ശഫാഅത് റസൂല്‍(സ ) തങ്ങള്‍ക്ക് മാത്രമുള്ള പ്രത്യേകതയാണോ? അതോ മറ്റാര്‍ക്കെങ്കിലും അതിന് കഴിവ് ഉണ്ടോ?

ചോദ്യകർത്താവ്

മുഹമ്മദ് മുസ്ഥഫ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശഫാഅത് എന്നാല്‍ ശുപാര്‍ശ എന്നാണ് വാക്കര്‍ത്ഥം. നല്ല കാര്യം നടക്കുന്നതിനോ ഉപദ്രവം നീക്കുന്നതിനോ മറ്റൊരാള്‍ക്ക് വേണ്ടി ഇടയില്‍നില്‍ക്കുന്നതിനെയാണ് ശുപാര്‍ശ എന്ന് പറയുന്നത്. ഇത് പലവിധമുണ്ട്. ഇഹലോകത്തും പരലോകത്തും ഇതുണ്ട്. പരലോകത്തുള്ള ശഫാഅത് വിവിധ തരത്തിലുണ്ട്. ജനങ്ങളെല്ലാം ആശങ്കാകുലരായി വിയര്‍പ്പില്‍ കുളിച്ച് നില്‍ക്കുന്ന സമയത്ത്, എല്ലാ അമ്പിയാക്കളും കൈയ്യൊഴിയുന്ന വേളയില്‍ റസൂല്‍ (സ) നടത്തുന്ന ശഫാഅതിനെയാണ് ശഫാഅതുല്‍ഉള്മാ എന്ന് പറയുന്നത്. ഇത് റസൂല്‍ (സ) തങ്ങളുടെ പ്രത്യേകതയാണ്. നരകാവകാശികളായ പലരെയും സ്വര്‍ഗ്ഗത്തിലേക്കെത്തിക്കാനും വിവിധ സമയങ്ങളില്‍ റസൂല്‍ (സ) ശഫാഅത് നടത്തുമെന്ന് ഹദീസുകളില്‍ കാണാം. മറ്റൊന്നുള്ള ശഫാഅതുല്‍ആമ്മ എന്ന പേരിലറിയപ്പെടുന്നു. ഇത് മറ്റു അമ്പിയാക്കള്‍ക്കും സജ്ജനങ്ങള്‍ക്കും സ്വര്‍ഗ്ഗാവകാശികളായ വിശ്വാസികള്‍ക്കുമെല്ലാമുള്ളതാണ് എന്നാണ് ഹദീസുകളില്‍ നിന്ന് മനസ്സിലാകുന്നത്. അബൂസഈദില്‍ഖുദരി (റ) വില്‍നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ഖിയാമത് നാളില്‍ സത്യവിശ്വാസികള്‍, നരകത്തില്‍ പ്രവേശിച്ച അവരുടെ സഹോദരന്മാര്‍ക്ക് വേണ്ടി അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യുന്നതിനേക്കാള്‍ ശക്തമായി നിങ്ങളാരും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരല്ല. അവര്‍ പറയും, നാഥാ, അവര്‍ ഞങ്ങളുടെ കൂടെ നോമ്പെടുക്കുകയും നിസ്കരിക്കുകയും ചെയ്തവരാണ്. അവരെ നീ സ്വര്‍ഗ്ഗത്തിലേക്ക് എത്തിക്കണേ. അത് കേട്ട് അല്ലാഹു അവരോട്, അവര്‍ക്കറിയാവുന്നവരെയെല്ലാം സ്വര്‍ഗ്ഗത്തിലേക്ക് വിളിക്കാന്‍ പറയും. അവസാം അല്ലാഹു പറയും, മലകുകളും നബിമാരും വിശ്വാസികളുമെല്ലാം അവരുടെ ആളുകള്‍ക്ക് വേണ്ടി ശഫാഅത് ചെയ്തിരിക്കുന്നു, ഇനി അര്‍ഹമുറാഹിമീനായ ഞാന്‍ മാത്രമേ ബാക്കിയുള്ളൂ. അതും പറഞ്ഞ്, ഒരു പിടി ആളുകളെ നരകത്തില്‍നിന്ന് അല്ലാഹുവും രക്ഷപ്പെടുത്തും, ജീവിതത്തില്‍ ഒരു നന്മയും ചെയ്യാത്തവരാണ് അവര്‍.. പ്രവാചകരുടെ ശഫാഅത് ലഭിക്കുന്ന ഭാഗ്യവാന്മാരില്‍ അല്ലാഹു നമ്മെയും ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter