ഞാൻ ഒരു കാൽ മുട്ടിനു നേരെ മുറിച്ചു മാറ്റിയത് കൊണ്ടു കൃത്രിമ കാൽ വെച്ച് നടക്കുന്നു...വീട്ടിൽ വെച്ച് കാൽ ഊരിയിട്ട് ഇരുന്നു നിസ്കരിക്ക ആണ് പതിവ്..ഇങ്ങിനെ നിസ്കരിക്കുംബോൾ നിൽക്കാൻ പറ്റുന്നില്ലെങ്കിൽ പോലും സുജൂദ് ശരിക്കും ചെയ്യാൻ പറ്റുന്നുണ്ട്....പക്ഷേ കാൽ ഉപയോഗിച്ചാൽ നിൽക്കാൻ പറ്റുമെങ്കിൽ പോലും സുജൂദ് കസേരയിലിരുന്നു ആംഗ്യം ചെയ്താണ് നിസ്കരിക്കാൻ പറ്റുക.... ഈ ഒരു അവസ്ഥയിൽ ഞാൻ ഏത് രീതിയിൽ നിസ്കരിച്ചാൽ ആണ് സഹീഹ് ആകുക...സുജൂദ് ചെയ്തു ഇരുന്നു കൊണ്ടോ അല്ലെങ്കിൽ നിന്ന് കൊണ്ട് സ്‌കരിക്കുകയും സുജൂടിന് വേണ്ടി ആംഗ്യം കാണിച്ചു കൊണ്ടോ?പള്ളിയിൽ രണ്ടാമത്തെ രൂപം മാത്രമേ സാധിക്കുകയുള്ളൂ... അപ്പോൾ പള്ളിയിൽ വെച്ച് നിസ്കരിച്ചാൽ പൂർണമാകുമോ?
ചോദ്യകർത്താവ്
MASHHOOD
Mar 29, 2019
CODE :Fiq9226
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നിസ്കാരമെന്നത് ശരീരം കൊണ്ട് ചെയ്യുന്ന കര്‍മ്മങ്ങളില്‍ വെച്ച് ഏറ്റവും സ്രേഷ്ഠമായതാണ്. എത്ര പ്രയാസപ്പെട്ട അവസ്ഥയിലും പടച്ച റബ്ബിന്റെ മുന്നില്‍ നമ്മുടെ വിധേയത്വം കഴിവിന്റെ പരമാവധി പ്രകടിപ്പിക്കേണ്ട ആരാധനയാണ്. നമ്മുടെ ആത്മാര്‍ത്ഥതക്കും പ്രായസത്തിനും അനുസരിച്ച് പ്രതിഫലം എത്രയോ ഇരിട്ടിയായി സ്വര്‍ഗപ്രവേശം സാധ്യമാക്കുന്ന മുസല്‍മാന്റെ വിജയ ഹേതുവാണത്. അത് കൊണ്ട് തന്നെ നിസ്കാരത്തില്‍ നിന്നു കൊണ്ട് ചെയ്യാന്‍ കഴിയുന്ന റക്നുകള്‍ നിന്നും ഇരുന്നു കൊണ്ട് ചെയ്യാന്‍ കഴിയുന്ന റുക്നുകള്‍ ഇരുന്നും തന്നെ ചെയ്യണം എന്നതാണ് നിയമം.
കൃത്രിമക്കാല്‍ അതിന് തടസ്സമാകുമെങ്കില്‍ അത് ഊരാന്‍ കഴിയുന്നതാണെങ്കില്‍ അത് ഊരിയിട്ട് നിസ്കരിക്കാന്‍ കഴിയുന്നവര്‍ വീട്ടിലായാലും പള്ളയിലായാലും അങ്ങനെയാണ് നിര്‍വ്വഹിക്കേണ്ടത്. കൃത്രിമക്കാല്‍ വെക്കാതെ ചുമരിലോ മറ്റോ ചാരിയിട്ടോ വടിയിലോ മറ്റോ ഊന്നിയിട്ടോ മറ്റൊരാളുടെ സഹായത്താലോ നില്‍ക്കാനും വടിയിലോ മറ്റോ പിടിച്ചിട്ട് റുകൂഇല്‍ കുനിയേണ്ട ഏറ്റവും കുറഞ്ഞ പരിധി വരേയെങ്കിലും റുകൂഇന് വേണ്ടി കുനിയാനും പിന്നീട് ചാരി നില്‍ക്കുന്ന അവസ്ഥയിലോ വടിയിലൂന്നിയോ മറ്റൊരാളുടെ സഹായത്താലോ ഇരിക്കാനും തുടര്‍ന്ന് ശരിയായി സുജൂദ് ചെയ്യാനും സുജൂദുകള്‍ക്കിടയിലും അത്തഹിയ്യാത്തിലും ഇരിക്കാനും വല്ല വിധത്തിലും സാധിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ ഇപ്രകാരം തന്നെ നിസ്കരിക്കണം. കാരണം ഈ കാര്യങ്ങളൊക്കെ ശരീരത്തിന് പ്രയാസമാകാതെയും നിസ്കാരത്തിലെ ഭയഭക്തിയെ ബാധിക്കാതെയും നിസ്കാരം ബാത്വിലാകാതെയും ചെയ്യാന്‍ കഴിയുമെങ്കില്‍ ഇവ്വിധം തന്നെ ചെയ്യണം എന്ന് കര്‍മ്മ ശാസ്തം കണിശമായി പറയുന്നുണ്ട് . എന്നാല്‍ ഇങ്ങനെ നിര്‍വ്വഹിക്കാന്‍ പ്രയാസം നേരിടുകയോ നിന്നതിന് ശേഷം ഇരിക്കാനോ ഇരുന്നതിന് ശേഷം നില്‍ക്കാനോ കഴിയാത്ത സാഹചര്യമുണ്ടാകുകയോ ഒക്കെ ചെയ്താല്‍ നിലിവിലുള്ള അവസ്ഥയില്‍ തന്നെ നിസ്കാരം പൂര്‍ത്തിയാക്കാം. അഥവാ ഇരുന്നിട്ട് എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നീടങ്ങോട്ട് നിസ്കാരം മുഴവനും ഇരുന്ന് തന്നെ നിര്‍വ്വഹിക്കാം. നിലത്തിരുന്നാല്‍ ശരിയായി സുജൂദ് ചെയ്യാന്‍ കഴിയുന്നവര്‍ കസേരയിലിരുന്ന് സൂജൂദ് ചെയ്താല്‍ ശരിയാകില്ല. നില്‍ക്കാന്‍ കഴിയാതിരിക്കുകയും നിലത്തിരുന്നാലും ശരിയായി സുജൂദ് ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന അവസരത്തിലേ കസേര നിസ്കാരം സാധുവാകുകയുളളൂ. എന്നാല്‍ റുകൂഉം സുജൂദും ചെയ്യാന്‍ പ്രയാസമുള്ള ഘട്ടത്തില്‍ അവ രണ്ടിനും വേണ്ടി കുനിയാന്‍ കഴിയുമെങ്കില്‍ കുനിയണം. പളളിയില്‍ ഇമാം വലിയ സൂറത്ത് ഓതുന്നത് കാരണം അത്രയും നേരം നില്‍ക്കല്‍ പ്രായസമാണെങ്കില്‍ തന്റെ ഫാതിഹ ഓതിക്കഴിഞ്ഞതിന് ശേഷം ഇമാം റുകൂഇലേക്ക് പോകുന്നത് വരെ ഇരിക്കുകുയും ഇമാമ് റുകൂഇലേക്ക് പോകുമ്പോള്‍ എഴുന്നേറ്റ് നിന്നിട്ട് ഇമാമിനോടൊപ്പം റുകൂഇലേക്ക് പോകുകയും ചെയ്യാം (തുഹ്ഫ, ഫതാവാ റംലി, ബുജൈരിമി).
ചുരുക്കത്തില്‍ നിസ്കാരത്തിന്റെ റുക്നുകളില്‍ നിന്നിട്ട് ചെയ്യേണ്ട തക്ബീറത്തുല്‍ ഇഹ്റാമും ഫാതിഹയും തുടര്‍ന്നുള്ള റുകൂഉം അങ്ങനെത്തന്നെ ചെയ്യാന്‍ കഴിയുന്ന വല്ല സാധ്യതയുമുണ്ടെങ്കില്‍ അപ്രകാരം ചെയ്യണം. അതു പോലെ ഇരുന്നിട്ട് നിര്‍വ്വഹിക്കേണ്ട സൂജൂദും രണ്ട് സുജൂദുകള്‍ക്കിടയിലെ ഇരുത്തവും അവസാനത്തെ അത്തഹിയ്യാത്തും ഇരുന്ന് കൊണ്ട് ചെയ്യാന്‍ കഴിയുന്ന വല്ല സാഹചര്യവുമുണ്ടെങ്കില്‍ അവ അങ്ങനെത്തന്നെ ചെയ്യണം. അതിന് കഴിയാത്ത വിധം വല്ല പ്രയാസമോ നിസ്കാരത്തിലെ ഭയ ഭക്തിയെ ബാധിക്കുന്ന തരത്തിലും നിസ്കാരം ബാത്വിലാകാത്ത വിധത്തിലും അവ നിര്‍വ്വഹിക്കാന്‍ സാധിക്കാതിരിക്കുകയോ ചെയ്താല്‍ ഒരാള്‍ തനിക്ക് കഴിയുന്നത് പോലെ നിസ്കരിക്കണം. നിന്ന് നിസ്കരിക്കാനാണ് പ്രയാസമെങ്കില്‍ ഇരിക്കണം, കുറച്ചൊക്കെ നില്‍ക്കാമെങ്കില്‍ അത്രയും നില്‍ക്കണം, ബാക്കിയിരിക്കണം. നില്‍ക്കാന്‍ തീരെ കഴിയാത്ത സാഹചര്യമാണെങ്കില്‍ ഇരുന്നു കൊണ്ട് എല്ലാ റുക്നുകളും ചെയ്യണം. ഇനി ഇരിക്കാന്‍ പ്രായസമാണെങ്കില്‍ എല്ലാ റുക്നുകളും നിന്നു കൊണ്ട് ചെയ്യണം. നിന്നായാലും ഇരുന്നായാലും റുകൂഇനും സുജൂദിനും കഴിയാത്തവര്‍ അവയ്ക്ക് വേണ്ടി കഴിയുന്നത്ര കുനിയണം. അപ്പോള്‍ റുകൂഇനേക്കാള്‍ ഒരല്‍പം സുജൂദിന് വേണ്ടി അധികം കുനിയാന്‍ ശ്രമിക്കണം. (ശറഹുല്‍ മുഹദ്ദബ്, തുഹ്ഫ). എന്നാല്‍ ഇതില്‍ ഏത് സാഹചരമാണ് ഒരാള്‍ക്കുള്ളതെന്ന് അയാള്‍ക്കും നിസ്കാരത്തില്‍ അയാള്‍ അഭിമുഖീകരിക്കുന്ന സര്‍വ്വജ്ഞനായ അല്ലാഹുവിനും മാത്രമേ അറിയൂ. അതിനാല്‍ ഇക്കാര്യങ്ങളൊക്കെ യഥാവിധി അറിഞ്ഞിരിക്കലും അതനുസരിച്ച് പ്രവര്‍ത്തിക്കലും ഓരോ വിശ്വാസിയുടേയും ബാധ്യതയാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.