യഅ്ജൂജ് മഅ്ജൂജ് എന്നിവ ഖിയാമത് നാളിന്‍റെ ലക്ഷണങ്ങളാണല്ലോ. അവയെക്കുറിച്ച് ഒന്ന് ചുരുക്കി വിവരിക്കാമോ?

ചോദ്യകർത്താവ്

ശംസുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. യഅ്ജൂജ്, മഅ്ജൂജ് എന്നീ വിഭാഗത്തെ കുറിച്ച് വിശുദ്ധ ഖുര്‍ആനിലും ധാരാളം ഹദീസുകളിലും പരാമര്‍ശിക്കപ്പെട്ടതായി കാണാം. സൂറതുല്‍ കഹ്ഫില്‍ ഇങ്ങനെ കാണാം, അങ്ങനെ രണ്ട് മലനിരകള്‍ക്കിടയിലെത്തിയപ്പോള്‍ അദ്ദേഹം (ദുല്‍ഖര്‍നൈന്‍) അവക്കടുത്തായി വേറെ ഒരു ജനവിഭാഗത്തെ കണ്ടെത്തി, പറയുന്നതൊന്നും  മനസ്സിലാക്കാനാവാത്ത ജനം. അവര്‍ പറഞ്ഞു, അല്ലയോ ദുല്‍ഖര്‍നൈന്‍, യഅ്ജൂജും മഅ്ജൂജും നാട്ടില്‍ നാശമുണ്ടാക്കിക്കൊണ്ടിരിക്കയാണ്. അങ്ങ് അവര്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു ഭിത്തിയുണ്ടാക്കിത്തരണം, ആ വ്യവസ്ഥയില്‍ ഞങ്ങള്‍ അങ്ങേക്ക് നികുതി നിശ്ചയിച്ചുതരട്ടെയോ. പണ്ട് കാലത്ത് ഭൂമിയില്‍ ഏറെ നാശനഷ്ടങ്ങള്‍ വിതക്കുകയും ഉപദ്രവങ്ങള്‍ വരുത്തുകയും ചെയ്ത വിഭാഗമായിരുന്നു യഅ്ജൂജും മഅ്ജൂജുമെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. ആ സമൂഹത്തിന്‍റെ ആവശ്യം മാനിച്ച് ദുല്‍ഖര്‍നൈന്‍ രാജാവ് അവര്‍ക്കിടയില്‍ ഇരുമ്പ് പാളികള്‍ കൊണ്ട് ഒരു വന്‍മതില്‍ തീര്‍ത്തെന്നും ശേഷം അതിന്മേല്‍ ചെമ്പ് ഉരുക്കിയൊഴിച്ചുവെന്നും കാണാം. ശേഷം ദുല്‍ഖര്‍നൈന്‍ പറഞ്ഞു, എന്‍റെ നാഥന്‍റെ വാഗ്ദത്ത സമയം വന്നെത്തിയാല്‍ അവനതിനെ തകര്‍ത്ത് നിരപ്പാക്കും, എന്‍റെ നാഥന്‍റെ വാഗ്ദാനം തീര്‍ത്തും സത്യമാണ്. സൂറതുഅന്‍ബിയാഇല്‍ ഇങ്ങനെ കാണാം, യഅ്ജൂജ്-മഅ്ജൂജ് വിഭാഗങ്ങള്‍ക്ക് ഒരു വഴി തുറന്നുകിട്ടും വരെ, അങ്ങനെ അവര്‍ എല്ലാ കുന്നിന്‍പുറങ്ങളില്‍നിന്നും കുതിച്ചിറങ്ങി വരും. ഹദീസുകളിലും ഈ സമൂഹത്തെ കുറിച്ച് ഏറെ കാണാം. അവരുടെ ശക്തിയെ കുറിച്ചും അവര്‍ പുറപ്പെട്ട് കഴിഞ്ഞാല്‍ ഭൂമിയിലുണ്ടാക്കുന്ന പ്രയാസങ്ങളെ കുറിച്ചുമെല്ലാം വളരെ വിശദമായി കാണാവുന്നതാണ്. ഒരു ഹദീസില്‍ ഇങ്ങനെ കാണാം, പത്ത് അടയാളങ്ങള്‍ പ്രകടമാവുന്നത് വരെ അന്ത്യനാള്‍ സംഭവിക്കില്ല, സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കല്‍, ദാബ്ബതുല്‍ അര്‍ളിന്‍റെ പുറപ്പാട്, യഅ്ജൂജ് മഅ്ജൂജിന്‍റെ പുറപ്പാട്....... (അബൂദാവൂദ്). ആദ്യം വരുന്നത് ദജ്ജാല്‍ ആയിരിക്കുമെന്നും ശേഷം ഈസാ നബിയുടെ വരവിനും ശേഷമാണ് യഅ്ജൂജ് മഅ്ജൂജ് പുറപ്പെടുക എന്നും ഹദീസുകളില്‍നിന്ന് മനസ്സിലാക്കാം. ഈസാ നബി (അ)നെയും കൂടെയുള്ള വിശ്വാസികളെയും അവര്‍ ഉപരോധിക്കുമെന്നും അവസാനം വിശപ്പ് കൊണ്ട് സഹിക്ക വയ്യാതെ അവര്‍ അല്ലാഹുവിനോട് ദുആ ചെയ്യുകയും അതിനെ തുടര്‍ന്ന് അല്ലാഹു അവരെ നശിപ്പിക്കുമെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്. ഈമാനോടെ ജീവിക്കാനും ഈമാനോട് കൂടി മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter