1) വീട് നിർമാണത്തിന് സ്വന്തം വരുമാനം തികയാത്തത് കാരണം കടമെടുത്ത ആൾക്ക് (മിസ്കീൻ അല്ലെങ്കിൽ കടക്കാരൻ എന്ന നിലയിൽ) സകാത്ത് നൽകിയാൽ ശരിയാകുമോ? 2) കിട്ടുമെന്ന് പ്രതീക്ഷയില്ലാത്ത കടം, കടക്കാരന് തന്നെ സകാത്ത് നൽകിയതായി കരുതി ഒഴിവാക്കി കൊടുത്താൽ സക്കാത്ത് സ്വഹീഹാകുമോ?

ചോദ്യകർത്താവ്

Muhammed

Jul 3, 2017

CODE :Fiq8722

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വീട് നിര്‍മ്മാണം പോലോത്ത ഹലാലായ ദുന്‍യവിയ്യോ ഉഖ്റവിയ്യോ ആയ ആവശ്യങ്ങള്‍ക്കായി കടം വാങ്ങിയവന് കടക്കാരന്‍ എന്ന നിലയില്‍ സകാത് നല്‍കാവുന്നതാണ്. ഹലാലല്ലാത്ത ആവശ്യങ്ങള്‍ക്കായി കടം വാങ്ങിയവനെ തൌബ ചെയ്യുന്നതിനു മുമ്പ് കടക്കാരന്‍ എന്ന നിലയില്‍ സകാതിന്‍റെ അവകാശിയായി കണക്കാക്കില്ല. ഒരോരുത്തരും തന്നോട് യോജിച്ച വിധത്തിലുള്ള വീടാണ് നിര്‍മ്മിക്കേണ്ടത്. അതിലപ്പുറമുള്ള വീട് നിര്‍മ്മാണത്തിനായി കടം വാങ്ങിയാല്‍ അത് ഹലാലല്ലാത്ത മാര്‍ഗത്തിലുള്ള കടം വാങ്ങലായാണ് ശരീഅത് പരിഗണിക്കുന്നത്. കാരണം അത് ഇസ്റാഫാണ്. ഹലാലായ കാര്യങ്ങളില്‍ ഇസ്റാഫില്ല എന്ന നിയമം സ്വന്തം സമ്പത്ത് ഉപയോഗിക്കുന്നവനോട് മാത്രം ബന്ധപ്പെട്ടതാണ്. കടം വാങ്ങി ആവശ്യത്തിനപ്പുറമുള്ളത് ചെയ്യല്‍ അമിതവ്യയം തന്നെയാണ്.

 തന്‍റെ ഉടമസ്ഥതയിലുള്ള സമ്പത്ത് ഉപയോഗിച്ച് കടം വീട്ടിയാല്‍ ദരിദ്രനായി പോകുമെന്ന വിധം ആവശ്യമുള്ള കടക്കാരന്‍ മാത്രമാണ് കടക്കാരന്‍ എന്ന നിലയില്‍ സകാതിന്‍റെ അവകാശിയായി പരിഗണിക്കപ്പെടുക. ഏകദേശം തന്‍റെ ജീവിതകാലയളവിന് (എഴുപത് വയസ്സ് കണക്കാക്കാം)മതിയാകുന്നത്ര സമ്പത്ത് മാറ്റി വെച്ചതിന് ശേഷവും കടം വീട്ടാനുള്ള പണം കൈവശമുള്ള കടക്കാരനു സകാത് നല്‍കരുതെന്നര്‍ത്ഥം. അത്രയും സംഖ്യ മാറ്റി വെച്ചതിന് ശേഷം എത്ര സംഖ്യയാണോ കടമായുള്ളത് ആ സംഖ്യക്കാണ് അവന്‍ അവകാശിയാവുക. ഇത്രയും വിഷയങ്ങള്‍ തുഹ്ഫയിലെ قسم الصدقات എന്ന ബാബില്‍ കടക്കാരനെ കുറിച്ച് പറയുന്ന ഭാഗത്ത് വായിക്കാവുന്നതാണ്.

കടം  ഒഴിവാക്കിക്കൊടുത്ത് അത് സകാതായി കരുതിയാല്‍ സകാതായി പരിഗണിക്കില്ല. സകാത് നല്‍കുന്ന സമയത്ത് സകാതിന്‍റെ നിയ്യത് നിര്‍ബന്ധമാണല്ലോ. കിട്ടുമെന്ന് പ്രതീക്ഷയുള്ള കടത്തിന്‍റെ യും അല്ലാത്തതിന്‍റെയും വിധി ഇത് തന്നെയാണ്. മറിച്ച് കടം തിരിച്ച് വാങ്ങി കൈപറ്റിയതിനു ശേഷം അത് അവനു തന്നെ സകാതായി നല്‍കുകയോ അല്ലെങ്കില്‍ അവന് മറ്റു സംഖ്യയില്‍ നിന്ന് സകാത് നല്‍കി അതുപയോഗിച്ച് കടം വീട്ടുകയോ ആവാം. ഇവിടെ ഞാന്‍ സകാതായി നല്‍കുന്ന സംഖ്യ കൊണ്ട് എന്‍റെ കടം വീട്ടണമെന്ന് നിബന്ധന വെക്കാന്‍ പാടില്ല.

وَلَا يَجُوزُ جَعْلُ دَيْنِهِ عَلَى مُعْسِرٍ مِنْ زَكَاتِهِ إلَّا إنْ قَبَضَهُ مِنْهُ ثُمَّ نَوَاهَا قَبْلُ أَوْ مَعَ الْأَدَاءِ إلَيْهِ أَوْ يُعْطِيهِ مِنْ زَكَاتِهِ ثُمَّ يَرُدُّهَا إلَيْهِ عَنْ دَيْنِهِ مِنْ غَيْرِ شَرْطٍ (تحفة المحتاج 3/336  )

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter