും മദ്യവും മദിരാക്ഷിയും അരങ്ങു തകർത്ത മാധ്യമമായിരുന്നു കവിത. പരിശുദ്ധ ഖുർആൻ വരേ അതി നിശിതമായി കവികളെ ആക്ഷേപിച്ചിരുന്നു അല്ലാഹു പറയുന്നു:.’ കവികളോ, അവരെ പിൻപറ്റുക ദുർമ്മാർഗികളാണ്. അവർ സകല താഴ്വരകളിലും അലഞ്ഞ് നടക്കുകയും ചെയ്യാത്ത കാര്യങ്ങൾ പറഞ്ഞു നടക്കുകയും ചെയ്യും’ (സൂറത്തുശ്ശുഅറാഅ്). നബി (സ്വ) ചില കവികളുടെ ശല്യം അസഹ്യമായപ്പോൾ അവർക്കെതിരെ ശക്തമായ നിലപാടെടുകക്കുകയും ചെയ്തിരുന്നു. എന്നാൽ അതോടൊപ്പം നബി (സ്വ) ഈ മാധ്യമം മത ധാർമ്മിക മൂല്യങ്ങൾ ഉർത്തിപ്പിടിക്കാനും അല്ലാഹുവിനേയും റസൂലിനേയും ഇസ്ലാമിനേയും മുസ്ലിംകളേയും പ്രതിരോധിക്കുവാനും തന്റെ അനുചന്മാരിലെ കവി സ്രേഷ്ഠന്മാരോട് ആഹ്വാനം ചെയ്തിരുന്നു.

ഏറ്റവും സത്യസന്തമായ കവിത ലബീദു ബിൻ റബീഅ (റ)വിന്റെ  ഒരു കവിതാ ശകലമാണെന്ന് നബി (സ്വ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.. ഈ ലബീദ് എന്നവർ ജാഹിലിയ്യാ കാലത്ത് പതിറ്റാണ്ടുകളോളും അധാർമ്മി കവിത രചിച്ച വ്യക്തി കൂടിയായിരുന്നു. കഅ്ബു ബിൻ സൂഹൈർ (റ) മുമ്പ് അനിസ്ലാമിക കവിതയെഴുതി ഇസ്ലാമിനെ വെല്ലുവിളിക്കുകയും അദ്ദേഹത്തിനെതിരെ നബി (സ്വ) രംഗത്തിറങ്ങുകയും ചെയ്തിരുന്നു. എന്നാൽ അതേ കഅ്ബ് എന്നവർ പിന്നീട് തന്റെ ആ അനിസ്ലാമിക ശൈലി മാറ്റി ആ മാധ്യമത്തെ ഇസ്ലാമികമായി ഉപോയഗിക്കാൻ തുടങ്ങിയപ്പോൾ നബി (സ്വ) തന്റെ പുതപ്പെടുത്ത് അദ്ദേഹത്തിന് അണിയിച്ച് കൊടുത്ത് അദ്ദേഹത്തിന്റെ ഈ നിലപാടിനെ അഭിനന്ദിക്കുകയും ആദരിക്കുകകയും ചെയ്തിരുന്നു (അൽ ബിദായത്തു വന്നിഹായഃ, അൽ ഗാബഃ). ശത്രുക്കൾ ഇസ്ലാമിനെ കവിത എന്ന മാധ്യമമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചപ്പോഴൊക്കെ ഹസ്സാനു ബിൻ സാബിത്ത് (റ), അബ്ദുല്ലാഹി ബിനു റവാഹഃ (റ), കഅ്ബു ബിൻ മാലിക് (റ) അടക്കമുള്ളവരെക്കൊണ്ട് അതേ മാധ്യമം ഉപയോഗിച്ച് നബി (സ്വ) പ്രതിരോധം തീർത്തിരുന്നു (സിയർ).

ഇതു പോലെ പിന്നീട് വന്ന ഓരോ കാലഘട്ടത്തിലും ജനങ്ങൾ കൂടുതലായി സ്വാധീനിക്കപ്പെടുകുയും വഞ്ചിക്കപ്പെടുകയും ചെയ്ത് ഇസ്ലാമിനെതിരേ ഉപയോഗിക്കപ്പെട്ട മാധ്യമങ്ങളേയു രീതികളേയും ഉപയോഗിച്ച് ഇസ്ലാമിനേയും മാനവിക മൂല്യങ്ങളേയും പ്രതിരോധിച്ച ചരിത്രമാണ് മുസ്ലിംകൾക്കുള്ളത്. യുക്തിവാദം ഇസ്ലാമിന്റെ നട്ടെല്ലൊടിക്കാൻ കച്ച കെട്ടിയിറങ്ങിയ ഘട്ടത്തിലാണ് ഇമാം അബൂ ഹനീഫ (റ)യെപ്പോലുള്ളവർ ആ മാർഗത്തിലൂടെ അവരെ നേരിട്ട് പരാജയപ്പെടുത്തിയത്. ഇസ്ലാമിക വിശ്വാസത്തെ മുഅ്തസില, ഖദിരിയ്യ, ജബ്രിയ്യ തുടങ്ങിയവർ ബുദ്ധി ഉപയോഗിച്ച് ദുർവ്യാഖ്യാനം ചെയ്ത് മുസ്ലിംകളുടെ വിശ്വാസത്തെ കളങ്കപ്പെടുത്താൻ ശ്രമിച്ചപ്പോൾ അന്നത്തെ പണ്ഡിതന്മാർ (കൂടുതൽ ചിന്തിച്ചാൽ വിശ്വാസ ഭ്രംശം സംഭവിക്കും എന്ന് പേടിക്കാതെ) അതേ മാർഗം ഉപയോഗിച്ച് അവരെ പ്രതിരോധിച്ച് അക്കാലത്തേയും പിൽക്കാലത്തേയും ജനങ്ങളൂടെ വിശ്വാസത്തിന് രക്ഷാ കവചമേകി. ആ ദൌത്യ നിർവ്വഹണത്തിൽ ഏറെ മികച്ച സംഭവാനകളായിരുന്നു ഇമാമു അഹ്ലിസ്സുന്ന അബൂ മൂസൽ അശ്അരി, ഇമാമു അഹ്ലിസുന്ന അബു മൻസ്വൂർ അൽ മാതുരീതീ എന്നിവരുടേത്. പിന്നീട് തത്വ ചിന്ത അതിന്റ സീമകൾ ലംഘി.ച്ച കാലത്ത് ഇസ്ലാമിക പണ്ഡിതർ ഖുർആനും ഹദീസും പഠിക്കുന്നതോടൊപ്പം തത്വ ചിന്തയും പഠിച്ച് ആ മാധ്യമം ഉപോഗിച്ച ്തകർക്കാൻ ശ്രമിച്ച മൂല്യങ്ങളെ സംരിക്ഷിക്കാൻ മുന്നോട്ടു വന്നു. ഇമാം ഗസാലി (റ) ഈ ഗണത്തിലെ പ്രധാനിയായിരുന്നു. ഇതൊരു ബ്രഹത്തായ ചർച്ചയായി വിവരണം അർഹിക്കുന്നുവെങ്കിലും ചോദ്യത്തര പംക്തിയായത് കൊണ്ട് ചുരുക്കുന്നു.

ഇന്നത്തെ കാലത്ത് പൊതുവേ ജനങ്ങൾ സ്വാധീനിക്കപ്പെടുന്ന മാധ്യമങ്ങളാണ് നാടകവും സിനിമയും ഡോക്യമെന്ററികളും സോഷ്യൻ മീഡീയാ മെസ്സേജുകളും ഓഡിയോകളും വീഡിയോകളുമെല്ലാം. തുടക്കത്തിൽ പറയപ്പെട്ടത് പോലെ ചലിക്കുന്ന വ്യക്തികളിലൂടെ ആശങ്ങൾ കൈമാറുന്ന നാടകത്തിന്റേയും ചലിക്കുന്ന ചിത്രങ്ങളിലൂടെ ആശയങ്ങൾ കൈമാറുന്ന സിനിമയുടേയും ജാതകം അനിസ്ലാമികുമായ കാര്യങ്ങളിലും ഇസ്ലാമിക ദൃഷ്ട്യ അധാർമ്മികതയേയും അരാചത്വത്തേയും ബഹു ദൈവാരാധനയേയും മത നിരാസത്തേയും പ്രോത്സാഹിപ്പിക്കുന്നതിലും അധിഷ്ഠിതമാണെന്ന് പറയപ്പെടാവുന്ന വിധം ഉപയോഗപ്പെടുത്തപ്പെട്ടത് കൊണ്ടാണ് പണ്ഡിതന്മാർ അതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിത്. എന്നാൽ ഇന്ന് ആ മാധ്യമങ്ങൾ ഉപയോഗിച്ച് മത-മാനവിക മൂല്യങ്ങൾക്ക് പ്രതിരോധം തീർക്കാൻ സമുദായം പ്രാപ്തമാൻ നിർബ്ബന്ധിതരായിരിക്കുയാണ്. ഈ ഘട്ടത്തിൽ ശർഇന്റെ വിധിവിലക്കുകൾ പൂർണ്ണമായി പാലിച്ച് അതിന് വേണ്ടി ശ്രമിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് തന്നെയാണ്. . നബി (സ്വ)യുടെ പ്രധാന കവികളിലൊരാളായിരുന്ന കഅ്ബു ബിൻ മാലിക് (റ) ഒരിക്കൽ നബി (സ്വ) യോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ കവികളെക്കുറിച്ച് അല്ലാഹു വളരേ മോശമായി ഖുർആനിൽ ആയത്തിറക്കിയിട്ടില്ലേ?’ തദവസരം നബി (സ്വ) പ്രതിവചിച്ചു:.”വാളു കൊണ്ടും നാവു കൊണ്ടും യുദ്ധം ചെയ്യുന്നവനാണ് യോദ്ധാവ്. അല്ലാഹുവാണ് സത്യം നിങ്ങളൊക്കെ കവിത കൊണ്ട് നാവിനാൽ അവരെ പ്രതിരോധിക്കുമ്പോൾ നിങ്ങൾ ശരിക്കും ഉന്നം പിഴക്കാതെ അമ്പെയ്യുന്നത് പോലെയാണ് തോന്നാറുള്ളത് (അസ്സുനനുൽ കുബ്റാ, അൽ മുഅ്ജമുൽ കബീർ, മുസ്നദ് അഹ്മദ്, മുസ്വന്നഫ് അബ്ദുർ റസ്സാഖ്).

എന്നാൽ ഈ വിഷയത്തിൽ ചില കാര്യങ്ങൾ ഗൌരവത്തിലെടുത്ത് വേണം ആരായാലും ഈ യജ്ഞത്തിനറങ്ങാൻ. അവയെക്കുറിച്ച ഒരു ലഘു വിവരണത്തിന് FATWA CODE: Oth9038   എന്ന ഭാഗം നോക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter