എല്ലാ ഫര്‍ള് നിസ്കാരശേഷവും ആയത്തുല്‍ കുര്‍സി ഒതിയാല്‍ അവനും സ്വര്‍ഗത്തിനുമിടയില്‍ മരണമല്ലാതെ ഒന്നുമില്ല എന്ന് കേട്ടിട്ടുണ്ട് . ആ വ്യക്തി ഫിത്ന പോലുള്ള തെറ്റുകള്‍ ചെയ്ത ആളാണെങ്കിലോ?

ചോദ്യകർത്താവ്

യാദില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അബൂഉമാമ (റ) വില്‍നിന്ന് ഇമാം നസാഇയും ത്വബ്റാനിയും നിവേദനം ചെയ്യുന്ന ഹദീസിലാണ് മേല്‍പറഞ്ഞ കാര്യം വന്നിട്ടുള്ളത്. പല അമലുകളെ കുറിച്ചും ഇതുപോലെയുള്ള വിവിധ പ്രതിഫലങ്ങളും ഗുണങ്ങളും കാണാവുന്നതാണ്. നിസ്കാരം തെറ്റുകളില്‍നിന്നും കുറ്റങ്ങളില്‍നിന്നും തടയുമെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നുണ്ടല്ലോ. എന്നാല്‍ അതേ സമയം, നിസ്കാരക്കാരായ പലരും പല തെറ്റുകളും ചെയ്യുന്നതായി നാം കാണുന്നുമുണ്ട്. ഇത്തരം പരാമര്‍ശങ്ങളുടെ വ്യാഖ്യാനത്തില്‍ പണ്ഡിതര്‍ പറയുന്ന ഒരു കാര്യം, ഈ പറയപ്പെടുന്ന ഓരോ അമലും അതിന്‍റെ പൂര്‍ണ്ണാര്‍ത്ഥത്തോടെ മനസ്സിരുത്തി ചെയ്യുമ്പോഴാണ് ആ പ്രതിഫലം കരസ്ഥമാകുന്നത് എന്നതാണ്. നിസ്കാരത്തിന്‍റെ എല്ലാ അര്‍ത്ഥവും ഉള്‍ക്കൊണ്ട് വേണ്ടവിധം നിസ്കരിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അടുത്ത നിസ്കാരം വരെയുള്ള സമയത്തേക്ക് അവനെ തെറ്റുകുറ്റങ്ങളില്‍നിന്ന് തടയാന്‍ അതിലൂടെ നേടിയെടുത്ത ആ വിശ്വാസദാര്‍ഢ്യവും ഭയഭക്തിയും തന്നെ മതിയാവുമല്ലോ. മനസ്സില്‍ അത്തരം പ്രത്യേക ഭയഭക്തി ഒന്നും ലഭിക്കാതെ കേവല കര്‍മ്മം ചെയ്തത് കൊണ്ട് മാത്രം ആ ഫലം ലഭിക്കുകയില്ലെന്നര്‍ത്ഥം. എന്നത് പോലെ, ഓരോ നിസ്കാരത്തിന്‍റെയും ശേഷം, സ്വര്‍ഗ്ഗം ലഭിക്കണമെന്ന അതിയായ ആഗ്രഹത്തോടെ ആയതുല്‍കുര്‍സിയ് ഓതുന്ന ഒരു വ്യക്തി സ്വാഭാവികമായും മറ്റു പാപങ്ങളില്‍നിന്നൊക്കെ പരമാവധി വിട്ടുനില്‍ക്കുമല്ലോ. സംഭവിച്ചുപോയ പാപങ്ങളില്‍നിന്ന് അതിന് മാത്രം അദ്ദേഹത്തിന്‍റെ മനസ്സില്‍ പശ്ചാത്താപവുമുണ്ടാവും. ചെയ്തുപോയവ ഓര്‍ത്തുള്ള ആത്മാര്‍ത്ഥമായ ഖേദമാണല്ലോ തൌബ. അത് പടച്ച തമ്പുരാന്‍ സ്വീകരിക്കുകയും ചെയ്യും. അതല്ലാതെ, നിര്‍ബന്ധമായ നോമ്പോ ഹജ്ജോ ഒന്നും ചെയ്യാതെ തന്നെ കേവളം ആയതുല്‍കുര്‍സിയ്യ് ഓതിയത് കൊണ്ട് മാത്രം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് ആരും പറയുന്നില്ല. ശിര്‍ക് അല്ലാത്ത ഏത് തെറ്റും പൊറുക്കുന്നവനാണ് പടച്ച തമ്പുരാന്‍ എന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നുണ്ടല്ലോ. അത് കൊണ്ട് തന്നെ, ചെയ്തുപോയ തെറ്റുകള്‍ക്ക് ആത്മാര്‍ത്ഥമായി ഖേദിച്ചുമടങ്ങുകയും അല്ലാഹു പൊറുത്ത് തരുമെന്ന് പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുക. ശിഷ്ട ജീവിത അല്ലാഹുവിന്‍റെ തൃപ്തിയിലും ആരാധനകളിലുമായി കഴിച്ച് കൂട്ടുക. ഈമാനോടെ ജീവിച്ച് ഈമാനോട് മരണം വരിച്ച് സ്വര്‍ഗ്ഗ ലോകത്തിലെത്താന്‍ നാഥന്‍ തുണക്കട്ടെ..

ASK YOUR QUESTION

Voting Poll

Get Newsletter