ഹജ്ജിന്റെ വാജിബാത്തുകള്‍ ഉപേക്ഷിച്ചാലും ഇഹ്‌റാമില്‍ നിഷിദ്ധമായ ചില കാര്യങ്ങള്‍ ചെയ്തു പോയാലും പ്രായശ്ചിത്തമായി ആടിനെ അറുത്ത് ഹറമിലെ സാധുക്കൾക്ക് വിതരണം ചെയ്യണമെന്നാണല്ലോ വിധി. ഹജ്ജിന്റെ തിരക്കിൽ അതിന് സാധിച്ചില്ലെങ്കിൽ നാട്ടിൽ വെച്ച് ചെയ്താൽ മതിയാവുമോ. ഹറമിലെ സാധുക്കൾക്ക് വിതരണം ചെയ്യണമെന്ന് പറയുന്നതിന്റെ ഹിക്മത്ത് എന്താണെന്നാണ് ഇമാമുമാർ വിശദീകരിക്കുന്നത് ?
ചോദ്യകർത്താവ്
Abu haadi morayur
Aug 22, 2019
CODE :Fat9411
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഹജ്ജുമായി ബന്ധപ്പെട്ട നിർബ്ബന്ധമായ അറവ് നടത്തപ്പെടേണ്ടതും വിതരണം ചെയ്യപ്പെടേണ്ടതും ഹറമിൽ വെച്ചാകൽ നിർബ്ബന്ധമാണ്. ഹറിമിലെ ഏത് സ്ഥലത്തു വെച്ചും അറുക്കാം. മിനയിലാകൽ പ്രത്യേകം സുന്നത്തുണ്ട്. ഹറമിലെ മിസ്കീന്മാർക്കാണ് വിതരണം ചെയ്യേണ്ടത്. ഇതിൽ ഹറമിലെ സ്ദേശികളും വിദേശികളുമായ മിസ്കീന്മാർ ഉൾപ്പെടും. ഇതാണ് പ്രബലമായ അഭിപ്രായം. ഹറമിന് ഉള്ളിൽ വിതരണം ചെയ്യാൻ വേണ്ടി ഹറമിന് പുറത്ത് വെച്ച് അറവ് മാത്രം നടത്താം എന്നതാണ് രണ്ടാമത്തെ അഭിപ്രായം. എന്നാൽ ഹറമിന് പുറത്ത് വിതരണം ചെയ്യാൻ ഒരു കാരണവശാലും പാടില്ല. കാരണം അത് ഹറമിൽ തന്നെ നിർവ്വഹിക്കണം എന്ന് കൃത്യമായി വിശുദ്ധ ഖുർആനിൽ (സൂറത്തുൽ മാഇദഃ-98) അല്ലാഹുവും, ഞാൻ ഇവിടെ വെച്ചാണ് അറുത്തത്, മിനാ മുഴുവനും അറവ് നടത്താനുള്ള സ്ഥലമാണ് എന്ന് അല്ലാഹുവിന്റെ റസൂൽ (സ്വ)യും വ്യക്തമായിക്കിയിട്ടുണ്ട് .. ഇനി ഹറമിൽ ഒരു മിസ്കീനിനെപ്പോലും കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ അത്തരം ഒരാളെ കണ്ടെത്തുന്നത് വരേ ക്ഷമിക്കുകുയും എന്നാണോ കണ്ടെത്തുന്നത് ആ സമയത്ത് അറവ് നടത്തുകയും ചെയ്യണം. എന്നാലും ഹറമിന് പുറത്ത് അറുത്ത് വിതരണം ചെയ്യരുത്. കാരണം ഹറമിലെ മിസ്കീന്മാർക്ക് അറുത്ത് കൊടുക്കാൻ വേണ്ടി നേർച്ചയാക്കിയത് പോലെയാണിത്. (ശറഹുൽ മുഹദ്ദബ്, മുഗ്നി).
ഹറമിൽ വെച്ച് അറുത്ത് വിതരണം ചെയ്യാൻ പ്രയാസമുള്ളവർക്ക് അത് നിർവ്വഹിക്കാൻ വേണ്ടി പകരം ഒരാളെ മൃഗം കൊടുത്തോ അതിനുള്ള പണം കൊടുത്തോ വകാലത്തിന്റെ നിബന്ധനകൾ പാലിച്ചു കൊണ്ട് ഏൽപ്പിക്കാവുന്നതുമാണ് (ഇആനത്ത്, ഫതാവാ ദഹ്ലാൻ). വകീൽ അത് ഹറമിൽ വെച്ച് അറുത്ത് വിതരണം ചെയ്തുവെന്ന് ഉറപ്പ് വരുത്തൽ ഉടമക്ക് നിർബ്ബന്ധമാണ്. എങ്കിലേ അദ്ദേഹത്തിന്റെ ബാധ്യത അവസാനിക്കുകയുള്ളൂ. എന്നാൽ ഇസ്ലാമിക ഭരണാധികാരിയെയാണ് ഇക്കാര്യം ഏൽപ്പിക്കുന്നത് എങ്കിൽ അദ്ദേഹം അത് എവിടെ അറുത്ത് വിതരണം ചെയ്തുവെന്ന് ഉറപ്പ് വരുത്തൽ ഉടമക്ക് നിർബ്ബന്ധമില്ല. കാരണം ഭരണാധികാരി അവകാശിയുടെ സ്ഥാനത്താണ് (തുഹ്ഫ).
ഹറമിൽ വെച്ച് അറുത്ത് വിതരണം ചെയ്യാൻ ഒരു സാധ്യതയും കാണുന്നില്ലെങ്കിൽ മൂന്ന് ദിവസം ഹറമിൽ വെച്ചും ഏഴ് ദിവസം നാട്ടിൽ നിന്നുമായി പത്ത് ദിവസം നോമ്പ് നോൽക്കണം. ഇനി. ഹറമിൽ വെച്ച് മൂന്ന് നോമ്പ് നോൽക്കാൻ കഴിഞ്ഞില്ലെങ്കിൽ നാട്ടിൽ വെച്ച് അതു കൂടി ചേർത്ത് പത്ത് ദിവസം നോമ്പ് നോൽക്കണം, അപ്പോൾ ആദ്യത്തെ മൂന്ന് നോമ്പ് ആദ്യം നോൽക്കണം, ശേഷം നാല് ദിവസം നോമ്പ് ഒഴിവാക്കണം, എന്നിട്ട് ബാക്കി ഏഴും കൂടി നോറ്റു് വീട്ടണം (ശർഹുൽ ഈളാഹ്).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.