എന്ത് കൊണ്ടാണ് എല്ലാത്തിനും കഴിവുള്ള പടച്ച തമ്പുരാന്‍ മനുഷ്യരെ വ്യത്യസ്തമായ മതങ്ങളിൽ ജനിപ്പിച്ചത്? എന്ത് കൊണ്ട് നന്മ ചെയ്യുന്ന മനുഷ്യരെ മാത്രം സൃഷ്ടിച്ചില്ല?

ചോദ്യകർത്താവ്

യാദില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അല്ലാഹു സുബ്ഹാനഹുവതആലാ ആരെയും ഒരു മതത്തിലുമായി ജനിപ്പിക്കുന്നില്ലെന്ന് നാം ആദ്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ഓരോ കുട്ടിയും ജനിക്കുന്നത് പക്വതയാര്‍ന്ന പ്രകൃതിയുടെ മേലിലാണ്. ശേഷം അവനെ ക്രിസ്തീയനാക്കുന്നതും മജൂസിയാക്കുന്നതും ജൂതവിശ്വാസിയാക്കുന്നതുമെല്ലാം അവന്‍റെ മാതാപിതാക്കളാണ്. ഐഹിക ജീവിതം എന്നത് മനുഷ്യനുള്ള പരീക്ഷണമാണ്. അല്ലാഹുവിനെ ആരാധിക്കാനും അനുസരിക്കാനും മാത്രമം കഴിയുന്നവരായിട്ടല്ല അല്ലാഹു മനുഷ്യരെ പടച്ചിരിക്കുന്നത്. മറിച്ച്, നന്മ തിന്മകള്‍ പ്രവര്‍ത്തിക്കാനും നല്ലവനായി ജീവിക്കാനും ഏറ്റവും മോശമായ ജീവിതം നയിക്കാനുമെല്ലാമുള്ള കഴിവും പക്വതയും അവന് നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ശേഷം ഏകനായ അല്ലാഹുവിനെ പരിചയപ്പെടുത്താനും നന്മ ഏതെന്നും തിന്മ ഏതെന്നും പറഞ്ഞുകൊടുക്കാനുമായി പ്രവാചകരെ നിയോഗിച്ചു. പ്രവാചകരാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടാനായി അമാനുഷിക സംഭവങ്ങളും നല്‍കി. ഇതെല്ലാം ചെയ്ത്കൊടുത്ത ശേഷം അല്ലാഹു നടത്തുന്ന പരീക്ഷണമാണ് ഐഹിക ജീവിതം. ഈ പരീക്ഷണത്തില്‍ വിജയിക്കുന്നവര്‍ക്ക് സുഖകരമായ മരണാനന്തരജീവിതവും അല്ലാത്തവര്‍ക്ക് അത് ദുരിതപൂര്‍ണ്ണവുമായിരിക്കും. ഇതാണ് മനുഷ്യസൃഷ്ടിപ്പിന്‍റെ ലക്ഷ്യം. ആരാധിക്കാനും അനുസരിക്കാനും മാത്രം കഴിവുള്ളവരായി സൃഷ്ടിക്കപ്പെട്ടവരാണ് മലകുകള്‍.., എന്നാല്‍ മനുഷ്യരെ പടച്ചത് അത്തരത്തിലല്ല. ഇതിനെ നമുക്ക് സാധാരണ ഗതിയില്‍ നടക്കാറുള്ള പരീക്ഷയോട് ഉപമിക്കാം. അധ്യാപകന്‍ വിദ്യാര്‍ത്ഥികളില്‍ പരീക്ഷ നടത്തി, പരാജയപ്പെട്ടവരെ ശകാരിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുമ്പോള്‍, എന്നാല്‍ പരീക്ഷാസമയത്ത് താങ്കള്‍ക്ക് എല്ലാവര്‍ക്കും ഉത്തരം പറഞ്ഞുകൊടുക്കാമായിരുന്നില്ലേ എന്ന് പറയുന്നത് വങ്കത്തമാണല്ലോ. അത് പോലെയാണെന്ന് പരീക്ഷണമാകുന്ന ഈ ജീവിതത്തില്‍ എല്ലാവരെയും നന്മ മാത്രം ചെയ്യുന്നവരായി സൃഷ്ടിക്കാമായിരുന്നില്ലേ എന്ന ചോദ്യവും. ഐഹികജീവിതം വിജയകരമായി നയിച്ച് സുഖകരമായ പാരത്രിക ജീവിതം നയിക്കാനുള്ള സൌഭാഗ്യം നാഥന്‍ നമുക്ക് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter