കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ഞാന്‍ കടബാധിതന്‍ ആണ്..ഇപ്പോഴും നാല്‍പതു ലക്ഷത്തോളം രൂപ കടം ഉണ്ട് .അതില്‍ പതിനഞ്ചു ലക്ഷത്തിന്റെ സ്ഥലം എന്റെ പേരില് ഉണ്ട് .ഒരു ഇസ്ലാമിക നിക്ഷേപക സ്ഥാപനത്തില്‍ എനിക്ക് ഒന്നര ലക്ഷത്തോളം നിക്ഷേപം ഉണ്ട്.രണ്ടു ലക്ഷം രൂപ ചിലരില്‍ നിന്ന് കിട്ടാനും ഉണ്ട് .(പെട്ടെന്ന് കിട്ടുന്നത് അല്ല) ..ഞാന്‍ സകാത്ത് കൊടുക്കണോ ? ജീവിതത്തില്‍ ഇത് വരെ ഞാന്‍ സകാത്ത് കൊടുത്തിട്ടില്ല .എന്റെ ഭാര്യക്ക് അറുപതു പവന്‍ സ്വര്‍ണ്ണം ഉണ്ട്.ഈ സ്വര്‍ണ്ണത്തിനു ഞാന്‍ സകാത്ത് കൊടുക്കണോ ?
ചോദ്യകർത്താവ്
ശഹ്ബാസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ 1) കടമുള്ളത് കൊണ്ട് സകാത് നല്‍കാതിരിക്കാന്‍ പാടില്ല.
2) സാധാരണഗതിയില്‍ ഉപയോഗത്തിനായി വാങ്ങുന്ന ഭൂമിക്ക് സകാത് ഇല്ലെന്നതാണ് നിയമം. ഭൂമിക്ക് സകാത് വരുന്നത് അത് കച്ചവടച്ചരക്ക് ആകുമ്പോള്‍ മാത്രമാണ്. കച്ചവടച്ചരക്ക് ആയിത്തീരുന്നത്, കച്ചവടം നടത്തുക എന്ന ലക്ഷ്യത്തോടെ വില കൊടുത്ത് ഉടമപ്പെടുത്തുമ്പോഴാണ്.കച്ചവടലക്ഷ്യത്തോടെയാണ് വാങ്ങിയതെങ്കില്‍ വര്‍ഷം തികയുമ്പോള്‍ മൊത്തം വിലയുടെ 2.5% സകാതായി കല്‍കണം. മുമ്പ് നല്‍കിയിട്ടില്ലെങ്കില്‍ അതും കൊടുത്ത് വീട്ടേണ്ടതാണ്.3) നിക്ഷേപം എന്നാല്‍ കച്ചവടമാണല്ലോ. അത് കൊണ്ട് അതിനു സകാത് നിര്‍ബന്ധമാവും. സ്ഥാപനത്തിന്റെ മേല്‍നോട്ടക്കാരന്‍ എല്ലാവരുടേയും സകാത് നല്‍കുന്നുവെങ്കില്‍ അത് മതിയാവും. അദ്ദേഹം നല്‍കുന്നില്ലെങ്കില്‍ നമ്മുടെ സംഖ്യയുടെ സകാത് നാം നല്‍കണം.4) കിട്ടാനുള്ള കടത്തിനും സകാത് നല്‍കേണ്ടതാണ്. കടം കൊടുത്തത് കിട്ടാനുള്ളതിനും വര്‍ഷം പൂര്‍ത്തിയാവുകയും കണക്ക് എത്തുകയും ചെയ്താല്‍ സകാത് നിര്‍ബന്ധമാണ്. കിട്ടുമെന്ന് പ്രതീക്ഷയില്ലാത്തതാണെങ്കില്‍ കിട്ടിയ ശേഷം സകാത് നല്‍കിയാല്‍ മതി, പക്ഷേ, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കിട്ടുന്നതെങ്കില്‍ മുന്‍വര്‍ഷങ്ങളുടേതെല്ലാം കണക്കാക്കി നല്‍കേണ്ടതാണ്. മറ്റുള്ളവര്‍ക്ക് കടം കൊടുത്തുവീട്ടാനുണ്ട് എന്നത് കൊണ്ട് തന്‍റെ സ്വത്തിന് സകാത് നിര്‍ബന്ധമാവാതിരിക്കില്ല. 2 ലക്ഷം കടം കിട്ടാനുണ്ടെന്നാണല്ലോ താങ്കള്‍ പറഞ്ഞത്. അതിനു വര്‍ഷത്തില്‍ അതിന്റെ രണ്ടര ശതമാനമായ 5000 രൂപ മാത്രമേ സകാത് നല്‍കേണ്ടതുള്ളൂ. ആ അയ്യായിരം ജീവിതത്തിലും സമ്പത്തിലും ബറകതിനും ആഖിറത്തില്‍ നൂറിരട്ടി അയ്യായിരത്തിന്റെ പ്രതിഫലത്തിനും നമ്മെ ഉടമയാക്കിത്തീര്‍ക്കുമെന്ന് നാം മറക്കരുത്.5) ഭാര്യയുടെ സ്വര്‍ണ്ണം അവള്‍ക്ക് ധരിക്കുകയെന്ന ഉദ്ദേശത്തോടെ വാങ്ങിയതാണല്ലോ. അത് കൊണ്ട് അത് ഹലാലായ ആഭരണമാണ്. അതില്‍ സകാത് നിര്‍ബന്ധമില്ല. വല്ലപ്പോഴും ധരിക്കുന്നതായാലും മതി. ആഭരണത്തിന്റെ സകാതിനെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ വായിക്കുക.
6) കൊടുത്ത് വീട്ടാത്ത സകാതുകളെല്ലാം കണക്കാക്കി അര്‍ഹരുടെ കൈകളിലെത്തിക്കണം. അല്ലെങ്കില്‍ മരിച്ചതിനു ശേഷവും അതൊരു കടമായി നമ്മുടെ അക്കൌണ്ടില്‍ ബാക്കിയാവും. മറ്റു ആളുകള്‍ക്ക് നല്‍കാനുള്ള കടമാണെങ്കില്‍ അവര്‍ വന്ന് ചോദിക്കുമ്പോഴെങ്കിലും അനന്തരകാമികള്‍ കൊടുത്ത് വീട്ടും. പക്ഷെ സകാത് മറ്റു അള്ളാഹുവിന് വേണ്ടി ചെയ്യേണ്ട സാമ്പത്തിക ആരാധനകള്‍ നാം മരിച്ചതിന് ശേഷം ആരും വീട്ടിയെന്ന് വരില്ല. അത്തരം സമ്പത്തുകള്‍ നരകത്തില്‍ ചൂട്ടു പഴുക്കുന്ന വിരിപ്പായി നമ്മെ തിരിഞ്ഞു കൊത്തുമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. അല്ലാഹു കാത്തു രക്ഷിക്കട്ടെ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.