അല്ലാഹുവിനേയും പ്രവാചകന്മാരെയും ധിക്കരിച്ച ഒരുപാട് സമുദായങ്ങളെ പിഴുതെറിഞ്ഞിട്ടുണ്ടല്ലോ..ഇന്നാണെങ്കില്‍ ഇസ്ലാമിനെതിരെ ശക്തമായി ആഞ്ഞടിക്കുന്നവര്‍ക്കൊന്നും കാര്യമായ ഒന്നും സംഭവിക്കുന്നില്ല. എന്താണ് ഇങ്ങനെ വരാന്‍ കാരണം?

ചോദ്യകർത്താവ്

തസലീം എംകെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മനുഷ്യകുലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ പല സമൂഹങ്ങളെയും അള്ളാഹു ഒന്നടങ്കം നശിപ്പിച്ചതായി കാണാന്‍ സാധിക്കും. സത്യ നിഷേധവും അക്രമവും അഹങ്കാരവുമൊക്കെ ആയിരുന്നു അത്തരം ദൈവ കോപത്തിന് കാരണമായി ഭവിച്ചത്. വിശുദ്ധ ഖുര്‍ആന്‍ പരിശോധിച്ചാല്‍ ഇത് കൂടുതല്‍ വ്യക്തമായി ഉള്‍ക്കൊള്ളാന്‍ സാധിക്കും. ആപേക്ഷികമായി കൂടുതല്‍ ആയുസ്സും കായ ബലവും ഉള്ളവരായിരുന്നു മനുഷ്യന്റെ ആദ്യ തലമുറകള്‍. നൂഹ് നബിയുടെ സമുദായം മൂസാ നബിയുടെ സമുദായം വരെയുള്ള തലമുറകളെ അല്ലാഹു ഒന്നടങ്കം ശിക്ഷിച്ചതായി ഖുര്‍ആനില്‍ കാണാം.(ഇസ്രാ:17, ഖസസ്:43) എന്നാല്‍ മൂസാ നബിയുടെ സമുദായം മുതല്‍ പിന്നീട് വന്ന തലമുറകളെ ഒന്നടങ്കം നശിപ്പിക്കുന്നതിനു പകരം അവരിലെ വിശ്വാസികളോട് അവിശ്വാസികളെ സത്യത്തിലേക്ക് ക്ഷണിക്കാനും വേണ്ടി വന്നാല്‍ അക്രമികളോടും സത്യ നിഷേധികളോടും യുദ്ധം ചെയ്യനുമായിരുന്നു കല്പന. അങ്ങനെ ഏറ്റുമുട്ടലുകലൂടെ ഒരു പാട് ധിക്കാരികളെയും അവരുടെ അനുയായികളെയും അല്ലാഹു നശിപ്പിച്ചു കളഞ്ഞിട്ടുണ്ട് . പല രൂപത്തിലുള്ള ശിക്ഷക്കും അവരെ വിധേയരാക്കിയിട്ടുമുണ്ട്. മുഹമ്മദ്‌ നബിയെ സര്‍വ്വ ലോകര്‍ക്കും അനുഗ്രഹമായാണ് നിയോഗിച്ചതെന്ന് വി: ഖുര്‍ആന്‍ പറയുന്നു. പഴയ സമൂഹങ്ങളെ പോലെ എന്റെ സമൂഹത്തെ നീ നശിപ്പിച്ചു കളയരുത് എന്ന് തിരു നബി പ്രാര്‍ത്ഥിച്ചിട്ടുമുണ്ട്. അതോടൊപ്പം തന്നെ സ്വയം പ്രധിരോധിക്കാനും അക്രമികളെ തുരത്താനും വേണ്ടി വന്നാല്‍ തുടച്ചു നീക്കാനുമെല്ലാം ഇസ്ലാമില്‍ നിര്‍ദ്ദേശങ്ങളുണ്ട്‌. അതിനു അശക്തരാവുമ്പോള്‍ നാം കാര്യങ്ങള്‍ അല്ലാഹുവിന്റെ തീരുമാനത്തിന് വിടുന്നു. അക്രമികള്‍ അവരുടെ ദുഷ്ചെയ്തികളുടെ തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ചിലപ്പോള്‍ ഈ ലോകത്ത് വെച്ച് തന്നെ അത് ലഭിക്കാം. അല്ലെങ്കില്‍ പരലോകത്ത് വെച്ച് അത് ലഭിക്കുക തന്നെ ചെയ്യും. "അക്രമികളുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു കാണുന്നില്ലെന്ന് ധരിക്കേണ്ടതില്ല. അവരെ നാം കണ്ണുകളില്‍ ഭീതി നിറയുന്ന ഒരു ദിനത്തിലേക്ക് പിന്തിച്ചിരിക്കുകയാണ്" എന്ന് ഖുര്‍ആന്‍ ഓര്‍മ്മപ്പെടുത്തുന്നു (ഇബ്രാഹിം:42 ) അവസാന കാലത്ത് പല രീതിയിലുള്ള ദൈവിക ശിക്ഷകള്‍ നിങ്ങള്‍ കരുതിയിരിക്കുക എന്ന് തിരു നബി മുന്നറിയിപ്പ് നല്കുന്നുണ്ട്. ശിക്ഷയുടെ രീതിയും സമയവും ശക്തിയും വ്യാപ്തിയും നന്നായി അറിയുന്നവനായ അല്ലാഹു അതര്‍ഹിക്കുന്നവര്‍ക്ക് ഒട്ടും വൈകാതെ നല്കുക തന്നെ ചെയ്യും എന്നാണ് ഒരു വിശ്വാസി ഉള്‍ക്കൊള്ളേണ്ടത്. "വിശ്വാസികളായിരുന്ന മുന്‍ തലമുറകള്‍ അനുഭവിച്ച ത്യാഗങ്ങളൊന്നും കൊണ്ടറിയാതെ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുമെന്ന് നിങ്ങള്‍ കരുതുന്നുവോ" എന്ന് അല്ലാഹു നമ്മോട് ചോദിക്കുന്നുണ്ട്. (അല് ബഖറ: 214) ഒരു പാട് പേര്‍ക്ക് രക്ത സാക്ഷികള്‍ ആവാനും അതിലേറെ പേര്‍ക്ക് ക്ഷമാശീലരില്‍ പെടാനും ഒരു നിമിത്തം കൂടിയാണ് ഇന്ന് നാം അനുഭവിക്കുന്ന പ്രയാസങ്ങള്‍ എന്ന് കരുതി സമാധാനിക്കാം. സുദൃഢമായ വിശ്വാസത്തോടെ ജീവിക്കാനും പൂര്‍ണ്ണ ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter