മറ്റുള്ളവരുടെ രോഗം മാറാൻ വേണ്ടി അവരുടെ പേരിൽ തവാഫ് ചെയ്യാൻ പറ്റുമോ (ഉംറ ഇല്ലാതെ, തവാഫ് മാത്രം)....?
ചോദ്യകർത്താവ്
ramees
Jan 21, 2020
CODE :Fiq9578
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മരിച്ചവരുടെ വസ്വിയ്യത് മൂലമോ ശമനം പ്രതീക്ഷിക്കപ്പെടാത്ത അസുഖം കാരണം ആരോഗ്യം നഷ്ടപ്പെട്ടയാളുടെ സമ്മതം മൂലമോ ഹജ്ജും ഉംറയും പകരം ചെയ്തുകൊടുക്കാവുന്നതാണ്. ജീവിച്ചിരുക്കുന്നവനും ഹജ്ജും ഉംറയും ചെയ്യാന്‍ ആരോഗ്യമുള്ളവനുമായ ഒരാളുടെ പകരം ഈ രണ്ട് ഇബാദത്തും പകരം ചെയ്യല്‍ ശരിയാവുകയില്ല. നിസ്കാരം, നോമ്പ് തുടങ്ങിയ മറ്റു ഇബാദത്തുകള്‍ മരിച്ചവരുടെത് പകരം ചെയ്യാമോ എന്നതില്‍ അഭിപ്രായഭിന്നതയുണ്ടെങ്കിലും പ്രബലമായ അഭിപ്രായം അങ്ങനെ ചെയ്യേണ്ടതില്ല എന്നാണ്. ജീവിച്ചിരിക്കുന്ന ആളുടെ നിസ്കാരവും നോമ്പും മറ്റു ഇബാദത്തുകളും ഒരിക്കലും മറ്റൊരാള്‍ ചെയ്താല്‍ ശരിയാവുകയുമില്ല.
എന്നാല്‍, നാം ചെയ്യുന്ന ഏതൊരു സല്‍ക്കര്‍മത്തിന്‍റെയും പ്രതിഫലം മറ്റൊരാള്‍ക്ക് ഹദ്’യ ചെയ്യാവുന്നതാണ്. ഈ അടിസ്ഥാനത്തില്‍ നാം സാധാരണപോലെ നിയ്യത്ത് ചെയ്ത് ത്വവാഫ് ചെയ്യുകയും അതിന്‍റെ പ്രതിഫലം മറ്റൊരാള്‍ക്ക് വേണ്ടി ഹദ്’യ ചെയ്യുകയും ചെയ്യാം. ലക്ഷ്യപ്രാപ്തിക്ക് വേണ്ടി സല്‍ക്കര്‍മങ്ങളെ മുന്‍നിര്‍ത്തി ദുആ ചെയ്യല്‍ പ്രത്യേകം പ്രോല്‍സാഹിപ്പിക്കപ്പെട്ടതാണല്ലോ. ആയതിനാല്‍ ത്വവാഫ് എന്ന പുണ്യകര്‍മം മുന്‍നിര്‍ത്തി മറ്റൊരാളുടെ രോഗശമനത്തിന് ദുആ ചെയ്യുകയെന്നത് വളരെ ഗുണകരമാണ്. ഇവിടെയൊന്നും ത്വവാഫ് ചെയ്യുന്നത് മറ്റൊരാളുടെ പകരമായിട്ടല്ലെന്നും മറിച്ച് അവര്‍ക്ക് നാം ചെയ്യുന്ന ത്വവാഫിന്‍റെ പ്രതിഫലം ഹദ്’യ ചെയ്യുകയോ നാം ചെയ്ത ത്വവാഫിന്‍റെ ഗുണം മുന്‍നിര്‍ത്തി അവര്‍ക്കു വേണ്ടി ദുആ ചെയ്യുകയോ ആണെന്നത് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.