അസ്സലാമു അലൈകും , വിട വാങ്ങാൽ തവാഫ് നിർബന്ധം ആകുന്നട് ആർക്കൊക്കെ ...? വിട വാങ്ങൽ തവാഫ് ഹജ്ജിന്റെയോ ഉംറയുടെയോ ഭാഗമായുള്ളടാനോ ..? ചെയ്യാതെ തിരിച്ചു പോന്നാൽ ഉള്ള problems എന്തെല്ലാം ( ഈ സമയങ്ങളിൽ പ്രായമുള്ളവർക്ക് അവിടുത്തെ തിരക്കു മൂലം ചെയ്യാൻ സാധിക്കുന്നില്ല ..അതുപോലെ സൗദിയിൽ നിന്നും ഉംറ ട്രാവൽസിന്റെ കീഴിൽ പോകുന്ന പല ആളുകൾക്കും സമയ കുറവ് മൂലം വിടവാങ്ങൽ ത്വവാഫ് ചെയ്യാൻ കഴിയാറില്ല ..) ജുമുഹ കഴിഞ്ഞു ആണ് ഹറം ന്നു തിരിച്ചു പോണ്ടേ അപ്പോൾ വിടവാങ്ങൽ ത്വവാഫ് ജുമുഹന്റെ മുമ്പ് ചെയ്‌തു ജുമുഹകു കാത്തിരിക്കാമോ ..? jeddah യിൽ സ്ഥിര താമസം ഉള്ളവർ സാദാരണ ഉംറ കഴിഞ്ഞാൽ വിടവാങ്ങൽ ത്വവാഫ് ചെയ്യാറില്ല ഇതിനെ കുറിച്ചും ഒന്ന് വിശദീകരിക്കാമോ ..?
ചോദ്യകർത്താവ്
jamsheed
Jun 6, 2019
CODE :Fiq9313
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ത്വവാഫുൽ വദാഅ് ഹജ്ജിന്റേയോ ഉംറയുടേയോ ഭാഗമല്ല എന്നും മക്കയിലേക്ക് ഹജ്ജിനോ ഉംറക്കോ മറ്റേത് ആവശ്യത്തിനോ പോയിട്ടുള്ള ആരും അവിടെ നിന്ന് 132 കിലോമീറ്ററോ അതിലധികമോ ദൂരത്തേക്കോ തിരിച്ച് വരുമ്പോൾ ത്വവാഫുൽ വദാഅ് ചെയ്യൽ നിർബ്ബന്ധമാണ് എന്നുമാണ് പ്രബലമായ അഭിപ്രായം. 132 കിലോമീറ്ററിൽ താഴെയുള്ള സ്ഥലത്തേക്ക് (ഉദാ. ജിദ്ദ,ത്വാഇഫ്, ശുമൈസി ....) താമസിക്കാൻ വേണ്ടി പോകുകയാണെങ്കിൽ അവരും ത്വവാഫ് ചെയ്യൽ നിർബ്ബന്ധമാണ്.(തുഹ്ഫ, മുഗ്നി, നിഹായ). ഇതനുസരിച്ച് ജിദ്ദയിൽ താമസിക്കുന്ന പ്രവാസികളക്കമുള്ളവർ മക്കയിൽ വരുന്ന നാട്ടുകരേയും മറ്റും കാണാൻ പോയാലും ജോലി ആവശ്യാർത്ഥം മക്കിയിൽ പോയാലുമൊക്കെ തിരിച്ചു വരുമ്പോൾ ത്വവാഫ് ചെയ്യണം. അല്ലെങ്കിൽ കുറ്റക്കാരാകും, ഫിദ്യ കൊടുക്കുകയും വേണം.
എന്നാൽ മദ്ഹബിലെ രണ്ടാമത്തെ അഭിപ്രായം ത്വവാഫുൽ വദാഅ് സുന്നത്താണ് എന്നതാണ്. ഈ അഭിപ്രായമനുസരിച്ച് ത്വവാഫുൽ വദാഅ് ചെയ്തിട്ടില്ലെങ്കിൽ കുറ്റക്കാരനാകില്ല, ഫിദ്യ കൊടുക്കൽ നിർബ്ബന്ധവുമില്ല, പക്ഷേ സുന്നത്താണ്. (തുഹ്ഫ, ശറഹുൽ മുഹദ്ദബ്, ശറഹുൽ ഈളാഹ്).
മൂന്നാമത്തെ അഭിപ്രായം അത് ഹജ്ജിന്റെ വാജിബാത്തിൽ പെട്ടതാണ് എന്നതാണ്. അഥവാ ഹജ്ജ് അല്ലാത്ത മറ്റേത് ആവശ്യത്തിന് വേണ്ടി മക്കയിൽ പോയി തിരിച്ചു വരുമ്പോഴും ത്വവാഫുൽ വദാഅ് നിർബ്ബന്ധമില്ല, ഹജ്ജിന് മാത്രമേ നിർബ്ബന്ധമുള്ളൂ എന്നതാണ്. ഈ അഭിപ്രായമാണ് ഇമാമുൽ ഹറമൈനി (റ) ക്കുള്ളത്. ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഫത്ഹുൽ മുഈനിലും ഈ അഭിപ്രായത്തെയാണ് പ്രബലപ്പെടുത്തിയത് (ശറഹുൽ ഈളാഹ്, ഫത്ഹുൽ മുഈൻ).
നാലാമത്തെ അഭിപ്രായം ഇത് ഹജ്ജിന്റേയും ഉംറയുടേയും വാജിബാത്തിൽ മാത്രം പെട്ടതാണ് എന്നതാണ്. അഥവാ ഹജ്ജോ ഉംറയോ ചെയ്യുന്നവർ നിർബ്ബന്ധമായും ത്വവാഫുൽ വദാഅ് ചെയ്യണം, ഇവ രണ്ടിനും അല്ലാതെ മക്കയിൽ പോകുന്ന ആരും തിരിച്ചു വരുമ്പോൾ വിടവാങ്ങൽ ത്വവാഫ് നിർബ്ബന്ധമില്ല എന്നതാണ്. ഈ അഭിപ്രായത്തെയാണ് ഇമാം സുബുക്കി (റ), ഇമാം ഇസ്നവി (റ), ഇമാം അദ്റഈ (റ), ഇമാം സർക്കശീ (റ) തുടങ്ങിയവർ പ്രബലമാക്കിയിട്ടുള്ളത് (ഹാശിയഃ അലാ ശറഹിൽ ഈളാഹ്, മജ്മൂഅ്).
ചുരുക്കത്തിൽ മദ്ഹബിൽ വ്യക്തമായ അഭിപ്രായ വ്യത്യാസമുണ്ട് ഈ വിഷയത്തിൽ. അതിനാൽ മക്കയിൽ എന്ത് ആവശ്യത്തിന് വേണ്ടി പോയി തിരിച്ചു വരുന്ന ആരും കഴിവതും ത്വാവാഫുൽ വദാഅ് ചെയ്യണം. കാരണം അതാണ് പ്രബലമായ അഭിപ്രായം. എന്നാൽ വല്ല കാരണത്താലും ത്വവാഫ് ചെയ്യാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ അത് സുന്നത്താണ് എന്ന മദ്ഹബിലെ രണ്ടാത്തെ അഭിപ്രായമനുസരിച്ചോ അത് ഹജ്ജിന്റെ വാജിബാത്തിൽപ്പെട്ടതാണ് എന്ന ഫത്ഹുൽ മുഈനിൽ പ്രബലമാക്കപ്പെട്ട അഭിപ്രായമനുസരിച്ചോ പ്രവർത്തിക്കുക. കാരണം അതാണ് ത്വവാഫുൽ വദാഅ് ചെയ്യാത്തതിന് കുറ്റകരമാകാതിരിക്കാനും ഫിദ്യ നിർബ്ബന്ധമാകാതിരിക്കാനുമുള്ള മാർഗം والله أعلم بالصواب.
ത്വവാഫുൽ വദാഇന് ശേഷം ത്വവാഫിന്റെ രണ്ട് റക്അത്ത് നിസ്കരിക്കാാം, അതിനു ശേമുള്ള മുൽത്തസിമിലെ സുന്നത്തായ പ്രാർത്ഥന നിർവ്വഹിക്കാം, സംസം വെള്ളം കുടിക്കാൻ വേണ്ടി പോകാം, ജമാഅത്ത് നിസ്കാരത്തിന് വേണ്ടി ഇഖാമത്ത് കൊടുത്താൽ ആ ജമാഅത്തിൽ പങ്കെടുക്കാം, യാത്രക്ക് ആവശ്യമായ ഭക്ഷണം, വാഹനം, യാത്രാ സാധനങ്ങൾ തുടങ്ങിയവ ഏർപ്പാടാക്കാൻ പോകാം. ഇത്തരം കാര്യങ്ങൾക്ക് വേണ്ടി എത്ര സമയം എടുത്താലും കുഴപ്പമില്ല. അഥവാ ഇക്കാരണങ്ങളാൽ പിന്തിയതിന്റെ പേരിൽ രണ്ടാമതും ത്വവാഫ് ചെയ്യേണ്ടതില്ല.. എന്നാൽ ഇവയല്ലാത്ത മറ്റേതെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടി പിന്തിയാൽ ത്വവാഫുൽ വദാഅ് വീണ്ടും ചെയ്യണം (തുഹ്ഫ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ