വിഷയം: ‍ ഫിത്റ് സകാത്ത് പണമായി നല്‍കല്‍

ഞാൻ സൗദിയിൽ റിയാദിലാണ് ജോലി ചെയ്യുന്നത്. ഇവിടെ ഒരു സംഘടന ഫിത്ർ സകാത്തിന്‍റെ തുക പിരിച്ചു അർഹരിലേക്ക് എത്തിക്കുന്നുണ്ട്. ഫിത്ർ സകാത്തിന്‍റെ അരിയുടെ തുക അങ്ങനെ ഏല്പ്പിക്കാൻ പറ്റുമോ? പറ്റുമെങ്കിൽ എന്തെല്ലാം ശ്രദ്ധിക്കണം?

ചോദ്യകർത്താവ്

Shafeer

May 19, 2020

CODE :Fiq9821

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഫിത്റ് സകാത്ത് നാട്ടിലെ മുഖ്യാഹാരമായി ഉപയോഗിക്കുന്നതെന്താണോ അതു തന്നെ നല്‍കണമെന്നതാണ് ശാഫിഈ മദ്ഹബ്. ശാഫിഈമദ്ഹബനുസരിച്ച് അരിയുടെ പണം നല്‍കിയാല്‍ അതുകൊണ്ട് ഫിത്റ് സകാത്തിന്‍റെ ബാധ്യത വീടുകയില്ല.

ധാന്യത്തിന്‍റെ വില നല്‍കലും മതിയാകില്ല. (തുഹ്ഫ: 3-324) വില നല്‍കിയാല്‍ മതിയാകയില്ലെന്ന് ശാഫിഈ മദ്ഹബില്‍ തര്‍ക്കമില്ലെന്ന് ഇമാം റംലി (റ) നിയാഹ 3-123 ലും, ഇമാം ഖത്വീബുശ്ശിര്‍ബീനി (റ) മുഗ്‌നി 1-407 ലും പറഞ്ഞിട്ടുണ്ട്.

ഫിത്റ് സകാത്തില്‍ അരിയുടെ വില നല്കിയാല്‍ മതിയാകില്ലെന്നാണ് ശാഫിഈ മദ്ഹബും ഹംബലീ മദ്ഹബും മാലികീ മദ്ഹബും പറയുന്നത്. ഹനഫീ മദ്ഹബില്‍ അരിയുടെ വില നല്കാമെന്ന അഭിപ്രായമണ്ട്.

ഹനഫീ മദ്ഹബ് അനുസരിച്ച് ഫിത്റ് സകാത്ത് തുകയായി നല്കാനുദ്ദേശിക്കുന്നുവെങ്കില്‍ ഹനഫീമദ്ഹബ് പ്രകാരം ഈ കര്‍മത്തിലുള്ള മറ്റു നിബന്ധനകളും നിയമങ്ങളുമെല്ലാം പാലിക്കേണ്ടതാണ്.

ഹനഫീമദ്ഹബ് പ്രകാരം സകാത്ത് നിര്‍ബന്ധമാകുന്ന സമയം പെരുന്നാള്‍ ദിവസത്തെ പ്രഭാതം പുലരുന്നതോടെയാണ്. എന്നാല്‍ ശാഫിഈ മദ്ഹബില്‍ സകാത്ത് നിര്ബന്ധമാകുന്ന സമയം ശവ്വാല്‍ പിറക്കുന്നതോടെയാണ്. അഥവാ പെരുന്നാളിന്‍റെ രാത്രിയില്‍ ജനിച്ചവരുടെയും മരിച്ചവരുടെയും ഫിത്റ് സകാത്ത് നല്‍കുന്നതില്‍ ഹനഫീ മദ്ഹബും ശാഫിഈ മദ്ഹബും തമ്മില്‍ വ്യകതമായ മാറ്റമുണ്ടെന്ന് ചുരുക്കം. ഇത്തരം നിരവധി വിഷയങ്ങള്‍ മദ്ഹബ് മാറുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്.

രാജ്യത്തെ ഔഖാഫ് ഫിത്റ് സകാത്തിന് ഒരു തുക നിശ്ചയിച്ച് അത് നല്കിയാല്‍ മതിയെന്ന് പറഞ്ഞാലും നാം തഖ്ലീദ് ചെയ്യേണ്ടത് നാലാലൊരു മദ്ഹബിനെയായതിനാല്‍ ഔഖാഫ് പറഞ്ഞത്കൊണ്ട് മാത്രം ശാഫിഈ മദ്ഹബുകാരന് തുക നല്‍കി ബാധ്യതയില്‍ നിന്ന് ഒഴിവാകാന്‍ കഴിയില്ല. തുക നല്‍കിയേ തീരൂ എന്നാണ് തീരുമാനമെങ്കില്‍ ഹനഫീമദ്ഹബ് പിന്‍പറ്റുകയും ആ വിഷയത്തിലുള്ള എല്ലാ നിയമങ്ങളും നിബന്ധനകളും പാലിക്കുകയും ചെയ്യേണ്ടതാണ്.

ഏതെങ്കിലും സംഘടനക്ക് സകാത്ത് പിരിക്കാനുള്ള അനുമതി ശറഇല്‍ ഇല്ല.  അവരെ ഏല്‍പിക്കുന്നതു കൊണ്ട് ബാധ്യത വീടുകയുമില്ല. ഇസ്ലാമിക ഭരണകൂടമുള്ളിടത്ത് ഭരണാധികാരിയെയോ ഭരണാധികാരി നിശ്ചയിക്കുന്ന സകാത്ത് പിരിവുകാരെയോ ഏല്‍പിക്കുന്നതും ഏതെങ്കിലും സംഘടയെ ഏല്‍പ്പിക്കുന്നതും ഒരുപോലെയല്ല.

സകാത്ത് നല്‍കാനുള്ള ബാധ്യതയുള്ളവന്‍ അവകാശികളെ നേരില്‍കണ്ട് നല്കുകയോ മറ്റൊരാളെ വകാലതാക്കുകയോ ചെയ്യാം.  സ്വന്തമായി അവകാശികളെ കണ്ടെത്തി നല്‍കുകയാണ് നല്ലത്. സംഘടനയെയോ ചാരിറ്റി അസോസിയോഷനുകളെയോ വകാലത്ത് ആക്കുന്നത് നിബന്ധനയൊത്ത വകാലത്ത് അല്ലാത്തതിനാല്‍ അത് സാധുവല്ല.

പല സംഘടനകളുടെയും മേല്‍നോട്ടത്തില്‍ നിബന്ധനകളൊക്കെ ശരിയായ വിധം  പാലിച്ചു പ്രത്യേകം നിശ്ചയിക്കപ്പെട്ട വ്യക്തികളെ വകാലാത്താക്കി സകാത്ത് അവകാശികളിലേക്കെത്തിക്കുന്ന സംവിധാനം ഏര്‍പ്പെടുത്താറുണ്ട്. ഇവിടെയൊക്കെ വകാലത്ത്, നിയ്യത്ത്, വിതരണം, വിനിയോഗം, അവകാശികളെ നിര്‍ണിയിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ശറഇന്‍റെ വിധിവിലക്കുകള്‍ പരിഗണിച്ചാണോ ആ വ്യക്തികള്‍ കൈകാര്യം ചെയ്യുന്നത് എന്നന്വേഷിച്ച് ശരിയാണെന്നുറപ്പു വരുത്തി അവരെ ഏല്‍പ്പിക്കുന്നതില്‍ തെറ്റില്ല. വകാലത്താക്കിയാലും അവകാശികള്‍ക്ക് എത്തിയിട്ടുണ്ട് എന്നുറപ്പ് വരുത്തേണ്ടത് സകാത്ത് ബാധ്യതയുള്ള വ്യക്തി തന്നെയാണ്.

കഴിവിന്‍റെ പരമാവധി ഏത് മദ്ഹബാണോ നാം സ്വീകരിച്ചുപോരുന്നത്, ആ മദ്ഹബ് അനുസരിച്ചുതന്നെ കാര്യങ്ങള്‍ ക്രമപ്പെടുത്തലാകും ഉചിതം. അതിനൊരു വഴിയും കാണാതിരിക്കുമ്പോഴേ മദ്ഹബ് മാറി പ്രവര്‍ത്തിക്കേണ്ടതുള്ളൂ. മറ്റൊരു മദ്ഹബില്‍ എന്തെങ്കിലും ഒരു സൌകര്യം കാണുമ്പോഴേക്ക് അതിലേക്ക് മാറുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും വിട്ടുപോയാല്‍ നമ്മുടെ ഇബാദത്തുകള്‍ സാധുവാകാതെ പോകാനുള്ള സാധ്യതയുണ്ട്. ഓരോ മദ്ഹബിലെയും സൌകര്യങ്ങള്‍ മാത്രം തേടിപ്പിടിച്ച് ചെയ്യുന്നത് ശരിയുമല്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter