യഥാർത്ഥത്തിൽ ജനങ്ങൾ അറഫയിൽ നിൽക്കുന്നത് ശനിയാഴ്ച ആണെന്ന് അറിഞ്ഞിട്ടും ഞായർ നോമ്പു നോൽക്കുന്നതിന് അറഫ നോമ്പിന്‍റെ പ്രതിഫലം കിട്ടുമോ. വിവര സാങ്കേതിക വിദ്യ ഇത്രമേൽ വികസിച്ച ഈ കാലത്ത് ഒന്ന് ഏകോപിപ്പിച്ചു കൂടേ.

ചോദ്യകർത്താവ്

അബൂ സിനാന്‍

Aug 11, 2019

CODE :Fiq9398

അല്ലാഹുവിന്‍റെ തിരു നാമത്തിൽ. അവിടത്തെ തിരു ദൂതരിൽ സ്വലാത്തും സലാമുമുണ്ടാവട്ടെ.

ചോദ്യത്തിന്‍റെ ധ്വനിയിൽ നിന്ന് ചോദ്യ കർത്താവിനു ചില തെറ്റു ധാരണകൾ ഉള്ളതായി മനസ്സിലാകുന്നു.

പ്രത്യേക പ്രതിഫലമുള്ള അറഫ നോമ്പ് എന്ന് ഹദീസുകളിലും മറ്റും പ്രതിപാദിച്ചതു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഹാജ്ജിമാർ ആ വർഷം, അവരുടെ ഹജ്ജ് കർമ്മത്തിന്‍റെ ഭാഗമായി അറഫ മൈതാനിയിൽ ഒരുമിച്ചു കൂടുന്ന ദിനമാണെന്നും, അതിന്‍റെ മുമ്പായി മറ്റു നാടുകളിൽ വരുന്ന ദുൽഹിജ്ജ ഒമ്പതായി വരുന്ന ദിവസത്തിന് ഇത് ബാധകമല്ലെന്നും തെറ്റായി മനസ്സിലാക്കിയിരിക്കുന്നു.

യഥാർത്ഥത്തിൽ വളരെ പുണ്യമുള്ള നോമ്പു നോൽക്കേണ്ട അറഫ ദിനം കൊണ്ടുദ്ദേശിക്കുന്നത് ദുൽഹിജ്ജ ഒമ്പതാമത്തെ ദിവസം എന്നാണ്. ഓരോ പ്രദേശത്തും ദുൽഹിജ്ജ മാസപ്പിറവി കണ്ടുറപ്പിക്കുന്നതിന് അനുസരിച്ച് ആ പ്രദേശത്ത് എന്നാണോ ദുൽഹിജ്ജ ഓമ്പത് ആകുന്നത് അന്നാണ് അവർക്ക് അറഫ ദിനവും നോമ്പും. ആ നോമ്പിന് ഹദീസുകളിൽ പറയപ്പെട്ട പ്രതിഫലം പൂർണ്ണമായും ലഭിക്കുകയും ചെയ്യും.

ഇബ്നു ഹജറിൽ ഹൈതമി തുഹ്ഫയിൽ ഈ നോമ്പ് വിശദീകരിക്കുന്നത് തന്നെ ദുൽ ഹിജ്ജ ഒമ്പതിനു നോമ്പു സുന്നത്താണ്. ആ ദിവസം അറഫ ദിനം എന്ന് അറിയപ്പെടുന്നു. ഇമാം റംലി, സകരിയ്യൽ അൻസാരി തുടങ്ങി ശാഫഈ മദ്ഹബിലെ ഏതാണ്ട് എല്ലാ ഫുഖഹാക്കളും അറഫ ദിനത്തിന് ദുൽ ഹിജ്ജ ഒമ്പത് എന്ന് തന്നെയാണ്. അല്ലാതെ ഹാജ്ജിമാർ അറഫയിൽ നിൽക്കുന്ന ദിനം എന്നല്ല. ശാഫിഈ മദ്ഹബിനു പുറമെ ഇബ്നു ഖുദാമ, ശംസുദ്ദീൻ അസ്സർകസി, അൽഐനി, മുഹമ്മദ് ബ്നു അബ്ദില്ലാ അൽ ഖിറശി, തുടങ്ങി മറ്റു മദ്ഹബുകളിലെ പണ്ഡിതന്മാരും ഇതേ രീതിയിൽ തന്നെയാണ് വിശദീകരിച്ചിട്ടുള്ളത്. അഥവാ എല്ലാ മദ്ഹബിലും ഈ വിഷയത്തിൽ ഒരേ അഭിപ്രായമാണ്.

തന്നെയുമല്ല, ഹാജ്ജിമാർ അറഫയിൽ നിൽക്കുന്ന ദിവസമാണ് നോമ്പു നോൽക്കേണ്ടതെന്നാകുമ്പോൾ അത് അപ്രായോഗികവും യുക്തി രഹിതവുമാണ്. കാരണം:

1)   വിവര സാങ്കേതികതയും വാർത്താ വിനിമയ സംവിധാനങ്ങളും ഇത്രമേൽ വികാസം പ്രാപിക്കാത്ത കാലങ്ങളിൽ മക്കയിലെ ദുൽഹിജ്ജ ഒമ്പത് എന്നാണെന്ന് ദൂരദേശക്കാർ വേണ്ടതു പോലെ കൃത്യമായി മനസ്സിലാക്കൽ ക്ഷിപ്രസാധ്യമായിരിക്കില്ല എന്നതിൽ തർക്കമില്ല. അങ്ങനെ വരുമ്പോൾ അത് ഇസ്‍ലാമിന്‍റെ സർവ്വ കാലികതക്ക് വിരുദ്ധമാണ്.

2)   ഹാജ്ജിമാർ അറഫയിൽ നിൽക്കുന്ന സമയത്തു തന്നെ അവരോട് താദാത്മ്യം പുലർത്താനായി മറ്റു പ്രദേശത്തുകാർക്കും നോമ്പുണ്ടാകണം എന്നാണെങ്കിൽ മക്കയുമായി സമയ വ്യത്യാസമുള്ളവർ, പ്രത്യേകിച്ച് അന്നേരം രാത്രിയാകുന്ന പ്രദേശത്തുള്ളവർ, എങ്ങനെ നോമ്പനുഷ്ഠിക്കും.

3)   മക്കക്കു പടിഞ്ഞാറുള്ള പ്രദേശങ്ങളിൽ മക്കക്കു മുമ്പേ ദുൽഹിജ്ജ പിറക്കാൻ സാധ്യതയുണ്ടല്ലോ. അത്തരം സന്ദർഭങ്ങളിൽ ആ പ്രദേശത്തുകാർക്ക്, നോമ്പു നിഷിദ്ധമായ പെരുന്നാൾ ദിവസം നോമ്പു നോറ്റാലേ അറഫയുടെ പ്രതിഫലം ലഭിക്കുകയുള്ളൂ എന്നു വരും. അത് ഏറെ വിചിത്രവും വൈരുദ്ധ്യവുമാണ്.

4)   ഇനി അറഫ ദിനം, പെരുന്നാൾ, ഉദ്ഹിയ്യത് തുടങ്ങി ദുൽഹിജ്ജയുമായി ബന്ധപെട്ടവയിൽ മുഴുവൻ മക്കയെ തുടർന്ന് അനുഷ്ഠിക്കണം എന്നാണ് എങ്കിൽ, അടുത്ത മാസങ്ങളുടെ ആരംഭവും തുടർന്നുള്ള ദിനങ്ങളും നിർണ്ണയിക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടായത്തീരും.

5)   ഒരു ഉമ്മത്തിന് ഒരേ ആഘോഷം ഒരേ ദിനം എന്ന നിലക്ക് ഹിജ്റ കലണ്ടർ ഏകീകരിക്കുകയാണ് എങ്കിൽ, രാപ്പകലുകൾ വ്യത്യാസപ്പെടുന്ന പ്രദേശങ്ങളിലെ അപ്രായോഗികത അപരിഹാര്യമായി തുടരുമെന്നതിനു പുറമേ, സച്ചരിതരായ മുൻഗാമികളിൽ ഇതിനു മുൻ മാതൃകയോ, അവലംബിക്കാവുന്ന പണ്ഡിത മഹത്തുക്കൾക്ക്, ഇത് സാധൂകരിക്കുന്ന അഭിപ്രായങ്ങളോ വിശദീകരണങ്ങളോ ഇല്ല. ചന്ദ്രോദയത്തെ ആസ്പദമാക്കിയാണ് ഹിജ്റ കലണ്ടെർ എന്നതിൽ തർക്കമില്ലല്ലോ. ചന്ദ്രോദയത്തിന് ചില പ്രദേശങ്ങൾ തമ്മിൽ ദിവസങ്ങളുടെ മാറ്റമുണ്ടാകുമെന്നത് ഒരു ശാസ്ത്രീയ സത്യവുമാണ്.

6)  ‘ജനങ്ങൾ അറഫയായി അംഗീകരിച്ച ദിവസമാണ് അറഫ’, ’ഭരണാധികാരി തീരുമാനിച്ചതാണ് അറഫയും പെരുന്നാളും ഉദ്ഹിയ്യതും’ എന്നീ അർത്ഥങ്ങളിൽ വരുന്ന ഹദീസുകളുടെ ഉദ്ദേശ്യം, വ്യക്തികൾ അവരുടെ സ്വന്തം ഗവേഷണത്തിൽ തൂങ്ങി പിടിച്ച്, ഒറ്റപ്പെട്ട് അറഫയും പെരുന്നാളും അനുഷ്ഠിക്കരുത്. പകരം പ്രദേശത്തെ പൊതു സമൂഹത്തിനൊപ്പം നിൽക്കുകയും ഭരണാധികാരിയെ ഈ വിഷയത്തിൽ അനുസരിക്കുകയുമാണ് വേണ്ടത്. ഇമാം തിർമുദിയും അബുൽഹസൻ സിൻദിയും മറ്റു ഹദീസ് പണ്ഡിതരും ഇത് വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ അറിയാനും അറിഞ്ഞതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടെ. ആമീൻ

ASK YOUR QUESTION

Voting Poll

Get Newsletter