വിഷയം: ഫിത്ർ സകാത്ത് മുന്തിച്ചു നല്‍കല്‍
ഇവിടെ(സൗദിയിൽ) റമദാൻ 29 നു ശേഷം ഒരാഴ്ചത്തേക്ക് പരിപൂർണ ലോക്ക്ഡൗണ്‍ ആണ്. അതുകൊണ്ട് ശവ്വാൽ മാസപ്പിറവി കണ്ടതിനു ശേഷം ഫിത്ർ സകാത്ത് കൊടുക്കാൻ സമയം ലഭിക്കില്ല. ആയതിനാല്‍ ഫിത്ർ സകാത് മുന്തിച്ച് നൽകാൻ പറ്റുമോ? ഇപ്പോൾ സൗദിയിൽ ഉള്ള എന്‍റെ ഫിത്ർ സകാത്ത് നാട്ടിൽ കൊടുക്കാൻ പറ്റുമോ?
ചോദ്യകർത്താവ്
Mohammed Hussain OM
May 17, 2020
CODE :Fiq9814
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ശവ്വാല്‍ മാസപ്പിറവിയോടെയാണ് ഫിത്റ് സകാത്ത് നമ്മുടെ മേല്‍ നിര്‍ബന്ധമായ ബാധ്യതയാകുന്നതെങ്കിലും റമളാന്‍ ഒന്ന് പിറന്നത് മുതല്‍ ഫിത്റ് സകാത്ത് നല്‍കല്‍ അനുവദനീയമാണ്. ഫിത്റ് സകാത്ത് മുന്തിച്ച് കൊടുക്കുകയാണ് എന്ന് നിയ്യത്ത് വെച്ച് റമളാന്‍ ഒന്നുമുതല്‍ എപ്പോഴും കൊടുക്കാവുന്നതാണ്.
ഫിത്റ് സകാത്ത് മുന്തിച്ച് കൊടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് നാം സകാത്ത് നല്‍കിയത് ആര്‍ക്കാണോ അവര്‍ നാം സകാത്ത് നല്‍കുമ്പോള്‍ വാങ്ങാന്‍ അവകാശികളായിരുന്ന പോലെ ശവ്വാല്‍മാസപ്പിറവിയുടെ സമയത്തും വാങ്ങാന്‍ അര്‍ഹതയുള്ളവരായിരിക്കണം എന്നതാണ്. അപ്പോള്‍ റമളാനില്‍ നാം ഫിത്റ് സകാത്ത് നല്കിയ വ്യക്തി പെരുന്നാളായപ്പോഴേക്ക് മരിക്കുകയോ മുര്‍തദ്ദാവുകയോ സകാത്ത് ലഭിച്ച സ്വത്ത് കൊണ്ടല്ലാതെ മറ്റുവഴികളിലൂടെ ധനികനാവുകയോ ചെയ്താല്‍ നാം നേരത്തെ കൊടുത്തത് സകാത്തായി പരിഗണിക്കപ്പെടുകയില്ല.
പെരുന്നാള്‍ ദിവസം (ശവ്വാല്‍ മാസപ്പിറവി കാണുന്ന സമയത്ത്) കുടുംബത്തോടൊപ്പമല്ലാതെ ദൂരസ്ഥലങ്ങളിലൊ മറുനാടുകളിലോ താമസിക്കുന്നവര്‍ അവരുടെ ഫിത്റ് സകാത്ത് അവിടത്തെ മുഖ്യാഹാരമെന്താണോ അത് അവരുടെ സകാത്തായും തന്‍റെ ആശ്രിതര്‍ ഏത് നാട്ടിലാണോ ആ നാട്ടിലെ മുഖ്യാഹാരം അവരുടെ സകാത്തായും നല്‍കേണ്ടതാണ്. നാട്ടിലുള്ള താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമുള്ള ഭാര്യ,മക്കള്‍ തുടങ്ങിയവരുടെ ഫിത്റ് സകാത്ത് നല്‍കാന്‍ ഭാര്യയെയോ മറ്റോ വകാലത്ത് ആക്കേണ്ടതാണ്. ഭാര്യയുടെയും മക്കളുടെയും ഫിത്റ് സകാത്ത് നല്‍കേണ്ട ബാധ്യത ഭര്‍ത്താവിനാണ്/പിതാവിനാണ്. ആയതിനാല്‍ ഗള്‍ഫിലുള്ള വ്യക്തിയുടെ ഭാര്യ തന്‍റെ ഭര്‍ത്താവ് വകാലത്താക്കാതെ അവളുടെയും മക്കളുടെയും പേരില്‍ അരി വിതരണം ചെയ്താല്‍ അത് ഫിത്റ് സാകാത്താകില്ല. ഇത് പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശവ്വാല്‍ പിറക്കുംമുമ്പ് തന്നെ ഭാര്യയുടെയും മക്കളുടെയും ഫിത്റ് സകാത്ത് നല്‍കാന്‍ ഞാന്‍ നിന്നെ ചുമതലപ്പെടുത്തി എന്ന് ഭാര്യയോട് വിളുച്ചു പറയുകയോ മറ്റോ ആകാം. ഭര്‍ത്താവ് ഭാര്യയുടെ സകാത്ത് നല്‍കുന്നില്ലെങ്കില്‍ അവള്‍ അവളുടെ സകാത്ത് നല്‍കല്‍ നിര്‍ബന്ധമില്ലെങ്കിലും സുന്നത്തുണ്ട്. ഭര്‍ത്താവുമായി പിണങ്ങിനില്‍ക്കുന്ന ഭാര്യയുടെ ഫിത്റ് സകാത്ത് അവള്‍ തന്നെ നല്‍കേണ്ടതാണ്.
ആരുടെ പേരിലുള്ള ഫിത്റ് സകാത്താണോ നല്‍കുന്നത് അവര്‍ ശവ്വാല്‍മാസം പിറക്കുന്ന സമയത്ത് എവിടെയാണോ ഉള്ളത് ആ നാട്ടിലെ മുഖ്യാഹാരം ആ നാട്ടിലെ അവകാശികള്‍ക്ക് ഫിത്റ് സകാത്തായി നല്‍കുകയാണ് വേണ്ടത്. യാത്രക്കാരനാണെങ്കില്‍ മാസം പിറക്കുന്ന സമയത്ത് എവിടെയാണോ എത്തിയത് അവിടെ തന്‍റെ ഫിത്റ് സകാത്ത് നല്‍കണം.
എന്നാല്‍ ഒരു സ്ഥലത്ത് നല്‍കല്‍ നിര്‍ബന്ധമായ സകാത്ത് മറ്റു സ്ഥലങ്ങളിലേക്ക് നീക്കം ചെയ്യാമെന്ന പണ്ഡിതന്മാരുടെ അഭിപ്രായം സ്വീകരിച്ച് പ്രവാസികള്‍ക്ക് സ്വന്തം സകാത്തും നാട്ടില്‍ നല്‍കാവുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.