1) ഫാത്തിമ (റ) യിൽ നിന്ന് അഹ്ലുബൈത്ത് പരമ്പര തുടങ്ങാൻ കാരണമെന്താണ്? 2) ഫാത്തിമബീവി(റ)ക്ക് ആര്ത്തതവരക്തം ഉണ്ടായിരുന്നില്ല എന്ന് പറയുന്നത് കേട്ടു അത് ശരിയാണോ? 3) നാല് ഖലീഫമാരും അവരുടെ മക്കളും അഹ്ലുബൈത്തിൽ പെട്ടവരാണോ?
ചോദ്യകർത്താവ്
Muhammad Hy
Nov 27, 2019
CODE :See9517
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നബി(സ്വ) ഒരിക്കല്‍ ഫാത്വിമ ബീവി, ഹസന്‍(റ), ഹുസൈന്‍(റ), അലി(റ) എന്നിവരെ ഒരു പുതപ്പുകൊണ്ട് പൊതിഞ്ഞ് ‘അല്ലാഹുവേ, ഇവരെന്‍റെ വീട്ടംഗങ്ങളാണ്(അഹ്ലുബൈത്താണ്), ഇവരെതൊട്ട് മ്ലേച്ചതയെ അകറ്റി അവരെ നീ ശുദ്ധീകരിക്കണേ’ എന്ന് ദുആ ചെയ്തതായി ഹദീസില്‍ കാണാം.
മേല്‍ഹദീസിന്‍റെ അടിസ്ഥാനത്തില്‍ അലി(റ)യും ഫാത്വിമ(റ)ബീവിയും ഹസന്‍(റ), ഹുസൈന്‍(റ) എന്നിവരുമാണ് അഹ്ലുബൈത്തെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
സ്രഷ്ടാവായ അല്ലാഹു തിരുനബി(സ്വ)യോടുള്ള ബഹുമാനാര്‍ത്ഥം അങ്ങനെ തീരുമാനിച്ചുവെന്നതാണ് ഇതിന് നിദാനം.
ഫാത്വിമ ബീവി(റ)യുടെ മഹത്വങ്ങള്‍ വിശദീകരിക്കുന്ന ഒട്ടനേകം ഹദീസുകള്‍ നൂറുല്‍അബ്സ്വാറിലും മറ്റും വിവരിച്ചിട്ടുണ്ട്. “എല്ലാ നബിമാരുടെയും സന്താനപരമ്പരയെ അല്ലാഹു അവരുടെ മുതുകിലും എന്‍റെ സന്താനപരമ്പരയെ അലിയ്യി(റ)ന്‍റെ മുതുകിലുമാക്കിയിരിക്കുന്നു” എന്ന ഇമാം ത്വബ്റാനീ(റ) ജാബിര്‍(റ)നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഇത് വ്യക്തമാക്കുന്നതാണ്.
പരമ്പര പിതാക്കന്മാരെക്കൊണ്ടാണ് പരിഗണിക്കുക എന്നതില്‍നിന്ന് ഇതൊഴിവാണെന്നും ഇത് നബി(സ്വ)യുടെ മാത്രം പ്രത്യേകതയാണെന്നും ഇആനതുത്ത്വാലിബീന്‍(3/333)ല്‍ പറഞ്ഞിട്ടുണ്ട്.
ഫാത്വിമബീവി(റ)ക്ക് ആര്‍ത്തവരക്തമുണ്ടായിരുന്നില്ല എന്ന് താങ്കള്‍ കേട്ടത് ശരിയാണ്. ഇത് ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്.
ഖലീഫമാരില്‍ അലീ(റ) മാത്രമാണ് അഹ്ലുബൈത്തില്‍പെട്ടവര്‍. നബി(സ്വ) പുതുപ്പുകൊണ്ട് പുതച്ച് ഇവര്‍ എന്‍റെ അഹ്ലുബൈത്താണെന്ന് പ്രഖ്യാപിച്ചതുവഴിയാണ് അലി(റ) അഹ്ലുബൈത്തില്‍ ഗണിക്കപ്പെടുന്നത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.