കബറിലെ ശിക്ഷയില്‍നിന്ന് രക്ഷ നേടാന്‍ ഏത് സൂറതാണ് പതിവാക്കേണ്ടത്, വേറെ എന്തൊക്കെയാണ് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

ഹാസിഫ് പെടേന

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖബ്റിലെ ശിക്ഷ ഏറെ പേടിക്കേണ്ടതും എപ്പോഴും അതില്‍നിന്ന് കാവലിനെ തേടേണ്ടതുമാണ്. ഉമര്‍ (റ) അടക്കമുള്ള പല സ്വഹാബികളും പണ്ഡിതരുമൊക്കെ ഖബ്റ് എന്ന പദം കേള്‍ക്കുമ്പോഴേക്ക് കരയാറുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. പാരത്രികജീവിതത്തിലെ ആദ്യപടിയാണ് ഖബ്റ് എന്നും അത് ആശ്വാസകരമായാല്‍ ശേഷമുള്ളതൊക്കെ കൂടുതല്‍ ലളിതമാവുമെന്നും ഹദീസുകളില്‍ കാണാം. ഖബ്റ് ഏകനായി നേരിടേണ്ടതാണെന്നും ശേഷമുള്ളതെല്ലാം കൂട്ടമായാണെന്നതും ഖബ്റിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. രക്തസാക്ഷിത്വമാണ് ഖബ്റിലെ ശിക്ഷയില്‍ രക്ഷ നേടാനുള്ള ഏറ്റവും വലിയ വഴി. രക്തസാക്ഷികള്‍ക്ക് ലഭിക്കാനുള്ള പ്രതിഫലം പറയുന്നിടത്ത് പ്രധാനമായി എടുത്തുപറയുന്നത് ഖബ്റിലെ ശിക്ഷയില്‍നിന്നുള്ള മോചനമാണ്. ഖബ്റിലെ ശിക്ഷയില്‍നിന്ന് രക്ഷ നേടാന്‍ സൂറതുല്‍ മുല്‍ക് (തബാറക) പതിവാക്കുന്നത് സഹായകമാവുമെന്ന് ഹദീസില്‍ തന്നെ കാണാം. അബ്ദുല്ലാഹിബ്നുമസ്ഊദ് (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, തബാറക സൂറത് ഖബ്റ് ശിക്ഷയില്‍നിന്ന് തടയുന്നതാണ്. ആയതിനാല്‍ തബാറക സൂറത് പതിവാക്കുക. വെള്ളിയാഴ്ച രാവിലോ പകലിലോ മരണപ്പെട്ടാല്‍ ഖബ്റിലെ ചോദ്യത്തില്‍നിന്ന് ഒഴിവാകുമെന്നും ഹദീസുകളില്‍ കാണാം. അത് കൊണ്ടാണ് മുന്‍കഴിഞ്ഞവരിലധികവും അതിനായി പ്രാര്‍ത്ഥിച്ചിരുന്നത്. പരമാവധി നല്ല കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ഖബ്റില്‍ അത് കൂട്ടായി കൂടെയുണ്ടാവുകയും ശിക്ഷയില്‍നിന്ന് മോചനം ലഭിക്കുന്നതുമാണ്. ദിവസവും ഉറങ്ങുന്നതിന് മുമ്പായി അന്നേ ദിവസം ചെയ്ത കര്‍മ്മങ്ങള്‍ വിലയിരുത്തി സ്വയം ഒരു വിചാരണ ചെയ്ത്, ചെയ്തുപോയ തെറ്റുകളില്‍നിന്ന് ആത്മാര്‍ത്ഥമായി തൌബ ചെയ്യുകയും അടുത്ത ദിവസം നല്ലകാര്യങ്ങള്‍ മാത്രം ചെയ്യുമെന്നും കൂടുതല്‍ ചെയ്യുമെന്നും പ്രതിജ്ഞ എടുക്കുകയും അതിനായി പരമാവധി പരിശ്രമിക്കുകയും ചെയ്യുക. ഇതും ഖബ്റ് ശിക്ഷയില്‍നിന്ന് മോചനം നേടാന്‍ സഹായകമാവുമെന്ന് പണ്ഡിതര്‍ പറയുന്നുണ്ട്. വിശ്വാസത്തോടെ ജീവിച്ച് വിശ്വാസത്തോടെ മരിച്ച് സൌഖ്യപൂര്‍ണ്ണമായ പാരത്രികജീവിതം നയിക്കാന്‍ നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter