ഹജ്ജിന്റെ വാജിബാത്തുകളിൽ നിന്ന് ഏതെങ്കിലും ഒന്ന് ഒഴിവാക്കുക പോലോത്ത കാരണങ്ങൾ കൊണ്ട് അറവ് നിർബന്ധമായാൽ അത് ഹറമിൽ അറുക്കുകയും അവിടെ സാധുക്കൾക്ക് വിതരണം ചെയ്യുകയും വേണമെന്നാണല്ലോ വിധി. രണ്ട് മില്യണിലേറെ ഹാജിമാർ ഒരുമിച്ച് കൂടുന്ന ഹജ്ജ് കർമത്തിൽ സ്വാഭാവികമായും ഒരു പാട് അറവുകൾ ഇങ്ങനെ നടത്തേണ്ടതായി വരും. ഇവർക്കെല്ലാം ഹറമിലെ സാധുക്കളെ കണ്ടു പിടിച്ച് അവർക്ക് ഇറച്ചി വിതരണം ചെയ്യാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാവും. ആ നിലക്ക് അറവ് മറ്റു സ്ഥലത്തേക്ക് നീക്കാൻ പറ്റുമോ. അത് പോലെ ഹറമിൽ അറുത്ത്‌ അവിടെ തന്നെ വിതരണം ചെയ്യണം എന്നതിന്റെ ഇലാഹിയ്യായ ഹിക്മത്ത് എന്താണ് .ഒന്ന് വിശദീകരിക്കാമോ ?

ചോദ്യകർത്താവ്

അബു ഹാദി മൊറയൂർ

Aug 3, 2019

CODE :Fat9389

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഹറമിൽ അറുക്കൽ നിർബ്ബന്ധമായവ അറുത്ത് വിതരണം ചെയ്യേണ്ടത് ഹറമിലുള്ള മിസ്കീന്മാർക്കാണ്. ഹറമിലുള്ള മിസ്കീന്മാർ എന്നതിൽ ഹറമിലെ നാട്ടുകാരായ മിസ്കീന്മാരും ഹറമിലേക്ക് ആരാധനക്കോ മറ്റെന്തെങ്കിലും ആവശ്യത്തിനോ വന്ന മിസ്കാരും ഉൾപ്പെടും. എന്നാൽ ഒരു കാരണവശാലും ഹറമിന് പുറത്ത് ഇത് വിതരണം ചെയ്യാൻ പാടില്ല. അതിന് കാരണം ഇക്കാര്യം വിശുദ്ധ ഖുർആൻ സൂറത്തുൽ മാഇദയിലെ തൊണ്ണൂറ്റി അഞ്ചാമത്തെ ആയത്തിൽ വ്യക്തമായി പറഞ്ഞുവെന്നതാണ്. ചോദ്യത്തിൽ പറപ്പെട്ടത് പോലെ ഒരു മിസ്കീനേയും ഇത് വിതരണം ചെയ്യാൻ വേണ്ടി കിട്ടിയില്ലെങ്കിൽ കിട്ടുന്നത് വരേ കാത്തിരുന്നിട്ട് അറുത്ത് കൊടുക്കുകയാണ് വേണ്ടത്. കാരണം ഒരു നാട്ടിലെ മിസ്കീന്മാർക്ക് അറുത്ത് കൊടുക്കാൻ വേണ്ടി വല്ലതും നേർച്ചയാക്കിയാൽ അവർക്ക് തന്നെ അത് കൊടുക്കണമെന്നും, ഇനി അവിടെ നിലവിൽ ഒരു മിസ്കീനുമില്ലെങ്കിൽ ആ നാട്ടിൽ തന്നെ മിസ്കീന്മാരെ കണ്ടെത്തുന്നത് വരെ എത്ര കാലമാണോ അത്രയും ക്ഷമിച്ച് പിന്നീട് അങ്ങനെയൊരാളെ കണ്ടെത്തിയതിന് ശേഷം അവിടെത്തന്നെ അത് വിതരണം ചെയ്യണമെന്നും എന്നാലും അത് മറ്റൊരു നാട്ടിൽ വിതരണം ചെയ്യാൻ പാടില്ലായെന്നുമാണല്ലോ വിധി. അതേ വിധിയാണ് ഹറമിൽ തന്നെ അറുത്ത് വിതരണം ചെയ്യപ്പെടണം എന്ന് അല്ലാഹു വ്യക്തമായി പറഞ്ഞിട്ടുളള അറവുകളുടേയും സ്ഥിതി (ശറഹുൽ മുഹദ്ദബ്).

നാല് മദ്ഹബിലും മദ്ഹബ് അംഗീകരിക്കാത്തവരിലും ഇക്കാര്യത്തിൽ ഇതേ നിലപാടാണ് കാണപ്പെടുന്നത് (ബദാഇഉസ്സ്വനാഇഅ്, ഫത്ഹുൽ ഖദീർ, അൽ മുദവ്വനത്തുൽ കുബ്റാ, ജവാഹിറുൽ ഇക്ലീൽ, കിതാബുൽ ഉമ്മ്, നിഹായത്തുൽ മുഹ്താജ്, മുഗ്നീ ഇബ്നു ഖുദാമ, അൽ ഇഖ്നാഅ്, ഫതാവാ ഇബ്നു തൈമിയ്യഃ). ചുരുക്കത്തിൽ ആകാശ ഭൂമികളുടെ രഹസ്യവും തന്റെ സൃഷ്ടിപ്പിന്റേയും വചനങ്ങളുടേയും പൊരുളും വ്യക്തമായി അറിയുന്ന ഹകീമായ അല്ലാഹു വ്യക്തമായി കൽപ്പിച്ചുവെന്നതാണ് ഇക്കാര്യത്തിലുള്ള ഇലാഹിയ്യായ ഹിക്മത്ത്.

ഒരിക്കൽ ഉമ്മുൽ മുഅ്മിനീൻ ആഇശാ ബീവി (റ) യോട് ചോദിക്കപ്പെട്ടു: ‘എന്തിനാണ് ഹൈളുകാരി നോമ്പ് ഖളാഅ് വീട്ടുകയും നിസ്കാരം ഖളാഅ് വീട്ടാതിരിക്കുകയും ചെയ്യുന്നത്’. (അഥവാ അതിന്റെ പിന്നിലുള്ള ഹിക്മത്ത് എന്താണ്). ഈ ചോദ്യത്തിന്റെ ശൈലി ഇഷ്ടപ്പെടാതെ ആഇശാ ബീവി പ്രതിവചിച്ചു: ‘നബി (സ്വ) തങ്ങളുടെ കാലത്ത് ഞങ്ങൾക്ക് ഹൈള് ഉണ്ടാകാറുള്ളപ്പോൾ ആർത്തവ സമയത്ത് ഞങ്ങൾ ഉപേക്ഷിക്കുന്ന നോമ്പ് മാത്രമേ ഞങ്ങളോട് ഖളാഅ് വീട്ടാൻ കൽപ്പിക്കപ്പെട്ടിരുന്നുള്ളൂ, നിസ്കാരം ഖളാഅ് വീട്ടാൻ കൽപ്പിക്കപ്പെട്ടിരുന്നില്ല (ബുഖാരി, മുസ്ലിം). ശർഇൽ പല കാര്യങ്ങളും ഇങ്ങനെയാണ്. നമ്മുടെ അൽപ ബുദ്ധി കൊണ്ടും നാം ഹ്രസ്വമായ ജീവിതത്തിൽ മനസ്സിലാക്കിയിട്ടുള്ള പരിമിതമായ ലോക വിവരം കൊണ്ടും അവയുടെ അകം പൊരുൾ പൊളിച്ച് നോക്കി ഹിക്മത്ത് കണ്ടെത്താൻ ശ്രമിച്ചാൽ പലപ്പോഴും വിജയിക്കണമെന്നില്ല. അത്തരം കാര്യങ്ങളിൽ സ്വന്തം ബുദ്ധിയും നിലവിലെ സാഹചര്യങ്ങളും മാത്രം വിലയിരുത്തി അതിന് വിരുദ്ധമായ ന്യായങ്ങൾ കണ്ട് ആശങ്കപ്പെട്ടിരിക്കാതെ അവ എങ്ങനെ ചെയ്യണമെന്ന് കൽപ്പിക്കപ്പെട്ടുവോ അത് പോലെ ചെയ്യാൻ ശ്രമിക്കുകയാണ് വേണ്ടത്. അല്ലാഹു തആലാ പറയുന്നു: “അല്ലാഹുവും റസൂലും ഒരു കാര്യത്തിൽ വിധി പറഞ്ഞാൽ പിന്നെ ഒരു സത്യ വിശ്വാസിക്കും ഒരു സത്യവിശ്വാസിനിക്കും അക്കാര്യത്തിൽ മറ്റൊരു ഓപ്ഷൻ സ്വീകരിക്കൽ അനുവദനീയമല്ല. അത് അല്ലാഹുവിനേയും റസൂലിനേയും ധിക്കരിക്കലാണ്. അത്തരക്കാർ വ്യക്തമായ വഴികേടിലായിപ്പോകുക തന്നെ ചയ്യും” (സൂറത്തുൽ അഹ്സാബ്). അല്ലാഹു തആലാ പറയുന്നു: “അല്ലാഹുവിന്റെ റസൂൽ നിങ്ങളോട് എന്ത് ചെയ്യാൻ കൽപ്പിച്ചുവോ അത് നിങ്ങൾ അനുവർത്തിക്കുക, എന്ത് വിരോധിച്ചുവോ അതിൽ നിന്ന് നിങ്ങൾ വിട്ട് നിൽക്കുക. ഇക്കാര്യം ലംഘിക്കുന്നതിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടണം. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്” (സൂറത്തുൽ ഹശ്ർ).       .

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter